ആയത്കൊണ്ട് പൈതങ്ങളേ... രക്ഷിച്ചെടത്തോളുന്നുണ്ട്’ തെയ്യങ്ങൾ ദൈവങ്ങളാകുന്നത് ഇങ്ങനെയൊക്കെ..
കണ്ണു തുറന്ന് നോക്കുന്നവർക്കു കാണാം ഈ ലോകം എത്രമാത്രം വ്യത്യസ്തമാണെന്ന്. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ശിലകൾ, പതിറ്റാണ്ടുകളുടെ ജീവിതത്തിന് സാക്ഷികളാകുന്ന വൻമരങ്ങൾ, ചെറുസസ്യങ്ങൾ, കിളികൾ, മൃഗങ്ങൾ, നിമിഷം കൊണ്ട് സ്വഭാവം മാറ്റുന്ന മനുഷ്യർ.. ആ വ്യത്യസ്തതയിൽ നിന്നാണ് അതിലും വ്യത്യസ്തമായ ഗ്രാമങ്ങളും
കണ്ണു തുറന്ന് നോക്കുന്നവർക്കു കാണാം ഈ ലോകം എത്രമാത്രം വ്യത്യസ്തമാണെന്ന്. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ശിലകൾ, പതിറ്റാണ്ടുകളുടെ ജീവിതത്തിന് സാക്ഷികളാകുന്ന വൻമരങ്ങൾ, ചെറുസസ്യങ്ങൾ, കിളികൾ, മൃഗങ്ങൾ, നിമിഷം കൊണ്ട് സ്വഭാവം മാറ്റുന്ന മനുഷ്യർ.. ആ വ്യത്യസ്തതയിൽ നിന്നാണ് അതിലും വ്യത്യസ്തമായ ഗ്രാമങ്ങളും
കണ്ണു തുറന്ന് നോക്കുന്നവർക്കു കാണാം ഈ ലോകം എത്രമാത്രം വ്യത്യസ്തമാണെന്ന്. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ശിലകൾ, പതിറ്റാണ്ടുകളുടെ ജീവിതത്തിന് സാക്ഷികളാകുന്ന വൻമരങ്ങൾ, ചെറുസസ്യങ്ങൾ, കിളികൾ, മൃഗങ്ങൾ, നിമിഷം കൊണ്ട് സ്വഭാവം മാറ്റുന്ന മനുഷ്യർ.. ആ വ്യത്യസ്തതയിൽ നിന്നാണ് അതിലും വ്യത്യസ്തമായ ഗ്രാമങ്ങളും
കണ്ണു തുറന്ന് നോക്കുന്നവർക്കു കാണാം ഈ ലോകം എത്രമാത്രം വ്യത്യസ്തമാണെന്ന്. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ശിലകൾ, പതിറ്റാണ്ടുകളുടെ ജീവിതത്തിന് സാക്ഷികളാകുന്ന വൻമരങ്ങൾ, ചെറുസസ്യങ്ങൾ, കിളികൾ, മൃഗങ്ങൾ, നിമിഷം കൊണ്ട് സ്വഭാവം മാറ്റുന്ന മനുഷ്യർ.. ആ വ്യത്യസ്തതയിൽ നിന്നാണ് അതിലും വ്യത്യസ്തമായ ഗ്രാമങ്ങളും പട്ടണങ്ങളും നാടുകളുമുണ്ടാകുന്നത്. അതുകൊണ്ടായിരിക്കും ആളുകൾ കൗതുകത്തോടെ പരസ്പരം നിരീക്ഷിക്കുന്നതും മറ്റുള്ളവരെക്കുറിച്ച് സംസാരിക്കുന്നതും. അതേ കൗതുകം തന്നെയായിരിക്കും കലാകാരൻമാരെ വ്യത്യസ്ത മനുഷ്യരുടെ വ്യത്യസ്ത ജീവിതങ്ങൾ ആവിഷ്കരിക്കാൻ പ്രേരിപ്പിക്കുന്നതും. അങ്ങനെയായിരുന്നില്ല എങ്കിൽ ലോകം എത്രമാത്രം വിരസമാകുമായിരുന്നു. ഒരേ നാടുകൾ, നഗരങ്ങൾ, ജീവികൾ, ശബ്ദങ്ങൾ, എന്നും ഒരേ കാഴ്ച..
