കാടിന്റെ രഹസ്യങ്ങളൊളിപ്പിച്ച് നിശ്ശബ്ദ താഴ്വര
കാടറിഞ്ഞ് കനവുണർന്നൊരു യാത്ര. വന്യതയുടെ അഴകിൽ നിത്യഹരിത മഴക്കാട് സൈലന്റ് വാലി. കാട്ടാറിന്റെ ഇരമ്പലും ഇടതൂർന്ന പച്ചപ്പിന്റെ മനംമയക്കും ശോഭയും കൂടിച്ചേരുന്ന സൈലന്റ് വാലി ആരെയും മോഹിപ്പിക്കും. മഴക്കാടുകളുടെയും കന്യാവനങ്ങളുടെയും മനംനിറയ്ക്കുന്ന ദൃശ്യങ്ങളാണ് സൈലന്റ്‌വാലി എന്ന നിശബ്ദ താഴ്‌വരയിലുള്ളത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലമായതിനാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെപ്പോലെ ഇവിടെ സന്ദര്‍ശനം നടത്താന്‍ കഴിയില്ല. അതിനു വനംവകുപ്പിന്റെ മുന്‍കൂർ അനുമതി വേണം.
മണ്ണാർക്കാട്ടുനിന്ന് അട്ടപ്പാടിക്കുളള റോഡിൽ 20 കിലോമീറ്റർ അകലെയുളള മുക്കാലി എന്ന സ്ഥലത്തെ റേഞ്ച് ഒാഫിസിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നും സ്ത്രീകൾ ഉൾപ്പെടെ 22 പേരോളം മൂന്നു ദിവസത്തെ യാത്രയിൽ പങ്കെടുത്തിരുന്നു.
ആദ്യ ദിവസം റേഞ്ച് ഒാഫിസില്‍ പരിചയപ്പെടുത്തലുകൾക്കും വനത്തിലെ പെരുമാറ്റം, വന ആവാസ വ്യവസ്ഥയെപ്പറ്റി പൊതുവായുളള ബോധവൽക്കരണം എന്നിവയ്ക്കും ശേഷം നാഷനൽ പാർക്കിന്റെ വാഹനങ്ങളിൽ ഗൈഡിന്റെയും സംരക്ഷണ ഉദ്യോഗസ്ഥരുടെയും പാചകക്കാരുടെയും വന്യജീവി ഫോട്ടോഗ്രഫർമാരുടെയും മറ്റും അകമ്പടിയോടെ വനത്തിനുളളിലെ ക്യാംപ് ഷെഡുകളിലേക്കു യാത്രയായി.
ഉളളിലേക്കു കടക്കുംതോറും ഈ നിത്യഹരിത വനം അതിന്റെ നൈസർഗിക ഭാവത്തിൽ അനാവരണം ചെയ്യപ്പെട്ടുതുടങ്ങി. ഒന്നരമണിക്കൂർ യാത്രയ്ക്കുശേഷം ചുറ്റും കിടങ്ങുകളാല്‍ സംരക്ഷിതമാക്കപ്പെട്ട ക്യാംപ് ഷെഡ്ഡിൽ എത്തി. വിശ്രമത്തിനും ലഘുഭക്ഷണത്തിനും ശേഷം വനത്തെയും അതിലെ ആവാസ വ്യവസ്ഥകളെയും പറ്റി വിശദീകരണവും സ്ലൈഡ് ഷോയും ഉണ്ടായിരുന്നു. സൗരോർജ്ജമാണ് ഇതിനെല്ലാം ഉപയോഗിക്കുന്നത്.
രണ്ടാം ദിവസം പ്രഭാതഭക്ഷണത്തിനുശേഷം ഞങ്ങൾ ആവേശത്തോടെ കാത്തിരുന്ന ട്രക്കിങ് തുടങ്ങി. അതിദുർഘടമായ അഞ്ചു കിലോമീറ്റർ വീണ്ടും വനത്തിനുളളിലേക്ക്. പശ്ചിമ ഘട്ട സമ്പന്നതയുടെ ഉദാത്തമായ ദൃഷ്ടാന്തമാണ് ഈ വനപ്രദേശം.
2400 മീറ്ററോളം ഉയരമുളള കൊടുമുടികളില്‍നിന്നു തുടങ്ങി പടിഞ്ഞാറ് സമുദ്രനിരപ്പിൽനിന്ന് 100 മീറ്റർ പോലും ഉയരം വരാത്ത താഴ്‍വാരങ്ങൾ വരെ വ്യാപിച്ച ഈ കാടുകളില്‍ ഭൂപ്രകൃതിയിലെ വൈജാത്യങ്ങളും മനുഷ്യന്റെ ഇടപെടലുകൾ ഒട്ടും ഇല്ലാത്തതും മൂലം, മറ്റു വനഭൂമികളിലൊന്നും കാണാത്തത്ര നൈസര്‍ഗികമായ വന ആവാസവ്യവസ്ഥകളും ജീവിസമൂഹങ്ങളും അത്യപൂർവമായ സസ്യജനുസ്സുകളും ഇവിടെയുണ്ട്.
മൂന്നാം ദിവസമാണ് ഏകദേശം 100 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ മഴക്കാടുള്ള ദേശീയോദ്യാനത്തിന്റെ കോർ ഏരിയയിലേക്കുളള യാത്ര. ഈ കാടുകൾ കിഴക്കോട്ട് ഭവാനി താഴ്‍വാരം കഴിഞ്ഞ് അട്ടപ്പാടിയിലേക്കും വടക്കോട്ട് കോയിൽപാറ മലയ്ക്കപ്പുറം ദേശീയോദ്യാനത്തിനു പുറത്ത് ചാലിയാർ നദീതടത്തിലേക്കും വ്യാപിച്ചുകിടക്കുന്നു. ഇന്ന് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണാൻ കഴിയുന്ന ഇന്തോ–മലയൻ മഴക്കാടിന്റെ ഏറ്റവും നല്ല പ്രദേശം കൂടിയാണിത്.
സിംഹവാലൻ കുരങ്ങുകളും മരത്തലപ്പുകളിൽ മാത്രം ജീവിക്കുന്ന പറക്കുന്ന അണ്ണാനും ഈ കാടുകളുടെ വന്യജീവി വൈവിധ്യത്തിന് ഉദാഹരണമാണ്. അത്യപൂർവമായ പല സസ്യങ്ങളും ആകെയുളളത് ഈ ദേശീയോദ്യാനത്തിനുളളിലെ കുറച്ചു പ്രദേശത്തു മാത്രമാണ് എന്ന അറിവോടെയാണു ഞങ്ങളുടെ ക്യാംപ് അവസാനിച്ചത്.