മല്ലനായി ശിവനും മല്ലിയായി പാർവതിയും, ഇത് അട്ടപ്പാടിയിലെ മല്ലീശ്വര ക്ഷേത്രം

malleeswaran-temple1
SHARE

അട്ടപ്പാടിയിലെ മല്ലീശ്വര ക്ഷേത്രം ദേശീയ ശ്രദ്ധയിലേക്കു വരികയാണ്. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഈ ക്ഷേത്രവും ഇടം പിടിച്ചിരിക്കുന്നു.  ഗോത്ര വിഭാഗത്തിന്റെ വിശ്വാസങ്ങളും  ഐതിഹ്യങ്ങളും  പുറം ലോകത്തിനെ അറിയിക്കാനുള്ള അവസരം കൂടിയാണിത്. 

പാലക്കാട് –കോഴിക്കോടു പാതയിൽ മണ്ണാർക്കാട് പട്ടണത്തിലെത്തുന്നതിനു തൊട്ടു മുൻപാണ് അട്ടപ്പാടി ആനക്കട്ടി റോഡ്. ഇവിടെ നിന്ന് മുടിപ്പിൻ വളവുകളുള്ള ചുരം കയറി  26 കിലോമീറ്റർ യാത്ര ചെയ്താൽ അഗളി പഞ്ചായത്തിലെ ചെമ്മണ്ണൂരായി.  റോഡരുകിലാണു  പ്രസിദ്ധമായ മല്ലീശ്വര ക്ഷേത്രം.ലാളിത്യമാണതിന്റെ മുഖമുദ്ര.   മല്ലീശ്വരനാണു പ്രതിഷ്ഠ. ഇതു ശിവനാണെന്നാണു വിശ്വാസം ശിവലിംഗ പ്രതിഷ്ഠയാണുള്ളത്.  ഭഗവതിയും മറ്റു വന ദേവതകളും ഉപ പ്രതിഷ്ഠകളായുണ്ട്.

Malleeswara75

ഇരുള വിഭാഗത്തിന്റെ ആരാധനാലയമാണിത്. എന്നാൽ മറ്റു ഗോത്ര വിഭാഗക്കാരും ഇവിടെ എത്താറുണ്ട്. കൃഷിയും കാലിമേച്ചിലും ഉപജീവനമാക്കിയ ഇരുള വിഭാഗക്കാർ തമിഴ്നാട്ടിലെ നീലഗിരിമലകളിൽ നിന്നു കുടിയേറിയവരാണത്രേ. ദിവസവും മൂന്നു തവണ പൂജ നടക്കാറുണ്ട്. ഇരുള വിഭാഗത്തിലെ ഒസത്തിയൂർ കൊല്ലങ്കടവ് ഊരുകളിലുള്ളവരാണിവിടത്തെ പൂജാരിമാർ.അട്ടപ്പാടിയിലൂടെ ഒഴുകുന്ന ഭവാനി തമിഴ് നാട്ടുകാർക്കു പുണ്യ നദിയാണ്.

ഇതിന്റെ തീരത്തെ ശിവ ദർശനത്തെയും അവർ പവിത്രതയോടെ കാണുന്നു. മല്ലീശ്വര മുടിയും ഭവാനി നദിയും തമ്മിൽ ബന്ധപ്പെടുത്തി നാലരക്കോടിയുടെ പദ്ധതിയാണു കേന്ദ്ര സർക്കാരിലേക്കു സമർപ്പിച്ചിട്ടുള്ളത്. ഗോത്ര സംസ്കാരത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന മ്യൂസിയം, കലാരൂപങ്ങൾ സംരക്ഷിക്കുന്നതിനും അടുത്ത തലമുറയ്ക്കു കൈമാറുന്നതിനുമായി ഒരു ഗോത്ര കലാമണ്ഡലം, പാർക്കിങ് നടപ്പന്തൽ, ശുചിമുറി എന്നിവയാണിവിടെ ഉദ്ദേശിക്കുന്നത്.   

അട്ടപ്പാടിയിലെ മല്ലീശ്വര ക്ഷേത്രം
അട്ടപ്പാടിയിലെ മല്ലീശ്വര ക്ഷേത്രം

ഐതിഹ്യങ്ങളിലെ മല്ലീശ്വരൻ

വേഷ പ്രഛന്നരായി നാടു ചുറ്റിയിരുന്ന പരമശിവനും പാർവതിയും അട്ടപ്പാടിയിലെത്തിയത്രേ. അപരിചിതരായ രണ്ടുപേരെ കണ്ടപ്പോൾ ആരാണെന്നും സന്ദർശനോദ്ദേശ്യമെന്തെന്നും ഊരുകാർ തിരക്കി. ദൈവിക ശക്തിയുള്ള ശിവ പാർവതിമാരാണെത്തിയിരിക്കുന്നതെന്നു മനസ്സിലാക്കിയപ്പോൾ അവരോട് അവിടെത്തന്നെ കഴിയാൻ അഭ്യർഥിച്ചു. എല്ലാ ദിവസവും പൂജയും വിളക്കും വേണമെന്നായിരുന്നു പാർവതിയുടെ ആവശ്യം. വർഷത്തിലൊരിക്കൽ മാത്രം പൂജയും വിളക്കും മതിയെന്നായിരുന്നു പരമശിവൻ പറഞ്ഞത്.

പാർവതിയുടെ ആവശ്യം ദുഷ്കരമാണെന്നും പരമശിവന്റെ ആഗ്രഹം നിർവഹിക്കാമെന്നും ഊരുകാർ അറിയിച്ചു. അങ്ങനെ പരമശിവനെ സമുദ്ര നിരപ്പിൽ നിന്നു 4000 അടി  ഉയരത്തിലുള്ള മല്ലീശ്വര മുടിയിൽ പ്രതിഷ്ഠിച്ചു.  മുഡുഗ വിഭാഗമാണ് മല്ലീശ്വര മുടിയിൽ ആരാധന നടത്തുന്നത്. സർവകലാ വല്ലഭനാണു മല്ലീശ്വരനെന്നാണു സങ്കൽപം പുരാണങ്ങളിലെ നടരാജ സങ്കൽപത്തോടു ചേർന്നു നിൽക്കുന്നതാണിത്. മല്ലീശ്വരന്റെ കലാ പാരമ്പര്യം ഗോത്ര വിഭാഗക്കാർക്കു പകർന്നു കിട്ടിയിട്ടുണ്ട്. 

malleeswaran-hill7

ഇരുള ഗോത്രത്തിൽ  മല്ലനായി ജനിച്ച ശിവനും  മുഡുഗ ഗോത്രത്തലവന്റെ മകളായി ജനിച്ച  മല്ലിയെന്ന പാർവതിയും  തമ്മിലുള്ള ഒരു പ്രണയ കഥയും ഐതിഹ്യമായി ഇവിടെ പ്രചരിക്കുന്നു.മല്ലിയല്ല വളളിയാണെന്ന ഒരു അഭിപ്രായവുമുണ്ട്. 

നാട്ടു നടപ്പനുസരിച്ചു മല്ലൻ മൂപ്പനെകണ്ടു വിവാഹം ചെയ്യാനുള്ള  ആഗ്രഹം അറിയിച്ചത്രേ. ഇത്  ഇരു ഗോത്രക്കാർക്കും സ്വീകാര്യമായില്ല.  തുടർന്നു കുറുമ്പ സമുദായക്കാരുടെ  കരുവാര ഊരിൽ അഭയം തേടിയെങ്കിലും അവർ കയ്യൊഴിഞ്ഞു. ഇതിൽ മനം നൊന്ത മല്ലി അപ്രത്യക്ഷയായി. ശിവൻ ഭവാനി നദിക്കരയിൽ തപസ്സാരംഭിച്ചു. ക്രമേണ ജടയും മുടിയും വളർന്ന് വലിയൊരു മലയായി. മലയ്ക്കു മുകളിലേക്കു വളർന്ന ജഡ ആകാശത്തോളം ഉയരത്തിലായി.

Malleeswara14
മല്ലീശ്വര മുടിയിലേക്കുള്ള യാത്രയ്ക്കു മുമ്പുള്ള ഒരുക്കങ്ങൾ

ഒരു ദിവസം മുഡുഗ ഗോത്ര തലവനു സ്വപ്ന ദർശനമുണ്ടായി. പാർവതീ പരമേശ്വരന്മാരാണു തങ്ങളെന്നും എല്ലാ വർഷവും ശിവരാത്രി വ്രതമെടുത്തു മല്ലീശ്വര മുടിയിലെത്തിയാൽ ദർശനം നൽകാമെന്നും അറിയിച്ചുവത്രേ. അതനുസരിച്ച് എല്ലാ ശിവരാത്രി ദിവസവും മുഡുഗ ഗോത്രക്കാർ ചെമ്മണ്ണൂരിലെ മല്ലീശ്വര ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തിയ ശേഷം മല്ലീശ്വര മുടിയിലേക്കു മലചവിട്ടുന്നു.മല്ലീശ്വര മുടിയിലെ പാറക്കെട്ടുകളിൽ വളർന്നു നിൽക്കുന്ന സസ്യലതാദികൾ ശിവന്റെ ജഡയാണെന്നാണു സങ്കൽപം.  

ശിവരാത്രി ദിവസം ഇവിടെ ജ്യോതി തെളിയിക്കൽ പ്രധാന അനുഷ്ഠാനമാണ്.കോഴിക്കോടു സമൂതിരി കോവിലകത്തിന്റെ മട്ടുപ്പാവിലിരുന്നാൽ ഈ ജ്യോതി കാണാമായിരുന്നത്രേ. എന്നാൽ കരുവാര ഊരുകാർക്കുമാത്രം കാണാനാവില്ലത്രേ. പ്രണയിനികളെ അവർ കയ്യൊഴിഞ്ഞതിന്റെ ഫലമാണിതെന്നാണു വിശ്വാസം. വിളക്കു തെളിയിക്കാനുള്ള എണ്ണയും തിരിയും കോഴിക്കോടു സാമൂതിരിയാണ് എത്തിച്ചുകൊണ്ടിരുന്നത്.

സാമൂതിരിയുടെ മന്ത്രി സ്ഥാനീയനായിരുന്ന മണ്ണാർക്കാട് മൂപ്പിൽ നായർ ഇത് ഏറ്റു വാങ്ങി ചെമ്മണ്ണൂരിലെ മല്ലീശ്വര ക്ഷേത്രത്തിലെത്തിക്കും. അവിടെ നിന്നാണു മുഡുഗ ഗോത്രത്തിലെ തിരഞ്ഞെടുക്കപ്പെട്ടവർ ജ്യോതി തെളിയിക്കാൻ മല്ലീശ്വര മുടിയിലേക്കു പുറപ്പെടുന്നത്. വിവിധ ഗോത്രങ്ങളെ ഒന്നിച്ചു നിർത്താനുള്ള ചടങ്ങാണിത്. ചടങ്ങു മാത്രമല്ല മല്ലീശ്വരനെന്ന സങ്കൽപവും ഇവരെ കൂട്ടി യോജിപ്പിക്കുന്നു.  ഏറെക്കാലം മൂപ്പിൽ നായരുടെ പ്രതിനിധി ഉത്സവ സമയത്ത് ഇവിടെ എത്തു മായിരുന്നു. പിന്നീട് അതു നിലച്ചു.  കോഴിക്കോടു സമൂതിരി കോവിലകത്തുനിന്നുള്ള തിരിയും എണ്ണയും വരുന്ന പതിവും ഇല്ലാതായി.  റവന്യൂ  ഉദ്യോഗസ്ഥർ ചിലപ്പോഴൊക്കെ ചടങ്ങിൽ പങ്കെടുക്കാറുണ്ട്. 