ആലുവയിൽനിന്ന് കണ്ണൂരിലെത്തുമ്പോൾ കടന്നുപോകുന്ന സ്ഥലങ്ങളും മനുഷ്യരും മാറി മാറി വരുന്നതുപോലെ അവനവൻ തന്നെ വ്യത്യസ്തനാകുന്നതിനെക്കുറിച്ചും ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല. ആലുവ മുതൽ കണ്ണൂർ വരെയുള്ള ആറ് മണിക്കൂർ പകരുന്ന മാറ്റങ്ങളാണ് യാത്രക്കാരനെ പുതിയ ഒരാളാക്കുന്നത്. ‘ഒരു പുഴയിൽ ഒരിക്കലേ ഇറങ്ങാൻ കഴിയൂ’ എന്ന തത്വബോധം പോലെയാണിതും. ഒപ്പം കണ്ണൂരിലെ യാത്രാനുഭവങ്ങളും വ്യക്തികളും കാവുകളും ഉത്സവങ്ങളും തെയ്യങ്ങളുമൊക്കെ പുതിയ ധാരണകൾ സമ്മാനിക്കുകയും പഴയ ചിലതിനെ പാടേ പിഴുതെറിയുകയും ചെയ്യുകയായിരുന്നു. യാത്രകൾ സമ്മാനിക്കുന്ന ഈ പുതുമയാണല്ലോ നിരന്തരം സഞ്ചാരികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
കലകൾ പൊതുവേ മനസ്സിനെ സന്തോഷിപ്പിക്കുന്നവയാണെങ്കിലും അവയിലുമുണ്ടാകും പ്രാദേശികമായ വിശ്വാസങ്ങളുടെയും ജീവിതരീതികളുടെയും സ്വാധീനം. ആ പ്രാദേശികമായ സവിശേഷതകൾ തെയ്യങ്ങളുടെ കാര്യത്തിൽ വ്യക്തമാണ്. പ്രകൃതിയോട് ഏറ്റവും ചേർന്ന് ജീവിച്ചിരുന്ന ഒരു വിഭാഗം അവരുടെ ദൈവങ്ങളെ സങ്കൽപിച്ച രീതികൾ, അവരെ സംബോധന ചെയ്യാനുപയോഗിച്ച പദങ്ങൾ, അതിനായി സ്വീകരിച്ച ശരീര ചലനങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ഇവയെല്ലാം ചേർത്തിണക്കിയാണ് തെയ്യാട്ടം അവതരിപ്പിക്കപ്പെടുന്നത്. ഈ ആചാരങ്ങളും വിശ്വാസങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ പെട്ടെന്നൊരു ദിവസം പൊട്ടിമുളയ്ക്കുന്നതല്ല. നൂറ്റാണ്ടുകളുടെ പിൻബലമുണ്ടാകും ചിലവയ്ക്ക്. അത്രമേൽ ഉറച്ചുപോയ ചില വിശ്വാസങ്ങളുടെ പിൻബലത്തിലാണ് തെയ്യങ്ങൾ ദൈവങ്ങളാകുന്നത്. ‘തെയ്യം’ എന്ന വാക്ക് തന്നെ ‘ദൈവം’ എന്ന അർഥത്തിൽ ഊന്നിനിൽക്കുന്നതാണ്.
ചില പ്രത്യേക സമുദായത്തിൽപ്പെട്ടവർക്കാണ് തെയ്യം കെട്ടാൻ അവകാശമെന്നത് മുമ്പു സൂചിപ്പിച്ചിരുന്നല്ലോ. ചമയങ്ങളൊക്കെ പൂർത്തിയാക്കി കാൽചിലമ്പും അരമണിയും കിലുക്കി തെയ്യമിറങ്ങിയാൽ പിന്നെ അവന് ജാതിയില്ല. മാനുഷികമായ എല്ലാ ഘടകങ്ങളും ഇല്ലാതായി അതുവരെയുണ്ടായിരുന്ന മനുഷ്യൻ നിമിഷം കൊണ്ട് ദൈവപദവിയിലെത്തുന്നു. അവന്റെ വാക്കുകൾ കേൾക്കാൻ ഭയഭക്തി ബഹുമാനങ്ങളോടെ കുനിഞ്ഞ് കുമ്പിട്ട് ഏവരും കാതോർത്ത് നിൽക്കുന്നു. അവരിൽ നാട്ടുരാജാക്കൻമാരും പ്രമാണിമാരുമുണ്ടായിരുന്നു. അന്നന്നത്തെ അഷ്ടിക്കു പെടാപ്പാട് പെടുന്ന വെറും സാധാരണക്കാരുമുണ്ടായിരുന്നു. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. കാരണം തൊഴുതു നിൽക്കുന്നവർ ഉറച്ചു വിശ്വസിക്കുന്നു, തെയ്യക്കോലത്തിനുള്ളിൽ മനുഷ്യനല്ല ദൈവമാണെന്ന്. ആ ദൈവം അരുമയോടെ ‘പൈതങ്ങളേ..’ എന്ന് വിളിച്ച് സങ്കടങ്ങൾ കേൾക്കുമ്പോൾ കഷ്ടകാലം ഒഴിഞ്ഞുപോയി പ്രകാശിക്കുന്ന നാളെകളാണ് അവരുടെ ഉള്ളിൽ വിരിയുന്നത്.
ഈ വിശ്വാസത്തിലേക്ക് മറ്റുള്ളവരെ എത്തിക്കാൻ കഠിനമായ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും തീവ്രമായ പരിശീലനവും കോലധാരിക്ക് ഉണ്ടായേ തീരൂ. വിശ്വാസവും ആരാധനയും നൃത്തവും പാട്ടും താളവുമൊക്കെ സമന്വയിക്കുന്നതാണ് തെയ്യാട്ടം. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ സാമാന്യ ധാരണയില്ലാത്തവന് തെയ്യാട്ടം അത്ര എളുപ്പമാകില്ല. തെയ്യാട്ടത്തിന്റെ വിവിധ ഘട്ടങ്ങളിൽ വ്യത്യസ്തതാളങ്ങളാണ്. അതിന് അനുസൃതമായി വേണം ചുവടു വയ്ക്കാൻ. വർഷങ്ങളോളമുള്ള പരിശീലനം ഇതിനായി വേണ്ടിവരും. പരമ്പരാഗതമായി കൈമാറിലഭിച്ച പ്രത്യേക രീതിയിലുള്ള മന്ത്രങ്ങളും വാക്കുകളും അനായാസം പ്രയോഗിക്കാനുള്ള പ്രാവീണ്യം വേണം. ഇതൊക്കെ ആർജ്ജിച്ച നല്ല ഒരു കോലധാരിയുടെ ജീവിതം നിശ്ചിതമായ ചിട്ടവട്ടങ്ങളിലൂടെയായിരിക്കണം.
കോലം കെട്ടിയാടേണ്ട ദിവസം നിശ്ചയിച്ച് ദക്ഷിണ വാങ്ങുന്ന ‘അടയാളം കൊടുക്കൽ’ മുതൽ കോലക്കാരൻ വ്രതം തുടങ്ങണം. കെട്ടേണ്ട കോലത്തിന്റെ പ്രത്യേകതയ്ക്ക് അനുസരിച്ചാണ് എത്ര ദിവസം വ്രതമെടുക്കേണ്ടതെന്ന് നിശ്ചയിക്കുന്നത്. തെയ്യാട്ടം നടക്കുന്ന സ്ഥലത്തെത്തി വാസം അവിടെയാക്കണം. ലളിതവും സാത്വികവുമായ ഭക്ഷണരീതിയാണ് ചില ദേവതകളെ കെട്ടിയാടാൻ സ്വീകരിക്കേണ്ടത്. കളിയാട്ടത്തിനായി വീടു വിട്ടിറങ്ങിയാൽ പിന്നെ വീട്ടിലെ വിവരങ്ങളൊന്നും കോലധാരികളെ അറിയിക്കില്ല. ബന്ധുക്കൾ ആരെങ്കിലും മരിച്ച് പുലയായാൽ തെയ്യാട്ടം മുടങ്ങുമെന്നതിനാൽ അത്തരം കാര്യങ്ങളും തങ്ങളോടു പറയാറില്ലെന്ന് തെയ്യം കലാകാരൻമാർ പറയുന്നു. അറിഞ്ഞില്ലെങ്കിൽ പുല ബാധകമല്ല എന്നതാണ് പൊതുവേയുള്ള വിശ്വാസം.
തെയ്യത്തിന്റെ ‘വാചാലു’കൾ (തെയ്യം ഭക്തരെ അനുഗ്രഹിച്ച് പറയുന്ന വാക്കുകൾ) കേൾക്കുന്നവന് അത് അവന്റെ പ്രശ്നങ്ങളിൽ ഊന്നിനിന്നുള്ളതാണെന്ന് തോന്നണം. ലക്ഷണശാസ്ത്രവും സാമാന്യബുദ്ധിയും കൊണ്ട്, സങ്കടം പറയുന്നവന്റെ മനസ്സ് വായിക്കാനുള്ള കഴിവ് കോലധാരിക്കുണ്ടായിരിക്കണം. ചെറിയ സൂചനകളിൽ നിന്ന് വൈദഗ്ധ്യത്തോടെ സംസാരിക്കാൻ അറിയണം. കേൾക്കുന്നവന്റെ ഹൃദയത്തിലേക്ക് കുളിർമഴയായി പതിക്കുന്നവയാണ് തെയ്യം പറയുന്ന ഓരോ മൊഴിയും. അത്രയും ആർദ്രതയും ഹൃദ്യതയും അതിനുണ്ടായിരിക്കണം. ഇത്തരത്തിൽ നല്ല വാക്കുകൾ കൊണ്ട് ഭക്തരെ അനുഗ്രഹിച്ചാൽ മാത്രം പോരാ. അതത് ദേവതകളുടെ സ്വരൂപത്തിന് ഇണങ്ങും വിധത്തിലുള്ള വാക്കുകളും ശബ്ദരീതിയും വശമാക്കുകയും വേണം കോലധാരി. ചില പോതിമാർക്ക് സ്നേഹവാത്സല്യസ്വരമാണെങ്കിൽ ഉഗ്രമൂർത്തികളായ ദേവൻമാർക്ക് അതിന് അനുസൃതമായ ശബ്ദഗാംഭീര്യമുണ്ടായിരിക്കണം. പോക്കിലും വരവിലും മാത്രമല്ല നോട്ടത്തിൽപോലും കെട്ടിയാടുന്ന ദേവതയുടെ ഭാവഹാവാദികൾ തെളിഞ്ഞു നിൽക്കണം.
രണ്ടു വർഷം മുമ്പ് തൃശൂർ ഐവർമഠത്തിലെ ശ്മശാനഭൂമിയിൽ പാതിരാവിൽ ചുടലഭദ്ര ഉറഞ്ഞുതുള്ളുന്നത് നേരിൽ കണ്ടതാണ്. ‘ചുടലഭദ്ര ഇറങ്ങാറായി’ എന്ന അനൗൺസ്മെന്റിന് പിന്നാലെ, വീർപ്പടക്കി നിന്ന ആൾക്കൂട്ടത്തിലേക്ക് വഴികാട്ടി നിന്ന ചൂട്ടുകറ്റകള്‍ തട്ടിയെറിഞ്ഞ് ആര്‍ത്തട്ടഹസിച്ച് പാഞ്ഞെത്തുകയായിരുന്നു. ഭയം കൊണ്ടോ ഭക്തി കൊണ്ടോ എന്ന് നിശ്ചയിക്കാനാകാതെ ആള്‍ക്കൂട്ടം എങ്ങോട്ടെന്നില്ലാതെ ചിതറിയോടുന്നത് കണ്ടു. അലറിയെത്തുന്ന ചുടലഭദ്രയുടെ രൗദ്രതയ്ക്ക് മുന്നില്‍ നെഞ്ച് വിരിച്ചുനില്‍ക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. പാഞ്ഞടുത്തെത്തുന്ന അവളുടെ കണ്ണില്‍പ്പെടാതെ ആള്‍ക്കൂട്ടത്തിലേക്ക് വലിഞ്ഞു ചിലർ. ഒതുങ്ങാന്‍ സ്ഥലമില്ലാതെ വന്നവർ, കൈകള്‍ കൂപ്പി വിധേയത്വത്തോടെ അവൾ മുന്നിലെത്തുമ്പോഴൊക്കെ അടിയറവ് പറഞ്ഞു. തനിക്ക് നേരെ മൊബൈലുയർത്തി നിന്നവരെ അതികോപത്തോടെ വിരട്ടിയോടിക്കുന്നുണ്ടായിരുന്നു ഭദ്ര.
ഒരു മനുഷ്യന് സാധ്യമാകുന്ന ശൗര്യമായിരുന്നില്ല അന്നവിടെ കണ്ടത്. അത്രയും ഉഗ്രരൂപിയായി ദൈവത്തെ സങ്കൽപിക്കാൻ പോലുമാകുമായിരുന്നില്ല. ഞാൻ തൊഴുന്ന ദേവി ഇങ്ങനെയല്ല, ശാന്തരൂപിണിയായി വരൂ.. വരൂ എന്ന് ചേർത്തുപിടിക്കുന്ന ഒരു വാത്സല്യമാണ് എന്റെ ദേവിക്കെന്ന് അന്ന് സുഹൃത്തുക്കളോട് തർക്കിച്ചു. ഉള്ളിലെ ഭീരുവിന്റെ പിടിച്ചുനിൽക്കാനുള്ള കഥയില്ലാത്ത വാദമായിരുന്നു അതെന്ന് ഇന്ന് മനസ്സിലാകുന്നു. പ്രപഞ്ചദേവതയ്ക്ക് എങ്ങനെ ഒരു വേഷത്തിലും ഭാവത്തിലും ഒതുങ്ങാനാകും, പ്രത്യേകിച്ച്, സർവതും അവൾ തന്നെയാകുമ്പോൾ.. പിന്നെ തോന്നി, ആടയാഭരണങ്ങളിൽ അണിഞ്ഞൊരുങ്ങി ലജ്ജാലുവായി ഒതുങ്ങിക്കൂടുമ്പോഴല്ല ഇങ്ങനെ പ്രപഞ്ചത്തെ തന്നെ നിശ്ചലമാക്കുന്ന ശക്തിയോടെ സർവ്വരും വഴിമാറിനിൽക്കുംവിധം ശൗര്യത്തോടെ തുറന്നിറങ്ങിവരുമ്പോഴാണ് പെണ്ണ് ശരിക്കും പെണ്ണാകുന്നതെന്ന്.
പല കാവുകളിൽ ഒരേ കോലധാരിക്കു തന്നെ പോതിയായും വിഷ്ണുവായും മുത്തപ്പനായുമൊക്കെ പകർന്നാടേണ്ടിവരും. അതിന് അനുസൃതമായി അവൻ സ്വയം മാറണം. ശരീരം കൊണ്ടും മനസ്സു കൊണ്ടും, മൺമറഞ്ഞുപോയ പിതൃക്കളെയും കാണാമറയത്തിരുന്ന് മനുഷ്യനെ അനുഗ്രഹിക്കുകയും നിഗ്രഹിക്കുകയും ചെയ്യുന്ന ദേവതകളെയും ആവാഹിച്ചെടുക്കണം. എല്ലാത്തിനും അപ്പുറം താനെന്ന വ്യക്തിയെത്തന്നെ അഴിച്ചുമാറ്റി വച്ചാണ് കോലധാരി തെയ്യക്കോലത്തിലേക്ക് കയറേണ്ടത്.
ത്യാഗം, സമർപ്പണം ഇത് രണ്ടുമില്ലാതെ തെയ്യമില്ല. ആയുസ്സിനും ആരോഗ്യത്തിനും ഭീഷണിയാകും വിധം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് കോലധാരികൾ തെയ്യക്കോലത്തിനുള്ളിലെ ദൈവപദവി തുടരുന്നത്. പ്രായമാകും മുമ്പേ പലരും രോഗികളും അവശരുമാകുന്നു. പുതിയ തലമുറയിൽനിന്ന് കോലധാരിയാകുന്നവർക്ക് പെൺകുട്ടികളെ പോലും ലഭിക്കാതെ വരുന്നു. പക്ഷേ അതുകൊണ്ട് തെയ്യാട്ടത്തിന് ചെറുപ്പക്കാർ വരാതെയാകുന്നില്ല. അച്ഛനെപ്പോലെ, മുത്തച്ഛനെപ്പോലെ ഒരു തെയ്യാട്ടക്കാരനാകാൻ ഞാനില്ല എന്നുറപ്പിച്ച് ജോലി തേടി അന്യനാടുകളിലേക്ക് പലരും പോകാറുണ്ട്. ചിലർ പുതിയ സ്ഥലവും ജോലിയുമായി പൊരുത്തപ്പെട്ട് എല്ലാവരെയും പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകും. പക്ഷേ ചിലർക്ക് ശക്തമായ ഒരു അന്തഃപ്രേരണയിൽ നിൽക്കാൻ പറ്റാതെ നാട്ടിലേക്ക് വണ്ടി കയറേണ്ടിവരുന്നു. ‘തെയ്യമാകേണ്ട’ എന്ന നിലപാടിൽനിന്ന് എന്ത് നഷ്ടപ്പെട്ടാലും ‘തെയ്യമായാൽ മതി’ എന്ന നിയോഗത്തിലെത്തുന്നവരാണ് അവർ.
English Summary: Experience Theyyam in Kannur Kerala