ഉയരങ്ങൾ കീഴടക്കി നിന്ന ടെൻസിങ്ങിനോട് ഒരിക്കലെങ്കിലും ഹിമാലയം ചോദിച്ചു കാണണം, എന്തിനാണ് നീയെന്റെ ഉയരങ്ങളിൽ ഇത്രമേൽ അഹങ്കാരത്തോടെ നിൽക്കുന്നതെന്ന്? നിന്റെ കാൽപാദങ്ങൾക്കു മുമ്പിൽ ഞാൻ തല താഴ്ത്തി നിന്നതുകൊണ്ടു മാത്രമല്ലേ നീ എന്നിൽ നടന്നു കയറിയതെന്ന്.....?
മനുഷ്യന്റെ സാഹസികതയ്ക്ക്, പ്രയത്നങ്ങൾക്ക്, കഠിനാധ്വാനത്തിന്.... എല്ലാത്തിനും പ്രതിഫലമെന്നോണം കാലാകാലങ്ങളായി മലകളും കുന്നുകളും അവന് മുമ്പിൽ തല താഴ്ത്തി തരാറുണ്ട്. ഓരോന്ന് കീഴടക്കുമ്പോഴും അവൻ പിന്നെയും പിന്നെയും ശ്രമിച്ചു കൊണ്ടേയിരുന്നു. അതിന് ഗുണഫലങ്ങളുണ്ടായി കീഴടക്കിയ പർവതാഗ്രങ്ങളിൽ മനുഷ്യൻ പിന്നീട് കൊട്ടാരങ്ങൾ പണിതു, കോട്ടകൾ കെട്ടി, സാഹസത്തിൽ കയറാൻ പടവുകൾ പണിതു... പിന്നീടു ചെന്നവർ ആ പടവുകളിൽ കയറി ഉയരങ്ങളെ തൊട്ടു. ഉയരവും സാഹസികതയും ഇനിയും വിളിക്കുന്നവർക്കായി നാസിക്കിലെ ഹരിഹർ കോട്ടയും കാത്തിരിക്കുന്നുണ്ട്. പഴമ പണിതീർത്ത കാഴ്ചകളിൽ പുതുമ സമ്മാനിക്കാനായി...
യാദവർ പണികഴിപ്പിച്ചതാണ് ഹരിഹർകോട്ടയെന്ന് പറയപ്പെടുന്നു. 1636 ൽ ഷാഹരി രാജ ദാസാലെ ഈ കോട്ട കീഴടക്കിയെന്നും പിന്നീട് ബ്രിട്ടിഷുകാരുടെ അധീനതയിലായിരുന്നു വെന്നും ചരിത്രം പറയുന്നു. ദുർഘടമായ പാതയും കുരങ്ങുകളുടെ വിഹാരവും ജീവനുപോലും ഭീഷണിയുയർത്തുന്നു. ഹരിഹർകോട്ട, പക്ഷേ സാഹസികർക്ക് ഏറെ താല്പര്യമുള്ളൊരിടമാണ്. മഹാരാഷ്ട്രയിലെ നാസിക്കിന് സമീപമുള്ള തൃകമ്പേശ്വറിലാണിത്. നാസിക്ക് ജില്ലയിലെ ഇഗ്താപുരിയിൽ നിന്ന് 48 കിലോമീറ്ററാണ് ഹരിഹർകോട്ടയിലേക്കുള്ള ദൂരം.
കോട്ടയിലേക്കുള്ള യാത്ര അതിരാവിലെയാകുന്നതാണുത്തമം. പുല്ലുകൾ വകഞ്ഞു മാറ്റി നടത്തം ആരംഭിക്കാം. കോട്ടയ്ക്കു മുകളിലേക്കുള്ള പടവുകൾ തുടങ്ങുന്നിടത്ത് ആ യാത്ര അവസാനിക്കുന്നു. കുത്തനെയുള്ള പടവുകൾ നടന്നു കയറുന്നത് അതി കഠിനമാണ്. ഇരുന്നും ഇഴഞ്ഞും നീങ്ങുമ്പോൾ ഇടയ്ക്ക് വാനരപ്പടയുടെ ശല്യമുണ്ടാകും. ശാന്തമായി പ്രതിരോധിക്കുക മാത്രമാണ് ഏക മാർഗം. ഉപദ്രവിക്കുകയില്ലെന്നു തോന്നിയാൽ അവ താനേ ഒഴിഞ്ഞു പൊയ്ക്കൊള്ളും. കരിങ്കല്ലിൽ വെട്ടിയും തുരന്നും ഉണ്ടാക്കിയിട്ടുള്ള പടവുകൾ അതി സാഹസികരെ പോലും അല്പമൊന്നു കുഴപ്പിക്കും. ഒരു നിമിഷത്തെ ഇടർച്ച ചിലപ്പോൾ ജീവന് പോലും ഭീഷണിയുണ്ടാക്കും. കുത്തനെയുള്ള ഈ പടവുകൾ കയറി ഹരിഹർ കോട്ടയ്ക്കു മുകളിലെത്താം. മുംബൈ എന്ന മഹാനഗരത്തിലെ തിരക്കും വനത്തിന്റെ വിദൂരകാഴ്ചകളും കുന്നിനു മുകളിൽ കരിങ്കല്ലിൽ കൊത്തിയ കുളങ്ങളും കോട്ടമുകളിലെ വിസ്മയക്കാഴ്ചകളാണ്.
അതീവശ്രദ്ധയോടെ വേണം താഴോട്ടുള്ള ഇറക്കവും. വളരെ ഇടുങ്ങിയ ചിലയിടങ്ങളിൽ അത്യധികം സൂക്ഷിക്കണം. കൃത്യമായ തയാറെടുപ്പോടെ വേണം ഹരിഹർകോട്ടയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങേണ്ടത്. മഴക്കാലയാത്ര ഒഴിവാക്കുന്നതാണ് ഉത്തമം. കൽപടവുകളില്‍ തെന്നി അപകടങ്ങളുണ്ടാകാൻ സാധ്യതയേറെയാണ്.