ദൈവമങ്ങനെ പ്രത്യക്ഷനാകും

thirupathy-new
SHARE

ഇന്നലെ പെയ്ത മഴ  ചെന്നൈയിലെ കൊടുംവേനലിനെ അൽപമൊന്നു തണുപ്പിച്ചു. അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്കുള്ള യാത്ര തീരുമാനിച്ചപ്പോൾ മകൾ ആവശ്യപ്പെട്ടു- എന്തായാലും ഇത്തവണ തിരുപ്പതിയിൽ പോയേ തീരൂ. വിദേശത്തു ജനിച്ചു വളർന്ന  മകൾ എങ്ങനെയോ തിരുപ്പതിയെക്കുറിച്ച് അറിഞ്ഞിരിക്കുന്നു. ചെന്നൈയിലെ  ബന്ധുവീട്ടിൽനിന്ന് അങ്ങനെ ആറംഗസംഘം വെളുപ്പിനു മൂന്നു മണിക്ക് യാത്ര പുറപ്പെട്ടു. പട്ടണത്തിലെ നിരത്തിനിരുവശവും  കെട്ടിടങ്ങൾ നിരനിരയായി നിർമിച്ചിരിക്കുന്നതിനാൽ, തലേന്നു പെയ്ത മഴവെള്ളം ഒഴുകിപ്പോകാനാകാതെ തളം കെട്ടി കിടക്കുന്നു. നഗരം ഉണർന്നിട്ടില്ല. എത്രയും വേഗം നഗരാതിർത്തി കടന്നു ട്രാഫിക്കിൽനിന്നു രക്ഷനേടാനാണ് ഡ്രൈവറുടെ ശ്രമം.

തമിഴ്നാടിനോടു വിടചൊല്ലി ഞങ്ങൾ ആന്ധ്രയിലേക്കു പ്രവേശിച്ചു. ഹൈവേയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതു കൊണ്ട് ഗ്രാമത്തിനുള്ളിലൂടെ പോകുന്ന ചെറിയ റോഡുകളിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ടിരിക്കുന്നു. പാതയ്ക്കിരുവശവും തലയുയർത്തി നിൽക്കുന്ന പർവതശിഖരങ്ങൾ. താഴ്‌വാരങ്ങളിൽ പച്ചപ്പട്ടു വിരിച്ച നെൽപ്പാടങ്ങൾ. ആ പച്ചപ്പട്ടുസാരിയുടെ ബോർഡറായി, വരമ്പുകളും നീർച്ചാലുകളും. ഇരുവശവും പരന്നു കിടക്കുന്ന പച്ചപ്പിനെ വേർതിരിച്ച് നീണ്ടുകിടക്കുന്ന കറുത്ത ടാർ റോഡ്. മഴവെള്ളം റോഡിൽനിന്ന് നീർച്ചാലിലേക്കു വാർന്നുപൊയ്ക്കൊണ്ടിരിക്കുന്നു. കുട്ടനാടൻ പ്രകൃതിഭംഗിയോടു കിടപിടിക്കുന്ന നെൽപ്പാടങ്ങൾ. ഒരു വ്യത്യാസം മാത്രം- ആന്ധ്രയിലെ  നെൽപ്പാടങ്ങൾക്ക് മലനിരകളാൽ തീർത്ത കോട്ടകൾ. പർവത നിരകൾക്കുമുകളിൽ പടർന്നു പൊന്തി വരുന്ന വെള്ളിവെളിച്ചം  ഒരു മഹാ പ്രതിഭാസത്തിന്റെ  വരവിനെ വിളിച്ചറിയിക്കുന്നു. അന്ധകാരത്തിന്റെ അന്തകന്റെ എഴുന്നള്ളത്തിനുള്ള ശുഭമുഹൂർത്തം  സമാഗതമായി.

