വീൽ ചെയറിൽ കറങ്ങി കാന്യൻ കാഴ്ചകളും ആഫ്രിക്കൻ നൃത്തവും
ആഫ്രിക്കൻ ഡയറി : 2
നീണ്ടു പരന്നു കിടക്കുന്ന ഘന ഗംഭീരനായ പാറക്കൂട്ടങ്ങൾ, ഏതോ കാലത്തിൽ ഒരു പഴയ രാജാവ് ഭരിച്ചിരുന്ന കോട്ടയാണോ എന്ന് തോന്നിപ്പിക്കുന്ന കൊത്തുപണികളെന്ന പോലെ ഭംഗിയുള്ള അതിരുകൾ... ഗ്രാൻഡ് കാന്യൻ എന്ന അമേരിക്കൻ സുന്ദരനെ കുറിച്ച് എവിടെയോ വായിച്ചതോർത്തു, പക്ഷേ സങ്കൽപങ്ങളിലെങ്ങും ആ ഭംഗിയുണ്ടായിരുന്നില്ല എന്നതാണ് സത്യം. ക്രൂഗർ കാടിന്റെ വന്യ ഭംഗിയിൽ നിന്നും തുറന്ന പ്രകൃതിയുടെ മറ്റൊരു വന്യമായ ഇടപെടീലാണ് ബ്ലയിഡ് റിവർ കാന്യൻ. സൗത്ത് ആഫ്രിക്കയിലെ തീക്ഷ്ണമായ മറ്റൊരു ഭംഗി.
കാടിനേയും കടലിനെയുമൊക്കെ വാക്കുകളിൽ ഒരു പരിധിവരെ വർണ്ണിക്കാം, പക്ഷെ ഇങ്ങനെയൊരു ആഴത്തെ എങ്ങനെ വർണിക്കും! അല്ലെങ്കിലും കാണുന്നതുവരെ കാന്യൻ എന്നത് പാറക്കൂട്ടങ്ങളുടെ ഒരു കാഴ്ച എന്നത് മാത്രമായിരുന്നല്ലോ.
"ലോകത്തിലെ രണ്ടാമത്തെ ഗ്രാൻഡ് കാന്യൻ ആണ് സൗത്ത് ആഫ്രിക്കയിലേത്. അതിശയത്തെ തോന്നിപ്പിക്കുന്ന ഭംഗിയാണ്", പോകുന്ന വഴിയ്ക്ക് ദാമു അഫൻ മുൻകരുതൽ തന്നിരുന്നെങ്കിലും മൊബൈലിൽ ചിത്രമെടുക്കാനുള്ള ഒരു സ്ഥലത്തിനപ്പുറം കാന്യൻ എന്നത് അമ്പരപ്പിക്കുന്ന കാഴ്ചയായത് അവിടെയെത്തി ആ ആഴങ്ങളിലേക്ക് നോക്കിയപ്പോഴായിരുന്നു. നിറയെ പച്ചപ്പ് നിറഞ്ഞിരിക്കുന്നതുകൊണ്ട് ലോകത്തെ ഏറ്റവും പച്ചപ്പുള്ള വലിയ കാന്യൻ കാഴ്ചയും ഇതാണത്രേ.
അരിക് മുറിച്ചു വച്ചതു പോലെ രണ്ടു എമണ്ടൻ കുന്ന്, അതിനോട് ചേർന്ന് കൂർത്ത മറ്റൊന്ന്, ഈ കാഴ്ച ത്രീ റോണ്ടവെൽസിൽ നിന്നാണ്. താഴേക്ക് നോക്കുമ്പോൾ കണ്ണിനെ കുളിർപ്പിക്കുന്ന പച്ചപ്പ്, അരികിലൂടെ ഒഴുകുന്ന നദി. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന കാന്യനാണ് ഇത്. ഗ്രാസ്‌കോപ്പ്, ഗോഡ്സ് വിൻഡോ, പോത്തോൾസ്, പിന്നാക്കിൾ എന്നിവിടങ്ങളിൽ കാന്യൻ കാഴ്ചകളുടെ അവശേഷിപ്പുകളുണ്ട്.
കാലമാണ് ഏറ്റവും വലിയ ശില്പിയെന്നത് എത്ര സത്യമാണെന്ന് അമ്പരപ്പോടെ മാത്രമേ പറയാനാകൂ. നിരന്തരമുണ്ടാകുന്ന ഭൗമ പ്രക്രിയയുടെ ഫലമായി ഒരു വലിയ കൊടുമുടി കടഞ്ഞെടുക്കപ്പെടുകയും അതിനുള്ളിൽ കൂടി കാടും നദിയും ഉണ്ടാവുകയും ചെയ്യുക, പിന്നീട് ആ നദിയുടെ ഒഴുക്കിന്റെ ഫലമായി കൂറ്റൻ പാറകൾ ആകൃതിയൊത്ത് വരുക, കാലമാണ് ഏറ്റവും വലിയ ശില്പിയെങ്കിൽ കാലം നിർമ്മിച്ച് വച്ച ഏറ്റവും മനോഹരമായ ശിൽപം കാന്യൻ കാഴ്ചകൾ തന്നെ. സഹസ്രാബ്ദങ്ങൾ നീണ്ട ഭൗമപ്രക്രിയയുടെ പരിണിത ഫലമാണ് ഇത്ര ആകൃതിയൊത്ത പാറക്കൂട്ടങ്ങൾ.
സൗത്ത് ആഫ്രിക്കയിൽ ഒട്ടും ഒഴിവാക്കാൻ പാടില്ലാത്ത കാഴ്ചയാണ് ത്രീ റോണ്ടവെൽസിൽ ചെന്നാൽ കാണാൻ കഴിയുന്ന ഈ അഭൗമമായ കാന്യൻ. ഭൂമിയുടെ അതിരുകൾ എവിടെയെന്ന് ചോദിച്ചാൽ കടലാണ് എന്ന് പറയുന്നവരോട് മല്ലിടാൻ തോന്നും, അല്ല, ഭൂമിയുടെ അതിരുകൾ എല്ലായ്‌പോഴും പാറക്കൂട്ടങ്ങളാൽ ചുറ്റപ്പെട്ടു, ഒറ്റപ്പെട്ട് നിൽപ്പാണെന്ന് പറയാൻ തോന്നും. ഇത്തവണയും ദാമു അഫന്റെയും ശോഭ ചെറിയമ്മയുടെയും കണ്ണന്റെയും ശ്രീക്കുട്ടന്റെയും കൂടെയായിരുന്നു യാത്ര. ഞാനും പാർവ്വതിയും കിഷോർട്ടനും നീതയും ഒപ്പം.
രണ്ടു വണ്ടികളിലായി ഗോഡ്സ് വിൻഡോയും കണ്ട ത്രീ റോണ്ടവെൽസിൽ എത്തിച്ചേരും. വീൽ ചെയർ കൊണ്ട് പാറക്കല്ലുകൾ നിറഞ്ഞ ഇവിടേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. മുക്കാൽ വഴിയും ടൈലുകൾ പാകി വീൽ ചെയർ ഉരുട്ടാവുന്ന വഴി തന്നെ പക്ഷേ കാന്യൻ ഭംഗി കാണണമെങ്കിൽ കുറച്ചുകൂടി താഴേയ്ക്ക് ഇറങ്ങേണ്ടി വരും, മടിച്ചു നിൽക്കാതെ ശ്രീക്കുട്ടനും കിഷോർട്ടനും ദാമു അഫനും കൂടി വീൽ ചെയറിൽ പിടിച്ച് താഴെയെത്തിച്ചു. അവിടെ, മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ അമ്പരപ്പിക്കുന്ന പാറക്കൂട്ടങ്ങൾ, താഴെ പച്ച നിറത്തിൽ ഒഴുകുന്ന പുഴ.
തിരിച്ചുള്ള വഴിയിൽ നിറയെ നീണ്ടു പരന്നു കിടക്കുന്ന പച്ചപ്പിൽ മൈതാനം പോലെ ആഫ്രിക്കൻ സമതലങ്ങൾ അപൂർവ്വമായി കാണുന്ന തെങ്ങു പോലെയുള്ള വൃക്ഷം ഇടയ്ക്കിടയ്ക്ക് തല പൊന്തിച്ചു ആരൊക്കെയാണ് റോഡ് വഴി കടന്നു പോകുന്നതെന്ന് നോക്കിയിരിക്കുന്നു, തലയാട്ടുന്നു, തല താഴ്ത്തി വീണ്ടും മയങ്ങുന്നു. പല ടൂറിസം സ്പോട്ടുകളിലും ആഫ്രിക്കയുടെ തനത് അലങ്കാരങ്ങൾ കൂട്ടി വച്ചിരിക്കുന്നു. ബിഗ് ഫൈവ് മുതൽ ആഫ്രിക്കൻ സ്ത്രീകളുടെ ഒഴുത്തുരുണ്ട ഉടലുകൾ വരെ തടിയിൽ കൊത്തിയെടുത്തു മനോഹരമായി നിറങ്ങൾ കൊടുത്ത് നിരത്തിന്റെ അരികിൽ നിരത്തി വച്ചിരിക്കുന്നു. അതിനു കാവലിരിക്കുന്ന സ്ത്രീ ഒരു പ്രതിമ ജീവൻ വച്ച് വന്നതാണെന്ന് തോന്നൂ.
തലേ ദിവസം പരത്തിയുണ്ടാക്കി കാസറോളിലാക്കി വച്ച ചപ്പാത്തിയും അതിരാവിലെ ദാമു അഫ്‍നും ശ്രീക്കുട്ടനും എഴുന്നേറ്റ് ഉണ്ടാക്കിയ ചപ്പാത്തിക്കറിയുമായി കഴിക്കാനുള്ള ഇടം തിരഞ്ഞു പാർക്കിലെത്തി. കഴിക്കാനുള്ള വട്ടം കൂട്ടുമ്പോൾ പിന്നിലൊരു ആഫ്രിക്കൻ താളം. തനതു കലയായ നൃത്തം. ആഫ്രിക്കയിലെ ഏറ്റവും പ്രധാന ഗോത്ര വർഗമായ സുലു എന്ന വിഭാഗത്തിന്റെ നൃത്തം. മഞ്ഞ ടീഷർട്ടും മണ്ടുമുടുത്ത് ഒരു കൂട്ടം സ്ത്രീകൾ ചുവടു വയ്ക്കുന്നു. മറ്റു ചിലർ പിന്നിലിരുന്ന് ഡ്രം അടിക്കുകയോ കയ്യിലിരുന്ന സവിശേഷമായ ഒരു ഉപകരണത്തിൽ ചിലങ്കയുടേതെന്ന പോലെ താളമിടുകയോ ചെയ്യുന്നുണ്ടായിരുന്നു. ആഫ്രിക്കയുടെ പല നഗര പരിസരങ്ങളിലും ഇത്തരം ഗോത്ര നൃത്തങ്ങൾ കാണാം.
ജനിച്ചു വീഴുന്ന കുഞ്ഞിന് പോലും ആഫ്രിക്കൻ താളം കാണാപ്പാഠമാണെന്ന് ഇവിടെയുള്ളവർ പറയും. ഒരു പാട്ടിന്റെ സംഗീതത്തിനൊപ്പം ഒരു ആവശ്യവുമില്ലെങ്കിലും അവർ തലയും കയ്യും ഉടലും ഇളക്കി ചലിപ്പിച്ചു ഒണ്ടേയിരിക്കും. സംഗീതാത്മകമായ ചലനങ്ങളുള്ള ഒരു കൂട്ടം മനുഷ്യരാണ് ആഫ്രിക്കൻസ്. ഇത്ര താളനിബദ്ധമായ അവരുടെ നൃത്തം കാണുമ്പോൾ എങ്ങനെ ഒപ്പം കളിക്കാതിരിക്കാനാകും അവരുടെ ഒപ്പം വീൽ ചെയർ അങ്ങോട്ടും ഇങ്ങോട്ടും ഉരുട്ടി അതെ താളത്തിൽ ആടി നോക്കി. പിന്നിലെ സുലു കൂട്ടുകാരിയുടെ കയ്യിലെ വലിയ ഡ്രമ്മിൽ പല തവണ കണ്ണുകൾ പോയെങ്കിലും സ്വയം നിയന്ത്രിച്ച് ഒടുവിൽ തിരികെ പോരേണ്ടി വന്നു.
ശരീരം നിറയെ പാറകൾ ഉൾക്കൊള്ളുന്ന ആഫ്രിക്ക പോലെ നഗരം നിറഞ്ഞു മനുഷ്യർ. അവർ പല തരക്കാരാണെങ്കിലും ഓരോ നഗരത്തിലും കണ്ട മനുഷ്യർക്കെല്ലാം പൊതുവായി ഉള്ളത് ഒരേ മനോഭാവം, പിന്നെ എന്തുകൊണ്ടാവും അവർ അപകടകാരികളെന്ന് വിളിക്കപ്പെടുന്നത്? കാണാൻ ഇനിയും എന്തൊക്കെയാണ് ബാക്കി!