ശാസ്ത്രത്തെ വാസ്തുവിദ്യയുമായി സമന്വയിപ്പിച്ച കൊണാർക്കിലെ കാഴ്ചകൾ
ഒഡീഷയിലെ ശിൽപതേജസ്സായ കൊണാർക്ക് സൂര്യക്ഷേത്രത്തിലേക്ക് അടുക്കുന്തോറും അദ്ഭുത സ്തബ്ധരാവുന്ന സന്ദർശകരാണധികവും. ഭീമാകാരമായ ശിൽപരഥത്തിന്റെ പ്രൗഢഗംഭീരമായ ചാരുത കണ്ട് മതിമറന്നു നിൽക്കുകയും അവിടെ കൊത്തിവച്ചിട്ടുള്ള ജീവസ്സുറ്റ ശിൽപങ്ങളുമായുളള സമരസപ്പെടലിൽ, കലിംഗ രാജ്യത്തിന്റെ പ്രതാപ കാലത്തേക്കും മനസ്സ്
ഒഡീഷയിലെ ശിൽപതേജസ്സായ കൊണാർക്ക് സൂര്യക്ഷേത്രത്തിലേക്ക് അടുക്കുന്തോറും അദ്ഭുത സ്തബ്ധരാവുന്ന സന്ദർശകരാണധികവും. ഭീമാകാരമായ ശിൽപരഥത്തിന്റെ പ്രൗഢഗംഭീരമായ ചാരുത കണ്ട് മതിമറന്നു നിൽക്കുകയും അവിടെ കൊത്തിവച്ചിട്ടുള്ള ജീവസ്സുറ്റ ശിൽപങ്ങളുമായുളള സമരസപ്പെടലിൽ, കലിംഗ രാജ്യത്തിന്റെ പ്രതാപ കാലത്തേക്കും മനസ്സ്
ഒഡീഷയിലെ ശിൽപതേജസ്സായ കൊണാർക്ക് സൂര്യക്ഷേത്രത്തിലേക്ക് അടുക്കുന്തോറും അദ്ഭുത സ്തബ്ധരാവുന്ന സന്ദർശകരാണധികവും. ഭീമാകാരമായ ശിൽപരഥത്തിന്റെ പ്രൗഢഗംഭീരമായ ചാരുത കണ്ട് മതിമറന്നു നിൽക്കുകയും അവിടെ കൊത്തിവച്ചിട്ടുള്ള ജീവസ്സുറ്റ ശിൽപങ്ങളുമായുളള സമരസപ്പെടലിൽ, കലിംഗ രാജ്യത്തിന്റെ പ്രതാപ കാലത്തേക്കും മനസ്സ്
ഒഡീഷയിലെ ശിൽപതേജസ്സായ കൊണാർക്ക് സൂര്യക്ഷേത്രത്തിലേക്ക് അടുക്കുന്തോറും അദ്ഭുത സ്തബ്ധരാവുന്ന സന്ദർശകരാണധികവും. ഭീമാകാരമായ ശിൽപരഥത്തിന്റെ പ്രൗഢഗംഭീരമായ ചാരുത കണ്ട് മതിമറന്നു നിൽക്കുകയും അവിടെ കൊത്തിവച്ചിട്ടുള്ള ജീവസ്സുറ്റ ശിൽപങ്ങളുമായുളള സമരസപ്പെടലിൽ, കലിംഗ രാജ്യത്തിന്റെ പ്രതാപ കാലത്തേക്കും മനസ്സ് പായിക്കും.
ശാസ്ത്രത്തെ വാസ്തുവിദ്യയുമായി സമന്വയിപ്പിച്ച ശിൽപരഥമാണ് കൊണാർക്ക്. കൊണാർക്കെന്നാൽ 'സൂര്യന്റെ ദിക്ക് 'എന്നാണ് അർഥം. സപ്താശ്വങ്ങൾ വലിക്കുന്ന സൂര്യരഥം! കൊണാർക്കിന്റെ ശിൽപവൈദഗ്ധ്യം തിരിച്ചറിയുന്ന സന്ദർശകർ നിശബ്ദരായിപ്പോകാം.
'എവിടെ നിന്നോ ഒരു തേങ്ങൽ ഉയരുന്നപോലെ....! 'ആരുടേതായിരിക്കും ആ തേങ്ങൽ...? വികൃതമാക്കപ്പെട്ട ക്ഷേത്രച്ചുമരുകളിലെ ശിൽപങ്ങൾക്കിടയിൽ നിന്നോ...? 'രക്തക്കറയിൽ അമർന്നുപോയ ക്ഷേത്ര മുറ്റത്തെ വീറുളള മൺതരികളിൽ നിന്നോ...? ചന്ദ്രഭാഗ നദിയുടെ അഴിമുഖപ്രദേശമായിരുന്ന സമുദ്രതീരത്തുനിന്ന് അലയടിച്ചുവന്ന ഉപ്പുകാറ്റിന്റെ ചൂളം വിളിയിൽ നിന്നോ...? അതോ പുത്രദുഃഖം പേറി ജീവച്ഛവമായ വാസ്തുശിൽപി ബിഷു മഹാറാണയുടെയോ...? ബാല്യത്തിൽത്തന്നെ പേരെടുത്ത് ചരിത്രത്താളുകളിൽ ഇടം നേടേണ്ടിയിരുന്ന പന്ത്രണ്ടുവയസ്സുകാരൻ ധർമപാദന്റെ ആത്മരോദനമോ...? കാതുകൂർപ്പിച്ചു നിന്നാൽ, വിക്രമാദിത്യസദസ്സിലെ സാലഭഞ്ജികളെപ്പോലെ കൊണാർക്കിലെ കൽപ്രതിമകളോരോന്നും കാലചക്രത്തിനു പിന്നിലെ കഥകൾ പറഞ്ഞു തുടങ്ങും.
ഉദിച്ചുയരുകയും ക്രമേണ പ്രഭാകിരണങ്ങൾ കൊണ്ട് വെളിച്ചവും നിഴലുമായി മുന്നോട്ടുയരുകയും അവസാനം അസ്തമയം വരെയുളള സമയക്രമം ഉണ്ടാക്കുകയും ചെയ്ത് പ്രകൃതിയിലെ ജീവജാലങ്ങൾക്കെല്ലാം സമയമറിയിപ്പിച്ച സൂര്യദേവന്റെ ക്ഷേത്രമാണ് കൊണാർക്ക്.
ആരാണ് ഈ ആദ്ഭുത ക്ഷേത്രം വിഭാവനം ചെയ്തത് ? കാന്തികശക്തിയുടെ പ്രഭാവത്തെ വാസ്തുവിദ്യയുമായി സമന്വയിപ്പിച്ച് ശിൽപരഥമുണ്ടാക്കിയ വിശ്വശിൽപി ആര്...? ഈ മിത്തുകളിൽ പന്ത്രണ്ടുവയസ്സുകാരന്റെ ആത്മാഹുതി ഇന്നും വേദനയായി തളം കെട്ടി നിൽക്കുന്നില്ലേ ? സൂര്യതേജസ്സുപോലെ ജ്വലിച്ചുനിന്ന പഴയകാല പ്രതാപത്തോടൊപ്പം, വികൃതമാക്കപ്പെട്ട ശിൽപങ്ങൾക്കോരോന്നിനും അവരുടേതായ കണ്ണീർകഥകൾ പറയാനുണ്ട്. പൊൻകിരണങ്ങൾ വ്യത്യസ്ത സമയങ്ങളായി അടയാളപ്പെടുത്തിയ സൂര്യക്ഷേത്രത്തിന്റെ കൽചക്രങ്ങളിലെ അദ്ഭുത കാഴ്ചകളിലേക്ക്...
സൂര്യക്ഷേത്രത്തെക്കുറിച്ച് രാജകൊട്ടാരത്തിൽനിന്ന് പ്രത്യേക ദൂതർ വഴി സന്ദേശം വന്ന ഉടൻ തന്നെ ബിഷു മഹാറാണ എന്ന ലോകോത്തര വാസ്തുശിൽപി, അതൊരു അദ്ഭുതമാക്കാൻ മാനസികമായി തയാറെടുത്തു. പതിമൂന്നാം നൂറ്റാണ്ടിൽ കിഴക്കൻ ഗംഗാ രാജവംശത്തിലെ രാജാവായ നരസിംഹദേവൻ ഒന്നാമനാണ് ചന്ദ്രഭാഗ നദിയുടെ അഴിമുഖപ്രദേശമായ സമുദ്രതീരത്ത് സൂര്യക്ഷേത്രം നിർമിക്കാൻ സ്ഥലം കണ്ടെത്തിയതും വിദഗ്ധ ശിൽപികളെക്കൊണ്ട് ക്ഷേത്ര നിർമാണം വിഭാവനം ചെയ്തതും. ഏഴ് കുതിരകളും ഇരുപത്തിരണ്ടു ചക്രങ്ങളുമുള്ള, സൂര്യദേവനെ വഹിക്കുന്ന ഒരു വലിയ രഥത്തിന്റെ മാതൃകയിലാണ് ബിഷു മഹാറാണ സൂര്യക്ഷേത്രം രൂപകൽപന ചെയ്തത്.
