പോർട്ട് ബ്ലെയറിൽ നിന്ന് കിഴക്കോട്ട് നോക്കിയാൽ റോസ് കൈകാട്ടി വിളിക്കുന്നതുകാണാം. പോർട്ട് ബ്ലെയർ രാജീവ് ഗാന്ധി വാട്ടർ സ്പോർട്സ് കോംപ്ലക്സിൽ നിന്ന് ബോട്ടിൽ പോകാവുന്നത് റോസ് ഉൾപ്പെടെ മൂന്ന് ദ്വീപുകളിലേക്കാണ്. (നോർത്ത് ബേ, വൈപ്പർ ഐലൻഡ് എന്നിവയാണ് മറ്റുള്ളവ). 20 രൂപകൊടുത്ത് ഒരുബോട്ടിൽ കയറിയാൽ 20 മിനിറ്റുകൊണ്ട് റോസിന്റെ മണ്ണിൽ കാലുകുത്താം.
സ്മാരകങ്ങളുടെ ദ്വീപാണ് റോസ്. 1941 ൽ ഒരു ഭൂചലനം പിടിച്ചുകുലുക്കുന്നതുവരെ ആൻഡമാൻ ദ്വീപുസമൂഹങ്ങളിലെ ബ്രിട്ടിഷ് ഭരണത്തിന്റെ കേന്ദ്രമായിരുന്ന സ്ഥലം. ചീഫ് കമ്മിഷണറുടെ ഓഫിസ് അവിടെയായിരുന്നു. ദ്വീപ് 75 ഏക്കറേ ഉള്ളൂവെങ്കിലും അവിടെ എല്ലാം ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റ്, ബാസാർ, ക്ലബുകൾ, പള്ളി, പ്രിന്റിങ് പ്രസ്, പോസ്റ്റ് ഓഫിസ് , ജലശുദ്ധീകരണ പ്ലാന്റ്, ബേക്കറി, നീന്തൽക്കുളം അങ്ങനെ ബിട്ടിഷുകാർക്ക് വേണ്ടതെല്ലാം അവർ അവിടെ പണിതു. ഇന്ത്യയിൽ നിന്ന് ആൻഡമാനിലേക്ക് നാടുകടത്തിയ സ്വാതന്ത്യ്ര സമര തടവുകാരുടെ അധ്വാനമാണ് അവർ അതിനായി ഉപയോഗിച്ചത്. 1942ൽ ബ്രിട്ടിഷുകാരിൽനിന്ന് ആൻഡമാൻ നിക്കോബാർ പിടിച്ചെടുത്ത ജപ്പാൻകാരും റോസിലെത്തി. 1943ൽ സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ ഒരുദിവസം തങ്ങി ത്രിവർണ പതാക ഉയർത്തിയതും ചരിത്രമാണ്.
ഇപ്പോൾ ഇന്ത്യൻ നേവിയുടെ നിയന്ത്രണത്തിലാണ് റോസ് ദ്വീപ്. ജെട്ടിയിലിറങ്ങിയാലുടൻ നേവിയുടെ പരിശോധന. പ്രവേശനം അവിടെനിന്നാണ്. ജെട്ടിയിലെ ആദ്യകാഴ്ച ജാപ്പനീസ് ബങ്കറാണ്. ഒരാൾക്ക് നിവർന്നുനിൽക്കാനാകാത്തവിധം ഇടുങ്ങിയ, ഇരുട്ടുള്ള മുറി. കേരളത്തിലും മറ്റും കാണുന്ന ബങ്കറുകൾ പോലെതന്നെയാണിത്. നമുക്ക് അധികം പുതുമ തോന്നണമെന്നില്ല.
മരമായി കെട്ടിടങ്ങൾ
റോസ് കണ്ടുതുടങ്ങുകയാണ്. എവിടെത്തിരിഞ്ഞാലും തെങ്ങുകൾ. പലയിടങ്ങളിലും തേങ്ങാക്കൂനകൾ. തേങ്ങ പറിക്കാനോ, വീണുകിടക്കുന്ന തേങ്ങ എടുക്കാനോ തോന്നിയാൽ അതിനുള്ള പിഴ എത്രയെന്ന് സമീപത്തെ ബോർഡിൽ നിന്നുവായിച്ചറിഞ്ഞേക്കുക. കോൺക്രീറ്റിലും കല്ലുപാകിയും ഉണ്ടാക്കിയ നടപ്പാതകളാണ് നമ്മെ നയിക്കുന്നത്.
കാലം ചെല്ലുമ്പോൾ കെട്ടിടം മരമായി മാറുമോ? കടലിനോടുചേർന്ന് നിരനിരയായി കെട്ടിടങ്ങളുടെ ശേഷിപ്പുകൾ കണ്ടാൽ ഇങ്ങനെയാണ് തോന്നുക. പഴയ പോസ്റ്റ് ഓഫിസ്, പ്രിന്റിങ്, പ്രസ് തുടങ്ങി എല്ലാ കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങളിൽ നിന്ന് ആൽമരം ഉയർന്നിരിക്കുന്നു. ഭിത്തികളെ അതിന്റെ വേരുകൾ വരിഞ്ഞുമുറുക്കിയിരിക്കുന്നു. മരം കെട്ടിടത്തെ തിന്നുകളഞ്ഞതാണോ അതോ കെട്ടിടം മരത്തിന് ജന്മം നൽകുന്നതാണോ എന്ന് തീർത്തുപറയാനാകാത്തവിധം അവ ഒന്നാണിപ്പോൾ. മുന്നോട്ട് നടക്കുമ്പോൾ കാണുന്ന എല്ലാ കെട്ടിടങ്ങളുടെയും അവസ്ഥ ഇതുതന്നെ. ക്ലബ്, സെക്രട്ടേറിയറ്റ് തുടങ്ങിയവയിലൊക്കെ ആൽമരങ്ങൾ എഴുന്നേറ്റ് നിൽക്കുന്നു. പണ്ടൊരുകാലത്ത് കറുത്തകോട്ടും കനത്ത ബൂട്ടുമിട്ട നൂറുകണക്കിന് സായിപ്പൻമാർ ഒച്ചവച്ചുനടന്ന സ്ഥലമാണിത് എന്ന് വിശ്വസിക്കാൻ പ്രയാസം. രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലെ കെട്ടിട അവശിഷ്ടങ്ങളുടെ കാഴ്ചകളിൽ നിന്ന് റോസിലെ അവശേഷിപ്പുകൾ വ്യത്യസ്തമാകുന്നതിന് ഒരു കാരണം ഈ മരങ്ങളുടെ സാന്നിധ്യമാണ്.
തെങ്ങുകൾക്കൊപ്പം പനകളും മറ്റുവലിയ വൃക്ഷങ്ങളും ദ്വീപിലുണ്ട്. ദ്വീപിന്റെ പടിഞ്ഞാറേത്തീരത്തിനു സമാന്തരമായി വടക്കോട്ടാണ് നടപ്പ്. സാമാന്യം നല്ല കയറ്റമാണ്. നടപ്പാതയുടെ ഇരുവശങ്ങളിലുമായി നിൽക്കുകയും കിടക്കുകയും ചെയ്യുന്ന കൂറ്റൻ മരങ്ങൾ കാണാം. ഇടയ്ക്ക് ഒന്നും രണ്ടുമായി മാനുകൾ പുല്ലുതിന്നുനടക്കുന്നു. പോകുന്ന വഴിക്ക് സന്ദർശകർക്ക് പ്രവേശനമില്ലാത്ത സ്ഥലങ്ങളുണ്ട്. ബ്രിട്ടിഷുകാരുടെ നാവിക പരിശീലന കേന്ദ്രവും ബാരക്കുകളും പവർ ഹൗസും മറ്റും ഇവിടെ ഉണ്ട്. എല്ലാം ഭാഗികമായി തകർന്ന് വേരുകളും ശിഖിരങ്ങളുമായിരിക്കുന്നു.
ഏകാന്ത നാവികന്റെയടുത്ത്
റോസ് ദ്വീപിന്റെ വടക്കുപടിഞ്ഞാറേ മുനമ്പിലേക്കാണ് അടുക്കുന്നത്. അതുവരെ കണ്ട കാഴ്ചകളല്ല, അവിടെ. നാവികർക്കായി മാറ്റിവച്ചിട്ടുള്ള പ്രദേശം പോലെയാണത്. വലിയൊരു നങ്കൂരത്തിന്റെ മാതൃക കാണാം. അതിനു മുകളിൽ ഇംഗ്ലിഷിൽ ഇങ്ങനെയൊരു എഴുത്തും. - നിങ്ങൾ ഇവിടെനിന്ന് മടങ്ങി വീട്ടിലെത്തുമ്പോൾ അവരോട് പറയുക, അവരുടെ നാളെകൾക്കായി ഞങ്ങളുടെ ഇന്നുകൾ ഞങ്ങൾ നൽകിയിരിക്കുന്നു..
ദ്വീപിന്റെ ഏറ്റവും ഉയർന്ന ഭാഗമായിരിക്കും ഇവിടമെന്നു തോന്നുന്നു. ഇനിയങ്ങോട്ട് പടവുകളാണ്. വെറുമൊരു കാഴ്ചയിലേക്കല്ല ഇറക്കം, ഒരു അനുഭവത്തിലേക്കാണ്. തെളിഞ്ഞ നീല ആകാശം, നീല കടൽ, കടലിലേക്ക് വീഴാനൊരുങ്ങി നിൽക്കുന്ന തെങ്ങുകൾ. തണുത്ത് വീശുന്ന കാറ്റ്. തീരത്ത് വെള്ളത്തിനടിയിലായ കോൺക്രീറ്റ് നിർമാണങ്ങൾ. ആ ദൃശ്യത്തിൽ വീണ് അങ്ങനെ നിന്നുപോയതാണ്, പക്ഷേ, കടലിലേക്കുനോക്കി ധ്യാനിച്ചുനിൽക്കുന്ന ആ ഏകാന്ത നാവികൻ വീണ്ടും മുന്നോട്ടുനടത്തിച്ചു.
ഇരുനൂറുമീറ്ററോളം നീളത്തിൽ കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന ഒരുപാലം . ഇരുവശത്തും ആഞ്ഞടിക്കുന്ന തിരകൾ. പാലത്തിൽ നിൽക്കുന്നവരെ പലപ്പോഴും തിരകൾ നനയ്ക്കാറുണ്ട്. ഇത്രയും ശക്തമായ തിരകൾ ആൻഡമാൻ സമൂഹത്തിൽ സന്ദർശിച്ച മറ്റൊരു തീരത്തുമില്ലെന്ന് തോന്നുന്നു. കടലിന്റെ ശബ്ദമുണ്ട്, കാറ്റിന്റെ സ്പർശമുണ്ട്. കടൽപാലത്തിന്റെ അവസാനമാണ് ദ് ലോൺ സെയ്ലർ എന്ന് അറിയപ്പെടുന്ന പ്രതിമ. കടലിനെ ധ്യാനിച്ച് ഒറ്റയ്ക്കുനിൽക്കുന്ന നാവികൻ. ഇന്ത്യയിൽ മറ്റൊരിടത്തും ഇങ്ങനെയൊരു ദൃശ്യം കണ്ടിട്ടില്ല.
യുഎസിൽ നാവികർക്കുള്ള ആദരമായി സ്ഥാപിക്കുന്ന വെങ്കല പ്രതിമയാണിത്. 2010ലാണ് റോസിലെ പ്രതിമ രാജ്യത്തിനു സമർപ്പിച്ചത്.
കടൽപാലത്തിലൂടെ തിരിച്ചുനടക്കുമ്പോൾ ചിന്ത നാവികരെപ്പറ്റിയായിരുന്നു. കാറ്റിനൊത്ത് കടലിന്റെ നീലിമയിൽ അനിശ്ചിതത്വങ്ങളിലൂടെ ഒഴുകിനടന്നവർ. പുതിയ തീരങ്ങൾ കണ്ടെത്തിയവർ. റോസ് ഐലൻഡിന് ആ പേര് ലഭിച്ചതും ഒരു നാവികനിൽ നിന്നാണ്. റെജിനാൾഡ് റോസ് എന്ന അദ്ദേഹം ഒരു മറൈൻ സർവേയറായിരുന്നു.
ഫെറാർ ബീച്ചും ഹൊറർ ലൊക്കേഷനുകളും
റോസിൽ കടലിൽ ഇറങ്ങാനാകുന്നത് ഫെറാർ ബീച്ചിൽ മാത്രമാണ്. ദ്വപിന്റെ കിഴക്കേ തീരമാണ് ഫെറാർ ബീച്ച്. അധികം തിരക്കില്ലാത്ത, അധികം നീളമില്ലാത്ത ബീച്ച്. ക്രീം നിറത്തിലുള്ള മണലാണിവിടെ. കിഴക്കേ തീരത്തിനും സമാന്തരമായി നടപ്പാതയുണ്ട്. തെക്കോട്ടുനടക്കുമ്പോൾ ശരിക്കും ഒരു വനത്തിന്റെ പ്രതീതിയാണ്. തെങ്ങുകളും പനകളും മറ്റു വലിയ വൃക്ഷങ്ങളുമുണ്ട്. തെക്കുകിഴക്കുള്ള മുനമ്പിലും ബങ്കറുണ്ട്. അവിടെനിന്നുള്ള കടൽക്കാഴ്ചയും മനോഹരമാണ്. ഈ മുനമ്പിനു സമീപമാണ് മയിലിനെ കണ്ടത്.
സത്യത്തിൽ ഇവിടന്നങ്ങോട്ട് വഴിതെറ്റിയെന്നുപറയാം. തീരത്തുനിന്നകന്ന് ദ്വീപിന്റെ മധ്യത്തിലേക്കാണ് കയറിയത്. അവിടെയും പഴയ കെട്ടിടങ്ങളിൽ മരങ്ങൾ വളർന്നിരിക്കുന്നു. ഇതുവരെ കണ്ടതിലും ഭീകരമായ കാഴ്ച. ലോർഡ് ഓഫ് ദ് റിങ്സ് സിനിമയിലെ ഗ്രാഫിക്സ് രംഗങ്ങൾ പോലെയാണ് തോന്നിച്ചത്. ഒരു മുഴുനീള പ്രേത സിനിമ ഷൂട്ട് ചെയ്യാനുള്ള എല്ലാ ചേരുവകളും ഇവിടെയുണ്ട്. ദ്വീപിലെ മറ്റു സ്ഥലങ്ങളെപ്പോലെയല്ല, ഈ പ്രദേശത്ത് ഒരു മനുഷ്യജീവി പോലുമില്ല. എല്ലാറ്റിലും ഒരു നിഗൂഢത. മരങ്ങളും കെട്ടിടങ്ങളും അവിടെക്കണ്ട മാനുകളുമെല്ലാം എന്തൊക്കെയോ നമ്മളിൽ നിന്നു മറയ്ക്കുന്നതു പോലെയാണ്. വേരുകൾക്കിടയിൽ നിന്ന് പുകച്ചുരുളുകളെയും ചിറകടിച്ചുയരുന്ന വാവൽക്കൂട്ടങ്ങളെയും തകർന്ന കെട്ടിടത്തിൽ നിന്ന് അട്ടഹാസവുമായി ഇറങ്ങിവരുന്ന ദുർമന്ത്രവാദിനിയെയും ചിലപ്പോഴെങ്കിലും നാം പ്രതീക്ഷിച്ചുപോകും. ഇവിടെ ഒറ്റപ്പെട്ടുപോകുന്ന ഒരാൾ പേടിച്ചുപോയെന്നു പറഞ്ഞാൽ അയാളെ കളിയാക്കാനാകില്ല.
നടന്നുനടന്ന് വീണ്ടും ആളനക്കമുള്ള ഒരു നടപ്പാതയ്ക്കു സമീപമെത്തി. ആ ആശ്വാസത്തിന്റെ ബലത്തിൽ പിന്നെ ആഞ്ഞൊരു നടത്തമായിരുന്നു. പള്ളിയുടെ ശേഷിപ്പും സെമിത്തേരിയും ഒക്കെ കണ്ടു. അൽപനേരം വിശ്രമിച്ചത് വിജനവും വിശാലവുമായ പള്ളിയുടെ അകത്തായിരുന്നു. തനി യൂറോപ്യൻ മാതൃകയിലുള്ള പള്ളി. ഉയർന്ന ഗോപുരമൊക്കെ ആലായി മാറിയിരിക്കുന്നു. പിന്നീട് താഴോട്ടിറങ്ങി. ദ്വീപിനെ ഏതാണ്ടുമുഴുവനായും വലംവച്ച സംതൃപ്തിയോടെ ജെട്ടിയുടെ സമീപത്തേക്കാണ് നീങ്ങുന്നത്. താഴേക്കുവരുന്തോറും മാനുകളുടെ എണ്ണം കൂടുന്നുണ്ട്. അവയുടെ പേടി കുറഞ്ഞുവരുന്നതായും തോന്നി.
പൊയ്കയും കണ്ടുകഴിഞ്ഞപ്പോൾ ഞങ്ങൾ ഉറപ്പിച്ചു, ഇനി വയ്യ വിശ്രമിക്കണം, വെള്ളം കുടിക്കണം, ഭക്ഷണം കഴിക്കണം. നടന്നു തുടങ്ങിയിട്ട് നാലുമണിക്കൂറിലധികമായി. അങ്ങനെ ജെട്ടിയുടെ അടുത്തേക്ക് നീങ്ങി. ഇനി കാണാൻ മ്യൂസിയം പോലുള്ള ചില കാര്യങ്ങളേ ഉള്ളൂ... അതിനുമുൻപായി റോസ് റസ്റ്ററന്റിൽ നിന്ന് ഭക്ഷണം. പറഞ്ഞുവന്നപ്പോൾ അവിടെ ബിരിയാണി വിളമ്പിത്തന്ന ചേട്ടൻ മലയാളി. റോസിനെപ്പറ്റി ചിലകാര്യങ്ങൾ അദ്ദേഹത്തോടും ചോദിച്ചു. 2004ലെ സുനാമിയുടെ ദിവസം അവധിയായിരുന്നതിനാൽ അധികമാളുകൾ അവിടെയില്ലായിരുന്നെന്നും അതിനാൽ ആർക്കും അപകടമുണ്ടായില്ലെന്നും അയാളാണ് പറഞ്ഞത്. മാത്രമല്ല, ഭീകരത്തിരകൾ പോർട്ട്ബ്ലെയറിലേക്ക് അധികമെത്താതെ കാത്തതിലും റോസിനു പങ്കുണ്ടത്രേ.
ഞങ്ങൾക്കു മടങ്ങേണ്ട നേരമായി. റോസിലെ നടപ്പാതകളും മരംതിന്ന കെട്ടിടങ്ങളും കടൽത്തീരവും തെങ്ങുകളും ഏകാന്ത നാവികനും എല്ലാം ഞങ്ങളോടൊപ്പമുണ്ട്. ബോട്ടിൽ കയറുന്നതിനുമുൻപ് ഒരിക്കൽ കൂടി നോക്കി. പോകരുതെന്ന് പറയുകയാണ് റോസ്. കുറഞ്ഞത് കണ്ണും കരളുമെങ്കിലും ഇവിടെ തന്നിട്ട് പോകണമെന്ന്..ആഗ്രഹമുണ്ട് റോസ്.. പക്ഷേ.. അങ്ങോട്ടുനോക്കൂ.... നോർത്ത് ബേ ദ്വീപ് വിളിക്കുന്നത് കണ്ടില്ലേ....