നിറക്കൂട്ടിനകത്തുപെട്ടതുപോലെയാണ് ചിന്നാറിൽ ചെന്നാൽ.
കേരളത്തിലെ മഴനിഴൽക്കാടാണ് ചിന്നാർ വന്യജീവിസങ്കേതം. മൂന്നാർമലനിരകൾ കടന്ന് മറയൂരിലെത്തുമ്പോൾ തന്നെ മഴ നമുക്കന്യമാകും. മറയൂരിൽനിന്ന് തമിഴ്നാട്ടിലെ ഉഡുമൽപേട്ടയിലേക്കുള്ള കാട്ടുവഴിയിലാണ് കേരളത്തിന്റെ മഴനിഴൽസുന്ദരിയായ ചിന്നാർ.
സാഹസികരെയും സഞ്ചാരികളെയും സകുടുംബയാത്രികരെയും ചിന്നാർ സ്വാഗതം ചെയ്യുന്നു. ചിന്നാറിന്റെ നിറക്കൂട്ട് എന്താണെന്നറിയേണ്ടേ..
മഴനിഴൽക്കാടെന്നു വച്ചാൽ..
മഴയുടെ നിഴൽ മാത്രം കിട്ടുന്ന കാട് എന്നുതന്നെ അർഥം. അതായത് ഒരു മലയ്ക്കിപ്പുറത്ത് കനത്തമഴ കിട്ടുമ്പോൾ അപ്പുറത്ത് വരണ്ട കാലാവസ്ഥയുണ്ടെങ്കിൽ അഥവാ മഴയുടെ പൊട്ടും പൊടിയും മാത്രം കിട്ടുന്നുവെങ്കിൽ അത് മഴനിഴൽപ്രദേശമാണ്. മൊത്തത്തിൽ വരണ്ടിരിക്കും പ്രകൃതി. എന്നുവച്ച് ചിന്നാർ നിങ്ങളെ നിരാശരാക്കില്ല കേട്ടോ..
ഇരുപുഴകൾ ചേരുന്ന കൂട്ടാറിലും അതിസുന്ദരിയായ തൂവാനം വെള്ളച്ചാട്ടത്തിനടുത്തും മരവീടുകളുണ്ട്. അവിടെ ഒരു രാത്രി ചേക്കേറണം. പോകാം..
മൂന്നാറിന്റെ ഭംഗിയ്ക്കു തൽക്കാലം വിടപറഞ്ഞ് ഞങ്ങൾ അതിരാവിലെത്തന്നെ മറയൂർ റോഡിലേക്കു വണ്ടിയോടിച്ചു. വരയാടുകൾ വിഹരിക്കുന്ന ഇരവിക്കുളം ദേശീയോദ്യാനത്തിൽ ആദ്യത്തെ ട്രിപ്പിനുതന്നെ കയറിപ്പറ്റി. വരയാടുകളെ അടുത്തുകാണാം. അധികസമയം നമുക്കു ചിലവിടാനില്ല. ഉച്ചയ്ക്ക് ചിന്നാറിലെത്തണം. കാരണം കാട്ടിലൂടെ ഒത്തിരി ദൂരം നടന്നാലേ കൂട്ടാർ ലോഗ് ഹൗസ് എന്ന മരവീട്ടിലെത്താൻ പറ്റൂ. വൈകിയാൽ വന്യമൃഗങ്ങളിറങ്ങും. പിന്നെ ജീവനിൽക്കൊതിയുള്ള ഗൈഡുമാരാരും കൂടെ നടക്കാനുണ്ടാവില്ല.
ദേ അക്കാണുന്ന വെള്ളച്ചാട്ടമാണു തൂവാനം. അവിടെ അടുത്തൊരു മരവീടുണ്ട്. ബുക്ക് ചെയ്താൽ ആ വരണ്ടക്കാടിന് ഇത്തിരി ആശ്വാസമേകി പതഞ്ഞൊഴുകുന്ന പാമ്പാർ നദിയിലെ വെള്ളച്ചാട്ടം ആസ്വദിച്ച് രാപ്പാർക്കാം. ചുറ്റുമുള്ള മലകളെ നോക്കൂ. കുറ്റിമുല്ലകൾ നട്ടതുപോലെയല്ലേ കാടുകൾ.. ഇതാണു ചിന്നാറിന്റെ പ്രകൃതി. പാമ്പാറിനൊരു പ്രത്യേകതയുള്ളതറിയാമല്ലോ.. കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിലൊന്നാണിത്.
കേരള-തമിഴ്നാട് അതിർത്തിയിലെ ചിന്നാർ ഓഫീസിൽചെന്ന് കാശടച്ചു. കൂട്ടിനൊരു ഗൈഡ് എത്തി. ഞങ്ങൾ നടന്നുതുടങ്ങി. വാഹനം പാർക്ക് ചെയ്തത് ഒരു മരച്ചുവട്ടിലാണ്. ഹനുമാൻകുരങ്ങുകൾ കാറിനുമുകളിൽ ചവിട്ടുനാടകം നടത്തുന്നു. കൂടെവന്ന കൂട്ടുകാരിയുടെ നേരെ ഒരു വില്ലൻ പല്ലിളിച്ചുകാട്ടി അക്രമത്തിനു മുതിർന്നു. വടിയെടുത്ത് ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയപ്പോഴാണ് ചങ്ങാതി പിൻവാങ്ങിയത്.
ചിന്നാർ പേരുപോലത്തന്നെ ചിന്ന ആറാണ്. നല്ല ജലമുള്ളപ്പോഴും മുട്ടിനുമുകളിൽ വെള്ളം പൊങ്ങില്ലെന്നു ഗൈഡ് പറഞ്ഞു. കണ്ണീർപോലെ തെളിമയുള്ള ചിന്നാറിൽ
ആ കുഞ്ഞുസുന്ദരിപ്പുഴയിലെ പ്രതിഫലനം ആരോ എണ്ണച്ഛായാചിത്രം രചിച്ചതുപോലെയുണ്ട്. ആ പുഴയോരനടത്തം നിങ്ങളൊരിക്കലും മറക്കില്ല.
ഇക്കാണുന്നതാണ് കൂട്ടാർ ലോഗ് ഹൗസ്. പാറക്കൂട്ടങ്ങൾക്കു മുകളിൽ ഇലച്ചാർത്തുകൾക്കു താഴെയൊരു സ്നേഹവീട്. ഒരു മുറിയും അറ്റാച്ച്ഡ് ബാത്ത് റൂമും ചെറിയ ഉമ്മറവുമുള്ള കൊച്ചുവീട്. ചെറുവീട്ടിൽ അതും കാട്ടിൽ ഒന്നിക്കുന്ന സൗഹൃദങ്ങൾ പിരിയാറില്ലെന്ന് വാച്ചർമാർ കത്തിയടിച്ചു.
രാത്രി കൂടെവന്ന ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിക്കാർ ചപ്പാത്തിയും വൻപയർ കറിയും വച്ച് പുഴയോരത്തെ പാറപ്പുറത്തേക്കു വിളിച്ചു. നിലാവിൽ, ആർത്തലച്ചുപായുന്ന പാമ്പാറിന്റ കരയിൽ ഒന്നാന്തരം അത്താഴം.
അതിരാവിലെ ക്യാമറയെടുത്ത് നടക്കാനിറങ്ങി. ചിന്നാറിലെ പ്രമാണിയായ ഹനുമാൻകുരങ്ങിനെയും അത്യപൂർവ കാഴ്ചയായ
ചാമ്പൽ മലയണ്ണാനെയും കാണുകയാണു ലക്ഷ്യം. അതിനും ഈ എണ്ണഛായചിത്രം പോലെ കിടക്കുന്ന ചിന്നാറിന്റെ കരയിലെത്തണം. തുറന്ന കാടുകൾ ജലത്തിൽ തീർക്കുന്ന പ്രതിഫലനത്തെ ഏറെനേരം നോക്കിനിന്നു. സത്യത്തിൽ പ്രണയം തോന്നും ആ ചെറുനദിയോട്.. പണ്ടു മണ്ണപ്പം ചുട്ടുവച്ചതുപോലെ കുഞ്ഞുപാറകളും വച്ചുപിടിപ്പിച്ച മാതിരി ചെറുപുൽമേടും ചിന്നാറിനെ അണിയിച്ചൊരുക്കുന്നു. ചിന്നാറും കൂട്ടാറും ഒന്നിച്ചുചേർന്ന് അങ്ങുദൂരെ അമരാവതി ഡാമിലേക്കു ചെന്നു ചേരുന്നു. മുതലകളുടെ സ്വാഭാവിക ആവാസസ്ഥാനമാണത്രേ അമരാവതി.
തേടിനടന്ന വിദ്വാനെ ഒരു നോക്കു കാണാൻപറ്റി. ചാമ്പൽ മലയണ്ണാൻ. അവനും സാധാരണ മലയണ്ണാനും തമ്മിലൊരു കശപിശ. കാണാൻ വല്യ ഭംഗിയൊന്നുമില്ല കക്ഷിയ്ക്ക്. എങ്കിലും ഗമയ്ക്കൊട്ടു കുറവുമില്ല. ഏറെനേരം പിടിതരാതെ ആറിനുമുകളിലെ മരത്തലപ്പുകളിലൂടെ അവൻ അതോ അവളോ, പാഞ്ഞുനടന്നു. അവസാനം ഒരു പടത്തിനായി ചങ്ങാതി പോസ് ചെയ്തു തന്നു.
ഞങ്ങളുടെ ഈ പെടാപ്പാടെല്ലാം കണ്ട് കണ്ണുരുട്ടി നിശബ്ദനായി ഇരിക്കുന്ന ചങ്ങാതിയെ പിന്നീടാണു കണ്ടത്.
വല്യ മരത്തിന്റെ ശിഖരത്തിലൊന്നിൽ പരുന്ത് കൂടുകൂട്ടിയത് ഗൈഡ് കാണിച്ചുതന്നു. മരക്കമ്പു കൂട്ടിവച്ചാണല്ലേ പരുന്തു കൂടുവയ്ക്കുക.. കൂട്ടത്തിലൊരാൾക്കു സംശയം. അല്ല, ശങ്കർ സിമന്റുകൊണ്ട് എന്നു മറ്റൊരാളുടെ സംശയനിവാരണം. വലിയ കൂടാണ് പരുന്തിന്റേത്.
പുഴയോരനടത്തം മതിയാകുന്നില്ല. മരങ്ങളുടെ പ്രതിഫലനം വീണ്ടും ഏതോ നിറക്കൂട്ടിനെ ഓർമിപ്പിക്കുന്നു. ആരോ ക്യാൻവാസിലേക്കു പകർത്താനിരിക്കുന്ന ചിത്രം പോലെ.
തിരിച്ച് ഓഫീസിലേക്കു നടക്കുമ്പോൾ മറ്റൊരു മരവീട് കണ്ടു. വരണ്ട കാടാണെങ്കിലും വന്യമൃഗങ്ങൾക്കു കുറവില്ലല്ലോ. അതുകൊണ്ട് കൽമതിലിനുള്ളിലാണ് ആ വീട്. അങ്ങുദൂരെ ആനമലൈ കടുവാസങ്കേതത്തിലെ ഏതോ കൊടുമുടി കാണാം.
ഇനി കുറച്ചുദൂരം നല്ലവഴിയിലൂടെ നടക്കാം. ശരി. കാടിനുള്ളിലൂടെത്തന്നെയാണെങ്കിലും ആൾസഞ്ചാരമുണ്ടെന്ന് ആ പാത ഉറപ്പുതന്നു. ഇടയ്ക്കിടെ കാട്ടുമുയലുകൾ തുറിച്ചുനോക്കി പാഞ്ഞുപോകുന്നു. ഒരു പുള്ളിമാൻ ഞങ്ങളെക്കണ്ടതും ഒന്നു പരുങ്ങിനിന്നു. ക്യാമറയെടുത്തപ്പോഴേക്കും മാൻ മാനിന്റെ വഴിയ്ക്കു പോയി. എത്ര പെട്ടെന്നാണ് അവ കാട്ടുപൊന്തകളിൽ തങ്ങളുടെ ശരീരം ഒളിപ്പിക്കുന്നത്.. ആന വരെ ഇങ്ങനെ ഒളിച്ചിരിക്കാറുണ്ടത്രേ..
ഹനുമാൻ കുരങ്ങനെ കാണാനില്ലല്ലോ എന്നാത്മഗതം ചെയ്തപ്പോഴേക്ക് മുകളിലെ ചില്ലയിലൊരനക്കം കിട്ടി. ഏതോ കായയോ ഇലയോ കാലുകൊണ്ടും കൈകൊണ്ടും പറിച്ചുതിന്നുന്നു. പുറമേ വെള്ളിനിറത്തിലും മുഖവും ശരീരവും കറുപ്പിലുമാണ് ഹനുമാൻകുരങ്ങന്റെ ശരീരപ്രകൃതം. പണ്ടത്തെ ഫോട്ടോയുടെ നെഗറ്റീവ് നോക്കിയാലെങ്ങനെയിരിക്കും.. അതുപോലെ..
നോക്കിയിരിക്കേ ഒരു ചങ്ങാതി ആകാശച്ചാട്ടം നടത്തുന്നു. കിറുകൃത്യം അടുത്തമരത്തിന്റെ ബലമുള്ള കൊമ്പിന്റ തുഞ്ചത്ത് കൈകളെത്തിപ്പിടിക്കുന്ന ചാട്ടം.
അകലെ ചിന്നാർ വനംവകുപ്പിന്റെ ഓഫീസ് കാണാം. നിറയെ കള്ളിമുൾച്ചെടികളും വരണ്ടകാടുകളുമാണ് ചുറ്റിനും.
ശ്.. മിണ്ടാതെ വാ,, ഗൈഡ് കാലടികൾ മെല്ലയാക്കി കുനിഞ്ഞ് ഒരു മരത്തിനടുത്തേക്കു നടന്നു. ഞങ്ങൾ പിന്നാലെ. അകലെ പുല്ലാനിവള്ളികളുടെ കൂട്ടത്തിനടിയിൽ സാംബാർ മാനുകളുടെ ഒരു കൂട്ടം. ക്യാമറഷട്ടറിന്റെ ശബ്ദം കേട്ടതും കൂട്ടത്തിന്റെ നേതാവാണെന്നു തോന്നുന്നയാൾ ചെവി വട്ടംപിടിച്ച് കഴുത്തുയർത്തിയൊരു നോട്ടം. ഒന്നു സമാധാനമായിട്ട് വിശ്രമിക്കാനും സമ്മതിക്കില്ലേ എന്ന മട്ടിൽ മറ്റു സംഘാംഗങ്ങളും. ആവശ്യത്തിനു പടമെടുത്ത് തിരികെ റോഡിലേക്കു കയറി.
റോഡിലെ ജലനിധി ബോർഡിലൊരാൾ അധികാരിയുടെ മട്ടിൽ കാൽമടക്കിയിരിക്കുന്നു. ആരെക്കാത്തിരിക്കുകയാണാവോ..
ചിന്നാറിൽ താമസിക്കുകയാണെങ്കിൽ തൂവാനവും കൂട്ടാർ ലോഗ് ഹൗസും തിരഞ്ഞെടുക്കുക. സുഹൃത്തുക്കളുമായി ചെന്ന് കാടനുഭവിച്ച് രാപ്പാർക്കുക.
ബുക്കിങ്ങിന്
http://booking.munnarwildlife.com/product/thoovanam-log-house/
http://booking.munnarwildlife.com