2008ലാണ് സാഹചര്യവശാൽ ഞാൻ അന്ന ഭൂഷൺ എന്ന ഇലസ്ട്രെറ്ററുടെ ചിത്രങ്ങൾ കാണുന്നത്. ലണ്ടനിലെ പ്രമുഖ പ്രസാധന സ്ഥാപനങ്ങൾക്ക് വേണ്ടി വരയ്ക്കുകയായിരുന്ന അവരുടെ സ്കെച്ചുകൾക്കെല്ലാം ഒരു ധ്യാനാത്മക ഗുണമുണ്ടായിരുന്നു. നമ്മുടെ ജീവശാസ്ത്ര പാഠപുസ്തകത്തിലെ ഡയഗ്രങ്ങൾ നേർത്ത ബ്രഷ് സ്ട്രോക്കുകൾ കൊണ്ട് തൊട്ട് ജീവസ്സുറ്റ പൂക്കളും പക്ഷികളും രക്തവാഹിനിക്കുഴലുകളും ഒക്കെയായി മാറിയിരുന്നെങ്കിൽ എങ്ങനെയായേനെ എന്നോർത്ത് നോക്കൂ. അങ്ങനെയാണ് അന്നയുടെ മിക്ക സ്കെച്ചുകളും. ഞാൻ അന്നയ്ക്ക് ഒരു മെയിൽ അയച്ചു. യുകെയിൽ വളരെ വിപുലവും വ്യത്യസ്തവുമായി നിലവിലുള്ള ഇലസ്ട്രേഷൻ പ്രാക്ടിസുകളെക്കുറിച്ച് അവരെന്നോടു പറഞ്ഞു. അതൊരു സൗഹൃദമായി വലുപ്പംവച്ചു. അവരിലൂടെയാണ് ബ്രിട്ടനിലെയും അമേരിക്കയിലെയും യൂണിവേഴ്സിറ്റികളിൽ ഒരു അക്കാദമിക് കമ്യുണിറ്റി തന്നെ ഇലസ്ട്രെഷൻ പഠനങ്ങൾക്കായി അന്നു രൂപം കൊണ്ടുവരുന്നുണ്ടെന്ന് ഞാൻ അറിയുന്നത്.
ഇന്ത്യയിൽ പ്രക്ടീസിങ് ഇലസ്ട്രെറ്റർമാരും ഡിസൈനർമാരും ഉണ്ടെങ്കിലും ഇവരെ ദൃശ്യസംസ്കാരപഠനങ്ങളുമായി ബന്ധിപ്പിക്കുന്ന അക്കാദമിക് ഗവേഷണചിന്ത കൊണ്ട് ഏകോപിപ്പിക്കുന്ന ഒരു കമ്യുണിറ്റിയില്ല. അച്ചടിച്ചിത്രങ്ങളുടെ ഒരു ‘കേരള ആർക്കൈവ്’ എന്റെ ഗവേഷണം കൊണ്ട് നിർമിക്കപ്പെട്ടു.

ബംഗാളി ഒഴികെ ഇന്ത്യയുടെ മറ്റു ഭാഷകളിൽ പലതിലും ഇരുപതാംനൂറ്റാണ്ടിന്റെ സാക്ഷര മധ്യവർഗത്തിന്റെ രൂപീകരണത്തിന്റെ സംസ്കാരപഠനങ്ങൾ വേണ്ടത്ര നടന്നിട്ടില്ല. നടന്നിട്ടുള്ളവ തന്നെ ഏകോപിക്കുന്നില്ല. എന്നാൽ ബ്രിട്ടീഷ് കൊളോണിയൽ മാഗസിനുകളുടെയും പുസ്തകങ്ങളുടെയും വൻശേഖരം തന്നെ മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റിയിലെ ‘special collections’ ആർക്കൈവ്സിൽ ലഭ്യമാണ്. അവിടെ വളരെ വിശദമായ പഠനങ്ങൾ നടക്കുന്നു.
