ഷാരൂഖ് ഖാനെയും ദീപികയെയും മയക്കിയ വെള്ളച്ചാട്ടം

dudhsager
SHARE

ഷാരൂഖ് ഖാൻ- ദീപിക പദുകോൺ ജോഡികളുടെ ചെന്നൈ എക്സ്പ്രസ്സ് സിനിമ കണ്ടവർ ഓർക്കുന്നുണ്ടാവും പാൽ പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം. എത്ര മനോഹരവും ആകർഷണീയവുമായിരുന്നു അത്. ആ വെള്ളച്ചാട്ടം എവിടെയെന്ന് അന്വേഷിച്ച, ആ സൗന്ദര്യത്തിലേക്കു യാത്രപോകുവാൻ കൊതിച്ച സഞ്ചാരികൾ ഒരുപാടുണ്ടായിരുന്നു.   ഗോവയിലാണ് പേരു കൊണ്ടു വിസ്മയിപ്പിക്കുന്ന ദൂദ് സാഗർ വെള്ളച്ചാട്ടം. ഗോവയിൽ ഇങ്ങനെയൊരു വെള്ളച്ചാട്ടമുണ്ടായിരുന്നോ എന്ന് അമ്പരക്കണ്ട, പോകാനും കാണാനും ഇനിയും അവസരമുണ്ട്. 

പാലിന്റെ സമുദ്രം എന്നാണ് ദൂദ് സാഗറിന്റെ അർഥം. പാല് പതഞ്ഞൊഴുകി വരുന്നത് പോലെയിരിക്കും ഈ വെള്ളച്ചാട്ടം താഴേക്കു പതഞ്ഞു വീഴുന്നത് കാണാൻ. ഗോവ- കർണാടക ബോർഡറിലാണ് ദൂദ് സാഗർ. മണ്ഡോവി നദിയുമായി  ബന്ധപ്പെട്ടുകിടക്കുന്ന ഈ വെള്ളച്ചാട്ടത്തിനു മറ്റു രണ്ടു പ്രത്യേകതകൾ കൂടിയുണ്ട്- ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം, ലോകത്തിലെ ഏറ്റവും വലിയ നൂറു വെള്ളച്ചാട്ടങ്ങളിൽ ഒന്ന് എന്നിവ. 306  മീറ്റർ ഉയരവും 30 വീതിയും ഈ വെള്ളച്ചാട്ടത്തിനുണ്ട്.

വേനൽക്കാലത്തു പൊതുവെ നൂൽപ്പുഴയാകുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്താണ് യഥാർഥ പാൽക്കടലാകുന്നത്. കാടിന്റെ ഹരിതാഭയും mollem നാഷനൽ പാർക്കിന്റെ ആകർഷണീയതയും ഇതിനെ ചുറ്റി നിൽക്കുന്നു. 

dudh-Water_Falls_4

വളരെ മനോഹരമായ ഒരു കഥയും ഈ പാൽക്കടലിനെ ചുറ്റിപ്പറ്റിയുണ്ട്. പണ്ട് ഈ വെള്ളച്ചാട്ടത്തിന്റെ മുകളിൽ ഉണ്ടായിരുന്ന ഒരു കൊട്ടാരത്തിലെ സുന്ദരിയായ രാജകുമാരിക്ക് ഒരു ശീലമുണ്ടായിരുന്നു: കുളിക്കുമ്പോഴും മധുരമുള്ള പാൽ കുടിക്കണം. ഒരിക്കൽ വലിയ പാത്രം നിറച്ചു പാലുമായി കുളത്തിൽ നീരാടി നിൽക്കുമ്പോൾ കുമാരിയുടെ ഭംഗി കണ്ട് അകലെ നിന്ന് ഒരു രാജകുമാരൻ സ്വയം മറന്ന് അവളെ നോക്കി നിന്നുപോയി. ഇതു കണ്ട രാജകുമാരി കയ്യിലിരുന്ന പാൽ മഗ്ഗുകൊണ്ടു നഗ്നത മറച്ചു. അപ്പോൾ പാത്രത്തിലെ പാൽ നദിയിൽ ഒഴുകിപ്പരന്നെന്നാണ് കഥ. പിന്നീട് എല്ലാ വർഷവും ഇതേ ദിവസം ഈ നദിയിൽ പാൽ ധാര നടത്താറുണ്ട്. മാത്രമല്ല, നദിയുടെ ഒഴുക്കിനു ഒരു പാൽ നിറവുമുണ്ട്. ഇതൊക്കെ കൊണ്ടാവാം ഈ വെള്ളച്ചാട്ടം ദൂദ് സാഗർ എന്ന് വിളിക്കപ്പെട്ടു തുടങ്ങിയത്. എന്തുതന്നെ ആയാലും എല്ലാ മനോഹരമായ പേരുകൾക്കു പിന്നിലും ഇത്തരം രസകരമായ കഥകളുണ്ടാകും.

ദൂദ് സാഗറിന്റെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ കാസിൽ റോക്ക് സ്റ്റേഷനാണ്. ഇവിടെ ട്രെയിനിൽനിന്നു കുത്തനെയുള്ള ഒരു ഇറക്കത്തിലേക്കാണ് ഇറങ്ങേണ്ടത്. അതായത് ആദ്യപടിയിൽ തന്നെ സഞ്ചാരികളെ കാത്തു കൗതുകങ്ങൾ ഈ പ്രദേശത്തുണ്ടെന്നു സാരം. ഇവിടെനിന്ന് ഒരു കിലോമീറ്റർ നടന്നു ചെല്ലുമ്പോൾ അവിടെയാണ് ദൂദ് സാഗർ. ഈയടുത്തു ഇന്ത്യൻ റെയിൽവേ ഈ സ്റ്റേഷനിൽ ജനങ്ങൾ ഇറങ്ങുന്നത് നിരോധിച്ചിരുന്നു. കാരണം വൃത്തിയുള്ള വെള്ളമോ വിശ്രമമുറിയോ വൈദ്യുതിയോ യാത്രാസൗകര്യങ്ങളോ പോലും ഇവിടെ ലഭ്യമല്ല. സഞ്ചാരികൾ ആദ്യമൊന്നു കുടുങ്ങുമെന്നുറപ്പ്. അതിനാൽ ആവശ്യമായ ഭക്ഷണം, ജലം എന്നിവയുമായി വേണം ദൂദ് സാഗറിലേക്കുള്ള യാത്ര. 

Dudhsagar_Falls1

ദൂദ് സാഗർ വെള്ളച്ചാട്ടം ഭഗവാൻ മഹാവീർ സാങ്ച്വറിയുടെ അടുത്തായതുകൊണ്ട് ഇവിടെനിന്നു വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ടാക്‌സി ലഭ്യമാണ്. ഇതിനായി Collem റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാം. അവിടെനിന്ന് ആറു കിലോമീറ്റർ സഞ്ചരിച്ചാൽ സാങ്ച്വറിയുള്ള Mollem എന്ന പ്രദേശത്തെത്താം. ഇവിടെ നിന്ന് ജീപ്പും ലഭ്യമാണ്. 

അൽപ്പം ത്രില്ലും കൗതുകവുമുള്ള ഒരു യാത്ര അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദൂദ് സാഗർ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര തിരഞ്ഞെടുക്കാം. കാരണം ഇത് വെറുമൊരു വെള്ളച്ചാട്ടമല്ല. കാണാനും അനുഭവിക്കാനും ട്രെക്കിങ്ങ് നടത്താനും സൗകര്യമുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. സഞ്ചാരം നഷ്ടമാവില്ല ഉറപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA