ചിന്നക്കനാൽ, മഞ്ഞിൽമുങ്ങിയ മരതക സുന്ദരിയുടെ ഹൃദ്യത സ്വർഗ്ഗം നേഞ്ചിലേറ്റുന്ന ഒരു ഗ്രാമം ഈ കുറച്ച് ചിത്രങ്ങൾ മതി ചിന്നക്കനാലിനെ സഞ്ചാരികൾ മാറോടണക്കാൻ. കാലത്തും വൈകിട്ടും എന്നല്ല ഏത് സമയത്തും പ്രകൃതിയുടെ വിവിധ ഭാവങ്ങൾ സമന്വയിപ്പിച്ച് സഞ്ചാരികളെ മോഹിപ്പിക്കുന്ന ഒരു ഭൂപ്രദേശമാണിത്. ഒരിക്കലെങ്കിലും മൂന്നാറിലെത്തിയിട്ടുള്ള യാത്രികരുടെ ഹൃദയസ്പന്ദനങ്ങളിൽ എന്നും കൂടെയുണ്ടാകും ചിന്നക്കനാലിന്റെ ദീർഘനിശ്വാസങ്ങൾ.

നീലകാശവും ഭൂമിയും മലകളും താഴ്്‍വാരങ്ങളും  കോടമഞ്ഞും മഴതുള്ളികളും കാർമേഘങ്ങളും ലയിക്കുന്ന പരസ്പരം പ്രണയിക്കുന്ന സൗന്ദര്യം തികഞ്ഞ സ്വര്‍ഗ്ഗഭൂമി. ചുറ്റും നിശബ്ദ സൗന്ദര്യം തുടിക്കൊട്ടുമ്പോൾ പുല്‍ക്കൊടിയിലോ തേയിലക്കാടിലോ ഒന്ന് സ്പർശിച്ചാൽ മഞ്ഞ് കണങ്ങൾക്കൊപ്പം പച്ചപ്പ് വിരലില്‍ പതിയുന്ന അനുഭവം.

മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്. പുണ്യനദിയായ ദേവികുളത്തു നിന്നുത്ഭവിക്കുന്ന ചിന്നക്കനാല്‍ വെള്ളച്ചാട്ടം മനോഹരമായ പച്ചപ്പിനാലും മലനിരകളാലും ചുറ്റപ്പെട്ടു കിടക്കുന്നു.

ട്രക്കിങ്ങിന് പേരുകേട്ട ഇന്ത്യയിലെ സ്ഥലങ്ങളിൽ ഒന്നാണ് മൂന്നാർ. മൂന്നാറിൽ ചെന്ന് എവിടേക്ക് പോയാലും ട്രക്കിങ്ങിന് അനുയോജ്യമായ നിരവധി സ്ഥലങ്ങൾ കാണാം. വെള്ളച്ചാട്ടങ്ങളും, ഡാമുകളും, തടാകങ്ങളും, തേയിലത്തോട്ടങ്ങളുടെയും മൊട്ടക്കുന്നുകളുടേയും ഹരിതഭംഗി ആസ്വദിച്ചു കൊണ്ടുള്ള ട്രക്കിങ് മറക്കാനാവത്ത അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്.

അതിവിശാലമായ ക്യാന്‍വാസില്‍ പ്രകൃതിയുടെ മനോഹാരിതയാണ് ഇവിടുത്തെ കാഴ്ച. വനമേഖലകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ മലഞ്ചെരിവുകളുടെ സൗന്ദര്യം ആരെയും ആകർഷിക്കും. ഈ പ്രദേശത്തേക്ക് ട്രക്കിങ് നടത്തുന്നവരും ജീപ്പുകളില്‍ സാഹസികമായി എത്തുന്നവരും അവിസ്മരണീയമായ കാഴ്ചകള്‍ മനസ്സില്‍ നിറച്ചുകൊണ്ടാണു മടങ്ങാറുള്ളത്.