പെരുന്തച്ചന്റെ ഉളിയും മുഴക്കോലുമുള്ള പന്നിയൂർ ക്ഷേത്രം
പാലക്കാട് ജില്ലയിലെ കൂടല്ലൂരിലാണു മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. വാസുദേവൻ നായർ ജനിച്ച മാടത്ത് തെക്കേപ്പാട്ടു തറവാട് . അവിടെനിന്ന് ഒരു വിളിപ്പാടകലമേയുള്ളൂ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിലേക്ക്. അദ്ദേഹത്തിന്റെ ‘കാലം’ എന്ന നോവലിന്റെ പല സംഭവങ്ങളുടെയും രംഗഭൂമിയാണിത്. പരശുരാമനോളം നീളുന്ന ഐതിഹ്യത്തിന്റെ പശ്ചാത്തലമുണ്ട് ഈ മഹാ ക്ഷേത്രത്തിന്. ആദ്യകാല മലയാള ബ്രാഹ്മണരുടെ കുടിയേറ്റത്തോളം പഴക്കമുണ്ട് ചരിത്രത്തിന്. പെരുന്തച്ചനെന്ന ദിവ്യന്റെ സ്മൃതികളുടെ സ്പന്ദനങ്ങളുണ്ട് മണൽത്തരികളിൽ. മഹാനായ ആ ശിൽപി തന്റെ ഉളിയും മുഴക്കോലും എന്നെന്നേക്കുമായി ഇവിടെ ഉപേക്ഷിച്ചു പോയെന്നാണു വിശ്വാസം. ഈ പൈതൃക വഴികളിലൂടെയുള്ള യാത്രയാണിത്.
വേനലിലും പച്ചപ്പു സൂക്ഷിക്കുന്നു വഴി അവസാനിക്കുന്നത് തണൽ വിരിക്കുന്ന അരയാലിന്റെ മുന്നിലാണ്. വെട്ടുകല്ലിൽ നിർമിച്ച ചുറ്റുമതിൽ ഇപ്പോൾ പൂർണമല്ല. ഉള്ളിലെ നടപ്പാതയ്ക്കു പ്രാചീനത കാവൽ നിൽക്കുന്നു. പത്തേക്കറോളം വിശാലമായ പറമ്പ്. മതിലിനു സമീപത്തു തന്നെ വലിയൊരു ജലസംഭരണി. പന്നിയൂർ ചിറ എന്നറിയപ്പെടുന്ന ഈ കുളം പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകളിലൊന്നാണ്.
മത്സ്യ തീർഥമെന്ന് ഇതിനു പേരുണ്ട്. മുന്നോട്ടു നടക്കുമ്പോൾ ശ്രീകോവിൽ. കിഴക്കോട്ടാണു ദർശനം. വരാഹമൂർത്തിയാണു പ്രതിഷ്ഠ. കേരളത്തിൽ ഈ പ്രതിഷ്ഠയുള്ള രണ്ടു ക്ഷേത്രങ്ങളേയുള്ളൂ. ഒന്ന് തിരുവന്തപുരത്തെ ശ്രീവരാഹ ക്ഷേത്രമാണ്. ലക്ഷ്മീ വരാഹമാണ് അവിടത്തെ ഉപാസനാ മൂർത്തി. ഇവിടെ ഭൂമീ ദേവിയെ ഇടതു തുടയിലിരുത്തി വരാഹമൂർത്തി ഭക്തർക്ക് അനുഗ്രഹം ചൊരിയുന്നു. പരശുരാമൻ നാലായിരം വർഷം മുൻപു പ്രതിഷ്ഠിച്ചതാണത്രേ ക്ഷേത്രം. ആദി വരാഹമൂർത്തി വിഗ്രഹമായിരുന്നു അദ്ദേഹം പ്രതിഷ്ഠിച്ചതെന്നാണു വിശ്വാസം.
‘അഞ്ജനത്തിന്റെ നിറം പോലെ നീലക്കറുപ്പോടുകൂടിയ ശരീരം. തേറ്റയ്ക്കു മീതെ ഭൂമിയെ ഉയർത്തിപ്പിടിച്ചു ഘ്രാണിക്കുന്നതും നാലുകൈകളിൽ ശംഖ്, ചക്രം, ഗദ, പങ്കജങ്ങൾ എന്നിവ ധരിച്ചതു’മായിരുന്നു ആ വിഗ്രഹം. ഇപ്പോഴുള്ള വിഗ്രഹം 1758ൽ പുനഃ പ്രതിഷ്ഠ നടത്തിയതാണത്രേ.
പുഴക്കര ചേന്നമംഗലത്ത് (പുഴക്കര ചേന്നാസ്) നാരായണൻ നമ്പൂതിരിയായിരുന്നു തന്ത്രി. വരാഹ മുഖവും മനുഷ്യ ശരീരവുമുള്ള ഭഗവാൻ ആദിശേഷന്റെ ഫണത്തിൽ വലതുകാൽ ചവിട്ടി, വലതുകാൽ മുട്ടുമടക്കി ഇടതു തുടമേൽ ഭൂമി ദേവിയെ ഇരുത്തി ഇടതുകയ്യാൽ ദേവിയെ ഒതുക്കി വില്ലുപിടിച്ച രൂപമാണിപ്പോൾ. പ്രതിഷ്ഠാ സമയത്തു വലംപിരി ശംഖും ഹിരണ്യ ഗർഭ സാളഗ്രാമവും നൽകിയത് ആധുനിക തിരുവിതാംകൂറിന്റെ സൃഷ്ടാവായ സാക്ഷാൽ അനിഴം തിരുനാൾ മാർത്താണ്ഡവർമയാണ്.
ശ്രീകോവിലിനു മുന്നിൽ മുന്നിൽ വലിയ തിരക്കായിരുന്നു. മണ്ണുമായി ഒട്ടേറെപ്പേരെത്തിയിട്ടുണ്ട്. ഭൂമി പൂജയാണത്. ഇവിടത്തെ സവിശേഷതയാണ് ഈ വഴിപാട്. വസ്തുവുമായോ ഭൂമിയുമായോ ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കിൽ പറമ്പിലെ നാലുവശത്തു നിന്നുമുള്ള മണ്ണ് ഇവിടെ എത്തിച്ചു പൂജിച്ചാൽ പരിഹരിക്കപ്പെടുമത്രേ. പൂജയ്ക്കു ശേഷം മണ്ണ് ഭൂമിയിൽത്തന്നെ നിക്ഷേപിക്കണം. പിന്നീടു പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടു കഴിഞ്ഞാൽ കാര്യ സിദ്ധി പൂജ നടത്തണം.
പെരുന്തച്ചന്റെ ഉളിയും മുഴക്കോലും
പെരുന്തച്ചനായിരുന്നുവത്രേ ക്ഷേത്രം നിർമിക്കാനുള്ള നിയോഗം. അദ്ദേഹം ഓരോന്നു ചെയ്യുമ്പോഴും ഊരാളന്മാർ ഭേദഗതി നിർദേശിക്കുമായിരുന്നത്രേ. ഒടുവിൽ മനം മടുത്ത അദ്ദേഹം പന്നിയൂർ ക്ഷേത്രം പണി മുടിയില്ലെന്നു ശപിച്ചു തന്റെ ഉളിയും മുഴക്കോലും ഇവിടെ ഉപേക്ഷിച്ചു പോയതായാണ് ഐതിഹ്യം. കല്ലിൽ കൊത്തിയതാണു മുഴക്കോൽ. ക്ഷേത്ര ശ്രീകോവിലിന്റെ പിൻഭാഗത്തെ മതിലിനകത്തുകൂടെ കാണുന്ന കല്ലുളിയുടെ ഒരു ഭാഗത്തിനു ചുവട്ടിൽ പെരുന്തച്ചന്റെ ഉളിയെന്നു രേഖപ്പെടുത്തിയിരിക്കുന്നു.
മറ്റൊരു കഥ കൂടിയുണ്ട്. തന്റെ ഉളിവീണു മകൻ മരിച്ചതിൽ പശ്ചാത്താപ വിവശനായ അദ്ദേഹം ദേശാന്തരത്തിനിറങ്ങി. ഒരു ദിവസം തളർന്ന് അവശനായി ഇവിടെ എത്തി. അപ്പോൾ തച്ചു പണി പുരോഗമിക്കുകയായിരുന്നു. വൃദ്ധനും അവശനുമായ വഴിപോക്കനെ പണിക്കാർ തിരിച്ചറിയുകയോ ബഹുമാനിക്കുകയോ ചെയ്തില്ല. ഉച്ച ഭക്ഷണത്തിനു പോയപ്പോഴും ക്ഷണിച്ചി്ല്ല. ഇതിൽ മനംനൊന്ത പെരുന്തച്ചൻ ഗോപുര മുകളിൽ കയറി തടിപ്പണിയിൽ ചില കുസൃതികൾ ഒപ്പിച്ചുവത്രേ, ഭക്ഷണം കഴിഞ്ഞെത്തിയ അവർക്ക് ഗോപുരത്തിന്റെ കഴുക്കോൽ ഉറപ്പിക്കാനായില്ല. അപ്പോഴാണ് അവിടെ ഉണ്ടായിരുന്ന വൃദ്ധനായ വഴിപോക്കനെ ഓർമിച്ചത്. അദ്ദേഹത്തിനു പെരുന്തച്ചന്റെ ഛായയുള്ളതായി ആരോ പറഞ്ഞു. അപ്പോഴേക്കും അദ്ദേഹം സ്ഥലംവിട്ടിരുന്നു. ഏറെ അന്വേഷണത്തിനൊടുവിലാണു കണ്ടെത്തിയത്. ക്ഷമായാചനം നടത്തി തിരികെക്കൊണ്ടുവന്നു. മനസ്സലിഞ്ഞ പെരുന്തച്ചൻ ക്ഷേത്രത്തിലെത്തി പണിക്കുറവു പരിഹരിച്ചു. എന്നാൽ ഇനി ഒരിക്കലും താൻ പണിയായുധങ്ങൾ കൈയിലെടുക്കില്ലെന്നു ശപഥം ചെയ്ത് ഉളിയും മുഴക്കോലും ക്ഷേത്രത്തിൽ സമർപ്പിച്ചു മടങ്ങിയെന്നും ഒരു കഥയുണ്ട്.
രണ്ടു വർഷം മുൻപു ക്ഷേത്രം തിരഞ്ഞ് കോട്ടയത്തുനിന്നു ചില തച്ചന്മാർ ഇവിടെ എത്തിയിരുന്നു. പെരുന്തച്ചന്റെ പിൻതലമുറക്കാരാണെന്നാണവർ അറിയിച്ചത്. കുടുംബത്തിൽ അനർഥങ്ങളുണ്ടായതെത്തുടർന്നു ദേവപ്രശ്നം വച്ചപ്പോഴാണ് ഇതു തെളിഞ്ഞതെന്നും അവർ പറഞ്ഞു. പന്നിയൂർ ക്ഷേത്രത്തിലെത്തി പ്രായശ്ചിത്തം ചെയ്യണമെന്നായിരുന്നത്രേ നിർദേശം. ചലച്ചിത്ര താരം സുരേഷ് ഗോപിയുടെ ചെലവിൽ നടന്ന ചില നിർമാണ പ്രവർത്തനങ്ങൾ അവർ ഏറ്റെടുത്തു പൂർത്തിയാക്കുകയും ചെയ്തു.
ഉപദേവന്മാർ
മുഖ്യ ദേവന്റെ സമീപത്തായി ഗണപതി, കുണ്ടിൽ വരാഹം, ലക്ഷ്മീ നാരായണൻ എന്നീ പ്രതിഷ്ഠകളുണ്ട്. തൊഴുതു പുറത്തിറങ്ങിയാൽ വടകോവിൽ ശിവക്ഷേത്രം, അയ്യപ്പൻ, ദുർഗാദേവി, സുബ്രഹ്മണ്യൻ, ചിത്രത്തിൽ വരാഹം എന്നീ ഉപദേവന്മാർ. ചിത്രത്തിൽ വരാഹം, യക്ഷി, ചിത്രഗുപ്തൻ എന്നീ പ്രതിഷ്ഠകളുള്ളത് പൊളിഞ്ഞു തകർന്ന കൂത്തമ്പലത്തിന്റെ അവശിഷ്ടങ്ങളിലാണ്. ബൃഹത്തായ കൂത്തമ്പലത്തിന്റെ സ്മരണകളേ ഇന്നുള്ളൂ. വെട്ടുകല്ലിൽ തീർത്ത പടുകൂറ്റൻ തൂണുകളുടെ അവശിഷ്ടങ്ങൾ എന്നോ നഷ്ടപ്പെട്ട ഒരു പ്രതാപകാലത്തിന്റെ കഥകൾ പറഞ്ഞുതരും. 125 അടി നീളവും 15 അടി വീതിയുമുള്ളതായിരുന്നു കൂത്തമ്പലം.
യക്ഷിയുടെ കഥ
ക്ഷേത്ര പറമ്പിലെ ശിവ ക്ഷേത്രത്തോടു ചേർന്നു പടുകൂറ്റനായ ഒരു ആൽമരമുണ്ട്. അതിന്റെ പഴക്കമെത്രയെന്നറിയില്ല. അതിൽ ഭീകര രൂപിണിയായ ഒരു യക്ഷി വസിച്ചിരുന്നത്രേ. ഗ്രാമവാസികൾക്കു ഭീതി വിതച്ചിരുന്ന ആ ദുർമൂർത്തിയെ താന്ത്രിക ക്രിയകളിലൂടെ ആവാഹിച്ചു കൂത്തമ്പലത്തിന്റെ ഒരു തൂണിൽ ബന്ധനസ്ഥയാക്കിയെന്നൊരു കഥ പ്രചാരത്തിലുണ്ട്. അതെത്തുടർന്നാണത്രേ കൂത്തമ്പലം തകർന്നു പോയത്.
ഐതിഹ്യം
കേരളോൽപത്തിയിൽ പറയുന്ന പരശുരാമ കഥയുടെ ഭാഗമാണ് ഈ മഹാ ക്ഷേത്രം. ക്ഷത്രിയരെ കൊന്നൊടുക്കിയ പാപം തീരാൻ കേരളഭൂമി പരശുരാമൻ ബ്രാഹ്മണർക്കു ദാനം ചെയ്തു. 64 ഗ്രാമങ്ങളാക്കി വിഭജിച്ച് അദ്ദേഹം ഭരണക്രമവും തിട്ടപ്പെടുത്തി. ഈ സമയത്ത് ഭൂമി ഉയരുന്നതു കണ്ടു പരിഭ്രാന്തനായി. നാരദ മഹർഷിയുടെ ഉപദേശമനുസരിച്ചു മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. ‘പണ്ടു ഭൂമിയെ ഉദ്ധരിക്കാൻ നാം കൈക്കൊണ്ട വരാഹാവതാര രൂപത്തെ പ്രതിഷ്ഠിച്ചു പൂജിക്കുക.
അവിടെ ത്രിമൂർത്തി സാന്നിധ്യമുണ്ടായിരിക്കും.’ മഹാവിഷ്ണു ഉപദേശിച്ചു. അതനുസരിച്ചാണത്രേ പരശുരാമൻ പന്നിയൂർ ക്ഷേത്രം നിർമിച്ചു വരാഹമൂർത്തിയെ പ്രതിഷ്ഠിച്ചു പൂജാവിധികൾ നിർണയിച്ചത്. ക്ഷേത്രത്തിന്റെ തെക്കുവശത്തായി മത്സ്യ തീർഥവും നിർമിച്ചു.
പന്നിയൂർ ഗ്രാമത്തിന്റെ കഥ
പന്നിയൂർ ക്ഷേത്രവും പരിസരങ്ങളും പ്രതാപിയായ ഒരു കാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്. കേരളത്തിലേക്ക് ആദ്യമായി വന്ന മലയാള ബ്രാഹ്മണരിൽ പന്നിയൂർ ഗ്രാമക്കാരും ഉൾപ്പെടും. അതെപ്പറ്റി ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൻ രേഖപ്പെടുത്തുന്നു: ‘പണ്ടത്തെ പന്നിയൂരിന്റെ ഹൃദയം ഗ്രാമ ക്ഷേത്രമായിരുന്നു. നാലമ്പലവുംവിളക്കുമാടവും ഉപക്ഷേത്രങ്ങളും കൂത്തമ്പങ്ങളുമുള്ള മഹാ ക്ഷേത്രം
ചാലൂക്യരുടെ രാജകീയ ചിഹ്നം വരാഹമായിരുന്നുവെന്നും ആ ദേശത്തുനിന്നു വന്ന ബ്രാഹ്മണർ സ്ഥാപിച്ചഗ്രാമമാകാം പന്നിയൂരെന്നും രാഷ്ട്രകൂട ദേശത്തുനിന്നുവന്നവർ രൂപംകൊടുത്ത ഗ്രാമമാകാം ചൊവ്വര (പിൽക്കാലത്തു ശുകപുരം) എന്നും മലബാർ മാന്വലിൽ വില്യം ലോഗൻ ഊഹിച്ചതു ശരിയോ തെറ്റോ ആകാം. പന്നിയൂരിനും ശുകപുരത്തിനും 13–ാം നൂറ്റാണ്ടിർ ഉണ്ടായിരുന്ന അപ്രമാദിത്തത്തെപ്പറ്റി വീരരാഘവ പട്ടയം വിളംബരത്തിലും പറയുന്നു. കോഴിക്കോടു സാമൂതിരി പന്നിയൂരിനെയും വള്ളുവക്കോനാതിരി ചൊവ്വര ദേശക്കാരെയും പിന്തുണച്ചതു കൂറുവഴക്കിന്റെ പരിണാമമാണ്. ഇവർ തമ്മിൽ നടന്ന അവസാനിക്കാത്ത പാണ്ഡിത്യമത്സരങ്ങളും ചൊവ്വരക്കൂറിനെ എല്ലാവിധത്തിലും തോൽപിക്കുവാനുള്ള പന്നിയൂരിന്റെ ശ്രമങ്ങളും ചരിത്രത്തിന്റെ ഗതിമാറ്റിയ സംഭവങ്ങളാണ്. ’
( കേരള ചരിത്രം അപ്രിയ നിരീക്ഷണങ്ങൾ, നമ്പൂതിരിമാർ നൂറ്റാണ്ടുകളിലൂടെ)
പന്നിയൂർ ആയിരം എന്ന സംഘടന ഇവിടെ ശക്തമായിരുന്നു. ഋക്, യജുർ, സാമ വേദങ്ങളിൽ പണ്ഡിതരായിരുന്ന ആയിരംപേർ വീതം ഉൾപ്പെടുന്നതായിരുന്നു അത്. ആഴ്‌വാഞ്ചേരി തമ്പ്രാക്കൾക്കു സമാനമായി കൽപകഞ്ചേരി തമ്പ്രാക്കളായിരുന്നു ഇവിടത്തെ ആചാര്യൻ.വൈദിക ബ്രാഹ്മണരെ പരീക്ഷിക്കുന്ന പ്രശസ്തമായ ഒരു വേദ പാഠശാലയും ഇവിടെയുണ്ടായിരുന്നു. ഇന്ന് അതെല്ലാം സ്മരണകളാണ്.കൽപകഞ്ചേരി ഇല്ലം പോലും. രാഷ്ട്രകൂടരെ പിന്തുണയ്ക്കുന്ന ചൊവ്വര ദേശക്കാർ കേരളത്തിൽ പ്രബലരായതോടെയാണ് പന്നിയൂർ ഗ്രാമത്തിന്റെ പ്രതാപങ്ങൾ അസ്തമിച്ചത്.ശൈവാരാധകരായ ചൊവ്വരദേശം ശുകപുരം എന്ന പേരിലാണു പ്രസിദ്ധമായത്. ദക്ഷിണാ മൂർത്തിയായിരുന്നു അവരുടെ ഉപാസനാ മൂർത്തി. അഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു ആചാര്യൻ. രണ്ടു ഗ്രാമങ്ങളും തമ്മിലുള്ള ശക്തമായ കിട മത്സരം പന്നിയൂർ–ശുകപുരം കൂറുകളുടെ മത്സരമായിട്ടാണു ചരിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്.
എംടിയുടെ സ്മരണകളിലൂടെ
തന്റെ ശൈശവകാലത്തെ ഗാഡമായ സ്മരണകളിൽ ഒന്നായിരുന്നു ഈ ക്ഷേത്രമെന്ന് എം.ടി. വാസുദേവൻ നായർ പറഞ്ഞിട്ടുണ്ടെന്നു ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ ഓർമിക്കുന്നു. ‘വിലാപയാത്രയെന്ന നോവൽ ഞാൻ റേഡിയോ നാടകമാക്കിയകാലത്തുനടത്തിയ സംഭാഷണത്തിലായിരുന്നു ഈ സ്മരണ പങ്കുവച്ചത്. കാലം എന്ന നോവലിന്റെ പല സംഭവങ്ങളുടെയും രംഗഭൂമി ഈ ക്ഷേത്രമാണ്. ‘പൂജയും നിവേദ്യവും ഉണ്ടായിരുന്ന നല്ലകാലത്തെപ്പറ്റി സ്വപ്നംകണ്ടു കിടക്കുന്ന ദേവനെപ്പറ്റി കവിത എഴുതുവാൻ കാലമെന്ന നോവലിലെ സേതു ഒരു സന്ദർഭത്തിൽ ആഗ്രഹിക്കുന്നു.പേരു പറയുന്നില്ലെങ്കിൽക്കൂടി പന്നിയൂർ വരാഹമൂർത്തിയെയാണ് ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതെന്നു സ്ഥല പരിചിതർക്ക് അറിയാം. കാലം പ്രസിദ്ധീകരിച്ചതിനു ശേഷം ഒരു വ്യാഴവട്ടം കഴിഞ്ഞാണു പന്നിയൂരിന്റെ പുനർ നവീകരണവും പുനഃപ്രതിഷ്ഠയും നടന്നതെന്നതും ഇവിടെ സ്മരണീയമാണ്. ( എംടിയുടെ വാസ്തു മണ്ഡലം, ഡോ.എം.ജി. ശശിഭൂഷൺ).
പ്രതിവർഷ വിശേഷങ്ങൾ
മകരം: അശ്വതി നക്ഷത്രത്തിൽ വരാഹമൂർത്തിയുടെയും ശിവന്റെയും പ്രതിഷ്ഠാദിനം. പൂയം നക്ഷത്രത്തിൽ തൈപ്പൂയാഘോഷം സുബ്രഹ്മണ്യ സ്വാമിക്ക്. മീനം /മേടം : വരാഹ ജയന്തി ആഘോഷം. മിഥുനം: അനിഴം നക്ഷത്രത്തിൽ പ്രതിഷ്ഠാദിനം. ഭഗവതി, സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ.
കർക്കടം: ഭഗവതിക്ക് ഐശ്വര്യ മന്ത്ര ലക്ഷാർച്ചന. ചിങ്ങം: അഷ്ടമി രോഹിണി. വൃശ്ചികം: ശാസ്താവിന് ആദ്യത്തെ ശനിയാഴ്ച അഖണ്ഡനാമയജ്ഞം. ധനു: ആദ്യത്തെ തിങ്കളാഴ്ച ശിവന് ആയിരം കുടം ആടൽ. ആദ്യത്തെ ബുധനാഴ്ച കുചേലദിനം. മണ്ഡലമാസ സമാപന നാളിൽ ലക്ഷാർച്ചന, നിറമാല.
ക്ഷേത്ര ഭരണം
മലബാർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഇന്ന് പന്നിയൂർ ക്ഷേത്രം. കോഴിക്കോട് സാമൂതിരി രാജയാണ് ക്ഷേത്രത്തിന്റെ ഊരാൺമക്കാരൻ. ഭക്തജനങ്ങൾ രൂപീകരിച്ച ജീർണോദ്ധാരണകമ്മിറ്റിയാണു ക്ഷേത്രത്തിന്റെ നവീകരണത്തിനു ചുക്കാൻ പിടിക്കുന്നത്. കൂത്തമ്പലം ഉൾപ്പെടെയുള്ള നവീകരണങ്ങളാണു ലക്ഷ്യമിടുന്നത്. പന്തിരുകുലം പൈതൃക ടൂറിസം സർക്യൂട്ടിലും ദേശീയ തീർഥാടന സർക്യൂട്ടിലും ക്ഷേത്രം ഇടം പിടിച്ചിട്ടുണ്ട്.
വഴിപാടുകൾ
ഏറ്റവും പ്രശസ്തമായ വഴിപാടാണ് അഭീഷ്ടസിദ്ധി പൂജ. പണമടച്ച് മുൻകൂർ ബുക്കിങ് ക്രമത്തിലാണ് അഭീഷ്ടസിദ്ധി പൂജ നടത്തുന്നത്. മറ്റൊരു പ്രധാന വഴിപാടാണ് ഐശ്വര്യപൂജ. മലയാള മാസത്തെ ആദ്യ ബുധനാഴ്ചകളിൽ അപ്പ നൈവേദ്യം മറ്റൊരു പ്രധാന വഴിപാടാണ്.
ലക്ഷ്മി നാരായണ പൂജ, രുഗ്മിണി കൃഷ്ണ പൂജ, അഭീഷ്ടവരദാന പൂജ, ദുർഗാ ദേവിക്ക് സാരസ്വത പൂജ തുടങ്ങിയവയും വഴിപാടുകളിൽ പ്രധാനം തന്നെ. ഉദയാസ്മന പൂജയും ഭൂമിപൂജ ഏറെ പ്രധാനമാണ്.
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
തൃശൂർ ഭാഗത്തു നിന്നു കുണ്ടളത്തു വന്ന് എടപ്പാളിൽ എത്തിയാലും കുറ്റിപ്പുറത്തു ട്രെയിൻ ഇറങ്ങിയാലും കുമ്പിടിയിലെത്താം. കോഴിക്കോട്ടു നിന്നു കുറ്റിപ്പുറത്ത് എത്തിയാലും കുമ്പിടിയിലേക്കുള്ള ബസ് കിട്ടും. പാലക്കാട്ടു നിന്നു വരുന്നവർക്ക് ഒറ്റപ്പാലം–കൂറ്റനാട്– തൃത്താല വഴി കുമ്പിടിയിലെത്താം. തിരുവനന്തപുരം ഭാഗത്തു നിന്നു വരുന്നവർ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലിറങ്ങിയാൽ കുമ്പിടിയിലേക്കുള്ള ബസ് കിട്ടും. സ്വന്തം വാഹനത്തിൽ വരുന്നവർക്ക് എടപ്പാളിൽ നിന്നു കൂറ്റനാട് തൃത്താല റോഡിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേരാം