ADVERTISEMENT

സഞ്ചാരികളിൽ പല തരക്കാരുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർ, പ്രകൃതിസ്നേഹികൾ, കാടിന്റെയും പ്രകൃതിയുടെയും സൗന്ദര്യം നിറഞ്ഞ ഫോട്ടോകൾ ഒപ്പിയെടുക്കുന്നതിനായി യാത്ര തിരിക്കുന്നവർ തുടങ്ങി പലർ. ഇത്തരത്തിൽ പല ലക്ഷ്യങ്ങളുള്ള സഞ്ചാരികളെയെല്ലാം ഒരുപോലെ തൃപ്തിപ്പെടുത്തും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുള്ള മസിനഗുഡി. 

വിനോദസഞ്ചാരികളുടെ ഇഷ്ടയിടമായ ഊട്ടിയിൽനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയാണിത്. എപ്പോഴും പച്ചമേലങ്കിയണിഞ്ഞു നിൽക്കുന്ന കാനനങ്ങളും അപൂർവയിനങ്ങളിൽപ്പെട്ട വിവിധ തരം സസ്യജാലങ്ങളും വശീകരിക്കുന്ന വെള്ളച്ചാട്ടങ്ങളും നദികളും കാനനജീവികളുടെ അപൂർവ കാഴ്ചകളും തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ മസിനഗുഡിക്കു സ്വന്തമായുണ്ട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഈ നാട് എന്തൊക്കെയാണ് സഞ്ചാരികൾക്കായി കരുതിവെച്ചിരിക്കുന്നത് എന്നറിയേണ്ടേ? ഈ അവധിക്കാലം ഊട്ടിയിലേക്കു യാത്ര പോകുന്നവർ റൂട്ടൊന്നു മാറ്റിപ്പിടിച്ചാൽ മസിനഗുഡിയിലെ ഉള്ളുനിറയ്ക്കുന്ന ധാരാളം കാഴ്ചകൾ കണ്ടുമടങ്ങാം.

Masinagudi-travel-gif

മസിനഗുഡി ജീപ്പ് സഫാരി

നീലഗിരിയുടെ താഴ്‌വരയിൽ ജീപ്പിലുള്ള വനയാത്ര, അതെത്ര മനോഹരവും ഹരം പിടിപ്പിക്കുന്നതുമായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. അതിരാവിലെയും വൈകുന്നേരവും രണ്ടു മണിക്കൂർ നീളുന്ന ഈ ജീപ്പ് യാത്ര സഞ്ചാരികൾക്ക് ആസ്വദിക്കാം. ഉൾക്കാട്ടിലൂടെയുള്ള യാത്രയിൽ വനഭംഗി ആസ്വദിക്കുന്നതിനൊപ്പം വന്യമൃഗങ്ങളെയും കാണാം. അതിരാവിലെ 6 നും 7 നും ഇടയിലാണ് സഫാരി. ആനകളും കാട്ടുപന്നികളുമൊക്കെ സ്വൈരവിഹാരം നടത്തുന്നത് അപ്പോൾ കാണാം. വൈകിട്ട് 5 മുതൽ 7 വരെയാണ് സഫാരി.

road-trip-Masinagudi-OOty-road-gif

മറവകണ്ടി ഡാം

1951 ൽ പണിതീർത്ത ഈ ഡാം അതിന്റെ ചുറ്റുമുള്ള പ്രകൃതിസൗന്ദര്യം കൊണ്ടാണ് സഞ്ചാരികളുടെ ഹൃദയം കവരുന്നത്. മഞ്ഞുതുള്ളികൾ ഇലച്ചാർത്തുകളെ ചുംബിച്ചു നിൽക്കുന്ന ഹൃദയഹാരിയായ രംഗങ്ങൾക്കു സാക്ഷിയായാണ് ഇവിടുത്തെ ഓരോ പ്രഭാതവും വിടരുന്നത്. ഇവിടെയുള്ള ടവറിനു മുകളിൽനിന്നു നോക്കിയാൽ വനത്തിൽ വിഹരിക്കുന്ന മൃഗങ്ങളുടെ വിദൂരകാഴ്ച ദൃശ്യമാകും. അപൂർവയിനം പക്ഷികളെയും ഡാമിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകളെയും മറ്റു ജന്തുജാലങ്ങളെയുമൊക്കെ ഈ ടവറിൽ നിന്നാൽ കാണാം. രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഇവിടെ നിന്നുള്ള കാഴ്ചകൾ ആസ്വദിക്കാം. പ്രവേശനം സൗജന്യമാണ്.

