സാധാരണ യാത്രക്കാർ രണ്ടുതരത്തിലാണ് ഒന്നാമത്തെകൂട്ടർ കാടും മേടും താണ്ടി ഉയരങ്ങളിലെത്തുന്നവർ രണ്ടാമത്തെ കൂട്ടർ താഴ്‌വരകളെയും സമുദ്രതീരങ്ങളേയും സ്നേഹിക്കുന്നവർ. ആൺയാത്രകൾ, പെൺയാത്രകൾ...എന്നിങ്ങനെ എന്തു പേരിട്ട് വിളിച്ചാലും സ്വയം തിരിച്ചറിഞ്ഞൊരു യാത്ര നടത്തുമ്പോഴാണ് കൂടുതൽ അനുഭവങ്ങൾ കിട്ടുന്നത്. സ്വയം അറിയാനും വളരാനും യാത്രകൾക്കൊണ്ട് കഴിയും എന്ന് കാണിച്ചു തന്നൊരു ടീച്ചറെ പരിചയപ്പെട്ടാലോ?
കാടും മലയും കയറാൻ ഇഷ്ടപ്പെടുന്നൊരു സാധാരണക്കാരിയിൽ നിന്ന് കരയും കടലും കഥപറയുന്ന ധനുഷ്കോടിയുടെ തീരങ്ങളിലേക്ക് സ്വയം അലിഞ്ഞൊരു പെൺയാത്രയിൽക്കെത്തിയതിന്റെ വിശേഷങ്ങളും... അധ്യാപികയെന്ന ജോലിക്കും അപ്പുറം പക്ഷിനിരീക്ഷകയായി മാറാൻ ആഗ്രഹിക്കുന്ന പുഷ്പ ടീച്ചർ. മലപ്പുറം ചെളാരി വി എച്ച് എസ് സി കമ്പ്യൂട്ടർ സയൻസ് അധ്യാപികയാണ് സി ആർ പുഷ്പ. പ്രകൃതി ഭംഗിയുടെയും പക്ഷിനിരീക്ഷണത്തിന്റെയും കൈയൊപ്പ് ചാർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏവർക്കും പ്രിയപ്പെട്ടതായപ്പോൾ ടീച്ചർക്കത് പുതിയ യാത്രയ്ക്കുള്ള പ്രോത്സാഹനമായി. വനിതാദിനത്തിൽ അതിസാഹസികതയൊന്നുമില്ലാത്ത ചില യാത്രാവിശേഷങ്ങൾ കേട്ടാലോ...
ടീച്ചിങ്ങോ ഫോട്ടൊഗ്രഫിയോ?
അധ്യാപിക എന്ന ജോലി ആരെയും എന്ന പോലെ എന്നെയും മോഹിപ്പിച്ചിരുന്നു . കുട്ടികളോടൊപ്പം ആയിരിക്കുക എന്നത് തീർച്ചയായും സന്തോഷകരമാണ്. 2007 ലാണ് അധ്യാപിക ആയി ജോലിയിൽ പ്രവേശിക്കുന്നത് . അന്ന് ഞാനൊരു ക്യാമറ കണ്ടിട്ടു തന്നെയില്ല . യാത്ര ചെയ്യാൻ ഇഷ്ടമായിരുന്നെങ്കിലും ഇന്നത്തെപ്പോലെ ഹരമായി മാറിയിരുന്നില്ല. ഒരു പാട് മുന്നൊരുക്കങ്ങൾ ആവശ്യമുള്ള ഒന്നായിരുന്നു അന്നൊക്കെ യാത്രകൾ. ബസിൽ അതിസുഖകരമായ സീറ്റും യാത്രയും തരപ്പെട്ടില്ലെങ്കിൽ ബുദ്ധിമുട്ടായിരുന്നു. മറ്റൊരിടത്ത് പോയി ഉറക്കം ഭക്ഷണം ഒക്കെയും പ്രശ്നമായിരുന്നു. ഇപ്പോൾ ഒക്കെ മാറി. യാത്ര ഹരമായി. തൊട്ടടുത്ത നിമിഷത്തിൽ ഏതു യാത്രയും പുറപ്പെടാം എന്ന മട്ടിൽ മനസൊരുങ്ങി. അത്യാവശ്യം വസ്തുക്കൾ ഏതു നിമിഷവും പുറപ്പെടാൻ പാകത്തിൽ ബാഗിൽ തന്നെ ഉണ്ടെന്ന അവസ്ഥ. യാത്ര, ക്യാമറ തുടങ്ങിയ പുതിയ ഇഷ്ടങ്ങളിലേക്ക് എത്തുമ്പോൾ ജോലിയിൽ നിന്ന് കിട്ടുന്ന അവധിക്കാലങ്ങൾ ഒരു പാട് ഉപകാരപ്പെടുന്നു.
എന്തിഷ്ടമാണെന്നോ...
എന്റെ ഏറ്റവും കടുത്ത പ്രണയം യാത്രയോടു തന്നെ, ക്യാമറ രണ്ടാംസ്ഥാനത്ത്. ഞാനിവിടെ ഉണ്ട് എന്ന അടയാളപ്പെടുത്തുന്നത് ക്യാമറ ആയതിനാൽ അങ്ങനെയൊരു ഇഷ്ടം അതിനോടും ഉണ്ട്.കാനോൺ പവർ ഷോട്ട് SX 50 ആയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. അടുത്തിടെ Nikon 7200 വാങ്ങി. ഇപ്പോൾ അതിൽ പരീക്ഷണങ്ങൾ നടത്തി വരുന്നു.
എന്റെ പ്രിയപ്പെട്ട പക്ഷികൾ
പക്ഷികളുടെ ലോകത്തേക്ക് എങ്ങനെ എത്തിപ്പെട്ടു എന്നറിയില്ല. പക്ഷേ ഇന്നിപ്പോൾ വലിയ സന്തോഷം അവരാണ്. പക്ഷികൾക്ക് വേണ്ടി യാത്രകൾ, യാത്രയിലെ പക്ഷികൾ രണ്ടും ആസ്വദിക്കുന്നു. കൂടുതൽ ഇഷ്ടം കുരുവികളെയാണ്. പക്ഷികൾ ധാരാളം ഉള്ള ഇടങ്ങൾ മനോഹരമായ കാഴ്ചകൾ കൊണ്ടും സമ്പന്നമായിരിക്കും. ഉദാഹരണം മൂന്നാർ കേരളത്തിൽ ഏറെ ഇഷ്ടപ്പെട്ട സ്ഥലമാണ്. കേരളത്തിൽ വിവിധ പക്ഷികളെ കൂടുതലായി കാണുന്ന ഇടവും മൂന്നാർ തന്നെ എന്നാൽ നല്ലൊരു ഫോട്ടോ കിട്ടുക എന്നത് ഒരു പാട് കാര്യങ്ങളെ ആശ്രയിച്ചിരിക്കും; ഒരു ഫോട്ടോ മതിയാകും ഒരു യാത്ര മുഴുവനായ് ഓർത്തെടുക്കാൻ .
ക്യാമറയിൽ പക്ഷിയെ ഇങ്ങനെ അടുത്തു കാണുന്നതേ സന്തോഷം. അതിങ്ങനെ കണ്ണ് ചിമ്മുന്നതും ചീകി ഒരുങ്ങുന്നതും. ചെറിയ പക്ഷികളോട് ഇത്തിരി ഇഷ്ടം കൂടുതലുണ്ട്. എപ്പോഴും അവർ ഊർജസ്വലരായിരിക്കും. ഒരു പാട് ശത്രുക്കൾ ഉള്ളത് കൊണ്ട് തന്നെ ഭക്ഷണം തേടുമ്പോഴും തൂവൽ ഒതുക്കുമ്പോഴും ചിലയ്ക്കുകയും നാലുപാടും പാളി നോക്കിക്കൊണിരിക്കയും ചെയ്യും. ജീവൻ നിലനിർത്താൻ 24 മണിക്കൂറും ഓരോ അണുവും ഉണർന്നിരിക്കണം. അതു നോക്കിയിരിക്കുമ്പോൾ അറിയാതൊരുണർവ് നമ്മിലും വരും. ചില പക്ഷികൾ എല്ലായിടത്തും കാണാറില്ല . അപ്പോൾ അവയെ കാണാനായി അവ ഉള്ളസ്ഥലം തപ്പി പോകേണ്ടി വരും .
തീർച്ചയായും അ സ്ഥലം മനോഹരമായ കാഴ്ചാനുഭവം കുടി പങ്ക് വയ്ക്കും പക്ഷിയെ കാണാൻ പറ്റിയില്ലെങ്കിലും യാത്രാനുഭവം ആത്മാവിലുണ്ടാകും . പക്ഷിയെ കാണുക എന്നത് പലപ്പോഴും ഭാഗ്യം കൂടിയാണ്. പക്ഷികളെ കണ്ടില്ലെങ്കിലും യാത്ര ചെയ്തും അറിയാത്ത സ്ഥലത്തെ മനുഷ്യരും ഭക്ഷണവും കാഴ്ചകളും എല്ലാം കിട്ടുമ്പോൾ നഷ്ബോധം തോന്നില്ല. പക്ഷികളുടേയും മറ്റും ഫോട്ടോയ്ക്കായ് യാത്ര ചെയ്യാറുള്ളത് കൂടുതലും നാട്ടിൽ തന്നെയാണ്. ഒന്നോ രണ്ടോ ദിവസമാണ് ജോലിത്തിരിക്കിൽ യാത്രയ്ക്കായി കിട്ടുന്നത്. പുതിയ പക്ഷികളെ കാണുക എന്നത് തന്നെയാണ് ഏറ്റവും സന്തോഷം. ഈ മനോഹരതീരത്ത് ...
പല തവണ പോയിട്ടും വീണ്ടും പോകാൻ തോന്നുന്ന ഒരിടം ധനുഷ് കോടി ആണ്. കാടും കുന്നുകളും മലകളും ഇഷ്ടപ്പെടുന്നൊരാൾക്ക് എങ്ങനെ ഇങ്ങനെ ഒരിഷ്ടമുണ്ടായി എന്ന് തോന്നിയിട്ടുണ്ട്. 360 ഡിഗ്രി ചുറ്റും കടൽ... വിപരീത സ്വഭാവങ്ങളുള്ള രണ്ട് കടലുകൾ ഒന്നിക്കുന്നത് അത്രയും ശാന്തമായിട്ടാണ് .. ആര് ആരിലേക്കാണ് അലിയുന്നത് എന്ന് അറിയാനേ കഴിയില്ല . ഞാൻ മൂന്ന് ധനുഷ് കോടി കണ്ടിട്ടുണ്ട് .. കാരണം ഒരു ധനുഷ് കോടി ഒരിക്കലേ കാണാൻ കഴിയൂ. തിരയൊന്നു കയറി ഇറങ്ങുമ്പോൾ അവിടം തീരം മാറി കടലും കടൽ മാറി തീരവും വരും . സൈക്ലോണിൽ നശിപ്പിക്കപ്പെട്ട നഗരമാണിവിടം. പ്രേത നഗരമെന്നാണ് ഇപ്പോൾ അറിയപ്പെടുന്നതും .. അതെ ഒറ്റയ്ക്ക് പോയി നിന്നാൽ നമുക്കത് തോന്നുക തന്നെ ചെയ്യും. ഒരു മണൽത്തരി പോലെ നമ്മെ നിസ്സാരമാക്കാൻ പോന്ന വിശാലതയുള്ള ധനുഷ് കോടി. കാത്തിരുന്നെങ്കിൽ എന്ന് തോന്നിപ്പിക്കുന്ന വിശേഷപ്പെട്ട എന്തോ ഒന്ന് ..
പറ്റില്ലെന്ന് പറയല്ലേ...
സ്ത്രീ യാത്രക്കാരെ ഇപ്പോഴും സമൂഹം ഒട്ടൊരു അത്ഭുതത്തോടെയാണ് കാണുന്നതെന്നു തോന്നുന്നു. അവഗണനയോ തുറിച്ചു നോട്ടമോ ഒന്നും നേരിട്ടിട്ടില്ല .. പക്ഷേ അതിശയവും അവിശ്വസനീയതയും തുളുമ്പുന്ന കണ്ണുകൾ നിരവധി കാണാറുണ്ട് . സ്ത്രീകൾക്ക് പറ്റില്ല എന്ന് പറയപ്പെടുന്ന കാര്യങ്ങൾ ഇടങ്ങൾ ഒക്കെ എന്നെ മോഹിപ്പിക്കാറുണ്ട് . പക്ഷേ കഴിയുമെന്ന് 100 ശതമാനം ഉറപ്പില്ലാത്ത കാര്യങ്ങൾക്ക് പുറപ്പെടാറില്ല. ഒറ്റയ്ക്കാണ് എന്ന ബോധം കൂടുതലുള്ളതു കൊണ്ടാകാം യാത്രയിലോ ജീവിതത്തിലോ അതി സാഹസികതകൾക്ക് മുതിരാറില്ല. കഴിവതും സുരക്ഷിതമായ ഇടങ്ങളെയും മനുഷ്യരെയും തിരഞ്ഞെടുക്കാറുണ്ട്.
സ്വപ്നഭൂമി
പുതിയ ഇടങ്ങളിലെത്തുമ്പോൾ അവിടത്തെ മനുഷ്യരേയും ജീവിതങ്ങളേയും നാടൻ ഭക്ഷണത്തേയും ഒക്കെ അറിയാൻ ശ്രമിക്കാറുണ്ട്. അതിനു വേണ്ടിയാണ് അവിടെ പോയതെന്നു തോന്നും. ഹിമാലയം ആണ് ഇപ്പോഴത്തെ സ്വപ്നം. യാത്ര ഇഷ്ടപ്പെടുന്ന ഏതൊരാളിനേയും ഏറ്റവും കുറഞ്ഞ ആഗ്രഹമാകും ഹിമാലയം എന്നതിൽ അതിശയമില്ല. പറഞ്ഞും കേട്ടും മനസിലത് ഹിമാലയം പോലെ വളർന്നിരിക്കുന്നു. പിന്നെ അഗസ്ത്യർ കൂടം,ആനമുടി എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യണം.. (അഗസ്ത്യർകൂടത്തിൽ സ്ത്രീകൾക്ക് പോകാൻ കഴിയില്ലെന്ന വിലക്ക് ഈ വർഷം മാറ്റിയിട്ടുണ്ട്.)
മൗനം സ്വരമാകുന്ന യാത്രകൾ
യാത്രയിൽ പരിചയപ്പെട്ട സുഹൃത്തുക്കൾ ആരുമില്ല എനിക്ക്. നിശബദ്മായിട്ടുള്ള യാത്രകളാണ് ഇഷ്ടം, പക്ഷെ അത് പലപ്പോഴും നടക്കാറില്ല. യാത്ര എത്രയും വിശേഷപ്പെട്ട ഒന്നാണ്. ഒരു ധ്യാനം പോലെ. കൂട്ടുകാരി ബിനു ആനമങ്ങാടിനൊപ്പമാണ് മിക്കയാത്രകളും. യാത്രയിൽ കൂട്ടാവാൻ കഴിയുക എന്നതു തന്നെയാണ് സൗഹൃദത്തിന്റെ ഏറ്റവും ഉദാത്തമായ അവസ്ഥ എന്ന് ഞാൻ കരുതുന്നു. നമ്മുടെ ഇഷ്ടങ്ങളെ നേരം പോക്കുകളായോ ഭ്രാന്തുകളായോ കാണുന്നവരുണ്ട് സുഹൃത്തുക്കളിൽ പോലും... അത്തരം ആൾക്കാരാടോപ്പം യാത്ര ആലോചിക്കാൻ പോലും ആവില്ല.