മഴ തിമിർത്ത് പെയ്തിട്ടും നിറയാൻ മടിക്കുന്ന ഡാമിന്റെ ദൃശ്യങ്ങൾ തന്നെയാണ് ചിമ്മിനിയിലേയ്ക്കുളള യാത്രയ്ക്ക് ഹരം പകരുന്നത്. പ്രകൃതിയുടെ നിറക്കൂട്ടില്‍ നിരവധി കാഴ്ചകളുടെ കൂടാരമാണ് ചിമ്മിനി വനം.
കാട്ടുപൂക്കളും കൊച്ചരുവികളും അണക്കെട്ടുമൊക്കെയായി സഞ്ചാരികളിൽ വർണവിസ്മയം ഒരുക്കുന്ന വനത്തിന്‍റെ സൗന്ദര്യം നുകർന്നുള്ള യാത്ര. സസ്യജാലങ്ങളും വന്യമൃഗങ്ങളും വിഹരിക്കുന്ന ചിമ്മിനിയിലെ പ്രധാന ആകര്‍ഷണം ഡാം തന്നെ. തൃശൂരില്‍ നിന്നു 40 കിലോമീറ്റര്‍ അകലെ ആമ്പല്ലൂരില്‍ നിന്ന് ഇടത്തോട് തിരിഞ്ഞാല്‍ പാലപ്പിള്ളി റോഡ്. ആ റോഡിലൂടെ 28 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിമ്മിനി വന മേഖലയുടെ അരികിലെത്താം.
വനംവകുപ്പിന്റെ നിരവധി നേച്ചർ ക്യാമ്പുകളും ട്രെക്കിങ്ങ് പാക്കേജുകളും ലഭ്യമാണിവിടെ. ഡോർമിറ്ററിയും ഐബിയിലും തങ്ങി കാടുകയറാൻ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വിശദാംശങ്ങൾക്കായി വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റും സന്ദർശിക്കാം.
മറ്റു വനമേഖലയെ അപേക്ഷിച്ച് സുഖകരമായ കാലാവസ്ഥയാണ് ചിമ്മിനിയിലേത്.
ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് താരതമ്യേന ചൂട് അനുഭവപ്പെടുന്നത്. ചൂരത്തറ അടക്കം നിരവധി ചെറുവെള്ളച്ചാട്ടങ്ങൾ കാണാം. എല്ലാവിധ വന്യജീവികളേയും സുലഭമായി കാണുന്ന വന്യ ജീവി കേന്ദ്രമല്ല ഇവിടം മറിച്ച് വന്യജീവികളുടേയും സന്നിധ്യമുള്ള പ്രദേശമാണ്. നിത്യഹരിത വനങ്ങളും ഇലപൊഴിയും വനങ്ങളും നിറഞ്ഞ ചിമ്മിനി വനമേഖല സഞ്ചാരികളുടെ സ്വർഗഭൂമിയാണ്.
ട്രെക്കിങ്ങിനിടയിൽ മ്ലാവും മാൻ കൂട്ടങ്ങളും കാട്ടുനായകൂട്ടങ്ങളും എന്നിങ്ങനെ നിരവധി പക്ഷികളടക്കം പച്ച നിറഞ്ഞ കാടും ഒഴുകിയെത്തുന്ന കാട്ടരുവിയുടെ ഇരമ്പലും കാഴ്ചകൾ സുന്ദരമാണ്.
നയന മനോഹരമായ കാഴ്ചകളാണ് പ്രകൃതി ഒരുക്കി വച്ചിരിക്കുന്നത്. സഞ്ചാരികൾക്കായി വിവിധ തരം ക്യാംപുകളാണ് കേരള വനം വകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവയെല്ലാം സംഘടിപ്പിക്കുന്നത് രാത്രികളിലാണ്. ഇതിൽ പ്രധാനപ്പെട്ടവയാണ് ഹോൺബിൽ ട്രീ ടോപ്പ് നിഷ്. മൂന്നു പേർക്കായാണ് ഈ ക്യാംപ് ഒരുക്കിരിക്കുന്നത്.
ചിമ്മിനിയിലെ കാഴ്ചകൾക്കൊപ്പം, ആമ്പല്ലൂർ ചിമ്മിനി, ചൊക്കന, തുമ്പൂർമുഴി, അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ, പെരിങ്ങൽ ഡാം, ആനക്കയം, ഷേളയാർ ഡാം എന്നീ സ്ഥലങ്ങളും തേടി യാത്ര തുടരാം.