കാളീഘട്ടും ദക്ഷിണേശ്വറും. ബംഗാളിലെ പ്രസിദ്ധമായ രണ്ട് കാളീക്ഷേത്രങ്ങളിലൂടെ ഒരു തീർഥയാത്ര.
ഓയ് ബാബൂ രുകോ.....
തെരുവിലെ മുറുക്കാൻ കട പോലെ തോന്നിക്കുന്ന കടയിൽ നിന്ന് ബംഗാളിചുവയുളള ഹിന്ദിയിൽ വിളിയുയർന്നു. റോഡരികിലെ കൊച്ചുകടയുടെ ഭിത്തിയിൽ തൂക്കിയിട്ട കാളീരൂപമാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്. ദീപപ്രഭയിൽ ചെമ്പരത്തിമാലയ്ക്ക് ചുവപ്പിത്തിരി കൂടിയതു പോലെ. പൂണൂലിട്ട തടിച്ച ശരീരം തലയിണയിൽ ചാരിവച്ച് അടുത്തായി ഒരു ബംഗാളി പുരോഹിതൻ. കയ്യിൽ ദർഭപ്പുല്ല്. അരികിൽ നിരത്തി വച്ച പൂജാ ദ്രവ്യങ്ങൾ.
തൊട്ടടുത്ത നിമിഷം അടുത്ത കടയിൽ നിന്നും വിളിയുയർന്നു. മറ്റൊരു പുരോഹിതനാണ്. കളിപ്പാട്ടക്കടയിലെ കച്ചവടക്കാരെപ്പോലെയാണ് ഈ തെരുവിൽ പുരോഹിതൻമാർ പൂജാ കർമങ്ങൾ ചെയ്യാൻ ഭക്തരെ വിളിക്കുന്നത്. ഇതിനൊന്നും ചെവി കൊടുക്കാതെ സാരിയുടെ തുമ്പ് തലവഴി മൂടി കൈകളിൽ പൂജാ സാധനങ്ങളുമായി ഒരു കൂട്ടം സ്ത്രീകൾ വേഗം നടക്കുന്നു. അവരുടെ നെറ്റിയിൽ കുങ്കുമത്തിന്റെ അസ്തമയസൂര്യൻ.
ആരതിക്ക് സമയമായിരിക്കുന്നു. അതാണിത്ര തിരക്ക്. തെരുവിലാകെ ചന്ദനത്തിരിയുടെ സുഗന്ധം. യാത്രികരെ കാത്ത് കൈവണ്ടിയിൽ ചാരിയിരിക്കുന്ന മെലിഞ്ഞ മനുഷ്യരുടെ കുഴിഞ്ഞ കണ്ണുകളിൽ പോലും ദീപനാളങ്ങൾ ഓളം വെട്ടുന്നു.
കൊൽക്കത്തയിലെ കാളീഘട്ട് ക്ഷേത്രത്തിനു മുൻപിലെ സന്ധ്യകളിങ്ങനെയാണ്. ദീപപ്രഭ തെരുവിലേക്കും വ്യാപിക്കും. സാധനങ്ങൾ വിൽക്കുന്ന കടകളോളം തന്നെ പുരോഹിതരുടെ കൊച്ചു കൊച്ചു കടകളുമുണ്ട്. പൂജകളും പ്രാർത്ഥനകളും ഭാവിപ്രവചനവും പിതൃകര്‍മവും എന്നു വേണ്ട ഇഹലോകജീവിതം സൗഖ്യമാക്കാനുളള എല്ലാ ആത്മീയവഴികളുമിവിടെ സുലഭം !
സന്ധ്യാ ആരതി തുടങ്ങി. പല നിലകളായുളള കർപ്പൂരത്തട്ട് കൈമണിയുടെ അകമ്പടിയോടെ പൂജാരി കാളീരൂപത്തിനു മുൻപിൽ ഉഴിയുകയാണ്. കാളീദേവിയുടെ മൂന്ന് തൃക്കണ്ണുകളിലും അഗ്നി ജ്വലിക്കുന്നു. പുറത്തേക്ക് തുറിച്ച ചുവന്നനാക്കിന് രക്തത്തിളക്കം. മുഖത്ത് അസുരനിഗ്രഹത്തിനു ശേഷമുളള രൗദ്രഭാവം.
ജയ് ജയ് കാളിമാ.... എന്നാർത്തു വിളിച്ച് സാഷ്ടാംഗം പ്രണമിക്കുകയാണ് ഭക്തർ. ക്ഷേത്രത്തിൽ അലയടിക്കുന്ന മണിമുഴക്കങ്ങൾ പോലും കാളിമാ എന്ന പേരുച്ചരിക്കുന്നതു പോലെ. റോഡരികിലും കടകൾക്കുളളിലും ക്ഷേത്രത്തിലേക്ക് തിരിഞ്ഞ് ഇരുകൈകളുമുയർത്തി കാളിമായ്ക്ക് ജയ് വിളിക്കുന്നവർ.
കാളിയില്ലാതെ ബംഗാളിയില്ല എന്നു പറയാം. വിപ്ലവത്തിനും സാഹിത്യത്തിനും മാത്രമല്ല കാളീഭക്തിക്കും കേൾവികേട്ട നാടാണ് ബംഗാൾ. കണ്ണിൽ കരിമഷി കനത്തിലെഴുതി കടും ചുവപ്പ് പൊട്ടു തൊട്ട് നാക്ക് പുറത്തേക്കിട്ട കാളീരൂപങ്ങളില്ലാത്ത കടകളും വീടുകളും ഇവിടെ കുറവായിരിക്കും. വിപ്ലവത്തിന്റെ രൗദ്രതയും സംഗീതത്തിന്റെ സൗമ്യതയും ചേരുന്നതാണ് ബംഗാളിന്റെ കാളീ സങ്കൽപം. അമ്പത്തിരണ്ട് ശക്തി പീഠങ്ങളിലൊന്നായ കൊൽക്കത്തയിലെ കാളീഘട്ട് ക്ഷേത്രത്തിൽ ഒരു തവണയെങ്കിലും പോയവർക്ക് ഈ ഭാവങ്ങൾ അനുഭവിച്ചറിയാൻ കഴിയും.
സൗമ്യയുടെ ഘട്ട്
കൊൽക്കത്ത നഗരത്തിൽ നിന്ന് ഏറെ അകലെയല്ല കാളീഘട്ട് ക്ഷേത്രം. വീതിയേറിയ റോഡിനിരുവശവും കളിപ്പാട്ടക്കടകളും പൂജാസാധനങ്ങൾ വിൽക്കുന്ന കടകളുമാണ്. കടകളിൽ തൂങ്ങുന്ന ചെമ്പരത്തിമാലകൾ. കാളീദേവിക്ക് ഏറ്റവും പ്രിയപ്പെട്ട അലങ്കാരമായ ചെമ്പരത്തിമാലകളായിരിക്കാം ഒരു പക്ഷേ, ഏറ്റവും ചെലവു കുറഞ്ഞ വഴിപാടും.
ആദിഗംഗ എന്നറിയപ്പെടുന്ന കൊച്ചു നദിക്കരയിലാണ് ഈ ക്ഷേത്രം. പണ്ട് ഗംഗാനദി ഒഴുകിയിരുന്ന വഴിയായിരുന്നത്രേ ഇത്. ചെളി കലങ്ങി കറുത്ത നിറമാണ് ഇപ്പോൾ ആദിഗംഗയിലെ വെളളത്തിന്. ക്ഷേത്രത്തിനു ചുറ്റുമായി കടകളുടെ ബഹളം. ഇതു പിന്നിട്ടു വേണം ക്ഷേത്രത്തിൽ എത്താൻ. പ്രധാന ശ്രീകോവിലിനു മുന്നിലായി മാർബിൾ പാകിയ വിശാലമായ തറയാണ് അകത്തു കയറിയാൽ ആദ്യം ശ്രദ്ധയാകർഷിക്കുക. ബംഗാളിന്റെ മറ്റ് ഭാഗങ്ങളിൽ കാണുന്ന കാളീരൂപങ്ങളിൽ നിന്ന് വ്യത്യസ്തമായി മൂന്നു കണ്ണുകളുളളതാണ് ഇവിടുത്തെ കാളീപ്രതിഷ്ഠ.
