കലാമിന്റെ രാമേശ്വരം, ധനുഷ്‌കോടി എന്ന പ്രേതനഗരം; വിസ്മയങ്ങളിലേക്ക് ഒരു ട്രെയിൻ യാത്ര...

മരുഭൂമിയിലെ വസന്തം ആരംഭിക്കുന്നതിനു മുൻപ് മലയാളിയുടെ ഗൾഫായിരുന്നു സിലോൺ എന്ന ശ്രീലങ്ക. എംടിയുടെ കൃതികളിൽ ഭാഗ്യജാതകം തേടി സിലോണിലേക്കുള്ള മലയാളിയുടെ യാത്രകളുടെ രേഖപ്പെടുത്തലുകളുണ്ട്. അന്ന് ശ്രീലങ്കയിലേക്കുള്ള പ്രധാന കവാടമായിരുന്നു, തമിഴ്‌നാട്ടിലെ ധനുഷ്കോടി. പുരാണകഥകളാൽ സമ്പന്നമായ ദ്വീപ്. ശ്രീരാമൻ സീതയെ വീണ്ടെടുക്കാനായി വാനരസൈന്യത്തിന്റെ സഹായത്തോടെ കടലിൽ ചിറകെട്ടി ലങ്കയിലേക്ക് പോയത് ഇവിടെനിന്നാണെന്നാണ് ഐതിഹ്യം. 

ഒരുകാലത്ത് കൊല്ലത്തുനിന്നും കോട്ടയത്തുനിന്നുമൊക്കെ ശ്രീലങ്കയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നു എന്നുകേട്ടിട്ടുണ്ട്. യാത്രക്കാർ ധനുഷ്കോടിയിലിറങ്ങി ബോട്ടിൽ ശ്രീലങ്കയിലെത്തും. ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ഇവിടെ നിന്ന് കഷ്ടിച്ച് 20 കിലോമീറ്റർ മാത്രമേയുള്ളൂ. 

അടുത്തിടെ പുനരാരംഭിച്ച എറണാകുളം-രാമേശ്വരം സ്‌പെഷൽ ട്രെയിനിലായിരുന്നു യാത്ര. വൈകിട്ട് നാലുമണിക്ക് എറണാകുളത്ത് നിന്നെടുത്ത് പിറ്റേന്ന്‌ രാവിലെ നാലുമണിക്ക് രാമേശ്വരത്ത് എത്തിച്ചേരും. തിരിച്ചുള്ള ട്രെയിൻ രാത്രി പത്തുമണിക്ക് എടുത്ത് പിറ്റേദിവസം രാവിലെ പത്തുമണിക്ക് എറണാകുളം എത്തിച്ചേരും. ഇപ്പോൾ ഞായറാഴ്ച മാത്രമാണ് സർവീസ് നടത്തുന്നത്.

പാമ്പൻ പാലത്തിലൂടെ പോകുന്ന ട്രെയിൻ.

അതിരാവിലെ രാമേശ്വരത്ത് എത്തി. വെയിൽ കഠിനമാകുന്നതിനു മുൻപ് നേരെ ധനുഷ്കോടിയിലേക്ക് ബസ്സ് കയറി. രാമേശ്വരത്തു നിന്നും ഏതാണ്ട് പതിനെട്ടു കിലോമീറ്റർ ദൂരമുണ്ട് ധനുഷ്കോടിയിലേക്ക്. റെയിൽവേസ്‌റ്റേഷനിൽ നിന്നും മൂന്നാം നമ്പർ ബസ് കയറിയാൽ മുകുന്ദരയ്യർ ചതുരം എന്ന അവസാന സ്‌റ്റോപ്പിലിറങ്ങാം. ഇവിടെനിന്നും സഞ്ചാരയോഗ്യമായ റോഡിന്റെ പണി പൂർത്തിയായി വരുന്നതേയുള്ളൂ. തുടർന്നുള്ള യാത്ര കടലിലൂടെയാണ്!

കടലിലൂടെ പോകുന്ന വാൻ.

പകൽ സമയത്ത് കടൽ ഉൾവലിഞ്ഞു നിൽക്കുന്ന ചതുപ്പുനിറഞ്ഞ മണൽപ്പരപ്പിലൂടെയാണ് ധനുഷ്‌കോടി ബീച്ചിലേക്കും അഗ്രമായ ധനുഷ്‌കോടി പോയിന്റിലേക്കും എത്തുക. ചിലയിടങ്ങളിൽ മണലിൽ ആഴ്ന്ന പഴയ റെയിൽവേ പാളത്തിന്റെ അവശിഷ്ടങ്ങൾ കാണാം. നല്ല വൈദഗ്ധ്യമുണ്ടെങ്കിലേ ഇതിലൂടെ വണ്ടിയോടിക്കാൻ കഴിയൂ എന്നതിനാൽ സാഹസികപ്രേമികളായ ദീർഘദൂരസഞ്ചാരികൾ കൂട്ടമായി ബൈക്കിൽ ഇവിടെയെത്താറുണ്ട്.  

പഴയ റെയിൽവേ സ്‌റ്റേഷന്റെ അവശിഷ്ടങ്ങൾ.

നിരവധി മിനിവാനുകൾ ഇവിടെ സർവീസ് നടത്തുന്നു. ഒരാൾക്ക് 150 രൂപയാണ് ഈടാക്കുക. ഡ്രൈവർ തന്നെ ഓരോ സ്ഥലത്തിന്റെയും ചരിത്രം വിവരിച്ചുതരും. ആദ്യം പോകുന്നത് ധനുഷ്‌കോടി ബീച്ചിലേക്കാണ്. ശ്രീരാമന്റെ കാൽപ്പാദം പതിഞ്ഞ മണ്ണ് എന്ന നിലയിൽ ഇവിടുത്തെ മണൽ വിശ്വാസികൾ ശേഖരിച്ചു കൊണ്ടുപോകുന്നു. ഇവിടെനിന്നും രണ്ടുകിലോമീറ്ററോളം നടന്നാൽ അഗ്രമായ ധനുഷ്‌കോടി പോയിന്റിലെത്താം. 

ചുഴലിക്കാറ്റിൽ തകർന്ന പുരാതന പള്ളിയുടെ അവശേഷിപ്പുകൾ...
തകർന്ന പള്ളിയുടെ ഉൾവശം

പ്രേതനഗരത്തിലേക്കാണ് അടുത്തതായി പോവുക. റയിൽവെ സ്‌റ്റേഷനും, പോലീസ് സ്‌റ്റേഷനും, സ്‌കൂളും, പോസ്റ്റ് ഓഫീസും, കടകളും എല്ലാം ഉണ്ടായിരുന്ന ഒരു ടൗൺ ആയിരുന്നു ഒരിക്കൽ ധനുഷ്‌കോടി. എന്നാൽ 1963 ഡിസംബർ മാസത്തിലെ ഒരൊറ്റദിവസംകൊണ്ട് ധനുഷ്കോടിയുടെ ജാതകം തിരുത്തിയെഴുതപ്പെട്ടു. ഡിസംബർ 22 ന് വീശിയടിച്ച ചുഴലിക്കാറ്റിൽ ഈ ചെറുനഗരം നാമാവശേഷമായി. ഇന്ന് ഇവിടം അക്ഷരാർഥത്തിൽ ഒരു പ്രേതനഗരമാണ്.

1963 ഡിസംബർ 22 ന് വീശിയടിച്ച ചുഴലിക്കാറ്റിൽ ഈ ചെറുനഗരം നാമാവശേഷമായി.

പഴയകാല പ്രതാപത്തിന്റെ സ്മാരകശിലകളും പേറി നിൽക്കുന്ന ഒരു ശവപ്പറമ്പ്. തകർന്ന പള്ളിയുടെയും പോലീസ് സ്‌റ്റേഷന്റെയും ഒക്കെ അവശിഷ്ടങ്ങൾ അനാഥമായി കിടക്കുന്നു.

വാനരസൈന്യം ചിറ കെട്ടാൻ ഉപയോഗിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഒരു ശില.

