197 ദിവസം കൊണ്ട് 5970 കിലോമീറ്റർ താണ്ടി 57 നഗരങ്ങൾ ചുറ്റി ഗേറ്റ് വേ ഓഫ് ഇന്ത്യയിലേക്ക് അവൾ മടങ്ങിയെത്തിയ നിമിഷം ലോകം ആ പെണ്ണിൻെറ മനസുറപ്പിനു മുന്നിൽ ശിരസു നമിച്ചു.
പൂനെ സ്വദേശിയായ മിഷേൽ കാകെയ്ഡ് എന്ന സ്ത്രീയാണ് തൻെറ അസാധാരണ യാത്രകൊണ്ട് ചരിത്രത്തിൽ ഇടം പിടിക്കുന്നത്. 5970 കിലോമീറ്റർ ഓടിത്തീർക്കുക എന്ന ലക്ഷ്യവുമായി 2015 ഒക്ടോബർ 21 ന് ആണ് മിഷേൽ യാത്ര പുറപ്പെട്ടത്. 167 ദിവസംകൊണ്ട് സുവർണ ചതുരം ചുറ്റി ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടംപിടിക്കുക എന്ന ലക്ഷ്യവുമായാണ് മിഷേൽ യാത്ര തുടങ്ങിയത്.
ഇന്ത്യയിലെ നാലു പ്രധാന നഗരങ്ങളായ ഡെൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാതകളുടെ ശൃംഖലയാണു സുവർണ ചതുരം എന്നറിയപ്പെടുന്നത്. മിഷേലിൻെറ യാത്രയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് മുംബെയിൽ നിന്നും ഒരു കൂട്ടം ആളുകളാണ് യാത്രയുടെ അവസാന നിമിഷങ്ങളിൽ സിദ്ധവിനായക ക്ഷേത്രം മുതൽ മിഷേലിനൊപ്പം കൂടിയത്.
സ്ത്രീകൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിക്കാനാണ് തൻെറ ഈ യാത്രയെന്നും. സമൂഹത്തിൻെറ മുൻനിരയിൽ നിന്ന് ലിംഗവിവേചനത്തിൻെറ പേരുപറഞ്ഞ് മാറ്റിനിർത്തപ്പെടുന്ന ഓരോ സ്ത്രീയ്ക്കും വേണ്ടിയാണ് തൻെറ ഈ യാത്ര സമർപ്പിക്കുന്നതെന്നാണ് മിഷേലിൻെറ പക്ഷം.
ഈ ഇതിഹാസ യാത്ര പൂർത്തിയാക്കാൻ വേണ്ടി ചില്ലറ ത്യാഗമൊന്നുമല്ല നാൽപത്തിയേഴുകാരിയായ മിഷേൽ സഹിച്ചത്. ദിവസവും 35 കിലോമീറ്റർ വീതം സഞ്ചരിക്കുകയും 27 ദിവസങ്ങൾ മാത്രം വിശ്രമിച്ചുംകൊണ്ട് മിഷേൽ നടത്തിയ യാത്ര 142 ഫുൾ മാരത്തോണിന് സമമാണ്.
ദിവസവും പുലർച്ചെ 3.30 ന് തുടങ്ങുന്ന യാത്ര രാവിലെ 8.30 ന് മിഷേൽ അവസാനിപ്പിക്കും. ഹീൽ ഇൻസ്റ്റിറ്റ്യൂട്ടിലെ സ്പോർട്സ് ഫിസിയോതെറാപ്പിസ്റ്റ് ഡോ.മോസിൻ ഖാൻെറ നിർദേശ പ്രകാരമാണ് മിഷേൽ യാത്ര പൂർത്തിയാക്കിയത്. രാജ് വഡ്ഗമ എന്ന ട്രെയിനറുടെ ഗൈഡൻസും യാത്രയിലുടനീളം മിഷേലിനുണ്ടായിരുന്നു.
2004 ൽ ആണ് ജീവിതത്തിൽ വഴിത്തിരിവായൊരു തീരുമാനം മിഷേൽ എടുത്തത്. അന്ന് പൂനെയിൽ വെച്ചു നടന്ന ഒരു വാക്കത്തണിൽ പങ്കെടുക്കുമ്പോഴാണ് വെല്ലുവിളി നിറഞ്ഞ എന്തെങ്കിലും ഒരു കാര്യം ചെയ്യണമെന്നു മിഷേൽ തീരുമാനിക്കുന്നത്. രണ്ട് മക്കളുടെ അമ്മയായ ശേഷം ഒന്നും ചെയ്യാൻ കഴിവില്ല എന്നു പറഞ്ഞ് വീട്ടിൽ ഒതുങ്ങിക്കൂടാൻ മിഷേൽ തയാറായില്ല.
ശാരീരികാധ്വാനമുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യണമെന്നു ഉറച്ചു തന്നെയാണ് ഈ ഇതിഹാസ യാത്രക്കുവേണ്ടി ഇറങ്ങിത്തിരിച്ചതും. മക്കൾക്ക് 20 വയസായാൽ എല്ലാഅമ്മമാരും വീട്ടിൽ ഒതുങ്ങിക്കൂടാൻ നോക്കും. പക്ഷെ അവർ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടുമ്പോഴല്ലേ അമ്മമാർ കൂടുതൽ സ്വതന്ത്രരാവുക. ഞാൻ ആ അവസരം നന്നായി ഉപയോഗിച്ചു. എൻെറ വ്യക്തിത്വം തെളിയിക്കാൻ പോകുന്ന എൻെറ ഇഷ്ടങ്ങൾക്ക് മുൻതൂക്കം നൽകുന്ന യാത്രയ്ക്കുവേണ്ടി ഞാൻ ഇറങ്ങി പുറപ്പെട്ടു. ഇത് പറയുമ്പോൾ മിഷേലിൻെറ കണ്ണുകൾ അഭിമാനം കൊണ്ട് തിളങ്ങുകയായിരുന്നു.
നാല് ഡിസേർട്ട് ക്ലബിൻെറ അംഗത്വമുള്ള ഏക വനിത ഇത് പറയുമ്പോൾ അവരുടെ വാക്കുകൾക്ക് കാതുകൊടുക്കാതിരിക്കാനാവില്ല ആർക്കും. സഹാറ മരുഭൂമിയിൽ 256 കിലോമീറ്റർ ദൂരം ഓടിയതിനും അറ്റക്കാ ക്രോസിങ് (ചിലി), ഗോബിമാർച്ച് (ചൈന), സഹാറ (ഈജിപ്റ്റ്), അൻറാർട്ടിക്ക മരുഭൂമിയിൽ ഏറെ ദൂരം താണ്ടിയതിനും അവർക്ക് ലഭിച്ച വലിയ അംഗീകാരങ്ങൾക്കും ഒന്നേ പറയാനുള്ളൂ. മനശ്ശക്തി കൊണ്ട് ഏറെ ദൂരങ്ങൾ താണ്ടുന്ന ഇവളുടെ പേര് നാളെ ചരിത്രം സുവർണ ലിപികളാൽ എഴുതും.