അലങ്കാരങ്ങളും ആടയാഭരണങ്ങളും ചാർത്തി ദീപപ്രഭയിൽ ദർശിക്കുമ്പോൾ കാളിയുടെ മുഖത്ത് സൗമ്യഭാവം വിളങ്ങും. കരിമഷിയെഴുതിയ കണ്ണുകളിൽ ഭക്തർ കാരുണ്യധാര കാണും.
രൗദ്രതയുടെ ഘട്ട്
ഓം കാളീ ജയ് കാളീ....
അലർച്ചയോളമെത്തുന്ന ഈ വിളികൾക്കൊപ്പം വെളുത്ത മാർബിൾ പതിച്ച ഭിത്തിയിലേക്ക് ചീറ്റിത്തെറിക്കുന്ന ചോര. കാളീദേവിയുടെ നാക്ക് പോലെ ഭിത്തിയിൽ നിന്ന് ചോരത്തുളളികൾ ഒഴുകിയിറങ്ങുന്നു.
കാളീഘട്ടിൽ മൃഗബലി നടക്കുകയാണ്. ശ്രീകോവിലിനു മുന്നിലെ വെളുത്ത മാർബിൾ തറയിൽ വേലി കെട്ടിത്തിരിച്ച സ്ഥലത്താണ് ബലി നൽകൽ. ആടുകളെയാണ് ബലി നൽകാൻ കൊണ്ടു വരിക. അപൂർവമായി കാളകളെയും കൊണ്ടു വരും.
ആദിഗംഗയിൽ മുക്കിയെടുക്കുന്ന ബലിമൃഗത്തിന്റെ നെറ്റിയിൽ കടുംചുവപ്പ് തിലകവും ചുവന്ന മാലയുമിടുവിക്കും. നനഞ്ഞ് വിറച്ച് ഭീതിപൂണ്ട കണ്ണുകളുമായി വിശ്വാസികളുടെ കയ്യിലിരിക്കുന്ന ആടുകളുടെ ദൃശ്യം ചിലപ്പോഴൊക്കെ മനസ്സിനെ അലോസരപ്പെടുത്തും. ചിലർ മദ്യവും കൊണ്ടു വന്ന് ബലിമൃഗത്തെ കഴിപ്പിക്കും. പിന്നീടാണ് ബലി നൽകൽ.
ബലിമൃഗത്തെ നെഞ്ചോടു ചേർത്ത് കാളീദേവിക്ക് മുന്നിൽ ഒരു ഞൊടി നിശ്ചലനാകുന്ന ഭക്തന്റെ മുഖത്തേക്ക് അടുത്ത നിമിഷം രൗദ്രഭാവം ഇരച്ചു കയറും. അടുത്തു വച്ച ഭാരമേറിയ വാളുകൊണ്ട് ബലിമൃഗത്തെ ആഞ്ഞു വെട്ടും. മൃഗരക്തത്തിന്റെ കുങ്കുമ തിലകമണിഞ്ഞ മുഖവുമായി ചുറ്റും നിൽക്കുന്ന ഭക്തർ കാളീനാമം ഉറക്കെയുറക്കെ ചൊല്ലിക്കൊണ്ടിരിക്കും.
ചൊവ്വ, വെളളി ദിവസങ്ങളിലാണ് മൃഗബലി നടക്കുക. ബലി ദിവസങ്ങളിൽ ഈ ഭാഗത്തെ ഭിത്തികൾക്ക് രക്തം വീണു ചുവന്ന നിറമായിരിക്കും. ബലി നൽകിയ മൃഗങ്ങളുടെ മാംസം നന്നായി മുറിച്ചു പൊതിഞ്ഞു തരാൻ കശാപ്പുശാല പോലൊരു സംവിധാനവും ക്ഷേത്രത്തോടു ചേർന്നുണ്ട്. ഈ മാംസമാണ് ഭക്തർ പ്രസാദമായി കൊണ്ടു പോകുക. മൃഗബലിയുളള ദിവസങ്ങളിൽ മൃഗമാംസത്തിന്റെയും രക്തത്തിന്റയും ഗന്ധമാണ് ക്ഷേത്രപരിസരത്ത് എപ്പോഴും. തലയറ്റ് രക്തത്തിൽ കുളിച്ച് ചിതറിക്കിടക്കുന്ന ആടുകളുടെ ദൃശ്യം മനസ്സിൽ നിന്നു മായാതെ....
കാളീഘട്ടിലെ മറ്റൊരു പ്രത്യേകതയാണ് ക്ഷേത്രത്തിന്റെ തെക്കു കിഴക്കേഭാഗത്തുളള കുളം. കാകു കൊണ്ട എന്നറിയപ്പെടുന്ന ഇത് പണ്ടേ ഇന്നു കാണുന്നതിലും വലുതായിരുന്നു. ഇതിലെ ജലം ഗംഗാനദിയിലെ ജലത്തിനു തുല്യമായാണ് ഭക്തർ കരുതുന്നത്. കുളം വൃത്തിയാക്കുന്നതിന്റെ ഭാഗമായി വറ്റിക്കാൻ ശ്രമിച്ചപ്പോൾ നിരവധി ഉറവകൾ വന്ന് കുളം വേഗം നിറഞ്ഞത്രേ. പഴയകാല ഗംഗാനദിയുടെ ഭാഗമായിരുന്ന ഈ കുളമെന്നതിന്റെ തെളിവായാണ് പലരും ഇതിനെ കാണുന്നത്. കാളിയുടെ ഉപദേവതകളുടെ പ്രതിഷ്ഠയും ക്ഷേത്രത്തോട് ചേർന്നുണ്ട്. ഇവിടെ സ്ത്രീകളാണ് പൂജാകർമങ്ങൾ നിർവഹിക്കുക.
ഐതിഹ്യങ്ങളുടെ ഘട്ട്
അമ്പത്തിരണ്ട് ശക്തി പീഠങ്ങളിൽ ഒന്നായി വിശ്വാസികൾ കണക്കാക്കുന്ന ആരാധനാസ്ഥലത്താണ് കാളീഘട്ട്. ദക്ഷയാഗത്തിന് ക്ഷണിക്കാതെ ചെന്ന പാർവതീ ദേവിയെ അച്ഛനായ ദക്ഷൻ അപമാനിച്ചു. തനിക്കൊപ്പം തന്റെ ഭർത്താവായ ശിവനും അപമാനിക്കപ്പെടുന്നത് സഹിക്കാതെ പാർവതി അഗ്നിയിൽ സ്വയം സമർപ്പിച്ച് ജീവനൊടുക്കി. ക്രുദ്ധനായ ശിവൻ പാർവതിയുടെ ശരീരവും കയ്യിലെടുത്ത് ഘോരതാണ്ഡവമാടാൻ തുടങ്ങി.
പ്രപഞ്ചത്തിന്റെ സർവനാശത്തിനു വരെ കാരണമായേക്കാവുന്ന ശിവതാണ്ഡവം കണ്ട് ദേവൻമാർ ഭയന്നു. മഹാവിഷ്ണു തന്റെ സുദർശന ചക്രം കൊണ്ട് പാർവതി ദേവിയുടെ ശരീരം അമ്പത്തിരണ്ട് കഷണങ്ങളാക്കി അരിഞ്ഞിട്ടു. ആ ശരീരഭാഗങ്ങൾ വീണു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളാണ് ശക്തി പീഠങ്ങളായി ഭക്തർ കണക്കാക്കുന്നത്. പാർവതീ ദേവീയുടെ വലതു കാൽപ്പാദമാണ് കാളീഘട്ടിൽ പതിച്ചതെന്ന് ഐതിഹ്യം പറയുന്നു.
സിദ്ധ പൈതൃകവുമായും കാളീഘട്ടിന് ബന്ധമുണ്ട്. ദശനാമ സമ്പ്രദായത്തിലുളള സന്യാസിയായിരുന്നു ചൗരംഗി നാഥനാണ് കാളീഘട്ട് ക്ഷേത്രം സ്ഥാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ബംഗാൾ ഭരിച്ചിരുന്ന രാജാവായിരുന്ന ദേവപാല രാജാവിന്റെ മകനായിരുന്നു. ചൗരംഗിനാഥൻ. അമ്മ മരിച്ച ചൗരംഗിനാഥനെ നോക്കാനായി ദേവപാലരാജാവ് വീണ്ടുമൊരു വിവാഹം കഴിച്ചു.
പുതിയ രാജ്ഞിക്ക് ചൗരംഗിനാഥനെ ഒഴിവാക്കി രാജ്യാവകാശം തന്റെ മകന് കിട്ടണമെന്നായിരുന്നു ആഗ്രഹം. അവർ രഹസ്യമായി ചൗരംഗിനാഥനെ കാട്ടിലേക്കയച്ചു. കൈകാലുകൾ ഛേദിച്ചു കളഞ്ഞു. ചൗരംഗിനാഥൻ പിന്നീട് യോഗവിദ്യകൊണ്ട് ശരീരഭാഗങ്ങൾ വളർത്തിയെടുത്തത്രേ. കൊൽക്കത്തയിലെ ചൗരംഗി എന്നറിയപ്പെടുന്ന പ്രദേശത്തിന് ആ പേരു വന്നതും ചൗരംഗിനാഥനിൽ നിന്നാണ്.
കാളീഘട്ട് ക്ഷേത്രം ഇന്നു കാണുന്ന രൂപത്തിലായിട്ട് ഏകദേശം ഇരുന്നൂറു വർഷമേ ആയുളളൂ. 1809 ൽ ആ പ്രദേശത്തെ പ്രമുഖ ഭൂവുടമയായിരുന്നു സന്തോഷ് റോയ് ചൗധരിയാണ് ക്ഷേത്രം പുതുക്കിപ്പണിതത്.
പതിനഞ്ച് പതിനേഴ് നൂറ്റാണ്ടുകളിൽ രചിക്കപ്പെട്ടതെന്നു കരുതുന്ന ചില കാവ്യങ്ങളിൽ കാളീഘട്ടിനെക്കുറിച്ച് പരാമർശമുണ്ട്. പണ്ട് ഇതൊരു കൊച്ചു കുടിലായിരുന്നത്രേ. പതിനാറാം നൂറ്റാണ്ടിൽ മാനസിംഹരാജാവാണ് ക്ഷേത്രമായി നിർമ്മിച്ചത്.
ഭാരതത്തിന്റെ വിദൂരഗ്രാമങ്ങളിൽ നിന്നു പോലും ഭക്തർ കാളീഘട്ടിലേക്ക് എത്താറുണ്ട്. ജയ് കാളിമാ എന്ന ആരവം മുഴക്കി കയ്യിൽ ബലിമൃഗങ്ങളുമായി തീവ്രഭക്തിയുടെ കടും നിറമുളള പാതകളിലൂടെ അവർ കാളീഘട്ടിലേക്ക് നീങ്ങുന്നു.
നവരത്നം ചൂടിയ ദക്ഷിണേശ്വർ
കൊൽക്കത്ത നഗരം ദക്ഷിണേശ്വർ ക്ഷേത്രത്തിന്റെ കവാടത്തിനരികിൽ ചെരുപ്പഴിച്ചു വയ്ക്കും. ഹൂഗ്ലി നദിയിലെ വെളളം പോലും ദക്ഷിണേശ്വർ ക്ഷേത്രത്തിനടുത്തുളള കടവിലെത്തുമ്പോൾ ഒന്നു കാലും മുഖവും കഴുകിയൊഴുകുന്നതുപോലെ! നഗരത്തിന്റെ തിരക്കും അച്ചടക്കമില്ലായ്മയുമൊന്നും ദക്ഷിണേശ്വറിന്റെ കവാടത്തിനകത്തേക്ക് കടന്നിട്ടില്ല. ഇവിടുത്തെ കാറ്റിനു പോലുമൊരു ശാന്തഭാവം.
ഹൂഗ്ലി നദിയുടെ കിഴക്കൻ തീരത്താണ് ദക്ഷിണേശ്വർ ക്ഷേത്രം. മഞ്ഞ കലർന്ന വെളുപ്പും കടുംചുവപ്പുമാർന്ന കൂർത്ത താഴികക്കുടങ്ങൾ ദൂരെ നിന്നേ ശ്രദ്ധയാകർഷിക്കും ഉയർന്നു നിൽക്കുന്ന ഒരു മകുടത്തെ ചുറ്റി എട്ടു മകുടങ്ങളടക്കം ഒമ്പത് മകുടങ്ങളാണ് ശ്രീകോവിലിനു മുകളിൽ. പരമ്പരാഗത ബംഗാളി രീതിയിലുളള ഈ വാസ്തു വിദ്യാശൈലി നവരത്ന എന്നറിയപ്പെടുന്നു.
ചെരിപ്പ് സൂക്ഷിക്കാനേൽപ്പിച്ച് ഹൂഗ്ലിനദിയിൽ ദേഹശുദ്ധി വരുത്തി ദക്ഷണേശ്വറിന്റെ മതിലിനുളളിലേക്ക്. വിശാലമായ മുറ്റത്തെ കരിങ്കൽ നിലത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ തന്നെ കാലം ഒരുപാട് പിറകിലേക്ക് ഓടിപ്പോകും. ശ്രീകോവിലിനുളളിൽ ഭവതാരിണി എന്ന ഭാവത്തിലാണ് കാളീദേവിയുടെ പ്രതിഷ്ഠ. ഭക്തരെ സംസാരദുഃഖം തരണം ചെയ്ത് മോക്ഷപദത്തിലെത്തിക്കുന്നവൾ എന്നത്രേ ഇതിനർഥം. സൗമ്യഭാവത്തിൽ കടാക്ഷിക്കുന്ന കാളീദേവിയെ ഭക്തർ കൊടുക്കുന്ന ചെമ്പരത്തിമാലകളും ചെമ്പട്ടുകളും അണിയിക്കുന്ന പൂജാരി. നിറദീപപ്രഭയിൽ വിളങ്ങുന്ന ഭവതാരിണീ ദേവിക്ക് മുൻപിൽ സങ്കടങ്ങൾ നിശ്ശബ്ദമായി ബലി നൽകുന്ന ഭക്തർ.
ശ്രീകോവിലിനു മുന്നിലായി വിശാലമായ ഒരു മണ്ഡപം ഉണ്ട്. അവിടെ ധ്യാനനിരതനായിരിക്കുന്നവരുടെ ചുണ്ടുകൾ ലളിതാ സഹസ്രനാമമുരുവിടുന്നു.
‘ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമദ്സിംഹാസനേശ്വരീ....’ സർവചരാചരങ്ങളുടെ മാതാവും മഹാരാജ്ഞിയുമായ ദേവിയെ കൺമുന്നിൽ കണ്ട് ആനന്ദനിർവൃതിയടയുകയാണവർ.