ദിവസത്തിലെ  ആദ്യയാമമായ വിദ്യാലക്ഷ്മിയുടെ യാമം, പുലർച്ചെ  മൂന്നു മുതൽ ആറു മണിവരെയുള്ള സമയം ഇതാ കഴിയുന്നു. തമോഗുണം അകന്ന് സത്വഗുണം ഉദിക്കുന്ന, പ്രകൃതി ശാന്തവും നിർമലവുമാകുന്ന ഈ സമയത്തിനെത്തന്നെയാണ് ബ്രാഹ്മമുഹൂർത്തം എന്നും പറയുന്നത്. ഈ യാമത്തിന് മറ്റൊരു പേരുകൂടി ഉണ്ടല്ലോ? അതേ, സരസ്വതീയാമം. അത്  ഓർത്തെടുത്തപ്പോൾ നാവിൻതുമ്പിലേക്കു വന്നത് ഈ ഗാനമാണ്. - "സരസ്വതിയാമം കഴിഞ്ഞു, ഉഷസ്സിൻ സഹസ്രദളങ്ങൾ  വിരിഞ്ഞു, വെൺകൊറ്റക്കുടചൂടും മലയുടെ മടിയിൽ വെളിച്ചം ചിറകടിച്ചുയർന്നു." ഇപ്പോൾ കൺമുന്നിൽ  പൊട്ടിവിരിയുന്ന ഉഷസ്സിന്റെ  എല്ലാ ഭാവങ്ങളും നേരിൽക്കണ്ട്  മനോഹരമായി ഒപ്പിയെടുത്തതുപോലെയുള്ള വരികൾ. വയലാർ എന്ന അതുല്യപ്രതിഭക്കൊരായിരം പ്രണാമം. 

ലോകത്തിലെ ഏറ്റവും വേഗം കൂടിയ വാഹനം എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം…. മനസ്സ്”.

ഹൈസ്കൂളിൽ എത്തിയപ്പോളാണ് ഒരു സൗണ്ട് സിസ്റ്റം സ്കൂളിൽ വേണമെന്ന് അധ്യാപകരും വിദ്യാർഥികളും ഒരുമിച്ചു തീരുമാനിച്ചത്. അതിനു വേണ്ടി പിരിവു നടത്തി ഒരു ഗ്രാമഫോൺ പ്ലെയറും രണ്ട് കോളാമ്പി ലൗഡ്സ്പീക്കറുകളും വാങ്ങി. തിങ്കളാഴ്ച മുതൽ ഉച്ചയൂണു സമയത്ത് സിനിമാ ഗാനങ്ങൾ കേൾക്കാമെന്ന്  ഹെഡ് മാസ്റ്റർ ശിവരാമൻ സാർ അസംബ്ലിയിൽ അനൗൺസും ചെയ്തു. പാട്ടുപെട്ടി പ്രവർത്തിക്കുന്നതു കാണാൻ ഓഫിസ് മുറിയുടെ ജാലകത്തിനടുത്ത് അനേകം കുട്ടികൾ തടിച്ചു കൂടി. ഒരു വെളുത്ത കവറിൽനിന്നു സാർ പുറത്തെടുത്ത കറുത്ത ഡിസ്ക്കിൽ വൃത്താകൃതിയിലുള്ള അനേകം വരകൾ. അതിനു പുറത്ത് സുന്ദരനായ ഒരു നായയുടെ ചിത്രം. ഡിസ്ക്  പാട്ടുപെട്ടിയിൽ വച്ച് കൈ പോലെയുള്ള സാധനം അതിനു മുകളിലേക്ക് സാർ എടുത്തു വച്ചു. ഡിസ്ക്  കറങ്ങാൻ തുടങ്ങിയപ്പോൾ ആ അത്ഭുതം സംഭവിച്ചു. സ്കൂളിന്റെ  മേൽക്കൂരയിൽ ഉറപ്പിച്ചിരുന്ന കോളാമ്പിയിൽനിന്നു ,‘സരസ്വതി യാമം കഴിഞ്ഞു, ഉഷസ്സിൻ സഹസ്രദളങ്ങൾ വിരിഞ്ഞു’ എന്ന ഗാനം അലയടിച്ചുയർന്നു.  ആർപ്പു വിളിച്ച് , കൈകൾ കൊട്ടി, തുള്ളിച്ചാടി ആഹ്ളാദ പ്രകടനം നടത്തിയാണ് വിദ്യാലയത്തിൽ കേട്ട  ആദ്യ ഗാനത്തെ അന്ന് കുട്ടികൾ എതിരേറ്റത്. അതിനു ശേഷം കുറച്ചു മാസങ്ങൾ മാത്രം മനസ്സിൽ തങ്ങിനിന്ന  ഈ ഗാനം  ഇപ്പോഴിതാ ഓർമയിൽ  ഓടി എത്തിയിരിക്കുന്നു.

thiruppathi1

പ്രകൃതിഭംഗി നുകർന്ന് കുറച്ചു ദൂരം പിന്നിട്ടപ്പോൾ വഴിയരികിലെ തണൽമരത്തിനു ചുവട്ടിൽ വലിയ  കുട്ട നിറയെ പേരക്ക വിൽക്കാനായി ഇരിക്കുന്ന, ശോഷിച്ച്‌, എല്ലും തോലുമായ ഒരു മധ്യവയസ്ക. അരികിൽ ഇരുകൈകളും മുന്നോട്ടു നീട്ടി  അതീവശ്രദ്ധയോടെ ചോറ്റുപാത്രത്തിൽ മാത്രം കണ്ണും നട്ട്  കിടക്കുന്ന ഒരു ശുനകൻ. ചെറിയ ചോറ്റുപാത്രത്തിലെ ഭക്ഷണം ഒരാൾക്കുപോലും തികയില്ല. എന്നാലും,  അതും പങ്കുവെക്കാൻ തയാറായ ആ സ്ത്രീയിൽ  വിളങ്ങിനിൽക്കുന്നു സഹാനുഭൂതി. 

തിരുപ്പതി എന്ന ചെറുപട്ടണത്തിൽ നിന്നാണ് തിരുമലയിലേക്കുള്ള കയറ്റം തുടങ്ങുന്നത്. മല കയറാനും ഇറങ്ങാനും പ്രത്യേകം വഴികൾ. ഇതു ശബരിമലയിലും പിന്തുടർന്നിരുന്നെങ്കിൽ എത്ര അപകടങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന ചിന്ത മനസ്സിനെ അസ്വസ്ഥമാക്കി. തിരുമല കയറുന്ന ബസുകൾ നീളം കുറഞ്ഞതാണ്. അവ പരിശോധനിച്ച് സുരക്ഷ ഉറപ്പുവരുത്തുമത്രേ. പാതകൾക്കിരുവശവും ചെറിയ മരങ്ങൾ നിറഞ്ഞ വനപ്രദേശത്തിനുള്ളിലൂടെ മല നടന്നു കയറുന്ന ഭക്തർക്കായുള്ള കാനന പാത. ദർശനത്തിനായി അഞ്ച് മണിക്കൂർ വരി നിൽകണം. ഇടക്കിടെ വിശ്രമമുറികൾ. ക്ഷേത്രത്തിനുള്ളിൽ വരികൾ ഒരുമിക്കുന്നതുകൊണ്ട് വലിയ തിക്കും തിരക്കും. ജനമഹാസമുദ്രം ‘ഗോവിന്ദാ! ഗോവിന്ദാ!’ വിളികളുമായി ബാലാജിയെ കാണാനെത്തിയിരിക്കുന്നു. മുണ്ഡനം ചെയ്ത തലകളിൽ വാരിത്തേച്ചിരിക്കുന്ന ചന്ദനത്തിന്റെ സുഗന്ധം. ചാക്കുകളിൽ നിറയെ കാണിക്കപ്പണവും ചുമന്നാണ് ചിലർ എത്തിയിരിക്കുന്നത്. ഇടിച്ചു മുന്നോട്ടു കയറുന്നതു ശീലിച്ചിട്ടില്ലാത്ത ഞങ്ങളെ പിന്നോട്ടു തള്ളി  കടന്നുപോകുന്ന ജനക്കൂട്ടം.

ദർശനശേഷം ശ്രീകോവിൽ വലംവയ്ക്കാൻ ആരംഭിച്ചപ്പോൾ മകളോട് ഒരാൾ സംസാരിക്കുന്നു. ഒറ്റനോട്ടത്തിൽ അമ്പതു വയസ്സ് തോന്നിക്കുന്ന ഒരു തനി നാടൻ തെലുങ്കൻ. പക്ഷേ അയാൾ പറയുന്നതെല്ലാം ഇംഗ്ലിഷും അൽപം മലയാളവും മാത്രം അറിയാവുന്ന മകൾക്ക് മനസ്സിലാവുന്നുണ്ട്. തിരുപ്പതി എന്ന മഹാക്ഷേത്രത്തെ നല്ലവണ്ണം അറിയാവുന്ന  ഒരു ഗൈഡിനെപ്പോലെ അയാൾ ക്ഷേത്രത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം മകൾക്കു വിശദീകരിച്ചു കൊടുക്കുന്നു. കുറച്ചു രൂപ കൊടുക്കാൻ നോക്കുമ്പോഴേക്കും ജനക്കൂട്ടത്തിനിടയിൽ അയാൾ അപ്രത്യക്ഷനായി!

തിക്കിലും തിരക്കിലും നിന്ന് ഒരുവിധം രക്ഷപ്പെട്ടു പ്രസാദം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി. അവിടുത്തെ നീണ്ട നിര കണ്ടു നിരാശപ്പെട്ട് തിരികെ പോകാൻ തുടങ്ങുമ്പോൾ കൂടെ വന്നവർ ‘ലഡ്ഡു വാങ്ങാതെ പോവരുത്’ എന്നറിയിച്ചു. പ്രസാദമായ ലഡ്ഡു കയ്യിൽ കിട്ടിയപ്പോൾ കാത്തുനിൽപിന്റെ പരിഭവമെല്ലാം അലിഞ്ഞില്ലാതായി. ഇത്രയും വലിയ ലഡ്ഡു അന്നുവരെ കണ്ടിട്ടില്ലായിരുന്നു.

ദിവസം ഒരു ലക്ഷം തീർഥാടകർ സന്ദർശിക്കുന്ന സ്ഥലത്ത്, ആവശ്യത്തിലധികം  ശൗചാലയങ്ങളും അവ വൃത്തിയായി  സൂക്ഷിക്കുന്ന ജോലിക്കാരും. ആയിരക്കണക്കിനു സന്ദർശകർ വന്നുപോയാലും പരിസരം അതീവ ശുദ്ധിയായി സൂക്ഷിക്കുന്ന ‘ഡിസ്നി വേൾഡി’  നോടു കിടപിടിക്കുന്ന ശുചിത്വം. ശബരി മലയുമായി താരതമ്യം ചെയ്തപ്പോൾ, മലയാളികളെക്കാൾ എത്രയോ  മെച്ചമായി ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ  അന്യസംസ്ഥാനക്കാർക്കു  സാധിക്കുന്നു എന്നത് നേരിൽ കണ്ടു  ബോധ്യമായി. ദിവസവും മുപ്പത്തിനായിരത്തിലധികം പേർക്ക് സൗജന്യ ഭക്ഷണവും ഇവിടെ നൽകുന്നു. 

ദർശന നിർവൃതിയിൽ ആറാടി, മലമുകളിലെ  കാഴ്ചകൾ ആസ്വദിച്ച് രാവിന്റെ  മൂടുപടത്തിലൂടെ  ഞങ്ങൾ മലയിറക്കം ആരംഭിച്ചു.  ഹെയർ പിൻ വളവുകളിലൂടെ വാഹനം താഴേക്കു വരുമ്പോൾ, അകലെ സമതലത്തിൽ, പ്രഭാപൂരിതമായ തിരുപ്പതി പട്ടണം, വിണ്ണിൽനിന്നും അടർന്നു വീണ നക്ഷത്രക്കുലകൾ മണ്ണിൽ ചിതറിക്കിടക്കുന്നതു പോലെ. പാതിയുറക്കത്തിലേക്കു വീഴുന്ന മകളോട്, ക്ഷേത്രത്തിനുള്ളിലെ കാഴ്ചകൾ വിശദീകരിച്ച വ്യക്തി ഏതു ഭാഷയിൽ ആണ് സംസാരിച്ചത് എന്നു ചോദിച്ചു. ‘ഇംഗ്ലിഷിൽ’എന്നായിരുന്നു മറുപടി.

thiruppathi2

‘അയാൾ ആരായിരുന്നു?  മോളോട് മാത്രം എന്തുകൊണ്ട്  മുപ്പതു  മിനിറ്റോളം സംസാരിച്ചു’ എന്നു വീണ്ടും ചോദിച്ചപ്പോൾ, 

 ‘തിരുപ്പതിയിൽ  പോകണമെന്ന്  ആർക്കായിരുന്നു നിർബന്ധം’ എന്നായി മകളുടെ ചോദ്യം? 

‘അച്ഛന്  മനസിലായില്ലേ?, അത്  ഭഗവാൻ തന്നെ ആയിരുന്നു…...” 

ആ മറുപടി എന്നെ പിടിച്ചുലച്ചു. ഞെട്ടലിൽനിന്നു മുക്തി നേടി മനസ്സു ശാന്തമായപ്പോൾ, വാഹനത്തിനുള്ളിലേക്കു  വീശിയടിക്കുന്ന തണുത്ത കാറ്റിനോടൊപ്പം ശ്രീകുമാരൻ തമ്പിയുടെ വരികൾ എന്റെ ഓർമയിലെത്തി.

"ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ വിളിക്കാതെ ......... 

ആടകൾ ചാർത്തിയ കണ്മണി വിഗ്രഹം അവിടെയും സൂക്ഷിച്ചിരുന്നു..............

ഒരു പിടി  ചോറിനായ്  യാചിച്ചു  ദൈവം ചിരികൾ മുഴങ്ങി സദസ്സിൽ, ചിരികൾ മുഴങ്ങി സദസ്സിൽ,

ഒരു കാവൽക്കാരൻ വാളോങ്ങി നിന്നു, ചിരിച്ചു, പിൻവാങ്ങി, ഭഗവാൻ, ഭഗവാൻ ......."

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA