മഞ്ഞുമൂടിയ ബദരീനാഥ്

483189799
SHARE

യാത്രകൾ മനുഷ്യനെ പുനർനിർമിക്കാൻ ഉള്ളതാണ്. അപൂർവം ചില യാത്രകൾ സഞ്ചാരികളെ ക്ഷണിക്കാറുണ്ട്. അങ്ങനെ വിളിക്കുമ്പോൾ പോകേണ്ടി വരുന്ന ഒരിടമാണ് ബദരീനാഥ്. ഭാരതത്തിന്റെ ചരിത്രത്തിന്റെയും മിത്തുകളുടെയുമൊക്കെ കഥകളാണ് ബദരീനാഥിന് പറയാനുണ്ടാവുക. ചാർധാം യാത്ര എന്ന പേരിൽത്തന്നെ ഈ മിത്തുകളിലേക്കുള്ള വഴികൾ തുറന്നു കിടക്കുന്നു. ഉത്തരാഖണ്ഡിലെ ബദരീനാഥ്, ഉത്തർപ്രദേശിലെ ദ്വാരക, തമിഴ്നാട്ടിലെ രാമേശ്വരം, ഒറീസയിലെ പുരി എന്നിവയാണ് ചാർധാം ക്ഷേത്രങ്ങൾ. ഇതിൽ ഏറ്റവും സാഹസികത നിറഞ്ഞ യാത്ര ബദരീനാഥ് തന്നെ. 

480678100

ഹിമാലയത്തിൽനിന്നു പതിനായിരത്തോളം അടി ഉയരത്തിലാണ് ബദരീനാഥ്. ഹിമാലയം യാത്ര ഏതൊരു സ‍ഞ്ചാരിയുടെയും വൈകാരിക അനുഭൂതികളെ തൊട്ടുണർത്തുന്ന സാഹസികത യാത്രയാണ്.

539105384

മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രമാണ് ബദരീനാഥിന്റ ഏറ്റവും വലിയ ദൃശ്യഭംഗി. ബദരീനാഥ് എന്ന പേരിൽ തന്നെ മഹാവിഷ്ണു കുടികൊള്ളുന്നു. ആദി ശങ്കരനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഇതുവഴി ഒഴുകുന്ന അളകനന്ദയിൽനിന്ന് അദ്ദേഹത്തിനു ലഭിച്ചതാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹം എന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹം അന്നു നിയമിച്ച നമ്പൂതിരി കുടുംബങ്ങളിലെ പിന്‍ തലമുറക്കാർക്കു തന്നെയാണ് ഈ ക്ഷേത്രത്തിൽ ഇന്നും പൂജ കഴിക്കാനുള്ള അവകാശം. 

832405104

ഹിമാലയത്തിന്റെ താഴ്‌വരയിലാണ് ബദരീനാഥ ക്ഷേത്രം നിലകൊള്ളുന്നത്. അതുകൊണ്ടു തന്നെ മാധ്യമങ്ങളിലും വാർത്തയിലും ഏറ്റവും കൂടുതൽ ഇടം നേടിയ സ്വപ്നഭൂമിയാണ് ഉത്തരാഖണ്ഡിലെ ബദരീനാഥ ക്ഷേത്രം. ഇവിടെ പ്രകൃതി ഏതു നിമിഷവും ഇടയാമെന്നതിനാൽ ഇങ്ങോട്ടുള്ള യാത്ര അത്രമേൽ അപകടകരവുമാണ്. ഒരു വശം പർവതത്തിന്റെ ഉയരങ്ങളാണെങ്കിൽ മറുവശം ആഴമേറിയ കൊക്കയും. പക്ഷേ കടന്നു പോകേണ്ടത് ഒട്ടുമേ വീതിയില്ലാത്ത മെലിഞ്ഞ വഴികളും. പലപ്പോഴും മുന്നിൽ കാണുന്ന വാഹനങ്ങൾ കൺമുന്നിൽ വച്ച് പോലും താഴെ കൊക്കയിലേക്കു വീണു പോകുന്നത് യാത്രക്കാർക്കു കാണാം. പക്ഷേ ചെന്നെത്തിയാൽ, ഇത്രയും ദൂരം സാഹസപ്പെട്ടു കയറി വന്നതിന്റെ ദുരിതങ്ങൾ മറക്കും. നയന സുന്ദരകാഴ്ചകളാൽ ഹൃദയം നിറഞ്ഞു കവിയും. 

606203206

മഴക്കാലം ഇവിടെ ദുരിത കാലമാണ്,  മണ്ണിടിച്ചിൽ, മഴവെള്ളപ്പാച്ചിൽ തുടങ്ങി വർഷാവർഷം ഇവിടെയുണ്ടാകുന്ന അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും കുറവില്ല. പക്ഷേ ഓരോ വർഷവും ബദരീനാഥിന്റ മണ്ണിലെത്തുന്നവർ അനവധിയാണ്. മരണമെത്തിയാൽ പോലും അതൊരു പുണ്യമായി കരുതുന്നവർ, പ്രകൃതിയുടെ മടിത്തട്ടിൽ കിടക്കുമ്പോൾ സ്വയം ഇല്ലാതായിപ്പോയാലും സാരമില്ലെന്നു വിശ്വസിക്കുന്നവർ. 

483240662

ഏപ്രിൽ അവസാനം മുതൽ നവംബർ ആദ്യവാരം വരെ മാത്രമേ ഇവിടെ യാത്രക്കാരെ അനുവദിക്കാറുള്ളൂ, കാരണം ബാക്കിയുള്ള സമയം അതികഠിനമായ മഞ്ഞു വീഴ്ചയാണ്. ബദരീനാഥ് ക്ഷേത്രം പോലും ഈ ആറു മാസത്തേക്കു മാത്രമേ തുറക്കാറുള്ളൂ. 

2badrinath-temple

ഹിമാലയൻ യാത്രകളിൽ ഏറ്റവുമധികം പേര്‍ അപകടത്തിൽ പെടുന്നതിന് കാരണം പ്രാണവായുവിന്റെ അഭാവമാണ്. ഉയരത്തിലേക്ക് പോകുന്തോറും ഉള്ളിലേക്കെടുക്കുന്ന പ്രാണവായുവിന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ തൊട്ടു മുന്നിൽ കാണുന്നൊരാൾ മിനിറ്റുകൾക്കകം മരിച്ചാലും അതിന്റെ കാരണം അന്വേഷിച്ചു ഒരുപാട് അലയേണ്ടതില്ല.  പൊതുവെ ഹിമാലയൻ യാത്രയിൽ പ്രകൃതിക്ഷോഭങ്ങളാണ് അപകട കാരണങ്ങള്‍ എന്നു വിശ്വസിക്കുന്നതെങ്കിലും   ഓക്സിജന്റെ കുറവുമൂലവും മരണം സംഭവിക്കാം. അതുകൊണ്ടു ഹിമാലയൻ യാത്രയിൽ മുൻകരുതലുകളും എടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. താമസിക്കാൻ വിശാല സൗകര്യങ്ങളേറിയ ഇടങ്ങൾ കുറവാണ്.  അത്യാവശ്യ സൗകര്യങ്ങള്‍ ഉൾകൊള്ളിച്ചു കുറഞ്ഞ ദിവസ വാടകയ്ക്ക് മുറികൾ ലഭ്യമാണ്.

1badrinath-temple3

യാത്രകൾ മനസ്സിന് ഇഷ്ടപെട്ട സ്ഥലങ്ങളിലേക്ക് തന്നെയാകണം. സ്ത്രീ ആയാലും പുരുഷൻ ആയാലും ഒറ്റയ്ക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്, പ്രത്യേകിച്ച് ബദരീനാഥ് പോലെ സാഹസികമായ ഒരിടത്ത്. ഗ്രൂപ്പായി യാത്ര പ്ളാൻ ചെയ്യുന്നത് ഏറെ നന്നായിരിക്കും. അപകട സാധ്യതയുള്ള ഇടമായതുകൊണ്ടു തന്നെ അതിനു വേണ്ടിയുള്ള മുൻകരുതലുകളും എടുക്കാൻ ശ്രദ്ധിക്കണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA