ആഫ്രിക്കൻ സഫാരി

"ബിഗ് ഫൈവ് കണ്ടിട്ടേ മടങ്ങി വരൂ കേട്ടോ"! ആഫ്രിക്കൻ ഉൾക്കാടുകളിലേക്കു യാത്ര തിരിക്കും മുൻപ് ആതിഥേയ ശ്രുതി വീണ്ടും ഓർമിപ്പിച്ചു. എന്തു കുന്ത്രാണ്ടമാണീ ബിഗ് ഫൈവ് എന്നോർത്ത് ആദ്യമൊക്കെ അന്തിച്ചിരുന്നെങ്കിലും ഫൈവിലെ അതിഥികളുടെ ലിസ്റ്റിട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. ആന, പുലി, സിംഹം, കാട്ടുപോത്ത്, ഹിപ്പോ പൊട്ടാമസ് എന്നീ അഞ്ചു മൃഗങ്ങളാണ് ബിഗ് ഫൈവ്. ഒരു കാട്ടുയാത്രയിൽ ഇവ അഞ്ചിനെയും കാണാനായാൽ ഭാഗ്യമെന്നാണത്രേ. എന്നാൽ കാണ്ടാമൃഗം പോലെയുള്ളവ വെളിച്ചത്തു വരിക ഏറെ ബുദ്ധിമുട്ടാണ്. പുലി നിരത്തിലിറങ്ങിയാലും കാടിന്റെ രാജാവ് അകത്തെ പുൽപ്പടർപ്പിൽ മറഞ്ഞിരിക്കും.

പത്തു ദിവസത്തെ ആഫ്രിക്കൻ യാത്ര കൊണ്ട് സൗത്ത് ആഫ്രിക്കയുടെ ഏഴ് അയൽപക്കത്ത് എത്തില്ല എന്നു നല്ല ബോധ്യമുണ്ടായിരുന്നു.എങ്കിലും അത്യാവശ്യം കാഴ്ചകൾ ആസ്വദിച്ച് മടങ്ങാമെന്നുതന്നെ കൊച്ചിയിൽനിന്ന് ആകാശത്തിൽ കൂടി യാത്ര ചെയ്യുമ്പോൾ  ഉറപ്പിച്ചു. സത്യം പറഞ്ഞാൽ ആഫ്രിക്ക എന്ന പേര് വിദൂരങ്ങളിലെവിടെയോ ഇത്തിരി കറുത്ത പാടോടു കൂടി കേട്ടിട്ടുണ്ട് എന്നതൊഴിച്ചാൽ വലിയ അറിവുകളൊന്നുമില്ല.

ഒരു യാത്രയ്ക്കിറങ്ങുമ്പോൾ അവിടുത്തെ മണല്‍ത്തരികളുടെ ഗന്ധം പോലും ഗൂഗിൾ നോക്കി കണ്ടെത്തി യാത്ര ചെയ്യുന്ന കസിൻ കിഷോർട്ടനോടും അദ്ദേഹത്തിന്റെ ഭാര്യ നീതോപ്പോളോടും ഒപ്പമാണ് എന്റെയും ഉണ്ണിയുടെയും യാത്ര. സഞ്ചാരത്തിലൂടെ അറിവും വിജ്ഞാനവും പഠിക്കാം. സൗത്ത് ആഫ്രിക്ക എന്നാൽ എനിക്ക് മഹാത്മാ ഗാന്ധിജിയുടെ ബാരിസ്റ്റർ ജീവിതവും കറുത്ത ഭൂഖണ്ഡവും മാത്രമായിരുന്നു അപ്പോഴും.

കാട്ടിലൂടെയുള്ള യാത്ര

ജ്യോതിഷേട്ടന്റെയും ശ്രുതിയുടെയും വീട്ടിലാണ് ആദ്യ ദിവസത്തെ താമസവും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നത്. അവിടെനിന്നാണ് പിറ്റേന്ന് സൗത്ത് ആഫ്രിക്കയിലെ പ്രശസ്തമായ ക്രൂഗർ വനത്തിലേക്കു യാത്ര തിരിക്കേണ്ടത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ കാട്, മറ്റു രാജ്യങ്ങളായ സിംബാബ്‌വെയുടെയും മൊസാംബിക്കിന്റെയും അതിർത്തികൾ പങ്കിടുന്നുണ്ട്. മൂന്നു രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു കിടക്കുന്ന ബൃഹത്തായ ഒരു കാട് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ, ഏതാണ്ട് പത്തൊൻപതിനായിരത്തി അഞ്ഞൂറിലധികം ചതുരശ്ര കിലോമീറ്ററുകൾ നീണ്ടുകിടക്കുന്ന ക്രൂരവനം. നാടൻ പക്ഷികൾ മുതൽ ഇരപിടിയൻ കരിമ്പുലി വരെ വിഹരിക്കുന്ന കൊടും കാട്.

ഈ കാടിന്റെ ഉള്ളില്‍ നീണ്ടു നിവർന്നു കിടക്കുന്ന റോഡിലൂടെയാണ് നാൽപതു കിലോമീറ്റർ അകലെയുള്ള Skukuza എന്ന, സൗത്ത് ആഫ്രിക്കൻ ക്രൂഗർ വനത്തിന്റെ ഭരണസിരാകേന്ദ്രത്തിൽ എത്തേണ്ടത്. ലിമ്പോമ്പോ എന്ന പ്രവിശ്യ കഴിയുമ്പോഴേക്കും കാടിന്റെ മനോഹരമായ ഉൾത്തണുപ്പ് അറിഞ്ഞു തുടങ്ങും. കേരളത്തിൽ പച്ച വിരിച്ചു നിൽക്കുന്ന സഹ്യാദ്രിക്കാട് പോലെയല്ല ക്രൂഗർ വനങ്ങൾ. മുടി പോയി ചുക്കിച്ചുളിഞ്ഞ് എല്ലും തോലുമായി നിൽക്കുന്ന വിവസ്ത്രയായ മുത്തശ്ശിയെപ്പോലെ അതു നോവിക്കുകയും ചിലപ്പോൾ ഭയപ്പെടുത്തുകയും ചെയ്യും.

ആഫ്രിക്കൻ യാത്രയിൽ

വെളുത്ത മണലിന്റെ ഉള്ളി നിന്നു കാലങ്ങൾക്കു മുൻപ് പടർന്നു കയറിയതു പോലെ വേരുകളുടെ തഴമ്പുകൾ. ഉണങ്ങിയ മരക്കമ്പുകൾ ഇനി തളിർക്കണമെങ്കിൽ അടുത്ത മഴക്കാലമെത്തണമെന്ന് ഒപ്പം വന്ന ദാമു അഫൻ. മഴക്കാലമെത്തിയാൽ പിന്നെ ഉണങ്ങിയ മാറാ ശിഖിരങ്ങളിൽ പച്ചപ്പു വന്നു തുടങ്ങും,  അധികം പൊക്കം വയ്ക്കാത്ത മരങ്ങളെല്ലാം കുറ്റിച്ചെടിയുടെ സ്വഭാവമുള്ളവയാണ്. വെട്ടി നിർത്തിയതു പോലെ അവ കാടിനെ ഉദ്യാനമാക്കി മാറ്റുന്നു.

‘ആഫ്രിക്കൻ ആനകൾ ഇന്ത്യൻ ആനകളുടെ പാതിപോലും ഭംഗി ഉള്ളവയല്ല...’ - പോകുന്നതിനു മുൻപ് നാട്ടിൽനിന്നു കേട്ട അഭിപ്രായത്തെ വിശകലനം പോലും ചെയ്തില്ല, കാരണം കാണാത്തവയ്ക്കു തന്നെയാണ് മാധുര്യം കൂടുതലെന്നു പറഞ്ഞ കവിയുടെ വഴിയായിരുന്നു എന്നും ഇഷ്ടം. കാറിൽ പോകുമ്പോൾ അതാ റോഡിന്റെ ഒരു വശത്ത് സമൃദ്ധമായി കാട്ടാനക്കൂട്ടം. കുട്ടിയാന ഉൾപ്പെടെ ഉള്ളതിനാൽ കുറച്ചകലെ സുരക്ഷിതമായി വണ്ടി നിർത്തിയിട്ട് അവ റോഡ് മറികടക്കുന്നതും നോക്കി കാറിലിരുന്നു. പുറത്തിറങ്ങിയാൽ ശിക്ഷ ഉറപ്പാണെന്ന നിയമം കാടിനുള്ളിൽ കയറുന്നതിനു മുൻപുതന്നെ വായിച്ചെങ്കിലും ശിക്ഷയ്ക്ക് വേണ്ടിയുള്ള ശരീരം പോലും കാട്ടുമൃഗങ്ങൾ ബാക്കി വയ്ക്കില്ല എന്നതുകൊണ്ട് ക്രൂഗർ കാടുകളിൽ യാദൃച്ഛികമായി വണ്ടി നിർത്തേണ്ടി വന്നാൽ പോലും ആരും ചില്ലുകൾ താഴ്ത്തുകയോ വാതിൽ തുറന്ന് പുറത്തിറങ്ങുകയോ ചെയ്യാറില്ല. 

സാധാരണ ചിത്രങ്ങളിൽ കാണുന്നത്ര ആകൃതിയില്ലായ്മ ക്രൂഗർ കാടുകളിലെ ആനകൾക്ക് തോന്നിയില്ല. പക്ഷേ വലിയ ചെവിയും ഇടിഞ്ഞു വീണ, ഗര്‍‌ഭിണിയുടേതു പോലുള്ള വലിയ വയറും അവയെ ഇന്ത്യൻ ആനകളിൽനിന്നു വ്യത്യസ്തരാക്കുന്നുണ്ട്. എന്നാലും സുന്ദരന്മാരും സുന്ദരിമാരും തന്നെ. അപ്പോൾ ആദ്യംതന്നെ ബിഗ് ഫൈവിലെ ഏറ്റവും വലിയ കക്ഷിയെ കണ്ടുകഴിഞ്ഞു. ‘ഓഹ് ആന, ഇവിടെയൊക്കെ എപ്പോഴുമുള്ളതാണ്’ എന്ന സരസമായ വാക്കുകൾ കേട്ടെങ്കിലും ആദ്യമായി ആഫ്രിക്കൻ ആനയെ കാണുന്നതിന്റെ കൗതുകം അങ്ങനെ പോകില്ലല്ലോ. ഇത്രയും വർഷമായിട്ടും തൊട്ടു മുന്നിൽ നാട്ടിലെ ഗജവീരന്മാരായ കേശവനോ മണികണ്ഠനോ വന്നാൽ പോലും ഇപ്പോഴും കൗതുകത്തോടെ മറ്റെല്ലാം മറന്ന് നോക്കി നിൽക്കുന്നയാൾക്ക് ആനയെ എപ്പോൾക്കണ്ടാലും ഇഷ്ടം തന്നെ.

ആഫ്രിക്കൻ യാത്രയിൽ

മുൻപിൽ പോയ കാർ ഒരു മണ്ണിട്ട അകവഴിയിലേക്കു തിരിഞ്ഞപ്പോഴാണ് അവിടെ എന്തെന്നു ശ്രദ്ധിച്ചത്. മറ്റൊന്നുമല്ല, അങ്ങു ദൂരെയെവിടെയോ കിടന്നുറങ്ങുന്ന സിംഹമായിരുന്നു ലക്ഷ്യം. സിംഹം എന്നു കേട്ടതും എല്ലാവരും കണ്ണു തള്ളി. അത്ര എളുപ്പമല്ല ഇഷ്ടനെ കണ്ടെത്താനും പടം പിടിക്കാനും. കാട്ടുരാജാവിനെ സ്നാപ്പിനുള്ളിലാക്കാൻ അത്രയെളുപ്പമല്ല.

കാറിൽനിന്നു പുറത്തിറങ്ങാൻ അനുവദിക്കാത്ത നിയമവും റോഡുകളോട് അലര്‍ജിയുള്ള സിംഹരാജാവിന്റെ ധാർഷ്ട്യവും കാരണം അങ്ങകലെ പുല്ലുകൾക്കിടയിൽ ചാഞ്ഞും ചരിഞ്ഞും കിടക്കുന്ന ആ ശരീരങ്ങൾ കണ്ടു. പുലിയും ഏതാണ്ട് അതേ അവസ്ഥയിൽ തന്നെയാണ് രണ്ടു തോടുകൾക്കിടയിൽ കിടന്ന് ഏറെക്കുറെ അടുത്ത് പാർക്ക് ചെയ്ത കാറിൽ നിന്നുള്ള ഞങ്ങളുടെ അദ്‌ഭുതം നിറഞ്ഞ ശബ്ദത്തിനു ചെവിയോർത്തത്. ‘ശ്ശ്ഹ് ... മിണ്ടരുത്....’ - കാടുകളെ നല്ല പരിചയമുള്ള ആളെന്ന പോലെ ദാമു അഫൻ നിർദേശങ്ങൾ തന്നു കൊണ്ടിരുന്നു. ശ്വാസം പോലും വിടാൻ മടിച്ച് കണ്ണുകൾ തുറന്നു വച്ച് നോക്കിക്കിടക്കുമ്പോൾ ഏതോ സ്വപ്നം കണ്ടതാണെന്ന പോലെ വീണ്ടും ആ രണ്ടു പുലികളും ഉറക്കത്തിലേക്കു മടങ്ങി. ഞങ്ങൾ മുന്നിലേക്കും. ലക്ഷ്യം  Skukuza ലെ ഞങ്ങളുടെ താമസ സ്ഥലമായിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT