നിങ്ങൾ കണ്ടതൊന്നുമല്ല ഊട്ടി, വെള്ളച്ചാട്ടത്തിന് അടുത്തുള്ള കരിങ്കൽ വീട്ടിലെ താമസം സ്വപ്നതുല്യം
‘കോടമഞ്ഞുപുതച്ച മനോഹരമായ നീലഗിരി കുന്നുകളിലെ തേയിലത്തോട്ടത്തിൽ വെള്ളച്ചാട്ടത്തിനോട് ചേർന്നു കരിങ്കല്ലിൽ പണിത മനോഹരമായ ഭവനം. മുറ്റത്തിനോടു ചേർന്ന് തടിയിൽ ചെയ്തെടുത്ത ഇരിപ്പിടങ്ങളിലൊന്നിലിരുന്നുകൊണ്ടു തീകായുമ്പോൾ കാട്ടരുവിയിൽ നിന്നുള്ള വെള്ളത്തിന്റെ ശബ്ദത്തോടൊപ്പം രാക്കിളികളുടെ പാട്ടും
‘കോടമഞ്ഞുപുതച്ച മനോഹരമായ നീലഗിരി കുന്നുകളിലെ തേയിലത്തോട്ടത്തിൽ വെള്ളച്ചാട്ടത്തിനോട് ചേർന്നു കരിങ്കല്ലിൽ പണിത മനോഹരമായ ഭവനം. മുറ്റത്തിനോടു ചേർന്ന് തടിയിൽ ചെയ്തെടുത്ത ഇരിപ്പിടങ്ങളിലൊന്നിലിരുന്നുകൊണ്ടു തീകായുമ്പോൾ കാട്ടരുവിയിൽ നിന്നുള്ള വെള്ളത്തിന്റെ ശബ്ദത്തോടൊപ്പം രാക്കിളികളുടെ പാട്ടും
‘കോടമഞ്ഞുപുതച്ച മനോഹരമായ നീലഗിരി കുന്നുകളിലെ തേയിലത്തോട്ടത്തിൽ വെള്ളച്ചാട്ടത്തിനോട് ചേർന്നു കരിങ്കല്ലിൽ പണിത മനോഹരമായ ഭവനം. മുറ്റത്തിനോടു ചേർന്ന് തടിയിൽ ചെയ്തെടുത്ത ഇരിപ്പിടങ്ങളിലൊന്നിലിരുന്നുകൊണ്ടു തീകായുമ്പോൾ കാട്ടരുവിയിൽ നിന്നുള്ള വെള്ളത്തിന്റെ ശബ്ദത്തോടൊപ്പം രാക്കിളികളുടെ പാട്ടും
‘കോടമഞ്ഞുപുതച്ച മനോഹരമായ നീലഗിരി കുന്നുകളിലെ തേയിലത്തോട്ടത്തിൽ വെള്ളച്ചാട്ടത്തിനോട് ചേർന്നു കരിങ്കല്ലിൽ പണിത മനോഹരമായ ഭവനം. മുറ്റത്തിനോടു ചേർന്ന് തടിയിൽ ചെയ്തെടുത്ത ഇരിപ്പിടങ്ങളിലൊന്നിലിരുന്നുകൊണ്ടു തീകായുമ്പോൾ കാട്ടരുവിയിൽ നിന്നുള്ള വെള്ളത്തിന്റെ ശബ്ദത്തോടൊപ്പം രാക്കിളികളുടെ പാട്ടും കേൾക്കാം...’
സിനിമയുടെ തിരക്കഥയിൽ ഇങ്ങനെ ഒരു ലൊക്കേഷൻ ആവശ്യമായി വരുന്നെങ്കിൽ അതിനു അനുയോജ്യമായരിടം ഊട്ടിയിൽ ഉണ്ട് !!! ഊട്ടിയിൽനിന്നു മുപ്പത് കിലോമീറ്റർ മാറി കൂനൂരിൽ കൊളക്കമ്പി എന്ന മനോഹരഗ്രാമത്തിലാണ് ഒ’ലാന്‍ഡ് പ്ലാന്റേഷൻ.
ഒ’ലാൻഡ് പ്ലാന്റേഷൻ സ്റ്റേ
പ്ലാൻ ചെയ്യാത്ത യാത്രയായതു കൊണ്ടുതന്നെ കിണ്ണക്കോരൈയിൽനിന്നു മഞ്ഞൂർ വഴി മടങ്ങുന്ന സമയത്താണ് രാത്രി എവിടെ താമസിക്കും എന്നു ചിന്തിക്കുന്നത്. ഓണ്‍ലൈനിൽ ബുക്ക് ചെയ്‌തെങ്കിലും തന്നിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടാത്തതിനാൽ ഗൂഗിൾമാപ്പ് സെറ്റ് ചെയ്തു പോകാൻ തീരുമാനിച്ചു. കൂനൂർ ടൗണിൽനിന്ന് ഇരുപത് കിലോമീറ്റർ മാറിയാണ് ഈ പ്ലാന്റേഷൻ സ്റ്റേ. അതുകൊണ്ടുതന്നെ രാത്രിയിൽ അങ്ങോട്ടുള്ള യാത്രയിൽ റോഡ് നന്നേ വിജനമായിരുന്നു. കോയമ്പത്തൂർ ഡിവിഷന്റെ ഭാഗമായുള്ള വനപ്രദേശത്തിനോട് ചേർന്നാണ് ഒ’ലാൻഡ് പ്ലാന്റേഷൻ സ്ഥിതി ചെയ്യുന്നത്.
കൊളകമ്പിയിൽനിന്ന് അല്പം മുന്നോട്ടു പോകുമ്പോള്‍ പൊലീസ് ചെക്പോസ്റ്റിൽ എത്തിച്ചേരും. മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലമായതു കൊണ്ടുതന്നെ ഞങ്ങളുടെ പേരും സ്ഥലവും മൊബൈൽ നമ്പറുമെല്ലാം എഴുതി വാങ്ങിച്ചു. ശേഷം റിസോർട്ടിലേക്കുള്ള വഴി കൃത്യമായി പറഞ്ഞുതന്നു.
മാന്നാർ പൊലീസ് ചെക്ക്പോസ്റ്റിൽനിന്നു താഴേക്കുള്ള വഴിയിൽ തേയിലത്തോട്ടത്തിനു നടുവിലൂടെയുള്ള പാതയിൽ മുന്നോട്ട് പോകുമ്പോൾ ഒരു കാട്ടുമുയൽ വട്ടംചാടി. വാഹനത്തിന്റെ വെളിച്ചത്തിൽ അതു വന്ന വഴിയേതന്നെ തിരിച്ചുപോയി. ഒരുകിലോമീറ്ററോളം മലഞ്ചെരുവിലൂടെ കുത്തനെയുള്ള ഇറക്കം കഴിഞ്ഞു താമസ സ്ഥലത്തിന്റെ കവാടത്തിൽ എത്തുമ്പോൾ സാം ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹവും കുടുംബവുമാണ് ഈ പ്ലാന്റേഷൻ നോക്കിനടത്തുന്നത്. തേയിലയും കാപ്പിയും കുരുമുളകും മറ്റു സുഗന്ധവ്യജ്ഞനങ്ങളും കൃഷിചെയ്യുന്ന, നൂറ്റിയിരുപത് ഏക്കറിൽ പരന്നുകിടക്കുന്ന ഈ ഓർഗാനിക് പ്ലാന്റേഷൻ യു എൻ എൻവയൺമെന്റ് ഗുഡ്‌വിൽ അംബാസഡറും ഇന്ത്യൻ എൻവയൺമെന്റൽ ഇക്കണോമിസ്റ്റുമായ പവൻ സുഖ്ദേവിന്റെ ഉടമസ്ഥതയിലുള്ളതാണ്.
റസ്റ്ററന്റ് ഉൾപ്പെടുന്ന എസ്റ്റേറ്റ് ഹൗസിന്റെ മുറ്റത്ത് വാഹനം പാർക്ക് ചെയ്ത ശേഷം ഞങ്ങൾക്കായി താമസം ഒരുക്കിയിരിക്കുന്ന പെപ്പർഹൗസിലെ ഫാമിലി കോട്ടേജിലേക്കു നടന്നു. കാട്ടുപോത്തുകളും മറ്റു വന്യമൃഗങ്ങളും ഉള്ളതുകൊണ്ടുതന്നെ രാത്രിയിൽ പുറത്തിറങ്ങി നടക്കരുതെന്ന് നിർദേശവും നൽകിയിരുന്നു. മൂന്ന് വ്യത്യസ്ത റൂമുകൾ ഉൾപ്പെടുന്ന പെപ്പർഹൗസിലെ മുകളിലെ മുറിയാണ് ഫാമിലിറൂം. ഇംഗ്ലിഷ് സിനിമകളിൽ കാണാറുള്ള വീടുകളെപോലെ തട്ടിൻപുറമുള്ള ഈ റൂമിൽത്തന്നെ ഫാമിലിയിലെ നാലുപേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. ഭക്ഷണത്തിനു ശേഷം പുറത്തെ തണുപ്പിൽ ഒരൽപം തീകാഞ്ഞും കഥകൾ പറഞ്ഞും ഉറങ്ങാൻ കിടക്കുമ്പോൾ സമയം വൈകിയിരുന്നു.
പ്ലാന്റേഷനിലെ തമാസക്കാരും സന്ദർശകരുമായ പക്ഷികളുടെ പാട്ടു കേട്ടാണ് രാവിലെ ഉറക്കമുണർന്നത്. തോട്ടത്തിൽ തന്നെയുള്ള വെള്ളച്ചാട്ടത്തിന്റെ ശബ്‌ദം ഇന്നലെ രാത്രിയിൽ ആകർഷിച്ചിരുന്നു. അതുകൊണ്ടുതന്നെ ഉറക്കമുണർന്നയുടനെ പെട്ടെന്ന് റെഡിയായി അങ്ങോട്ടേക്കിറങ്ങിയ ഞങ്ങൾക്ക് മുന്നിൽ അതാ ഒരു ഒരു കാട്ടുപോത്ത് !!! അല്ല, ഒന്നല്ല ഒരു കൂട്ടം തന്നെയുണ്ട്! പെപ്പർഹൗസിൽ നിന്ന അല്പം മാറി പിന്നാമ്പുറത്താണ് വെള്ളച്ചാട്ടമുള്ളത്. ദൂരെ മലമുകളിലെ പറക്കൂട്ടങ്ങൾക്കു മുകളിൽനിന്നു വരുന്ന വെള്ളത്തിൽ കൈ തൊട്ടതും തണുപ്പിൽ കൈ കോറിപ്പോകുന്നപോലെ തോന്നി.
ഹോൺബിൽ ഹൗസ്
വെള്ളച്ചാട്ടത്തിനു വളരെയടുത്തയാണ് ഹോൺബിൽ ഹൗസ് സ്ഥിതിചെയ്യുന്നത്. ഒരുഭാഗത്ത് തേയിലത്തോട്ടവും മറുഭാഗത്ത് വെള്ളച്ചാട്ടവും കാട്ടരുവിയുമുള്ള ഈ കരിങ്കൽ വീട് ഒരു സിനിമാഫ്രെയിം പോലെയാണ്. കരിങ്കൽപടികൾ കയറി മുറ്റത്തെ വരിക്കപ്ലാവിനെ ചുറ്റി കയറിചെന്നാൽ വീടിനുള്ളിൽ പ്രവേശിക്കാം. ജാക്ക്ഫ്രൂട്ട് ഹൗസ്, വട്ടർഫാൾ ഹൗസ് എന്നീ വിഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന ഹോണ്‍ബിൽ ഹൗസിൽ നിന്നുള്ള കാഴ്ചയുടെ മനോഹാരിത പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കട്ടിലിൽ കിടന്നു വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാൻ കഴിയുന്ന വാർട്ടർഫാൾ റൂമും താഴ്‍വാരത്തെ കാടിന്റെ വന്യതക്കൊപ്പം തേയിലത്തോട്ടത്തിന്റെ ഭംഗികൂടി ആസ്വദിക്കാൻ കഴിയുന്ന മുകളിലത്തെ ജാക്ക്ഫ്രൂട്ട് ഹൗസും ഒന്നിനൊന്ന് മനോഹരമാണ്. ഗൗതംമേനോൻ– വിക്രം കൂട്ടുകെട്ടിലൊരുങ്ങിയ ദ്രുവനക്ഷത്രം, അരവിന്ദ് സ്വാമി, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാർത്തിക് നരേൻ സംവിധാനം ചെയ്ത നരകാസുരൻ എന്നീ സിനിമകൾ ഈ പ്ലാന്റേഷനിലാണ് ചിത്രീകരിച്ചത്.
കാടിനുള്ളിലൂടെ ട്രെക്കിങ്
ഏഴരയായതും തലേന്ന് രാത്രി പറഞ്ഞുറപ്പിച്ചപോലെ സാം പ്ലാന്റേഷൻ ട്രെക്കിങ്ങിനായി തയാറായി എത്തി. ഇവിടുത്തെ തേയില കൊണ്ടുണ്ടാക്കിയ ഓർഗാനിക് ചായയും കുടിച്ചു ഞങ്ങൾ തോട്ടത്തിലേക്കിറങ്ങി. ഓറഞ്ചുമരങ്ങൾക്കിടയിലൂടെ വരുന്ന പ്രഭാത രശ്മികൾക്കൊപ്പം കിളികളുടെ പാട്ടും മേളവുമായപ്പോൾ ആ നടത്തം രസംതന്നെയായിരുന്നു. വ്യത്യസ്തരായ നൂറിലധികം കിളികളെ ഇവിടെ സ്പോട്ട് ചെയ്തിട്ടുണ്ടെന്നും ഭാഗ്യമുണ്ടെങ്കിൽ ഇവിടുത്തെ താമസക്കാരായ മലമുഴക്കിവേഴാമ്പലിനെയും കാണാമെന്നും പറഞ്ഞപ്പോൾ ഞങ്ങൾക്ക് ത്രില്ലടിച്ചു.
ഞങ്ങൾ നടന്നുവരുന്നത് കണ്ടു കാട്ടുപോത്തിൻകൂട്ടം വഴിമാറിയപ്പോൾ കൂടെ വഴികാട്ടിയായി പോന്നത് നമ്മുടെ വരയാടിന്റെ (Nilgiri Tahr) കുഞ്ഞാണ്. താഴെവീണുകിടക്കുന്ന മുള്ളൻപന്നി (Indian crested porcupine) യുടെ മുള്ളും കരടി (Bears) കുഴിച്ച കുഴികളും നോക്കിനടക്കുമ്പോൾ മരക്കൊമ്പിൽനിന്നു ശബ്‌ദം കേട്ടു. ഹനുമാൻ കുരങ്ങും (Indian Langur) കുടുംബവും !!! അവരങ്ങനെ മരക്കൊമ്പിലിരുന്ന് ഊഞ്ഞാലാടിക്കളിക്കുകയാണ്.
കാപ്പിത്തോട്ടത്തിലൂടെ താഴ്ഭാഗത്ത് എത്തുമ്പോൾ വെള്ളച്ചാട്ടത്തിന്റെ ബാക്കിയായി ഒഴുകുന്ന കാട്ടരുവിക്കടുത്തായി ഒരു ചെറിയ കോവിൽ. വർഷത്തിലൊരിക്കൽ ആദിവാസികൾ അവിടെ പൂജയും പ്രാർഥനയും നടത്താറുണ്ടെന്നു സാം പറഞ്ഞപ്പോൾ, അതെല്ലാം കാണാൻ വരണമെന്ന് മനസ്സിൽ തോന്നി. കാട്ടരുവി ചാടിക്കടന്ന് ഒരു മലയിറങ്ങി മറ്റൊന്ന് കയറുമ്പോൾ ദൂരെ നമ്മൾ താമസിച്ച കോട്ടേജ് കാണാം... അപ്പോൾ മാത്രമാണ് ഇത്രയും ദൂരം നടന്നെന്നുപോലും തോന്നുന്നത്, അത്രയ്ക്ക് ത്രില്ലിങ്ങായിരുന്നു ട്രെക്കിങ്.
നടന്നു ഞങ്ങൾ അവസാനമെത്തിയത് അറുപതോളം ആദിവാസി കുടുംബങ്ങൾ താമസിക്കുന്ന മൂപ്പർക്കാട് ഊരിലാണ്. അവരുടെ ജീവിതരീതികളും കഥകളുമെല്ലാം അവിടുത്തുകാരനായ രവി പറഞ്ഞുതരുമ്പോൾ ഞങ്ങൾക്ക് അതെല്ലാം പുതുമയുള്ള കാര്യങ്ങളായിരുന്നു. കാട്ടിലൂടെ ഒന്നരമണിക്കൂർ നടന്നാൽ കേരള അതിർത്തിയായ മുള്ളിയിൽ എത്താം എന്നു രവി പറയുമ്പോൾ, മണിക്കൂറുകൾ എടുത്ത് റോഡിലൂടെ വന്ന ഞങ്ങൾക്ക് അത് പെട്ടെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല! അത് ശരിയായിരിക്കാം എന്നു മാപ്പ് എടുത്തുനോക്കിയപ്പോൾ പിന്നീട് മനസ്സിലായി.
തിരിച്ചു ഞങ്ങൾ പ്ലാന്റേഷനിലെത്തുമ്പോൾ സമയം പത്തുമണിയായിരുന്നു. നീലഗിരിക്കുന്നുകളുടെ സൗന്ദര്യം നിശബ്ദമായി ആസ്വദിക്കണമെങ്കിൽ ഊട്ടിയിലെ നഗരഹൃദയത്തിൽനിന്നു മാറി ഇതുപോലെയുള്ള മനോഹരമായ സ്ഥലങ്ങളിൽ താമസിക്കണം.
English Summary: Oland Plantation Stays Coonoor