അങ്ങനെയാണ് മാഞ്ചെസ്റ്റർ യൂണിവേഴ്സിറ്റിയിൽ അച്ചടിച്ചിത്ര വ്യവഹാരങ്ങളിൽ ഗവേഷണം നടത്തുന്ന ഡസ്ഡിമോണ മക്കെന്നനുമായിട്ടും പരിചയപ്പെടുന്നത്. അവരുടെ ജേണലിൽ (Journal of Illustration Research) എന്റെ ‘കേരള ആർക്കൈവ്’ പഠനം ചേർക്കുകയും അത് പ്രസിദ്ധീകരിച്ചുവന്ന പതിപ്പിന്റെ തന്നെ മുഖചിത്രമായി എന്റെ ലേഖനത്തിൽ ഉണ്ടായിരുന്ന ഒരു റഫറൻസ് ചിത്രമായിരുന്ന 1930കളിലെ സഞ്ജയൻ മാസികയുടെ മുഖചിത്രം അതേപടി കൊടുക്കുകയും ചെയ്തു.
അങ്ങനെ തുടർന്ന സംവാദ ബന്ധങ്ങൾ വളർന്നപ്പോൾ ‘special collections’ നേരിട്ടു കാണാൻ ഡസ്ഡിമോണയുടെ ക്ഷണം കിട്ടി. ഒപ്പം അവരുടെ യൂണിവേഴ്സിറ്റിയിൽ വർക്കുകൾ അവതരിപ്പിക്കാനും സ്റ്റുഡിയോകൾ സന്ദർശിക്കാനും ക്ഷണം കിട്ടി. ഇതേ രീതിയിൽ ഈ ഗവേഷകവൃത്തത്തിൽപെടുന്ന റോയൽ കോളേജ് ഓഫ് ആർട്ടിൽ പ്രവർത്തിക്കുന്ന ആൻ ഹോസൻ (Anne Howeson ) എന്ന ഇലസ്ട്രെറ്ററും ഒരു അക്കാദമിക് വിനിമയത്തിനായുള്ള ക്ഷണം മുന്നോട്ടുവച്ചു. അതോടെ ഞാൻ രണ്ടാഴ്ച നീളുന്ന ഒരു യുകെ സന്ദർശനത്തിനു പദ്ധതിയിട്ടു.
എന്റെ ഗവേഷണവിഷയം അതിന്റെ വഴിക്ക് അങ്ങനെ രൂപമെടുക്കുമെന്ന് അറിയാമായിരുന്നു. പക്ഷേ മനസ്സ് അതുക്കുംമേലേ കിടന്നു തുള്ളാൻ തുടങ്ങി. ആദ്യമായി കാണാൻ പോകുന്ന ഏത് ഇടവും നമ്മെ പ്രണയം പോലെ ഒരു അർമാദത്തിലാക്കുമല്ലോ.

പെട്ടെന്ന് എന്റെ മുഖ്യവിഷയം ആ യാത്രയായി മാറി. തനിച്ചുള്ള ഒന്ന്. ഉള്ളിലെ പലതരം ആഗ്രഹങ്ങൾ പൊങ്ങിവന്നു നിന്നു. എനിക്ക് ബ്രിട്ടനിലെ പ്രശസ്തമായ ടേറ്റ് മോഡേൺ, ടേറ്റ് ബ്രിട്ടൻ (Tate Galleries) തുടങ്ങിയ ഗാലറികൾ കാണണം, ലണ്ടനിലും ലിവർപൂളിലും ഉള്ളവ. പിന്നെ മാഞ്ചെസ്റ്ററിലെ വിറ്റ് വർത്ത് (Whitworth) ഗാലറി കാണണം. ലണ്ടനിലെ ഭൂഗർഭ ട്രെയിൻ യാത്രാ സംവിധാനമായ ‘ട്യൂബിനെ’പ്പറ്റി കേട്ടിട്ടുണ്ട്. അതിലൊന്ന് കയറണം. ആൻ ഹോസനേയും ഡസ്ഡിമോണയേയും മാത്രമല്ല, ഇതിനോടകം എന്റെ ചിത്രകലാപ്രദർശനങ്ങൾ പലതും ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലും മറ്റിടങ്ങളിലും പ്രദർശിപ്പിച്ചിട്ടുള്ള ചാർളി ഹോൾട്ട്, ഹിലരി ഹോൾട്ട് എന്നീ കലാപ്രവർത്തക സുഹൃത്തുക്കളെയും കാണണം. പിന്നെ നാവിനെ ഒട്ടുമേ നോവിക്കാത്ത, തൊണ്ടയിൽ നിന്നിറങ്ങിയാൽ പോയവഴിയേ അറിയാത്ത ആ ഇംഗ്ലീഷ് ഭക്ഷണങ്ങൾ അതേപടി കഴിക്കണം. നല്ല ചുകന്ന വൈൻ ധാരാളം കുടിക്കണം.
