വെൽക്കം ടു പാലാക്കരി - വിഡിയോ...


കായലിന്റെ സൗന്ദര്യം നുകർന്ന് ഒരു പകൽ... ഉച്ച ഊണിന് ഫിഷ് കറിയും ഫിഷ്ഫ്രൈയും പിന്നാലെ ഐസ്ക്രീമും. ബോട്ടിങ്ങിനും ചൂണ്ടയിടാനും കായൽക്കാറ്റേറ്റ് വലയൂഞ്ഞാലിലാടാനും സൗകര്യം. ഇവയെല്ലാം ചേർത്ത് 200 രൂപയുടെ പാക്കേജ്. ഇഷ്ടമായെങ്കിൽ  കോട്ടയം പാലാക്കരിയിലേക്ക് പോകാം. 

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനുള്ള വിഭവങ്ങൾ മൽസ്യഫെഡിന്റെ വൈക്കം പാലാക്കരി അക്വാ ടൂറിസം ഫാമിലുണ്ട്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കായലിന്റെ കരയിൽ മതിയാവോളം കാറ്റുകൊണ്ടിരിക്കാം. അതല്ല കാറ്റേറ്റ് മയങ്ങണമെങ്കിൽ അതിനു വലയൂഞ്ഞാൽ റെഡി.

ചൂണ്ടയിടാൻ മോഹമുണ്ടേൽ അതുമാകാം. 10 രൂപ നല്‍കിയാൽ ചൂണ്ടയും ഇരയും ലഭിക്കും. തീർന്നില്ല, ചൂണ്ടയിൽ മീൻ കുരുങ്ങിയാൽ ന്യായവില നൽകി കൊണ്ടുപോരുകയുമാകാം. വിദൂര സൗന്ദര്യം ആസ്വദിക്കാൻ വാച്ച്ടവറുകളുമുണ്ട്. വിവാഹ വിഡിയോ ചിത്രീകരണത്തിനു അനുയോജ്യമായ സ്ഥലംകൂടിയാണിത്.

പ്രവേശനം

രാവിലെ 10 മുതൽ വൈകിട്ട് 6 മണിവരെയാണ് പ്രവേശനം. രാവിലെ എത്തുന്നയാൾക്ക് 6 മണിവരെയും ഫാമിൽ തുടരാം. ഉച്ചഭക്ഷണം ഉൾപ്പെടെ 200 രൂപയാണ് ഫീസ്. പെഡൽ – റോ ബോട്ട് സവാരിയും ഇതിൽ ഉൾപ്പെടുന്നു. കരയോടു ചേർന്ന് ആഴം കുറഞ്ഞ ഭാഗത്താണ് ഇതിനുള്ള ക്രമീകരണം. അഞ്ചിനും 12 നും ഇടയിൽ പ്രായമുള്ളവർക്ക് 150 രൂപയാണ് നിരക്ക്.

വൈകീട്ട് മൂന്നു മുതല്‍ ആറു മണിവരെ ഫാമിൽ സമയം ചിലവഴിക്കാൻ 50 രൂപ മതിയാവും. ഈ സമയം അഞ്ചിനും 12 നും ഇടയിൽ പ്രായമുള്ളവർക്ക് 25 രൂപയാണ് നിരക്ക്. എന്നാൽ ഭക്ഷണം ലഭിക്കില്ല. സ്പീഢ് ബോട്ട് സവാരിക്കും സൗകര്യമുണ്ട്. ഇതിനു പ്രത്രേക ഫീസ് നൽകണം.

ഉച്ചഭക്ഷണം

ഫിഷ് കറിയും ഫിഷ് ഫ്രൈയും ഉൾപ്പെടുന്ന വിഭവങ്ങളോടെയാണ് ഉച്ചയൂണ്. ശേഷം ഐസ്ക്രീമും ലഭിക്കും. ഇതിന് പ്രത്രേക നിരക്ക് നൽകേണ്ടതില്ല. ഭക്ഷണം വിഭവ സമൃദ്ധമാക്കാൻ കൊഞ്ചും കക്കയും കരിമീനും മറ്റും ലഭിക്കും. ഇവയ്ക്ക് പ്രത്യേക നിരക്കാണ്.

എങ്ങനെ എത്താം

വൈക്കം–തൃപ്പൂണിത്തുറ റൂട്ടിൽ കാട്ടിക്കുന്നിലാണ് പാലാക്കരി അക്വാ ടൂറിസം ഫാം. വൈക്കത്തു നിന്ന് 9 കിലോ മീറ്ററും തൃപ്പൂണിത്തുറയിൽ നിന്ന് 25 കിലോ മീറ്ററും സഞ്ചരിച്ചാൽ ഫാമിലെത്താം.