പന്ത്രണ്ടായിരം ശിൽപികളുടെ, സംവത്സരങ്ങൾ നീണ്ട കഠിനാദ്ധ്വാനം ഈ ബൃഹദ്‌പദ്ധതിയുടെ പൂർത്തീകരണത്തിന് വേണ്ടിവരുമെന്നും ശാസ്ത്രത്തെ വാസ്തുവിദ്യയുമായി സമന്വയിപ്പിച്ചുവേണം അദ്ഭുതങ്ങളുടെ അദ്ഭുതമായ, സൂര്യക്ഷേത്രത്തിന്റെ നിർമാണമെന്നും ഒട്ടേറേ സവിശേഷതകൾ കൊണ്ട് വിസ്മയം പകരുന്നതായിരിക്കും സൂര്യക്ഷേത്രമെന്നും മഹാറാണ രേഖാചിത്രം സമർപ്പിച്ചുകൊണ്ട് രാജാവിനെ ധരിപ്പിച്ചു.
ബിഷു മഹാറാണ ഫെറൊ മാഗ്നറ്റിസത്തിൽ വൈദഗ്ധ്യം തെളിയിച്ച വാസ്തുവിദഗ്ധൻ കൂടിയായിരുന്നു. ഇതിനുപുറമെ ഈജിപ്ഷ്യൻ സ്ട്രക്ചറൽ എൻജിനീയറിങ്ങിലും അദ്ദേഹത്തിന് പ്രത്യേക മമതയുണ്ടായിരുന്നു. ശാസ്ത്രത്തെ വാസ്തുവിദ്യയുമായി സമന്വയിപ്പിക്കുന്ന പദ്ധതി കേട്ടപ്പോൾ രാജാവിനും അത് നന്നായി ബോധിച്ചു. കല്ലുകൾ മുറിച്ച് രൂപപ്പെടുത്തുന്നതും അതിലെ കൊത്തുപണിയും ഈജിപ്ത് മാതൃകയിലാണത്രെ ബിഷു തയാറാക്കി അവതരിപ്പിച്ചത്.
മണൽ 'സ്കാർഫോൾഡിങ് ' നിർമിച്ച് കല്ലുകളുടെ പാളികൾക്കിടയിൽ ഇരുമ്പ് കാന്തങ്ങളും സ്ഥാപിച്ച് ഉറപ്പുവരുത്തുന്ന രീതിയുടെ വിശദാംശങ്ങൾ, ക്ഷേത്രം പണിയുടെ അവസാനഘട്ടത്തിൽ ഡയമാഗ്നിറ്റിക് പദാർഥത്തിന്റെ അതിപ്രാധാന്യമുളള സ്ഥാനനിർണയവും സൂര്യദേവന്റെ കാന്തിക പ്രതിമ താല്കാലികമായി നിർത്താൻ അമ്പത്തിരണ്ട് ടൺ ഭാരമുളള കല്ല് ലിഫ്റ്റർ മാഗ്നറ്റായി സ്ഥാപിക്കുന്നതുൾപ്പെടെയുളള കാര്യങ്ങൾക്ക് കനത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നും, ധാരാളം സമയം വേണമെന്നും രാജാവിനെ ബിഷു ധരിപ്പിച്ചുവത്രെ.
സൂര്യക്ഷേത്രത്തിന്റെ നിർമാണ വൈഭവങ്ങൾ കേട്ട് രാജാവും ഏറെ സന്തോഷിച്ചു. തന്റെ ഭരണ കാലത്ത് ഏറേ അദ്ഭുതങ്ങളുള്ള സൂര്യക്ഷേത്രം യാഥാർഥ്യമാകുന്നു. പത്തടി വ്യാസമുളള എട്ട് ആരക്കാലുകൾ വീതമുളള പന്ത്രണ്ട് ചക്രങ്ങളാണ് ക്ഷേത്രത്തിന് ഇരുപുറവും. ഈ ചക്രങ്ങളുടെ താഴെ പതിച്ച നിഴൽ നോക്കി കൃത്യമായ സമയവും കണക്കാക്കാം. ചക്രത്തിന്റെ അവസാന ഭാഗത്തെ മുത്തുകളാണ് സമയനിർണയത്തിന് സഹായിക്കുക. 229 അടി ഉയരത്തിലാണ് മധ്യത്തിലുളള പ്രധാന ക്ഷേത്രം. ഓരോ ചക്രത്തിലെയും ഇഴകൾ സൂര്യാസ്തമയങ്ങളായി അനുഭവപ്പെടുമ്പോൾ നിഴലുകൾ പകലിന്റെ ഓരോ സമയവും അറിയിക്കുന്നു.
രഥം ക്ഷേത്രത്തെ കിഴക്കോട്ട് വലിക്കുകയും ആഴ്ചയിലെ ഏഴ് ദിവസങ്ങളെ പ്രതീകപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പന്ത്രണ്ട് മാസത്തെ പ്രതിനിധീകരിക്കുന്ന കൊത്തുപണികളുള്ള ഇരുപത്തിനാല് ചക്രങ്ങൾ രഥത്തിന്റെ നാലുഭാഗത്തും കാണാം. കരിങ്കല്ലുകൾ പ്രത്യേക കാന്തിക ശക്തിയുടെ ബലത്തിൽ ഇരുമ്പുതകിടുകളാൽ ചേർത്താണ് ക്ഷേത്ര നിർമാണത്തിന്റെ ഓരോഘട്ടവും. ഉദയസൂര്യന്റെ കിരണങ്ങൾ പ്രവേശന കവാടത്തിലൂടെ കടന്നുവന്ന് പ്രധാന പ്രതിഷ്ഠയുടെ നടുവിൽ പതിച്ചിരിക്കുന്ന വജ്രത്തിൽ തട്ടി പ്രതിഫലിക്കുന്ന വിധത്തിൽ കിഴക്കോട്ടാണ് ദർശനം ഒരുക്കിയിട്ടുളളത്. പ്രധാന ക്ഷേത്രത്തിനു പുറമെ ചുറ്റിലുമായി ഇരുപത്തിരണ്ട് ഉപക്ഷേത്രങ്ങളുമുണ്ട്.
മഹത്തായ വാസ്തുവിദ്യയുടെ ഈ ശിൽപാദ്ഭുതത്തിൽ മനോഹരവും കൗതുകകരവുമായ ശിൽപങ്ങളുടെ നിരയും നീതി ന്യായ വ്യവഹാര രംഗങ്ങളും യുദ്ധരംഗങ്ങളും പ്രണയലീലകളും കാമസൂക്തങ്ങളും തുടിപ്പോടെ സ്ഥാനം പിടിച്ചിരിക്കുന്നു. ചേതോഹരമായ ഈ കാഴ്ചകളിൽനിന്ന് ആർക്കും കണ്ണെടുക്കാൻ സാധിക്കില്ല.
ക്ഷേത്രശിൽപികളുടെ കൂട്ടത്തിൽ തലയെടുപ്പോടെ നിൽക്കുന്ന പേര് ബിഷു മഹാറാണയുടെതാണെങ്കിലും, ബിഷുവിന്റെ പന്ത്രണ്ട് വയസ്സുമാത്രം പ്രായമുമുള്ള മകൻ ധർമപാദന്റെ ബുദ്ധിവൈഭവവും ശാസ്ത്രവും വാസ്തുവിദ്യയും ഒത്തുചേർന്ന സാമർഥ്യമാണ് ചരിത്രത്താളുകളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ബിഷുവിന്റെ നേതൃത്വത്തിലുളള സൂര്യക്ഷേത്ര നിർമാണം പലപ്പോഴും ദുർഘടമായിരുന്നു. പല ദിക്കുകളിൽ നിന്നുമായി എത്തിക്കുന്ന കൂറ്റൻ പാറക്കല്ലുകൾ ഉറപ്പുനോക്കി വേണം തരംതിരിച്ച് ശിൽപികൾക്ക് നൽകാൻ. പാറകൾ ആവശ്യമനുസരിച്ചുളള ആകൃതിയിലാക്കുവാൻ ഒരു വിഭാഗം പണിയാളർ. അളവുകൾക്ക് ഒത്തിണങ്ങിയ ശിൽപങ്ങൾ ഉണ്ടാക്കുന്ന ശിൽപികളുടെ നിര വേറേ. ശാസ്ത്രവും വാസ്തുവിദ്യയും ഇഴ ചേർന്നുളള ക്ഷേത്രനിർമാണ പ്രക്രിയയിൽ ഊണും ഉറക്കവുമില്ലാതെ ബിഷു മഹാറാണ ഓടി നടന്നു. ഇതിനിടയിൽ ക്ഷേത്രനിർമാണം പൂർത്തിയാക്കാൻ ധൃതി കൂട്ടൂന്ന രാജസദസ്സിലെ പ്രധാനികളുടെ എഴുന്നളളിപ്പും കോലാഹലങ്ങളും വേറേ..
രാജാവിനേക്കാൾ കർക്കശമായി പെരുമാറുന്നവരുടെ ചോദ്യങ്ങൾ പലപ്പോഴും ക്രിയാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ബിഷുവിനെ അങ്കലാപ്പിലാക്കിയിരുന്നു. കാലം അങ്ങനെ നീങ്ങി. വെയിലും മഴയും മഞ്ഞും വകവയ്ക്കാതെ ശിൽപികൾ ക്ഷേത്ര നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും അർപ്പണത്തോടെ നിന്നു. പന്ത്രണ്ട് വർഷങ്ങളുടെ അവസാനമടുത്തു. ബിഷു രാജാവിന് നൽകിയ വാക്ക് പാലിക്കാനുളള സമയവുമായി.
അങ്ങകലെ, ബിഷു മഹാറാണയുടെ പ്രിയതമയും പുത്രനും അദ്ദഹത്തിന്റെ വിവരങ്ങൾ അറിയാതെ കാത്തിരുന്ന് നിരാശരായി. ധർമപാദൻ ഗർഭാവസ്ഥയിലായിരിക്കെയാണ് രാജാവിന്റെ കൽപനപ്രകാരം, ബിഷു മഹാറാണ സൂര്യക്ഷേത്ര നിർമാണത്തിന് യാത്രപറഞ്ഞിറങ്ങുന്നത്. പന്ത്രണ്ടാം വയസ്സിൽ ധർമപാദന് സ്വപിതാവിനെ കാണാൻ കലശമായ ആഗ്രഹം. ഗത്യന്തരമില്ലാതെ, അമ്മ പിതാവിന്റെ അടുക്കലേക്ക് പോകാൻ മകനെ അനുവദിക്കുന്നു.
അങ്ങനെ, നീണ്ട യാത്രയ്ക്കൊടുവിൽ ധർമപാദൻ പിതാവിനെ കാണാനെത്തി. ഏറെ ദൂരങ്ങൾതാണ്ടി പിതാവിന്റെ ശിൽപകൊത്തളത്തിൽ എത്തിയപ്പോൾ, അദ്ദേഹം ആകുലനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് ധർമപാദൻ കണ്ടത്. സന്തോഷ നിമിഷങ്ങളേക്കാൾ അവൻ പ്രാധാന്യം കൽപിച്ചത് പിതാവിന്റെ ആശങ്കയ്ക്കാണ്. പിതാവിന്റെ ആകുലതകൾ മകനിൽ ഇറക്കി വച്ചു. ‘‘സൂര്യക്ഷേത്രത്തിന്റെ മുകളിലെ കിരീടം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല, അടുത്ത ദിവസത്തെ സൂര്യോദയത്തിന് മുമ്പ് പ്രധാന ദൗത്യം പൂർത്തിയാക്കിയില്ലെങ്കിൽ 1,200 കരകൗശല വിദഗ്ധരെ വധിക്കുമെന്നാണത്രേ രാജകല്പന.’’
ഏറേ ചിന്തിച്ചപ്പോൾ പിതാവുൾപ്പെടെയുളള ശിൽപികളുടെ ദൗത്യം അസാധ്യമാണെന്ന് തോന്നിയെങ്കിലും, ധർമപാദന് ഒരു പ്രത്യേക ചൈതന്യം കൈവന്നു. ആ ബാലൻ ഒറ്റയ്ക്കു തന്നെ അത് പൂർത്തിയാക്കാൻ തീരുമാനിച്ചു. അതിന് പിന്നിൽ അനുഭവത്തിന്റെ പശ്ചാത്തലം കൂടി ധർമപാദനുണ്ട്. ബിഷു മഹാറണയുടെ വീട്ടിൽ വലിയ കാന്തശേഖരമുണ്ടായിരുന്നത്രേ. കുട്ടിക്കാലം മുതൽ ആ ശേഖരത്തിൽ കളിച്ചാണ് ധർമപാദൻ വളർന്നത്. രണ്ട് കാന്തിക ലിഫ്റ്റർ ഉപയോഗിച്ച് രണ്ട് ഡയമാഗ്നറ്റിനിക് ഗ്രാഫൈറ്റ് ബ്ളോക്കുകൾക്കിടയിൽ ഒരു കാന്തം എങ്ങനെ ഫ്ളോട്ട് ചെയ്യാമെന്നുൾപ്പെടെയുളളതെല്ലാം ധർമപാദന് അറിയാമായിരുന്നു. വീട്ടിലെത്തുന്നവരെ ആശ്ചര്യപ്പെടുത്താൻ കാന്തശേഖരത്തിൽ നിന്ന് പല പരീക്ഷണങ്ങളും അവൻ നടത്തുമായിരുന്നു. സാധാരണ ഒരു ബാലനിൽ കാണാത്ത ബുദ്ധിവൈഭവം കണ്ട് എല്ലാവരും അവനെ അഭിനന്ദിക്കും.
കൊണാർക്കിലെത്തിയ ധർമപാദൻ ആദ്യം നിരീക്ഷിച്ചത് കാന്തിക ശക്തിയാൽ രൂപപ്പെടുന്ന വാസ്തുശിൽപ രീതികളെയാണ്. പിതാവിനൊപ്പമുളള കൂടികാഴ്ചയിൽ ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളെല്ലാം ധർമപാദൻ ചോദിച്ചു മനസ്സിലാക്കി. നിലവിലെ പ്രതിസന്ധിക്കുളള ഉപായമായിരുന്നു അതിൽ പ്രധാനം. സൂര്യവിഗ്രഹത്തിന്റെ ശിരോവസ്ത്രത്തിൽ ഒരു വലിയ വജ്രം ഉറപ്പിച്ചിട്ടുണ്ടെന്നും പുലർച്ചെ, ആദ്യപ്രഭാത രശ്മികൾ നാട്യമന്ദിറിലൂടെ പ്രാർഥനാഹാളിന്റെ കോസ്മിക് വാതിലുകളിൽ പ്രവേശിച്ച്, ഹെഡ് ഗിയറിൽ വജ്രത്തിൽ പതിക്കയും ക്രമേണ ശ്രീകോവിൽ മുഴുവൻ പ്രകാശിക്കുകയും ചെയ്യുന്ന തരത്തിലാണ് ബിഷു മഹാറാണ ക്ഷേത്രത്തിലെ ജഗമോഹനും നാട്യ മന്ദിറും രൂപകൽപന ചെയ്തിരിക്കുന്നതെന്നു മകനോട് പറഞ്ഞു.
"സൂര്യദേവൻ വായുവിൽ തങ്ങിനിൽക്കുകയും പകലിന്റെ വിവിധ സമയങ്ങളിൽ സൂര്യരശ്മികൾ ശ്രീകോവിലിൽ പ്രകാശത്തിന്റെ മിന്നുന്ന ദൃശ്യം സൃഷ്ടിക്കുകയും ചെയ്യും." പിതാവിന്റെ പദ്ധതി ലോകോത്തരമാണ്. എല്ലാ അർഥത്തിലും ഈ സൂര്യക്ഷേത്രം ശ്രദ്ധിക്കപ്പെടണം! ഈ പദ്ധതി ലക്ഷ്യപ്രാപ്തിയിലെത്തുക തന്നെ വേണമെന്നവൻ അതിയായി ആഗ്രഹിച്ചു. ഇതിനിടയിൽ പിതാവിനെ ആശങ്കയിലാഴ്ത്തിയതിന്റെ വാസ്തവത്തിലേക്കായി അവന്റെ ചിന്ത. 'കാന്തിക സൂര്യദേവൻ വായുവിൽ നേരിയ ചരിവില്ലാതെ ഒരു സന്തുലിതാവസ്ഥയിൽ കുറ്റമറ്റരീതിയിൽ എത്തിക്കണം."
അവന്റെ അറിവും സാമർഥ്യവും സൂക്ഷ്മമായ നിരീക്ഷണങ്ങളും ഇതിനകം തന്നെ മറ്റ് ശില്പികളിലും എത്തി.ചിലർ വാഴ്ത്തുകയും മറ്റു ചിലർ അവനെയും പിതാവിനേയും പരിഹസിക്കുകയും ചെയ്തു. ‘‘കേവലം ഒരു ബാലൻ ഇത്രയും വലിയ കാര്യങ്ങൾക്കൊക്കെ മുതിർന്നോ?’’ അവർ ചോദ്യശരങ്ങളുമായി ബിഷുവിനു മുന്നിലെത്തി. തല പോകുന്ന കാര്യമാണ്, നിതാന്ത ജാഗ്രത വേണം. ആ രാത്രിയിൽ ആരും ഉറങ്ങിയില്ല. മണൽ്പരപ്പിൽ ഇരുന്നവർ നേരം വെളുപ്പിച്ചു. നേരം പുലരുന്നതിനിടെ അവർ ആ അദ്ഭുത വാർത്തയറിഞ്ഞു. തങ്ങൾക്കുപകരം ഒരു ബാലൻ ക്ഷേത്രത്തിന്റെ അവസാന പണി വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു.
ആദ്യം ആശ്വാസമായി തോന്നിയെങ്കിലും ചിന്തിച്ചപ്പോൾ അതിലെ തെറ്റും ശരിയും അവരെ ആശങ്കയിലാഴ്ത്തി. കാലങ്ങളോളം ശിൽപ വൈഭവം തീർത്ത് കീർത്തി നേടിയവരെ മറി കടന്ന് കേവലം ഒരു ബാലനാണ് ക്ഷേത്രത്തിന്റെ ദുർഘടമായ പണി പൂർത്തിയാക്കി വിജയിച്ചതെന്ന് രാജാവ് അറിഞ്ഞാൽ അത് പണിയെടുത്ത ശിൽപികൾക്കെല്ലാം നാണക്കേടാണ്. പ്രധാന ശിൽപിയായ ബിഷു മഹാറാണയുടെ സൽപേരും ഇതോടെ ഇല്ലാതാവും. അതുകൊണ്ട് ധർമപാദനെ തന്ത്രം മെനഞ്ഞ് വധിക്കുക. സഹശില്പികളുടെ ഈ കുശാഗ്ര നീക്കത്തെ ബിഷു ശക്തമായി എതിർത്തു. "തന്റെ മകനെ എല്ലാവരും ചേർന്ന് ഇല്ലാതാക്കരുത്. അവന് വലിയ ഭാവിയുണ്ട"
ഇതിനിടയിൽ, ശിൽപികളുടെ അവഹേളനവും ഗൂഢാലോചനയും പിതാവിന്റെ കേണപേക്ഷയുമൊക്കെ ധർമപാദനും അറിയാനിടയായി. "കീർത്തി കേട്ട പിതാവിനെ പിന്തളളി പുത്രൻ ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു." അപഹാസ്യനാവുന്ന സ്വന്തം പിതാവിന്റെ മനസ്സ് ആ ബാലൻ വായിച്ചെടുത്തു. അവനൊടുവിൽ ഒരു തീരുമാനമെടുക്കുന്നു. രാജകിങ്കരന്മാരുടെ വാൾമുനയിൽ നിന്ന് പിതാവിന്റേയും കരകൗശലക്കാരുടേയും സുരക്ഷ ഉറപ്പാക്കണം. തന്റെ നാമം രാജ്യത്തുടനീളം വിളംബരം ചെയ്യുമെന്ന് ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചുപോയ ധർമപാദൻ അതെല്ലാം മനസ്സിൽനിന്നു പാടേ മായ്ച്ചു. ഒരു ലിഖിതത്തിലും ധർമപാദന്റെ നാമം വരരുത്.
ധർമപാദൻ ഉദയത്തിനുമുമ്പുതന്നെ ക്ഷേത്രഗോപുരത്തിലെത്തി. താഴെ കടൽ പതിവില്ലാത്ത വിധം ഇരമ്പുന്നു. തിരമാലകൾ തന്നെ വഹിക്കാനെത്തുന്നതു പോലെ അവന് തോന്നി. മാനത്തെ കറുത്തിരിണ്ട നക്ഷത്രങ്ങൾ ദയാവായ്പോടെ അവനെ നോക്കി. അവൻ സൂര്യദേവനെ മനസ്സുകൊണ്ട് വന്ദിച്ചു. "വിഷുപ്രഭാതത്തിലെ സൂര്യരശ്മികൾ ചേതനയറ്റ എന്റെ ശരീരത്തിലൂടെ വേണം ക്ഷേത്രമുഖമണ്ഡപത്തിലെത്താൻ! പിന്നൊന്നും അവൻ നോക്കിയില്ല. കാറ്റിനെ കീറിമുറിച്ചുകൊണ്ട് അവന്റെ ശരീരം അതിവേഗത്തിൽ താഴേക്ക് പതിച്ചു.
കാറ്റും കോളും ആ ദുഃഖം ഏറ്റുചൊല്ലി. സമുദ്രത്തിലെ അലയടി കേൾക്കാതായി, ദുഃഖത്തിന്റെ നുരപതകൾ തീരത്തെ മണൽപരപ്പിൽ ലയിച്ചു. ആകാശമാവട്ടെ കൂടുതൽ കറുത്തിരുണ്ടു. നക്ഷത്രങ്ങൾ കണ്ണീർ പൊഴിച്ച് മേഘപാളികളിലേക്ക് മറഞ്ഞു. ദുഃഖത്തിന്റെ മുഖം അങ്ങനെയാണ്, ചിലരുടെ വേർപാടിൽ പ്രകൃതി പോലും കണ്ണീർവാർക്കും!
ധർമപാദൻ 'ധർമപാദം' പൂകി കഥാവശേഷനായ ഐതിഹാസികത നിറഞ്ഞ ഭാഗം എത്രത്തോളം ചരിത്രം വാഴ്ത്തിയെന്നറിയില്ല. കാലങ്ങൾക്കപ്പുറം ഇന്നും ഒരു വിലാപഗീതം ഇവിടെ നിന്ന് കേൾക്കാം. അത് ധർമപാദനെക്കുറിച്ചുളള പ്രകൃതിയുടെ ഗീതമാണോ...? അതോ, വികൃതമാക്കപ്പെട്ട സൂര്യക്ഷേത്രത്തിലെ നിലം പരിശായതും തലയും ഉടലും മുറിക്കപ്പെട്ടതുമായ ഒട്ടനേകം ശിൽപങ്ങളിൽനിന്നു ധാരയായി മണ്ണിൽ കുതിർന്ന കണ്ണീർചാലുകളുടെ ഓർമപ്പെടുത്തലാണോ...?
കൊണാർക്ക് നിലം പതിക്കാതിരിക്കാൻ അകവും പുറവും സംരക്ഷണം ഒരുക്കി പുരാവസ്തുവകുപ്പ് കഠിനമായ ശ്രമം നടത്തുന്നുണ്ട്. കൊണാർക്ക് എന്ന അദ്ഭുത ശിൽപകാവ്യം അവശേഷിക്കുന്നവതുവരെ ധർമപാദൻ എന്ന് വിജ്ഞാനിയായ ബാലനും കഥയിലും കവിതയിലും ഇടം നേടും. കൊണാർക്ക് സന്ദർശിച്ച് തിരിച്ചു വരുമ്പോൾ വിശ്വമഹാകവി കുറിച്ചിട്ട ഹൃദയസ്പർശിയായ ഒരു വാചകമുണ്ട്. "ഇവിടെ കല്ലിന്റെ ഭാഷ മനുഷ്യന്റെ ഭാഷയെ മറികടക്കുന്നു." അതെ, അതെത്ര പരമമായ സത്യമാണ് !
English Summary: Konark Sun Temple Travel Guide