മുതുമലൈ വന്യജീവി സംരക്ഷണകേന്ദ്രം

വനത്തെയും വന്യജീവികളെയും ഇഷ്ടപ്പെടുന്നവരെ ആകർഷിക്കും മുതുമലൈ വന്യജീവി സംരക്ഷണകേന്ദ്രം. കാടിനെ സ്നേഹിക്കുന്നവർ മസിനഗുഡിയിലെത്തിയാൽ നിർബന്ധമായും കണ്ടിരിക്കേണ്ട ഇടമാണിത്. ബംഗാൾ കടുവ, പുള്ളിപ്പുലി, ആന തുടങ്ങിയ വലിയ മൃഗങ്ങളെയും ചെറുജീവികളെയും കാണാം. മൂന്നു തരം വനങ്ങൾ ഇവിടെയുണ്ട്. ഉഷ്ണമേഖലാ ഈർപ്പമുള്ള ഇലപൊഴിയും കാടുകൾ,  ഉഷ്ണമേഖലാ വരണ്ട ഇലപൊഴിയും കാടുകൾ, തെക്കൻ ഉഷ്ണമേഖലാ വരണ്ട കാടുകൾ എന്നിങ്ങനെയാണവ. ഡിസംബർ മുതൽ ജൂൺ വരെയാണ് ഇവിടം സന്ദർശിക്കാൻ ഉചിതം. നിബിഡ വനങ്ങളിലൂടെയുള്ള വാൻ സഫാരിയും ആന സഫാരിയും ഏതു സഞ്ചാരിക്കും അവിസ്മരണീയ അനുഭവമായിരിക്കും. വാൻ സഫാരിയുടെ സമയക്രമം രാവിലെ 6.30 മുതൽ 9 വരെയാണ്. വൈകുന്നേരം 3. 30 മുതൽ 6 വരെയും സൗകര്യമുണ്ട്. ആന സഫാരിയുടെ സമയക്രമം രാവിലെ 7:00 മുതൽ 8:30 വരെയും വൈകിട്ട് 3:30 മുതൽ  5:00വരെയുമാണ്.

മസിനഗുഡി ജംഗിൾ സ്റ്റേ

നിബിഡ വനത്തിനുള്ളിൽ രാത്രി ചെലവഴിക്കുക എന്നത് ധൈര്യശാലികൾ മാത്രം പരീക്ഷിക്കുന്ന അതിസാഹസികമായ കാര്യങ്ങളിലൊന്നാണ്. താൽപര്യമുള്ളവർക്ക് രാത്രി വനത്തിൽ താമസിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾക്കു ഹരം പിടിപ്പിക്കുന്ന അനുഭവങ്ങൾ സമ്മാനിക്കും കാടിനുള്ളിലെ താമസം. കാടും കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളും അവയുടെയെല്ലാം മുരൾച്ചയും ശബ്ദങ്ങളും നിറഞ്ഞ രാത്രി, അവിസ്മരണീയമാകുമെന്ന കാര്യത്തിൽ തർക്കമേയുണ്ടാകില്ല. കാടിനുള്ളിലെ താമസത്തിനു സന്ദർശകർ തിരഞ്ഞെടുക്കുന്നയിടമാണ് മസിനഗുഡിയിലെ ജംഗിൾ റിസോർട്ട്.

മൊയാർ നദി

മസിനഗുഡിയിൽനിന്ന് 7 കിലോമീറ്റർ അകലെയാണ് മൊയാർ നദി. മുതുമലൈ വന്യജീവി സംരക്ഷണ കേന്ദ്രത്തെയും ബന്ദിപ്പൂരിനെയും വേർതിരിക്കുന്നത് ഈ നദിയാണ്. ഭവാനി നദിയുടെ കൈവഴിയാണ് മൊയാർ. നദി മാത്രമല്ല, ചുറ്റിലുമുള്ള പ്രകൃതിയും ആരെയും വശീകരിക്കുന്ന കാടിന്റെ ഭംഗിയുമൊക്കെയാണ് മൊയാർ നദിക്കരയിലേക്കു സന്ദർശകരെ എത്തിക്കുന്നത്. വന്യജീവികളുടെ അപൂർവ ദൃശ്യങ്ങൾ തേടി ഫൊട്ടോഗ്രാഫർമാർ എത്തുന്ന ഇടം കൂടിയാണിത്. അതിരാവിലെയും വൈകുന്നേരവും കടുവ, ആന തുടങ്ങിയ മൃഗങ്ങൾ ഈ നദിക്കരയിൽ വെള്ളം കുടിക്കാനും മറ്റുമായി എത്തും. അത്തരം കാഴ്ചകൾ ഫോട്ടോഗ്രാഫർമാർക്കു സുന്ദരമായ ചിത്രങ്ങൾ സമ്മാനിക്കാറുണ്ട്. ബോട്ടിങ്ങും മീൻ പിടിക്കാനുള്ള സൗകര്യങ്ങളും അതിഥികൾക്കു പ്രയോജനപ്പെടുത്താവുന്നതാണ്.

ക്യാംപിങ് 

മസിനഗുഡി പോലെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഒരിടത്തു കുടുംബവും കൂട്ടുകാരുമൊരുമിച്ചു രാത്രി ക്യാംപ് ചെയ്യുകയെന്നത് വളരെ മനോഹരമായ അനുഭവമാണ്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം തന്നെ ട്രെക്കിങ് പോലുള്ള വിനോദങ്ങളും കാടിന്റെ വന്യതയുമൊക്കെ ക്യാംപ് രാത്രിയെ അവിസ്മരണീയമാക്കുമെന്ന കാര്യത്തിൽ തർക്കമില്ല. കാട്ടുമൃഗങ്ങളുടെ മുരൾച്ചയും പക്ഷികളുടെ ശബ്ദങ്ങളും ക്യാംപിലെ രാത്രിയെ സജീവമാക്കും. നീലഗിരിയുടെ താഴ്‌വരയായതു കൊണ്ടുതന്നെ ട്രെക്കിങ് പ്രിയരെ ഏറെ സന്തോഷിപ്പിക്കും ഇവിടം. മലമുകളിൽ നിന്നുള്ള മനോഹര ദൃശ്യങ്ങൾ സഞ്ചാരികളുടെ മനസ്സുനിറയ്ക്കും.

തെപ്പക്കാട് ആന സങ്കേതം

മുതുമലൈ വന്യജീവി സങ്കേതത്തിനു സമീപത്താണ് തെപ്പക്കാട് ആനപരിശീലന കേന്ദ്രം. 1972 ലാണിത് സ്ഥാപിക്കപ്പെട്ടത്. ആനകളുടെ പരിശീലനത്തിനൊപ്പം നിരവധി ആനകളെ ഇവിടെ പാർപ്പിച്ചിട്ടുമുണ്ട്. ആനപ്പുറത്തു കയറി കറങ്ങാൻ താല്പര്യമുള്ളവർക്ക് രാവിലെയും വൈകുന്നേരവും അതിനുള്ള സൗകര്യങ്ങളുണ്ട്. രാവിലെ 7 മുതൽ 8 വരെയും വൈകുന്നേരം 4 മുതൽ 5 വരെയുമാണ് ആന സഫാരിയുടെ സമയം. ധാരാളം സഞ്ചാരികൾ എത്തുന്ന ഇവിടം ആനകളെപ്പറ്റി പഠിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രം കൂടിയാണ്.

മസിനഗുഡി ട്രെക്കിങ്ങ്

പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ നീലഗിരിയുടെ താഴ്‌വരയിലാണ് മസിനഗുഡി. അതുകൊണ്ടുതന്നെ മലനിരകളാണ് മസിനഗുഡിക്കു ചുറ്റിലും. അല്പം സാഹസികത കലർന്ന, അപൂർവ കാഴ്ചകൾ നിറഞ്ഞ ട്രെക്കിങ് ഇവിടെയെത്തുന്ന സഞ്ചാരികൾക്കു സമ്മാനിയ്ക്കാൻ ഈ മലനിരകൾക്കു കഴിയും. അതിരാവിലെ തന്നെ ട്രെക്കിങ്ങിനു തയാറാകണം. പ്രഭാത ഭക്ഷണം കരുതേണ്ടതാണ്. ഏഴു മുതൽ എട്ടു കിലോമീറ്റർ വരെ ദൂരം ഈ യാത്രയിൽ പിന്നിടേണ്ടതുണ്ട്. കാടും നദിയും വനജീവികളെയും താണ്ടിയുള്ള ആ യാത്ര അവസാനിക്കുന്നത് അതിമനോഹരമായ കാഴ്ചകൾക്കു മുമ്പിലാണ്. മസിനഗുഡി എത്രമാത്രം സുന്ദരിയാണെന്ന് ഈ ട്രെക്കിങ്ങിന്റെ അവസാനം സഞ്ചാരികൾക്കു മനസ്സിലാകും. അത്രയേറെ അഴകാണ് തമിഴ്നാടിന്റെ ഈ സുന്ദരിയ്ക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com