ദേഹമാസകലം ചുടലഭസ്മം പൂശി, തലയോട്ടി മാലകൾ അണിഞ്ഞു അർദ്ധനഗ്നമോ പൂർണനഗ്നമോ ആയ ദേഹങ്ങളോടെ കുംഭമേളകളിൽ പ്രത്യക്ഷപ്പെടുന്നവർ. സന്യാസിമാരായി മാത്രമേ അഘോരികളെ കുറിച്ച് പൊതു സമൂഹത്തിനു ധാരണയുള്ളു. നന്മ നിറഞ്ഞതും തിന്മകൾ മാത്രമുള്ളതുമായ നിരവധി കഥകൾ അഘോരികളെ കുറിച്ച് കേൾക്കുന്നുണ്ടെങ്കിലും അതെല്ലാം എത്രമാത്രം ശരിയാണെന്നതിനെ സംബന്ധിച്ചു യാതൊരു ഉറപ്പുമില്ല.
ഇന്ത്യ സന്ദർശിച്ച ഹ്യൂയാൻ സാങ് എന്ന സഞ്ചാരിയുടെ യാത്രാവിവരണത്തിലാണ് ചുടല ഭസ്മധാരികളായ,സന്യാസി സമൂഹത്തെക്കുറിച്ചു ആദ്യമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത്.
നരഭോജികളാണ് അഘോരികൾ എന്നാണ് പറയപ്പെടുന്നത്. ശിവനെ ഭൈരവ രൂപത്തിൽ ആരാധിക്കുന്ന ഇവർ എല്ലാ വസ്തുക്കളിലും പൂർണത കണ്ടെത്തുന്നവരാണ്. അതുകൊണ്ടു സ്വദേശത്തെ കുറിച്ചോ വസ്ത്രത്തെ കുറിച്ചോ, കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചോ യാതൊരു ചിന്തകളും ഈ സന്യാസി സമൂഹത്തെ അലട്ടാറില്ല. അഘോരികളുടെ ആരാധനാരീതി ഏറെ വ്യത്യസ്തമാണ്. അതുപോലെ തന്നെ ധ്യാനത്തിന്റെ ഏകാഗ്രതക്കായി അഘോരികൾ തെരഞ്ഞെടുക്കുന്നയിടങ്ങൾ ശ്മശാനങ്ങളാണ്. ഗംഗയുടെ തീരങ്ങളിൽ താമസിക്കുന്ന ഈ സന്യാസിസമൂഹങ്ങൾ പ്രാര്‍ഥനകൾക്കും ആരാധനകൾക്കുമായി തെരഞ്ഞെടുക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൂടെ യാത്രപോകാം.
താരാപീഠ്
പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ റാംപുർഹാട് എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ് താരാപീഠ്. താരാദേവിക്ക് സമർപ്പിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണിത്. അതുകൊണ്ടു തന്നെ ദേവിയുടെ പേരിലാണ് ഈ സ്ഥലവും അറിയപ്പെടുന്നത്. താന്ത്രികരാധനക്കു പ്രശസ്തമായ ഈ ക്ഷേത്രത്തിനോട് ചേർന്ന് ഒരു മഹാശ്‌മശാനവും സ്ഥിതി ചെയ്യുന്നുണ്ട്. അഘോര സന്യാസിമാരുടെ ഒരു പ്രധാന കേന്ദ്രമാണീ ശ്‌മശാനം.
നദീ തീരത്തു സ്ഥിതി ചെയ്യുന്ന ഈ ശ്മശാന ഭൂമിയിൽ ഏകാഗ്രതയോടെ ധ്യാനിക്കാനായി നിരവധി അഘോരി സന്യാസിമാർ രാത്രി കാലങ്ങളിൽ എത്തിച്ചേരാറുണ്ടെന്നു പറയപ്പെടുന്നു.
കാളിമഠ്
ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ ഗുപ്തകാശി എന്ന സ്ഥലത്താണ് ഈ കാളിക്ഷേത്രത്തിന്റെ സ്ഥാനം. ഇന്ത്യയിലെ നൂറ്റിയെട്ട് ശക്തിപീഠങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണിത്. സരസ്വതി നദീതീരത്തു, ഭൂമിയിൽ നിന്നും ആറായിരം അടി മുകളിൽ ഹിമാലയത്തിലാണ് ഈ ശക്തിപീഠം സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. അഘോരി സന്യാസിമാരുടെ താവളമാണ് കേദാർനാഥ് മലനിരകൾ. ഈ കാളീക്ഷേത്ര പരിസരങ്ങളിൽ നിരവധി അഘോരി സന്യാസികളെ കാണാം,. അവരുടെ ഒരു പ്രധാന ആരാധന കേന്ദ്രമാണിത്. മരണമെത്തുന്ന നേരമായി എന്ന തോന്നലുണ്ടാകുമ്പോൾ അലച്ചിലുകൾക്കു ശേഷം അഘോരികൾ വിശ്രമിക്കാനെത്തുന്ന ഇടംകൂടിയാണിവിടം.കാളിദാസനെന്ന മഹാകവിയുടെ ജനനസ്ഥലം കൂടിയാണ് കാളീമഠ്.
വിന്ധ്യാചൽ
മാർക്കണ്ഡേയ പുരാണപ്രകാരം മഹിഷാസുരവധത്തിനു ശേഷം അതേരൂപത്തിൽ ദേവി കുടികൊള്ളുന്നയിടമാണ് വിന്ധ്യാചൽ. പലഭാഗങ്ങളിലായി ചിതറി കിടക്കുന്ന ദുര്‍ഗ്ഗാദേവിയുടെ ശക്തിപീഠങ്ങളിൽ ഒന്നാണിത്. വിശ്വനാഥന്റെ പുണ്യ ഭൂമിയായ വാരാണസിയിൽ നിന്നും ഏറെയൊന്നും ദൂരയല്ല വിന്ധ്യാചൽ. വാരാണസി അഘോരികളുടെ പുണ്യസ്ഥമാണ്. ഗുഹകൾ നിറഞ്ഞ ഈ പ്രദേശത്തു ധ്യാനത്തിലിരിക്കുന്ന നിരവധി അഘോരി സന്യാസിമാരെ കാണാൻ കഴിയുന്നതാണ്. ഉത്തർപ്രദേശിലെ മിർസാപൂരിലാണ് വിന്ധ്യാചലിലെ വിന്ധ്യാവാസിനീ ദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കപാലീശ്വര ക്ഷേത്രം
വളരെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് കാപാലീശ്വര. മഥുരയിലാണിത് സ്ഥിതി ചെയ്യുന്നത്. അഘോരികളുടെ സുപ്രധാനമായ ഒരു ക്ഷേത്രമായി കണക്കാക്കപ്പെടുന്ന ക്ഷേത്രമാണിത്. ഇതിനടുത്തു സ്ഥാപിക്കപ്പെട്ടിട്ടുള്ള ആശ്രമങ്ങളിൽ വിവിധ ആചാരാനുഷ്ഠാനങ്ങളുമായി നിരവധി അഘോരി സന്യാസിമാരുണ്ട്.
സർവവും ശിവമയമായി കാണുന്ന ഈ സന്യാസിക്കൂട്ടം ഏറ്റവും കൂടുതലായി കാണപ്പെടുന്നത് മോക്ഷം തേടി എത്തുന്ന ഗംഗയുടെ തീരങ്ങളിലാണ്. ഏറിയപങ്കും രാത്രികളിൽ മാത്രമാണ് അഘോരികളെ കാണാൻ സാധിക്കുന്നത്. ഏറ്റവും കൂടുതൽ ശവസംസ്കാരങ്ങൾ കൂടുതൽ നടക്കുന്ന വാരണാസിയിലെ മണികര്‍ണികാഘട്ടിൽ തലയോട്ടിമാലകൾ ധരിച്ച ശ്മശാന ഭസ്‌മം ധരിച്ച ശിവനിൽ അലിഞ്ഞു മോക്ഷത്തിലെത്താൻ കാത്തിരിക്കുന്ന നിരവധി അഘോരി സന്യാസികളുണ്ട്. എല്ലാം ബ്രഹ്മമായി കാണുന്നവർ..ഇന്നത്തെ പൊതുസമൂഹവുമായി യാതൊരു ബന്ധവുമില്ലാവർ..