മാത്രമല്ല, ആറ്റുനോറ്റ് നവംബറിലാണ് പോകാൻ തുനിയുന്നത്. മഞ്ഞുകാലത്ത് യൂറോപ്പ് ദുഖനിർഭരമെന്നു കേട്ടിട്ടുണ്ട്. എങ്കിൽ ഞാൻ ഉള്ളപ്പോൾ മഞ്ഞുപെയ്യാൻ തുടങ്ങണേ അവിടെ ! കാലാവസ്ഥ കൊണ്ടുള്ള ദുഃഖം നമ്മളെത്ര കണ്ടതാ, എന്നാണെന്റെ മട്ടും ഭാവവും ! ലഭിക്കാൻ പോകുന്ന പുതിയോരനുഭവമാണ് കാര്യം. അതിനായി എന്തും സഹിക്കാം. പ്രതീക്ഷയുടെ എന്തെങ്കിലും ബൾബും മിന്നിച്ച് ചെല്ലാം.
എന്റെ നിത്യജീവിതവും സൗഹൃദങ്ങളും മുഖ്യപ്രവൃത്തിയായ കലയുംകൂടി മോഹങ്ങളുടെ കൊളാഷുകൾ നിർമിക്കാൻ തുടങ്ങി.

അങ്ങനെ യാത്രകൾ കൊണ്ടൊരു മോഹച്ചിത്രം രചിച്ചുരചിച്ച്, അതിനനുസരിച്ച് ചില പദ്ധതികൾക്ക് രൂപമിടുമ്പോഴാണ് കവിസുഹൃത്ത് കുഴൂർ വിത്സൺ യുകെയിലെ ‘കട്ടൻകാപ്പി’ എന്ന കൂട്ടായ്മയിലെ സ്നേഹിതരോട് എന്റെ വരവിനെപ്പറ്റി പറഞ്ഞത്. അതു പുതിയ സൗഹൃദങ്ങളുടെ ഒരു മാലപ്പടക്കത്തിനാണു തിരികൊളുത്തിയത്. ദിവസങ്ങൾ ചെല്ലുന്തോറും പലതരം സ്നേഹിതർ ഉണ്ടായിവന്നുകൊണ്ടിരുന്നു. എല്ലാവരും ഫെയ്സ്ബുക്കിലും ഉണ്ട്. പ്രിയവ്രതൻ, മുരളീ മുകുന്ദൻ (ബിലാത്തിപ്പട്ടണം ബ്ലോഗ് ഫെയിം), അനിയൻ കുന്നത്ത് (കവിയാണ്), സ്മിത വി. ശ്രീജിത്ത് (സ്നേഹിത ശ്രുതി ശരണ്യം വഴി ലഭിച്ച മറ്റൊരു സ്നേഹം), മീര കമല (അധ്യാപികയും വിവർത്തകയുമാണ്) തുടങ്ങിയവർ. ലണ്ടനിൽ പലതരം പ്രൊഫഷനുകളിലും അതിലേറെ പലതരത്തിലുള്ള ആന്തരികജീവിതത്തിലും ഏർപ്പെട്ടിരിക്കുന്ന മലയാളികൾ. അവർ പലരും സാഹിത്യവാസനക്കാരും വായനക്കാരും കവികളും ആയിട്ടാണ് അവതരിക്കുന്നത് എന്നുമാത്രം.