വാനരസൈന്യം ചിറ കെട്ടാൻ ഉപയോഗിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഒരു ശില ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.വിശ്വാസികൾ ഭക്ത്യാദരപൂർവ്വം ഇതിനെ വണങ്ങുന്നു. പിന്നെ നേരെ യാത്ര തുടങ്ങിയ സ്ഥലത്തേക്ക് എത്തും. ഇവിടെ നിന്നും തിരിച്ച് രാമേശ്വരത്തിനു ബസ്സ് പിടിക്കാം.

രാമേശ്വരം എന്നുകേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യമെത്തുക, നെടുകെ ചീകിയ അലസമായ മുടിയിഴകളും നിറഞ്ഞ പുഞ്ചിരിയുമായി അതിവേഗം നടന്നുനീങ്ങിയിരുന്ന ഒരു മുഖമാണ്. ഈ മുക്കുവ ദ്വീപിൽ ജനിച്ച് ഭാരതത്തിന്റെ യശസ്സ് വാനോളമുയർത്തിയ ശാസ്ത്രപ്രതിഭയും, രാജ്യത്തിനാകമാനം പ്രചോദനമേകിയ പ്രഥമപൗരനുമായിരുന്ന- ഡോ. എ പി ജെ അബ്ദുൽ കലാം... കലാം കാലയവനികയിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ ഈ നാടിന്റെ ഓരോ കോണിലും ജ്വലിച്ചു നിൽക്കുന്നു.

കലാമിന്റെ വീട്ടിലേക്ക് വഴി തെളിക്കുന്ന ബോർഡ്

രാമേശ്വരത്ത് എത്തി കലാം വളർന്ന ജീവിതസാഹചര്യങ്ങൾ നേരിൽകാണുമ്പോഴാണ് അദ്ദേഹത്തോടുള്ള ബഹുമാനം വർധിക്കുന്നത്. ഇന്നും വികസനം വലുതായി എത്തി നോക്കിയിട്ടില്ലാത്ത ഒരു മുക്കുവഗ്രാമം. നല്ല സ്‌കൂളുകളോ ആശുപത്രികളോ മറ്റ് അടിസ്ഥാനസൗകര്യങ്ങളോ വിരളം. വൃത്തിരഹിതമായ തെരുവോരങ്ങൾ. നല്ലൊരു ഹോട്ടൽ പോലും വിരളമാണ്. യാത്രയിൽ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയതും വൃത്തിയുള്ള ഭക്ഷണത്തിന്റെ അഭാവമാണ്. 

രാമേശ്വരം റെയിൽവേ സ്‌റ്റേഷൻ

രാമേശ്വരം റെയിൽവേ സ്‌റ്റേഷനിൽ നിന്നും അരകിലോമീറ്റർ ദൂരമേയുള്ളൂ കലാമിന്റെ വീട്ടിലേക്ക്. കലാം തന്റെ ബാല്യം ചെലവഴിച്ച കൂരയുടെ സ്ഥാനത്ത് ഇപ്പോൾ ലളിതമായ ഒരു രണ്ടുനില വീട് ഉയർന്നുനിൽക്കുന്നു. താഴത്തെ നിലയിൽ കലാമിന്റെ ജ്യേഷ്ഠനും കുടുംബവും താമസിക്കുന്നു. മുകൾനില ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. ഡി ആർ ഡി ഒ (Defense Research & Development Organization) യ്ക്കാണ് ഇതിന്റെ സംരക്ഷണച്ചുമതല. ദേശീയ പ്രാധാന്യമുള്ള പ്രതിരോധ സംവിധാനങ്ങളുടെ മാർഗരേഖകൾ സൂക്ഷിച്ചിരിക്കുന്നതിനാൽ സന്ദർശകർക്ക് ഫൊട്ടോഗ്രഫി അനുവദനീയമല്ല. 

കലാമിന്റെ വീടിന്റെ മുൻവശം. ഇപ്പോൾ മുകൾനില ഒരു മ്യൂസിയമായി പ്രവർത്തിക്കുന്നു.

രാമേശ്വരത്തെ പ്രമുഖ തീർഥാടന കേന്ദ്രമാണ് രാമനാഥപുരം ക്ഷേത്രം. തിരുവനന്തപുരത്തെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ അനുസ്മരിപ്പിക്കുന്ന നിർമിതി. ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. 12 –ാം നൂറ്റാണ്ടിൽ പാണ്ട്യ രാജാക്കന്മാരുടെ കാലത്തു നിർമിക്കപ്പെട്ടതെന്നു ഐതിഹ്യം. ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഇടനാഴിയുള്ള ക്ഷേത്രമെന്ന ബഹുമതിയും രാമനാഥപുരം ക്ഷേത്രത്തിനു സ്വന്തം. സൂചികുത്താൻ ഇടമില്ലാത്ത ഭക്തജനത്തിരക്ക്..

രാമനാഥപുരം ക്ഷേത്രം

അടുത്തതായി പോയത് രാമർപാതം എന്ന സ്ഥലത്തേക്ക്. രാമേശ്വരത്തെ ഏറ്റവും ഉയർന്ന സ്ഥലമാണ് രാമർപാതം. ഇവിടെ നിന്നാൽ രാമേശ്വരത്തിന്റെ 360 ഡിഗ്രി കാഴ്ച ആസ്വദിക്കാം. ശ്രീരാമന്റേത് എന്നുവിശ്വസിക്കപ്പെടുന്ന കാൽപ്പാദം പതിഞ്ഞ ഒരു ശില  ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 

രാമർപാതം

അടുത്ത ലക്ഷ്യം നിർമാണവിസ്മയമായ പാമ്പൻ പാലമായിരുന്നു. പാമ്പൻ ദ്വീപിനെ ഇന്ത്യ വൻകരയുമായി ബന്ധിപ്പിക്കുന്ന പൊക്കിൾക്കൊടിയാണ് ഈ പാലം. 1914 ൽ ബ്രിട്ടീഷുകാർ നിർമിച്ച പാലം ഇന്ത്യയിലെ ആദ്യ കടൽപ്പാലമാണ്. 1964 ലെ ചുഴലിക്കാറ്റിൽ പാലത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചു. പാമ്പൻ പാലത്തിലൂടെ പോയിരുന്ന പാമ്പൻ-ധനുഷ്‌കോടി പാസഞ്ചർ ട്രെയിനും കടലെടുത്തു. നൂറ്റമ്പതോളം പേർ കൊല്ലപ്പെട്ടു. പിന്നീട് നമ്മുടെ കൊച്ചി മെട്രോയുടെ ശില്പിയായ ഇ ശ്രീധരനാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പാമ്പൻ പാലം പുനർനിർമിക്കുക എന്ന ഭഗീരഥപ്രയത്നം പൂർത്തിയാക്കിയത്. 

പാമ്പൻ പാലത്തിന്റെ സായാഹ്‌ന ദൃശ്യം.

രാമേശ്വരത്ത് നിന്നും ഏതാണ്ട് 13 കിലോമീറ്ററാണ് പാമ്പൻ പാലത്തിലേക്കുള്ള ദൂരം. അരമണിക്കൂർ ഇടവിട്ടു ബസ്സുകൾ സർവീസ് നടത്തുന്നു. വൈകുന്നേരം പാമ്പൻ പാലത്തിൽ നിന്നും പാമ്പൻ ദ്വീപിന്റെ വിശാലമായ കാഴ്ചയും പാമ്പൻ റെയിൽവേ പാലത്തിലൂടെ ട്രെയിൻ പോകുന്ന കാഴ്ചയും നയനാനന്ദകരണമാണ്. 

ഇരുട്ട് വീണു തുടങ്ങി. തിരിച്ച് റെയിൽവേ സ്‌റ്റേഷനിലേക്ക്. പത്തുമണിയോടെ എറണാകുളം എക്സ്പ്രസ് ട്രെയിൻ പാമ്പൻ പാലത്തിലൂടെ വീണ്ടും കുതിച്ചുപാഞ്ഞു...