250 രൂപ മുതൽ അടിപൊളി പാക്കേജുകൾ; കൊതിയൂറും മീന്‍ രുചിയും കായല്‍യാത്രയും ആസ്വദിക്കാം
Mail This Article
മീന്‍കൊതിയന്മാര്‍ക്ക് കുറഞ്ഞ ചെലവില്‍ രുചികരമായ മത്സ്യവിഭവങ്ങള്‍ ആസ്വദിക്കാനും കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ജലവിനോദങ്ങളില്‍ പങ്കെടുക്കാനുമുള്ള അവസരം ഒരുക്കുകയാണ് മത്സ്യഫെഡ്. ബോട്ടിങ്, ചൂണ്ടയിടീല്‍, തോണിതുഴയല്‍ മുതലായ വിനോദാനുഭവങ്ങള്‍ക്കൊപ്പം സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ള കാന്‍റീനുകളില്‍നിന്നു പോക്കറ്റില്‍ ഒതുങ്ങുന്ന ചെലവില്‍ മികച്ച വിഭവങ്ങളും രുചിക്കാം. അതിനായി മത്സ്യഫെഡിന്‍റെ പ്രകൃതി സൗഹൃദ അക്വാ ടൂറിസം കേന്ദ്രമായ ഞാറക്കല്‍ ഫാമിലേക്കു പോകാം.
ഞാറക്കല്‍ ഫിഷ് ഫാമും അക്വാടൂറിസം സെന്‍ററും
എറണാകുളം ഹൈക്കോടതി ജംക്‌ഷനിൽനിന്ന് 11 കിലോമീറ്റർ ദൂരെയാണ് ഞാറക്കല്‍ ഫിഷ് ഫാമും അക്വാടൂറിസം സെന്‍ററും. സഞ്ചാരികളെ കാത്ത് നിരവധി പാക്കേജുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
വെള്ളത്തിനു നടുവിലുള്ള ബാംബൂ ഹട്ട് ആണ് ഏറ്റവും വലിയ ആകര്‍ഷണം. ഈ ഹട്ടില്‍ ഒരേസമയം 10 പേർക്ക് താമസിക്കാം. ഉച്ചഭക്ഷണവും വൈകുന്നേരത്തെ ലഘുഭക്ഷണവും പാക്കേജിന്‍റെ ഭാഗമായി നൽകും.
കൂടാതെ സ്പീഡ് ബോട്ട്, കുട്ടവഞ്ചി, പെഡൽ ബോട്ട്, ചൂണ്ടയിടൽ തുടങ്ങിയവയും പാക്കേജിലുണ്ട്. ഒരാൾക്ക് 250 രൂപയും അവധിദിവസങ്ങളിൽ 300 രൂപയുമാണ് സാധാരണ പാക്കേജ്. സ്പെഷൽ പാക്കേജുകളിലും സാധാരണ പാക്കേജുകളിലും കുട്ടികളുടെ ടിക്കറ്റ് നിരക്കിൽ ഇളവുകൾ ഉണ്ട്. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട.
സെപഷ്യൽ പാക്കേജുകൾ
ദ്വയം
സഞ്ചാരികൾക്കായി ഒരുക്കിയിരുന്ന പുതിയ പാക്കേജാണ് ദ്വയം. അക്വാടൂറിസം സെന്ററിലെ കാഴ്ചകള്‍ കാണാം, പൂമീൻ ചാട്ടം, പെഡല്‍ബോട്ട്, റോയിങ് ബോട്ട്, വാട്ടർ സൈക്കിൾ, കയാക്കിങ്, ജലാശയത്തിനു മുകളിലുള്ള മുളംകുടിൽ, ചൂണ്ടയിടീൽ, കണ്ടൽപാർക്ക്, ബീച്ച് എന്നിവയും ആസ്വദിക്കാം.
പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും വൈകിട്ടത്തെ ചായയും ഇൗ പാക്കേജിൽ ഉൾപ്പെടും. ഒരാൾക്ക് 650 രൂപയാണ് ഇൗ പാക്കേജിന്റെ നിരക്ക്. സമയം രാവിലെ 9.30 മുതൽ 3.30 വരെ. ദ്വയം പാക്കേജിനൊപ്പം എറണാകുളം മറൈൻഡ്രൈവിൽ ഒരു മണിക്കൂർ കായൽസവാരിയും ഉൾപ്പെടുത്തിയാൽ ഒരാൾക്ക് നിരക്ക് 1200 രൂപയായിരിക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 6 മണി വരെയാണ് കായൽ സവാരിയും ചേർന്ന പാക്കേജ് ഒരുക്കിയിരിക്കുന്നത്.
ദ്വയം ഇൗവനിങ് സ്പെഷൽ
ഒരാൾക്ക് 300 രൂപാ നിരക്കിൽ പൂമീൻ ചാട്ടം, പെഡല്‍ബോട്ട്, റോയിങ് ബോട്ട്, വാട്ടർ സൈക്കിൾ, കയാക്കിങ്, ജലാശയത്തിന് മുകളിലുള്ള മുളംകുടിൽ, ചൂണ്ട, കണ്ടൽപാർക്ക് ഉൾപ്പടെ ലഘുഭക്ഷണവും ജ്യൂസും പാക്കേജിൽ ലഭ്യമാണ്.
വഞ്ചിത്തുരുത്തിലെ ഏറുമാടം
വഞ്ചിത്തുരുത്തിലെ ഏറുമാടമാണ് ഇവിടുത്തെ മറ്റൊരു അനുഭവം. വെള്ളത്തിന് നടുവിലായി ബോട്ടിന്‍റെ ആകൃതിയിലുള്ള ഒരു ദ്വീപും അതിൽ ഒരു ഏറുമാടവുമാണ് ഇവിടെയുള്ളത്. വഞ്ചിത്തുരുത്തിനകത്ത് ഡൈനിങ് ടേബിൾ, ബെഞ്ചുകൾ, ഊഞ്ഞാൽ തുടങ്ങിയവയുമുണ്ട്. ഒരേസമയം 15 പേർക്ക് ഇവിടെ കയറാം.
വാട്ടർ സൈക്ലിങ്, കയാക്കിങ്, കുട്ട വഞ്ചി, റോയിങ് ബോട്ട്, പെഡൽ ബോട്ട്, ചൂണ്ടയിടിൽ, കണ്ടൽപാർക്ക്, ബീച്ച്കാഴ്ച എന്നിവയാണ് ഇൗ പാക്കേജിൽ. ചായ, ലഘുഭക്ഷണം,ഉച്ചയൂണ് ഉൾപ്പെടെ വഞ്ചിത്തുരുത്തിലെ വൈകുന്നേരത്തെ ചായയും ലഘുഭക്ഷണവുമടക്കം ഒരാൾക്ക് 600 രൂപയാണ് ഇൗ പാക്കേജിൽ ഇൗടാക്കുന്നത്. വഞ്ചിതുരുത്തിൽ ഹാഫ് ഡേ മാത്രം ചിലവഴിക്കുന്നുവെങ്കിൽ ഒരാൾക്ക് 450 രൂപമാത്രമാണ് നിരക്ക്.
ബാംബൂ ഹട്ട്
കാഴ്ചകൾ കണ്ട് ബാംബൂ ഹട്ടില്‍ സമയം ചെലവഴിക്കാം. കൂടാതെ പൂമീൻ ചാട്ടം, കുട്ടവഞ്ചി പെഡല്‍ബോട്ട്, റോയിങ് ബോട്ട്, വാട്ടർ സൈക്കിൾ, കയാക്കിങ്, ചൂണ്ടയിടിൽ, കണ്ടൽപാർക്ക്, ബീച്ച് കാഴ്ചകളും ആസ്വദിക്കാം. ചായയും ലഘുഭക്ഷണവും ഉച്ചയൂണും മുളംകുടിലിൽ ചായയും ലഘുഭക്ഷണവും ഉൾപ്പടെ 600 രൂപയാണ് പാക്കേജിന് ഇൗടാക്കുന്നത്. ബാംബൂ ഹട്ടിൽ ഹാഫ് ഡേ മാത്രം ചെലവഴിക്കുകയാണെങ്കിൽ മറ്റുള്ളവയടക്കം ഒരാൾക്ക് 450 രൂപയാണ് നിരക്ക്. സമയം രാവിലെ 10.30 മുതല്‍ വൈകുന്നേരം 5 മണി വരെ
സംസ്കൃതി
സംസ്കൃതി എന്ന പാക്കേജിൽ ഉച്ച വരെ ഞാറക്കൽ അക്വാടൂറിസം സെന്ററിലെ കാഴ്ചകള്‍ കാണാം. മുസിരീസ് പ്രദേശങ്ങളായ പാലിയം കൊട്ടാരം, പാലിയം നാലുകെട്ട്, ചേന്ദമംഗലം ജൂതപ്പള്ളി സന്ദർശനം, കുഴുപ്പിള്ളി ബീച്ച് സന്ദർശനം, ഉച്ചഭക്ഷണം, ചായയും ലഘുഭക്ഷണം എന്നിവ ഇൗ പാക്കേജിലുണ്ട്. രാവിലെ 10.30 മുതൽ വൈകിട്ട് 6.30 വരെയുള്ള ഇൗ പാക്കേജിൽ ഒരാൾക്ക് 1000 രൂപയാണ് നിരക്ക്.
യാത്രിക
ഇൗ പാക്കേജിൽ ഉച്ചവരെ ഞാറക്കൽ അക്വാടൂറിസം സെന്ററിലെ കാഴ്ചകള്‍ കണ്ട് രുചിയൂറും വിഭവങ്ങൾ കൂട്ടി ഉച്ചയൂണും കഴിക്കാം. തുടർന്ന് മട്ടാഞ്ചേരി ജൂതപ്പള്ളി, ഡച്ച് പാലസ്, ഫോർട്ട് കൊച്ചി സെന്റ് ഫ്രാൻസിസ് കത്തീഡ്രൽ, വാസ്കോഡിഗാമാ സ്ക്വയർ, ഫോർട്ട് കൊച്ചി ബീച്ച്, വല്ലാർപാടം പള്ളി സന്ദർശവുമുണ്ട്. രാവിലെ 10.30 മുതൽ വൈകിട്ട് 6.30 വരെയുള്ള ഇൗ പാക്കേജിൽ ഒരാൾക്ക് 850 രൂപയാണ് ഇൗടാക്കുന്നത്.
English Summary: Njarakkal Aqua Tourism Centre