ഒരു മജീഷ്യൻ ആയ മുരളി ഒക്ടോബറിൽ നാട്ടിൽ ലീവിന് വന്ന തൃശൂർക്കാരനായ ഒരു സുഹൃത്തിനെ എന്റെ കോളേജിലേക്ക് പറഞ്ഞയച്ചു. ഞാനിപ്പോൾ ജോലി ചെയ്യുന്ന ഗവ.കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് 1988ൽ കല പഠിച്ചിറങ്ങി, ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും പരസ്യക്കമ്പനികളിൽ ജോലി ചെയ്ത് 2003ൽ യുകെയിൽ എത്തിയ ജോസ് പിണ്ടിയൻ ആണത്. യൂണിവേഴ്സിറ്റി ഓഫ് ബോൾട്ടനില നിന്ന് ഫൈൻ ആർട്സിൽ ഓണേഴ്സ് നേടി, പിന്നെ സറെ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സും നേടി. ഇപ്പോൾ കിഴക്കൻ ലണ്ടനിൽ ഒരു സ്റ്റുഡിയോ എടുത്ത് കലാസൃഷികളിൽ ഏർപ്പെടുകയാണ്.
ജോസിന്റെ വരവ് എന്റെ ഉത്സാഹം കൂട്ടി. ലണ്ടൻ നഗരത്തിലെ ചില പരിചയക്കാരുടെ പോസ്റ്റ് കോഡുകൾ പറഞ്ഞുകൊടുത്തപ്പോൾ അതിന്റെയൊക്കെ ഏകദേശ മാപ്പുകൾ അദ്ദേഹം പല കടലാസുകഷണങ്ങളിൽ പല മാതിരി വരച്ചു. ദിക്കും ദിശയും ഊഹിച്ച് എന്തൊക്കെയോ ഞാനും മനസ്സിലാക്കി. ഭൂഗർഭ ട്രെയിനുകളുടെ റൂട്ട് മാപ്പ് തന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി. കരകുരാന്ന് ഒരു റൂട്ട് ഡയഗ്രം ! പല കളർ കോഡുകൾ ആണ് പല ലെയിനുകൾക്ക്. അവ അങ്ങനെ അങ്ങിങ്ങായി പിരിഞ്ഞുപിരിഞ്ഞ് മനുഷ്യന്റെ രക്തക്കുഴലുകൾ പോലെ കാണപ്പെട്ടു. അധികം പഠിക്കാൻ പിന്നെപോയില്ല. വരുന്നതുവരട്ടെ എന്നുറച്ചു. പക്ഷേ ജോസ് കാരണം എനിക്കൊരു പണി കിട്ടി. കട്ടൻകാപ്പി കൂട്ടായ്മയിൽ ചെന്ന് കുറച്ചു കവിതയൊക്കെ വായിച്ച് തീർക്കാമായിരുന്നത്, ഫലത്തിൽ വിപുലമായ ഒരു യുകെ മലയാളി സംഗമത്തിന് തന്നെ വഴിവച്ചു. അവിടെ നീണ്ട ഒരു പ്രഭാഷണവും അവർ പ്രതീക്ഷിച്ചു. അതെനിക്കും പ്രചോദനമായി. ആ കഥ വഴിയെ.

നവംബർ പതിനേഴിന് രാത്രി മുംബൈ എയർപോർട്ടിൽ ചെന്ന് ഉറക്കം തൂങ്ങിയിരുന്ന് പിറ്റേന്ന് രാവിലെ അഞ്ചരയ്ക്ക് ലണ്ടനിലേക്ക് വിമാനമേറി. ഏതാണ്ട് ഒൻപതു മണിക്കൂർ യാത്ര ചെയ്ത് ഞാൻ പതിനൊന്നിന് അവിടെത്തി. അല്ലാ, നമ്മൾ അങ്ങോട്ട് പോകുമ്പോൾ ഏതാണ്ട് അഞ്ചര മണിക്കൂർ കൂടുതൽ ജീവിക്കുകയും, ഇങ്ങോട്ടു വരുമ്പോൾ അത്രയും തന്നെ കുറവ് ജീവിക്കുകയും ചെയ്യണമല്ലോ. അങ്ങനെ ഞാനും ബിലാത്തിപ്പട്ടണത്തിൽ എത്തിയിരിക്കുന്നു ! ആവേശമായി ലണ്ടൻ എയർപോർട്ടിൽ നിന്നു ജോസിന്റെ നിർദ്ദേശപ്രകാരം മുന്നിൽ കണ്ട വഴികളിലൂടെ ലെഫ്റ്റ്, റൈറ്റ് ഒക്കെയടിച്ച് നടന്നപ്പോൾ അണ്ടർഗ്രൗണ്ടിലേക്കുള്ള എസ്കലേറ്റർ വന്നു. അതിനിടെ ഞാൻ ഒരു വാട്സാപ്പിയൻ വംശത്തിൽ ജീവിക്കുന്നതോർത്ത് പുളകംകൊണ്ടുപോയി. ബ്രിട്ടനിൽ പൊതുവിടങ്ങളിൽ എവിടെച്ചെന്നാലും വൈ-ഫൈ സൗകര്യം ലഭ്യമാണ്. ഇല്ലെങ്കിൽ ഇന്റർനാഷനൽ കോളുകൾ വിളിച്ച് പാപ്പരാകേണ്ടിയിരുന്ന ഞാൻ വാട്സാപ് കോളുകൾ കൊണ്ട് പ്രിയപ്പെട്ടവർക്കിടയിലെ ദൂരം എന്നത്തെയും പോലെ ലഘുവാക്കി. ഒരു ലോക്കൽ സിം കാർഡു പോലും യുകെയിൽ വലിയ ആവശ്യമല്ലെന്നു വന്നു.
നമ്മുടേത് ‘ഡിജിറ്റൽ ഇന്ത്യ’ അല്ലെങ്കിലും ബ്രിട്ടൻ നല്ലൊരു കണിശക്കാരനായ ‘ഡിജിറ്റൽ ബ്രിട്ടൻ’ ആണ്. ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് സ്വയമെടുക്കണം. മെഷീൻ അഞ്ച് പത്ത്, ഇരുപത് പൗണ്ടിന്റെ നോട്ടുകളെ മാത്രമേ നക്കിയെടുക്കൂ. എനിക്ക് ആൻ ഹോസന്റെ നിർദ്ദേശപ്രകാരം പിക്കാഡില്ലി ലെയിനിലോടുന്ന ട്രെയിനിൽ കയറണം. കാലിഡോണിയ റോഡ സ്റ്റേഷനിൽ ഇറങ്ങണം. അവിടെ ആൻ ഉണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇൻഫർമേഷൻ കൗണ്ടറിൽ പോയി എന്റെ കയ്യിലെ അൻപത് പൗണ്ടിന്റെ നോട്ട് മാറിവന്ന് ഒരു പത്തിനെ മെഷീനിൽ വച്ചുകൊടുത്തു. ബാക്കി നാല് പെൻസ് തിരിച്ചു തന്നു. അത് എണ്ണാൻ അറിയില്ല. മെഷീൻ പറ്റിക്കില്ലെന്നു വിശ്വസിച്ച് അതും ബാഗിലിട്ട് നടന്നു.
ആദ്യം വന്ന ട്രെയിനിൽ കയറിയിരുന്നു. ട്രെയിൻ വിട്ടതോടെ എന്റെ ആദ്യ ലണ്ടൻ യാത്രയും തുടങ്ങി. തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ കെ.കെ.മേനോൻ, അശ്വതി ബസുകളിൽ മുതൽ മുംബൈ ലോക്കൽ ട്രെയിനിൽ വരെ ഇടികൂടി ശീലിച്ച ഞാൻ, ഒട്ടും തിരക്കില്ലാത്ത ഈ ട്രെയിനിൽ കയറി മാന്യമഹതിയായി ഒരു സീറ്റ് പിടിച്ച് ഇരുന്നു. ഇവിടെ ആരെയും തുറിച്ചുനോക്കരുത് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ എനിക്ക് നോക്കാതെയും വയ്യ. തികച്ചും അമാന്യയായ ഒരു ഏഷ്യൻ (തവിട്ട് നിറക്കാരിയായതിനാൽ) ടൂറിസ്റ്റ് ആണ് ഞാൻ എന്ന് ആ അപരിചിതർ കരുതിയിരിക്കും. കരുതിക്കോട്ടെ. ഞാനെന്തു ചെയ്യാനാ.
പുറത്തു ചെറുതായി മഴ ചാറുന്നുണ്ടായിരുന്നു. ഭംഗിയുള്ള ഇഷ്ടികക്കെട്ടിടങ്ങൾ കണ്ടു. പണ്ട് ഫോട്ടോകളിലും അതിനേക്കാൾ കുട്ടിക്കഥകളിലെ ഇലസ്ട്രേഷനുകളിലും കണ്ടിട്ടുള്ള ചുകപ്പും തവിട്ടും നിറമുള്ള ഇഷ്ടിക വച്ച് കെട്ടിയ, ലണ്ടന്റെ സ്വഭാവമറിയിക്കുന്ന സുന്ദരമായ കെട്ടിടങ്ങൾ. ഒരേപോലെ കുറെ നിരന്നു നിൽക്കുന്നു. ചില ചിമ്മിനികളിൽ നിന്നു പുക പോകുന്നു. പെട്ടെന്ന് ലാറി ബേക്കർ ഉള്ളിൽ വന്നിരുന്നു. അദ്ദേഹത്തിന്റെ ഭാഷ, അതിന്റെ സൗന്ദര്യം ഞാൻ നേരിട്ട് അറിയുകയാണ് എന്നത് ഉള്ളിൽ വലിയ സന്തോഷമുണർത്തി. പക്ഷേ പ്രകൃതിയോടു ചേർന്ന ഈ കെട്ടിടഭാഷ എന്റെ മണ്ണിൽ വേണ്ടത്ര വേരു പിടിച്ചില്ലെന്നതിൽ എനിക്ക് വിഷമം തോന്നി. വെട്ടുകല്ലിന്റെ നാട്ടിൽ, നമ്മളെന്തേ ഇങ്ങനെ പൊതിയാത്ത കൽക്കെട്ടിട സൗന്ദര്യം ഉപയോഗപ്പെടുത്താത്തത്! പിന്നെ സമാധാനിച്ചു, ബ്രിട്ടീഷുകാർക്ക് ചെത്തിത്തേയ്ക്കാത്ത വീടുകൾ പണിയാം. നമുക്കിവിടെ ഈർപ്പം, പായൽ, പുഴു, പാറ്റ, പൂച്ചി, പാമ്പ് എല്ലാമുണ്ട്. എല്ലാരും കൂട്ടുകാരാണ്. നമ്മൾ ഉഷ്ണമേഖലാ സസ്യങ്ങളാണ്. നമുക്ക് വീടുണ്ടാക്കാൻ ഇതൊക്കെ പരിഗണിക്കണം. എന്നാലും....പിക്കാഡില്ലി ലെയിനിൽ പോകുമ്പോൾ കാണുന്ന ലണ്ടൻ നഗരപ്രാന്തം തന്നെയാകണമെന്നില്ല ഈ നഗരത്തിന്റെ പൊതു സ്വഭാവം. പക്ഷേ കണ്ട വഴി എനിക്കൊരു മനസ്സമാധാനമായി. പ്രാന്ത് പിടിച്ച പടുകൂറ്റൻ കെട്ടിടങ്ങൾ നിറഞ്ഞ തിരക്കേറിയ ഒരിടമല്ല എന്നെ സ്വീകരിച്ചത്. ഇവിടെ എല്ലാറ്റിനും ഒരു എളുപ്പമുണ്ട് എന്ന് തോന്നി.
ട്രെയിനിനകത്തും തിരക്കില്ല. പക്ഷേ ഉള്ളവർ അവരവരിലേക്കു വലിഞ്ഞവർ. എന്നാലോ തിരക്കിട്ടു പോകുന്നവരെ തടഞ്ഞുനിർത്തി ധൈര്യം സംഭരിച്ച് എന്ത് സംശയവും ഒന്നു ചോദിച്ചു നോക്കൂ. അതുവരെ ചുറ്റുപാടുകളിൽ നിന്ന് സ്വിച്ചോഫ് ചെയ്തപോലെ പോയിരുന്ന പലരും, ആ നിന്നനിൽപിൽ പരിഗണനയുടെ പച്ച വെളിച്ചം കത്തിക്കുന്നു. ഇവർ പെട്ടെന്ന് പരോപകാരധർമം ഏറ്റെടുത്ത് ഉത്തരവാദപ്പെട്ട പൗരരാകുന്നു! ലളിതവും അടിസ്ഥാനപരവുമായ പൗരബോധം എന്നു പറയാം. കയറിയ ട്രെയിൻ ശരിയാണോ എന്ന ഭയം കാരണം കയറിയ ഉടനേ ഞാൻ നാട്ടിലേ ശീലം വച്ച് മുന്നിൽക്കണ്ട ഒരു ആളോട് വലിയ ഔപചാരികതയൊന്നും കൂടാതെ നേരെയങ്ങു ചോദിച്ചു, ഇതിൽ പോയാൽ കാലിഡോണിയ റോഡ് സ്റ്റേഷനിൽ ഇറങ്ങാലോ എന്ന്. അതുവരെ തലയുയർത്തിപ്പിടിച്ച് തീവണ്ടിയുടെ മച്ചിൽ നോക്കി നിന്നിരുന്ന ആ ഇംഗ്ലീഷ് ദീർഘകായൻ ഉടനെ ആശ്വസിപ്പിച്ചു, എനിക്ക് തെറ്റിയില്ലെന്ന്. പിന്നെയാണ് ഞാൻ ട്രെയിനിനകത്തെ ഡിസ്പ്ലേ ഒക്കെ നോക്കുന്നത്. നമ്മൾ അങ്ങനെ പൊതുവായ സൈനെജ് ഡിസ്പ്ലേകൾ ആശ്രയിച്ച് യാത്ര ചെയ്യുന്ന കൂട്ടത്തിലല്ലല്ലോ. ട്രെയിനിനകത്തുമുണ്ട് ആ മാപ്പുകൾ. ജോസ് തന്നപോലുള്ളവ. ഇപ്പോൾ പരിഭ്രമം കുറഞ്ഞതുകൊണ്ടാകാം, എനിക്കവ നീണ്ടുകിടക്കുന്ന മുടിക്കെട്ടു പോലെ തോന്നിച്ചു. ഓരോ ഹെയർ ബാൻഡും പ്രധാന സ്റ്റേഷനുകളിലെക്ക് പോകുന്ന നാരുകൾ വിടർത്തുന്നു. നമ്മുടെ നാട്ടിലെപ്പോലെയല്ല, നല്ല ഫലപ്രദമായ സൈനെജ് (signage) സിസ്റ്റവും ഉത്തരവാദപ്പെട്ട പൊതുഗതാഗതസംവിധാനവും ഉള്ളത് ബ്രിട്ടനിൽ ഏതു യാത്രയും അനായാസമാക്കുന്നു.
ഇന്ത്യയിൽ ഇനിയും മികച്ച സൈനെജ് ഡിസൈനർമാർ വേണം എന്നു മനസ്സിൽ തോന്നി. മെട്രോ ട്രെയിനും മറ്റും അത്യാവശ്യത്തിനു ശീലിച്ച നമുക്ക് ഈ ട്രെയിനിലെ അനൗൺസ്മെന്റുകൾ, അതിന്റെ ടോൺ പോലും വളരെ പരിചിതം എന്നും തോന്നും. ഒരു പുതിയ നാട്ടിൽ വന്നെങ്കിലും എന്നെ സംബന്ധിച്ച് ഒരു പുതിയ ഭാഷ കേൾക്കുന്നില്ലല്ലോ എന്ന സങ്കടം ഉടനെ തീർന്നു. ഒരു തെരുവുഗായകസംഘം കയറി. പോളണ്ടുകാരോ മറ്റോ ആണെന്നു തോന്നി. കലപിലാ വർത്തമാനം പറയുന്ന ആനന്ദഭരിതനായ യുവാവ്. എല്ലാം കേട്ടു ശരി വയ്ക്കുന്ന മൂന്നു കൂട്ടുകാരും. അവർ ട്രെയിനിൽ വലിച്ചുകയറ്റിയ സംഗീതോപകരണങ്ങൾ വർണശബളമായ ഉടുപ്പിട്ടിരിക്കുന്നു. ഞാനും കേട്ടിരുന്നു. അതുമിതുമിങ്ങനെ കണ്ടും കേട്ടും ആലോചിച്ചും ഇരുന്നപ്പോഴേക്കും കാലിഡോണിയ റോഡ് സ്റ്റേഷൻ എത്തിപ്പോയ് ! ആൻ എവിടെ ! അവരുടെ ഭർത്താവ് സൈമനും എന്റെ സുഹൃത്താണ്. എവിടെ!
(തുടരും)
ഡോ.കവിത ബാലകൃഷ്ണന്‍
ചിത്രകാരിയും കവിയും കലാഗവേഷകയുമാണ്. ബറോഡയിലെ എം.എസ്. യൂണിവേഴ്സിറ്റിയില്‍ നിന്നു കലാചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം. 2009ല്‍ മലയാള ആനുകാലികങ്ങളിലെ ചിത്രീകരണ വ്യവഹാരത്തെ കുറിച്ച് മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ നിന്നു ഡോക്ടറേറ്റ്. പെയിന്റിങ്ങിന് പതിമൂന്നാം വയസ്സില്‍ സോവിയറ്റ് ലാൻഡ് നെഹ്രു അവാര്‍ഡ്. 'ആര്‍ത്തേക് അനുഭവങ്ങള്‍' എന്ന സോവിയറ്റ് സന്ദര്‍ശന അനുഭവങ്ങളുടെ യാത്രാവിവരണമാണ് ആദ്യപുസ്തകം. 'അങ്കവാലുള്ള പക്ഷി', 'ഞാന്‍ ഹാജരുണ്ട്', കവിതയുടെ കവിതകള്‍ എന്നീ കവിതാ സമാഹാരങ്ങള്‍. 2007ലെ മികച്ച കലാനിരൂപണ ഗ്രന്ഥത്തിനുള്ള കേരള ലളിത കലാ അക്കാദമി അവാർഡ് നേടിയ 'കേരളത്തിലെ ചിത്രകലയുടെ വര്‍ത്തമാനം', ആധുനിക കേരളത്തിലെ ചിത്രകല (സ്റ്റേറ്റ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2007), ഇന്ത്യന്‍ ചിത്രകാരന്‍ എം.എഫ്.ഹുസ്സൈനെ കുറിച്ചുള്ള അക്കാദമിക് ലേഖനങ്ങളുടെ സമാഹാരം, എന്നീ കലാസംബന്ധമായ കൃതികള്‍. Marg Magazine, Art & Deal, Art Etc, TAKE on Art തുടങ്ങിയ രാജ്യത്തെ മികച്ച കലാ പ്രസിദ്ധീകരണങ്ങളില്‍ ഇംഗ്ലീഷിലും കലയെക്കുറിച്ച് എഴുതുന്നു. ഇന്ത്യന്‍ സാക്ഷര-മാധ്യമ സമൂഹങ്ങളില്‍, പ്രത്യേകിച്ച് കേരളത്തില്‍, 'ഇലസ്ട്രേഷന്‍' എന്ന വ്യവഹാരം വളര്‍ന്നതിന്റെ കലാചരിത്രം അന്താരാഷ്ട്ര ഇലസ്ട്രേഷന്‍ ഗവേഷകരുടെ ശ്രദ്ധയില്‍ എത്തിച്ചത് ലണ്ടനിലെ Intellect പ്രസിദ്ധീകരിക്കുന്ന 'Journal of Illustration' (Vol.3, Issue.2) ല്‍ കവിത എഴുതിയ ദീര്‍ഘമായ പഠനമാണ്. തൃശ്ശൂര്‍ ഗവ.കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ കലാചരിത്രം അധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.