ഐതിഹ്യത്തേക്കാളേറെ ചരിത്രപരവുമായിട്ടാണ് ദക്ഷിണേശ്വർ കാളീ ക്ഷേത്രത്തിന് അടുപ്പം.’’ മണ്ഡപത്തിനരികിൽ വച്ചു പരിചയപ്പെട്ട ബിപ്ലവ് ചാറ്റർജി പറഞ്ഞു. പേരിൽ വിപ്ലവം ഉണ്ടെങ്കിലും കറകളഞ്ഞ കാളീഭക്തനാണ് ബിപ്ലവ്. മാസത്തിൽ ഒരു തവണയെങ്കിലും ദേവിയെ തൊഴാൻ എത്തും. സംസാരത്തിനിടയ്ക്കും പലതവണ കൈകൂപ്പി ദേവിയെ സ്തുതിച്ചു. ‘‘ജൻബസാറിലെ ഭരണാധികാരിയായിരുന്ന റാണി റാഷ്മണി 1855 ൽ പണികഴിപ്പിച്ചതാണ് ഇന്നു കാണുന്ന ദക്ഷണേശ്വർ ക്ഷേത്രം. വലിയ ധൈര്യശാലി ആയിരുന്നു റാണി. ബ്രിട്ടീഷുകാരെ പോലും വിറപ്പിച്ചിട്ടുണ്ട്.’’ റാണിയെക്കുറിച്ചു പറയുമ്പോൾ ബിപ്ലവിന് ആവേശം.
ഹൂഗ്ലിനദിയിലൂടെ പോകുന്ന ബ്രിട്ടീഷ് ആവിക്കപ്പലുകൾ ഒരു കാലത്ത് മീൻപിടുത്തക്കാർക്ക് വലിയ ശല്യമായി. മീൻ പിടിച്ചു വിൽക്കാനാവാതെ വീടുകളിൽ പട്ടിണി. ഒരു ദിവസം ഹൂഗ്ലി നദിക്കു കുറുകെ കനത്ത ഇരുമ്പു ചങ്ങലകൾ പ്രത്യക്ഷപ്പെട്ടു. ബ്രിട്ടീഷ് കപ്പലുകൾ ചങ്ങല കാരണം മുന്നോട്ടു പോകാനാകാതെ നദിയിൽ നിന്നു. റാണി റാഷ്മോണി ആണ് കപ്പലുകളെ തടയാൻ വേണ്ടി ചങ്ങലകളിട്ടത്. ’’
ഒരിക്കൽ റാഷ്മണി കാശിയിലേക്ക് യാത്ര പോകാൻ തീരുമാനിച്ചു. അന്ന് രാത്രി റാണിയുടെ സ്വപ്നത്തിൽ ദേവി പ്രത്യക്ഷപ്പെട്ട് തനിക്ക് ഗംഗാനദിയുടെ തീരത്ത ഒരു ക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ടത്രെ. വൈകാതെ റാണി ദക്ഷിണേശ്വർ ഗ്രാമത്തിൽ 20 ഏക്കർ സ്ഥലം വാങ്ങി ക്ഷേത്രം നിർമ്മിച്ചു. പ്രതിഷ്ഠാ സമയത്ത് ഭാരതത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ഒരു ലക്ഷത്തിലധികം ബ്രാഹ്മണരാണ് ചടങ്ങിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്..!
നിലവിലുളള പൂജാരി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ അനിയനെ റാണി റാഷ്മോണി ദക്ഷിണേശ്വറിലെ പ്രധാന പൂജാരിയായി നിയമിച്ചു. രാമകൃഷ്ണനെന്ന ആ പൂജാരി പൂജ ചെയ്യുന്നതു കാണാൻ വിശ്വാസികൾ തടിച്ചു കൂടുമായിരുന്നത്രേ! അത്രയ്ക്ക് ഭക്തിയോടും സമർപ്പണത്തോടെയുമാണ് അദ്ദേഹം പൂജ ചെയ്യുക. അങ്ങനെ ആ പൂജാരിയുടെ പേര് ഹൂഗ്ലി നദിക്കപ്പുറത്തും പ്രശസ്തമായി. ഇന്ന് രാമകൃഷ്ണനെന്ന ആ പൂജാരി ലോകം മുഴുവനറിയപ്പെടുന്നത് മറ്റൊരു പേരിലാണ്. ശ്രീരാമകൃഷ്ണപരമഹംസർ!
ക്ഷേത്രപരിസരത്ത് വടക്ക് പടിഞ്ഞാറായാണ് ശ്രീരാമകൃഷ്ണ പരമഹംസർ അവസാന കാലത്ത് ഉപയോഗിച്ചിരുന്ന മുറി. അത് എപ്പോഴും അതേപടി തന്നെ നിലനിർത്തിയിട്ടുണ്ട്. പരമഹംസർ രോഗബാധിതനായി കിടന്നപ്പോൾ എടുത്തു വച്ച ഗംഗാജലം പോലും അവിടെയുണ്ട്.
ശ്രീരാമകൃഷ്ണപരമഹംസർ എന്ന യോഗിയുടെ സാന്നിദ്ധ്യം ദക്ഷണേശ്വറിലെ ഓരോ കോണിലും അനുഭവിച്ചറിയാം. പ്രകൃതി പോലും പരമഹംസരുടെ നിഷ്കളങ്കഭാവത്തിൽ നമ്മെ നോക്കി പുഞ്ചിരിക്കും. ഒപ്പം ഭവതാരിണിയുടെ കാൽതൊട്ടു വന്ദിച്ചൊഴുകുന്ന ഹൂഗ്ലി നദിയുടെ സാന്നിദ്ധ്യവും. നവരത്നം ചൂടുന്ന ഈ ക്ഷേത്രനഗരി ദിവ്യമായ ഒരനുഭൂതിയായ് മനസ്സിനെ പുണരുകയാണ്....
കാളീഘട്ടിലേക്ക് എത്താൻ
തെക്കൻ കൊൽക്കത്തയിലാണ് കാളീഘട്ട് ക്ഷേത്രം. കാളീഘട്ടിൽ മെട്രോ സ്റ്റേഷനുണ്ട്. ഹൗറയിൽ നിന്ന് എപ്പോഴും ബസുകളുണ്ട്. ട്രാം സർവീസും ലഭ്യമാണ്. കാളീഘട്ടിൽ ഒരു ട്രാം ഡിപ്പോ തന്നയുണ്ട്. ഞായർ, ചൊവ്വ ദിവസങ്ങളിൽ ക്ഷേത്രത്തിൽ തിരക്ക് കൂടുതലായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്താൽ ബംഗാൾ ടൂറിസം കോർപറേഷന്റെ ഗസ്റ്റ് ഹൗസിൽ മിതമായ നിരക്കിൽ താമസ സൗകര്യം കിട്ടും.
ദക്ഷിണേശ്വറും ബേലൂർമഠവും
ട്രെയിൻ മാർഗവും ബസ് മാർഗവും ദക്ഷിണേശ്വറിലെത്താം. ഹൗറ സ്റ്റേഷനിൽ നിന്ന് മിക്ക സമയത്തും ബല്ലിസ്റ്റേഷൻ വരെ ട്രെയിൻ കിട്ടും. കൊൽക്കത്ത, സിയാൽദാ സ്റ്റേഷനുകളിൽ നിന്നും ട്രെയിനിൽ കയറാം. നേതാജി സുഭാഷ്ചന്ദ്രബോസ് അന്തരാഷ്ട്ര വിമാനത്താവളത്തിനടുത്തുളള എയർപോർട്ട് ഏരിയയിൽ നിന്ന് ദക്ഷിണേശ്വറിലേക്ക് ബസ് ലഭിക്കും.
ദക്ഷണേശ്വറിനടുത്തുകൂടി ഒഴുകുന്ന ഹൂഗ്ലി നദിയുടെ മറുകരയിലാണ് ബേലൂർ മഠം. ക്ഷേത്രം സന്ദർശിക്കുന്ന മിക്കവരും ബേലൂർമഠം കൂടി സന്ദർശിച്ചേ മടങ്ങാറൂളളൂ. നഗരത്തിരക്കിൽ നിന്ന് മാറി തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് ക്ഷേത്രവും മഠവും.