മല്ലീശ്വര മുടിയിലേക്കുള്ള തീർഥാടനം

41 മുതൽ ഏഴു ദിവസം വരെയുള്ള കർശനമായ വ്രതം അനുഷ്ഠിച്ചതിനു ശേഷമാണു പുരുഷന്മാർ തീർഥാടനത്തിൽ പങ്കെടുക്കുന്നത്. പുലർച്ചെ മഞ്ഞൾ കലർത്തിയ പാലു കുടിക്കുന്നതോടെ വ്രതം ആരംഭിക്കുന്നു. മദ്യമോ മാംസാഹാരങ്ങളോ ഈ ദിവസങ്ങളിൽ ഉപയോഗിക്കാറില്ല. സ്ത്രീകളുമായി ബന്ധപ്പെടുകയോ സ്ത്രീകൾ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുകയോ ഇല്ല. ശിവരാത്രി ദിവസം ഇവർ മല്ലീശ്വര ക്ഷേത്രത്തിലെത്തും. ഈ ദിവസം നീലഗിരി മലകളിൽ നിന്നാണു പൂജാരി എത്തുന്നത്. ഇവിടെ പ്രത്യേക പൂജകൾക്കു ശേഷം വ്രതമെടുത്തവർ പൂജാ ദ്രവ്യങ്ങളുമായി മല ചവിട്ടുന്നു. കുറച്ചു ദൂരം നാട്ടുകാർ അവരെ അനുഗമിക്കുന്നു. പിന്നീടു വ്രതക്കാർ മാത്രമായി മല കയറും.

Malleeswara24
ജ്യോതി തെളിയിക്കാനുള്ള തിരിയുമായി,

അവിടെ എത്തി പൂജാ ദ്രവ്യങ്ങൾ സമർപ്പിച്ചു നിവേദ്യം നൽകിയ ശേഷം മുടിയിൽ ദീപം തെളിയിക്കുന്നു. കിലോമീറ്ററുകളോളം ആ ജ്യോതി തെളിഞ്ഞു കാണാം. അന്നു രാത്രി അവിടെക്കഴിഞ്ഞ ശേഷം ഒരിക്കലും വറ്റാത്ത നീരുറവയിൽ നിന്നു തീർഥജലവുമായി രാവിലെ ഇവർ മടങ്ങിയെത്തും. അപൂർവ ഔഷധികൾ ചേർന്നതാണത്രേ ഈ തീർഥം. അതു ഊരുകാർക്കു വിതരണം ചെയ്യും. മല്ലീശ്വരമുടിയിൽ ശിവ പ്രതിഷ്ഠയ്ക്കു കുറച്ചകലെയായി വാകര അയ്യപ്പന്റെയും കക്കിലിംഗയുടെയും പ്രതിഷ്ഠയുണ്ട്. ഇവർ മല്ലീശ്വരന്റെ മക്കളാണെന്നാണ് ഐതിഹ്യം. വ്രതഭംഗത്തോടെ മല ചവിട്ടുന്നവരെ വാകര അയ്യപ്പൻ ശിക്ഷിക്കുമത്രേ.  

  

മലയാറ്റൂരിന്റെ പൊന്നി    

നോവലിസ്റ്റ് മലയാറ്റൂർ രാമകൃഷ്ണൻ 1959 മുതൽ 1961 വരെ ഒറ്റപ്പാലം സബ് കലക്ടറെന്ന നിലയിൽ നടത്തിയ അട്ടപ്പാടി സന്ദർശനങ്ങളിൽ അറിഞ്ഞതും കണ്ടതുമായ കാര്യങ്ങളാണു പിന്നീടു പൊന്നിയെന്ന പ്രശസ്ത നോവലിന്റെ ഇതി വൃത്തം. തന്റെ ഒരു സുഹൃത്തും സഹ പ്രവർത്തകനുമായ പരീത് പറഞ്ഞു തന്ന കഥയാണ് നോവലാക്കിയതെന്നു പിന്നീടു മലയാറ്റൂർ പറഞ്ഞിട്ടുണ്ട്. അതിലെ  എല്ലാ കഥാ പാത്രങ്ങളും ജീവിച്ചിരുന്നവരാണ്.ഇതിൽ മലയാറ്റൂരും ഒരു കഥാപാത്രമാണ്. ഗോത്ര വിഭാഗ‌ക്കാരായ മാരനും പൊന്നിയും തമ്മിലുള്ള പ്രണയമാണു നോവലിന്റെ ഇതി വൃത്തം. അതിലുടനീളം ഗോത്ര വർഗ ആചാരങ്ങളും അവരുടെ സാമൂഹ്യ ജീവിതവും അതിനെയൊക്കെ നയിക്കുന്ന സർവ ശക്തനും കർമ സാക്ഷിയുമായ മല്ലീശ്വരനും മല്ലീശ്വര മുടിയും കടന്നു വരുന്നുണ്ട്.  മല്ലീശ്വരനെ സാക്ഷി നിർത്തിയാണവരുടെ പ്രണയം പുരോഗമിക്കുന്നതു തന്നെ. മല്ലീശ്വരന്റെ ഐതിഹ്യവുമായി ചേർന്നു നിൽക്കുന്നതാണ് ഇവരുടെ  പ്രണയ കഥ. ദുരന്തപര്യവസാനിയായ ഒരു നോവലാണിത്. 1962ൽ പൊട്ടിക്കൽ ഊരിലുണ്ടായ ഉരുൾപൊട്ടൽ അട്ടപ്പാടി ഊരുകളെ തകർത്തെറിഞ്ഞതിന്റെ ചിത്രമാണ് അവസാന അധ്യായങ്ങളിലുള്ളത്. . 

പിന്നീടു മഞ്ഞിലാസിന്റെ ബാനറിൽ ഇതു സിനിമയാക്കി, എം.ഒ ജോസഫ് നിർമിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചതു തോപ്പിൽ ഭാസിയാണ്. നായികാ നായകന്മാരായി കമൽഹാസനും ലക്ഷ്മിയുമാണു രംഗത്തുള്ളത്. പൊന്നിയെ പ്രണയിക്കുന്ന ചെല്ലനെന്ന മുഡുഗ യുവാവായി സോമനും പൊന്നിയുടെ അച്ഛൻ നഞ്ചനായി ശങ്കരാടിയും രംഗത്തു വരുന്നുണ്ട്. ‘ ഞാൻ നിറയെ കണ്ടവൾ’ എന്ന് എപ്പോഴും പറയുന്ന വൃദ്ധയായ ചിക്കിയിലൂടെയാണു മല്ലീശ്വരന്റെ ഐതിഹ്യം പലപ്പോഴും കടന്നുവരുന്നത്.

ഇപ്പോഴത്തെ സംഗീത നാടക അക്കാദമി അധ്യക്ഷയും മുതിർന്ന നടിയുമായ കെപിഎസി ലളിതയാണ് ആ ഭാഗം അവതരിപ്പിച്ചത്. കാടു വിറപ്പിക്കുന്ന ബൊമ്മൻ എന്ന മന്ത്രവാദിയായി അടൂർഭാസിയും അരങ്ങു തകർത്തു. മലയാറ്റൂർ രാമകൃഷ്ണന്റെ റോൾ നടൻ ജനാർധനനനാണ്. പി. ഭാസ്കരന്റെ വരികൾക്കു ജി. ദേവരാജൻ സംഗീതം നൽകിയ ‘മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാടു പൂരമെന്ന’ ഇതിലെ  ഗാനം ഇന്നും ഗൃഹാതുരതയുള്ളതാണ്. യേശുദാസാണത് പാടിയിട്ടുള്ളത്. നോവൽ ദുരന്ത പര്യവസാനിയായിരുന്നെങ്കിലും സിനിമയിൽ ശുഭകരമായ ഒരു ക്ലൈമാക്സാണ് ഒരുക്കിയിട്ടുള്ളത്.   

ചിത്രങ്ങൾ: കുമാർ അട്ടപ്പാടി   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA