കടുവയും പുലിയും മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ

കാടിനുള്ളിലെ ഓരോ നിമിഷവും ഓരോ അനുഭവങ്ങളാണ്. ഇതുവരെ കേൾക്കാത്ത ശബ്ദങ്ങളുടെ, കാണാത്ത കാഴ്ചകളുടെ മാന്ത്രികലോകത്തെക്കുള്ള യാത്ര എന്നും പ്രിയപ്പെട്ടതാണ്. ക്യാമറ കയ്യിലെടുക്കാൻ തുടങ്ങിയതു മുതൽ എന്റെ ഫ്രെയിമുകളിൽ നിറഞ്ഞുനിൽക്കുന്നത് കാടിന്റെ സൗന്ദര്യമാണ്.

വൈൽഡ് ഫോട്ടോഗ്രാഫി തലക്ക് പിടിച്ചനാൾ മുതൽ കാട്ടിലേക്കുള്ള യാത്ര പതിവാണ്. പലവട്ടം പോയിട്ടുണ്ടെങ്കിലും സുന്ദരകാഴ്ചകൾ സമ്മാനിക്കുന്ന കബനിയുടെ സൗന്ദര്യം എത്ര ആസ്വദിച്ചാലും മതിവരില്ല. ഇത്തവണത്തെ യാത്രയും കബനിലേക്കായിരുന്നു. യാത്രയ്ക്ക് കൂട്ടായി അനുജനും സുഹൃത്തായ നിധിയും ഒപ്പമുണ്ടായിരുന്നു. തൃശൂരിൽ നിന്നും രാത്രി 8 മണിക്ക് പുറപ്പെട്ടു. യാത്രയിൽ മുഴുവനും കാടും കടുവയും പുലിയും തന്നെയായിരുന്നു ഇരുകൂട്ടരുടെയും ചർച്ച. നല്ല ഫോട്ടോ പകർത്താൻ സാധിക്കണേ എന്നായിരുന്നു മനസ്സിൽ. പുലർച്ചെ രണ്ട് മണിക്ക് ഞങ്ങൾ മാനന്തവാടി എത്തിയെങ്കിലും ചെക്ക് പോസ്റ്റ് അടച്ചതുകാരണം മുന്നോട്ട് യാത്ര സാധ്യമായില്ല. ചെക്ക് പോസ്റ്റ് രാവിലെയാണ് തുറക്കുന്നത്. തല്‍ക്കാലം അവിടെ ലോഡ്ജിൽ മുറിയെടുത്തു. വിശ്രമശേഷം ഫ്രഷായി എത്തിയപ്പോഴെക്കും ചെക്ക്പോസ്റ്റും കടക്കാൻ സാധിച്ചു.

മാനന്തവാടിയിൽ നിന്ന് ഒരു മണിക്കൂറിലധികം യാത്രയുണ്ട് കബനിയിലേക്ക്. 10 മണിക്കാണ് വൈകുന്നേരത്തെ സഫാരിക്കുള്ള ടിക്കറ്റ് കൊടുത്ത് തുടങ്ങുന്നത്. അവധി ദിവസങ്ങളിൽ ടിക്കറ്റെടുക്കാനുള്ള ക്യൂ നേരത്തേ തുടങ്ങും. സന്ദർശകരുടെ എണ്ണം കൂടിയാൽ ടിക്കറ്റ് കിട്ടാനും പ്രയാസമാണ്. ഭാഗ്യത്തിന് 4 പേർക്കുള്ള ടിക്കറ്റ് ഞങ്ങൾക്ക് ഒത്തുകിട്ടി. ശേഷം വന്നവർ ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങുന്നത് കണ്ടു. ഒരാൾക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്ക്. (ക്യാമറ ഫീസ് വേറെ വലിയ ലെൻസ് ആണേൽ 500 രൂപയാണ് ഫീസ്) വൈകുന്നേരം 3.30 മുതൽ 6 വരെയാണ് സഫാരി സമയം, ടിക്കറ്റ് ബുക്കു ചെയ്തതിനു ശേഷം ഞങ്ങൾ അവിടെ നിന്നും ഭക്ഷണം കഴിക്കാൻ പോയി. ഹോട്ടലിലേക്ക് എത്തിച്ചേരാനായി ഏകദേശം അവിടെ നിന്നും 3 കിലോമീറ്റർ പോകേണ്ടി വന്നു.

കബനി യാത്രക്കായുള്ള  ബസ്സ് മൂന്നു മണിക്ക് തന്നെ തയാറായി. അപ്പോഴേക്കും സഞ്ചാരികളെകൊണ്ടു ബസ്സും നിറഞ്ഞിരുന്നു. സഫാരിക്കായി ‌ബസ്സ് മാത്രമല്ല ജീപ്പും റെ‍‍ഡിയാണ്. ചെലവ് കൂടുതലായതിലാൽ മിക്കവരും ബസ്സാണ് തെരഞ്ഞെ‍ടുക്കുന്നത്. 3.30 ന് തന്നെ ബസ്സ് ഞങ്ങളേയും കൊണ്ട് കാട്ടിലേക്കുള്ള യാത്ര ആരംഭിച്ചു. പച്ചപ്പുനിറഞ്ഞ കാട്ടുവഴികളിലൂടെയുള്ള യാത്ര ആരെയും മോഹിപ്പിക്കും. മാൻ കൂട്ടത്തെ കണ്ട് ചിലർ ബഹളമുണ്ടാക്കിയപ്പോൾ ഡ്രൈവർ നിശബ്ദത പാലിക്കണമെന്ന് ഉപദേശം നൽകി.

മൃഗങ്ങളെ അവയുടെ വിഹാര കേന്ദ്രങ്ങളില്‍ നേരിട്ടുകാണുക ഒരു അപൂര്‍വ അനുഭവമായിരുന്നു. പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷവും മനസ്സിനെ വിസ്മയിപ്പിക്കുന്ന കാഴ്ചകളായിരുന്നു. പോകുന്ന യാത്രയിൽ പുലി പിടിച്ച മാനിന്റെ അസ്ഥിക്കൂടവും കണ്ടു. കാതും കണ്ണും കൂർപ്പിച്ചിരുന്നു. കുറച്ച കൂടി മുന്നോട്ടു പോയപ്പോൾ ദൂരെ നിന്നും പുലി ഞങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ആഗ്രഹിച്ച പോലെ തന്നെ നല്ലൊരു ഫോട്ടോ പകർത്താൻ കടുവയും പ്രത്യക്ഷപ്പെട്ടു. ആരേയും നിരാശനാക്കാതെ എല്ലാവർക്കും അവൻ പോസ് ചെയ്ത് കൊടുത്തു. അപ്പോഴേക്കും സമയം 6 മണിയോടടുത്തിരുന്നു, ഇത്തവണ കാടിറങ്ങിയത് വളരെയധികം സന്തോഷത്തോടെ ആയിരുന്നു. മനസ്സ് നിറഞ്ഞ യാത്രയായിരുന്നു. 6 മണിക്ക് കബനി ചെക്ക് പോസ്റ്റ് അടക്കുന്നതിനാൽ വഴി തിരിച്ച് ഞങ്ങൾ ഗുണ്ടൽപേട്ട് മുത്തങ്ങ വഴിയാണ് മടങ്ങിയത്.