സ്വർണ്ണം ഒഴുകുന്ന നദി

Subarnarekha-River1
SHARE

ജാർഖണ്ഡ്  ധോണിയുടെ നമുക്ക് നാടാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്റെ, ഏറ്റവും മികച്ച ഫിനിഷറുടെയെല്ലാം നാട്. ട്വന്റി-ട്വന്റി ലോകകപ്പും ഏകദിന ലോകകപ്പുമെല്ലാം ഇന്ത്യക്കു സമ്മാനിച്ച ക്യാപ്റ്റൻ കൂളിന്റെ നാട്. സ്വർണം പോലെ ഒരു കായികതാരത്തെ സമ്മാനിച്ച ആ നാട്ടിൽ സ്വർണം ഒളിച്ചുവെച്ചു ഒഴുകുന്ന ഒരു നദിയുണ്ട്, സുബർണ്ണ രേഖ എന്ന നദി. നിഗൂഢതകളും സ്വര്ണനിധികളുമൊളിപ്പിച്ച സുബർണ്ണ നദിക്കരയിലേക്ക്...

മൂന്നു സംസ്ഥാനങ്ങളെ സ്വന്തം നീരിനാൽ പുളകിതയാക്കുന്നുണ്ട് സുബർണ്ണ രേഖ. ജാർഖണ്ഡിനെ കൂടാതെ പശ്ചിമബംഗാളിലൂടെയും ഒഡിഷയിലൂടെയുമാണ് ഈ നദി ഒഴുകുന്നത്. അത്രയൊന്നും പുരോഗതിയുടെ പളപളപ്പ് ജാർഖണ്ഡിനില്ല. ആദിവാസികളും നിരവധി ഗോത്രവർഗങ്ങളും ഇപ്പോഴും തങ്ങളുടെ മൂല്യങ്ങളും സംസ്കാരങ്ങളും കൈവിടാതെ കഴിയുന്ന, പുറംലോകത്തിനു അപ്രാപ്യമായ നിരവധി കാഴ്ചകളുണ്ട്‌ ജാർഖണ്ഡിൽ. പ്രാദേശികമായ വിശ്വാസങ്ങളുടെയും നിഗൂഢതകളുടെയും ഈറ്റില്ലമാണ് ഇന്നാട്ടിലെ പലയിടങ്ങളും. 

Subarnarekha-River3

അത്തരത്തിലൊരു വിശ്വാസമാണ് സുബർണ്ണ നദിക്കടിയിലെ സ്വർണശേഖരം. തന്റെ അടിത്തട്ടിൽ സ്വർണമൊളിപ്പിച്ചു ശാന്തമായി ഒഴുകുന്ന സുബർണ്ണ രേഖ ഏറെ മനോഹരിയാണ്. നിരവധി അനുഭവങ്ങളും സാക്ഷ്യങ്ങളും അതിനു തെളിവുകളായി ഇവിടെയുള്ളവർ നിരത്തുന്നുണ്ട്. സ്വർണത്തരികൾ ലഭിച്ചവർ ഈ നദിക്കരയിൽ ധാരാളമുണ്ട്. പ്രചരിക്കുന്ന കഥകളും പുരാണങ്ങളുമെല്ലാം ഇതിനുള്ള സാക്ഷ്യങ്ങളാണ്. സ്വർണം തേടി ഈ നദിക്കരയിൽ എത്തുന്ന ആളുകൾ നിരവധിയാണ്. മുങ്ങാംകുഴിയിട്ട്  മുങ്ങി പൊങ്ങി വരുമ്പോൾ ഒരു വാരൽ സ്വർണവും കോരി തീരമണയാം എന്ന് കരുതി രാപകൽ ഇവിടെ മുങ്ങി പൊങ്ങുന്നവരുണ്ട്. സ്വർണം ലഭിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്നവരുണ്ട്. ഇതുവരെയുള്ള കഥകളിലെവിടെയും സുബർണ്ണ രേഖ ആരെയും നിരാശപെടുത്തിയിട്ടില്ല. 

സുബർണ്ണ രേഖയിലെ സ്വർണ നിക്ഷേപത്തെക്കുറിച്ചു പല പഠനങ്ങളും ഗവേഷണങ്ങളും നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. ഈ നദിക്കു സമീപത്തായി കർകരി എന്ന് പേരുള്ള ഒരു നദിയുണ്ട്. ഈ കർകരി നദിയുടെ കരയിലെ മണല്‍തരികളിൽ നിന്നും മുൻപ് കാലങ്ങളിൽ സ്വർണം ലഭിച്ചിരുന്നു. കർകരി, സുബർണ്ണ നദിയിൽ വന്നു ചേരുന്ന നദിയാണ്. അങ്ങനെ വന്നു ചേർന്നതാകും ഈ സ്വർണ നിക്ഷേപമെന്നാണ് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. 

subarnarekha-river-1
സുബർണ്ണ രേഖ നദി

ഈ നദിയും ഇവിടുത്തെ സ്വർണ തരികളുമാണ് ഇവിടെയുള്ളവരുടെ അതിജീവനോപാധി. അതിരാവിലെ മുതൽ ഇരുട്ട് പരക്കുന്നതുവരെ കോരിയെടുക്കുന്ന മണൽ തരികളിൽ നിന്നും ലഭിക്കുക ഒന്നോ രണ്ടോ സ്വര്‍ണത്തരികൾ മാത്രമായിരിക്കും. ചിലപ്പോൾ ഒന്നും ലഭിച്ചെന്നും വരികയില്ല. പാരമ്പര്യമായി ഇവിടുത്തുകാർ ചെയ്തുപോരുന്ന  തൊഴിലാണിത്. നദിക്കടിയിൽ നിന്നും കോരിയെടുക്കുന്ന മണലിൽ നിന്നും വളരെ ക്ഷമയോടെയാണ് സ്വർണതരികൾ തെരഞ്ഞെടുക്കുന്നത്. അരിമണിയുടെ രൂപമായിരിക്കും ഓരോ സ്വർണത്തരികൾക്ക്‌. ചില ദിവസങ്ങളിൽ അറുപതു മുതൽ എൺപതുവരെ  സ്വര്‍ണത്തരികൾ ലഭിക്കുമ്പോൾ ചില ദിവസങ്ങളിൽ ലഭിക്കുക ഇരുപത്-മുപ്പത് എണ്ണമായിരിക്കും. നദിയിൽ വെള്ളമുയരുന്ന മാസങ്ങളിലൊഴിച്ച് വര്‍ഷം മുഴുവൻ ഇവിടെയുള്ളവരുടെ നിത്യജീവിതം നീങ്ങുന്നത് സ്വർണം തെരഞ്ഞുകൊണ്ടാണ്. ഇത്രയധികം അധ്വാനവും ക്ഷമയും കൊണ്ട് അവർ കണ്ടെത്തുന്ന മഞ്ഞലോഹ തരികൾക്കു ലഭിക്കുന്ന വിലയോ വളരെ തുച്ഛവും. വില നൽകാതെ ഇവരെ പറ്റിക്കുന്ന കച്ചവടക്കാരും കുറവല്ല. വില എത്ര കുറവാണെങ്കിലും കുലത്തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറാകാത്ത, പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന ഒരു ജനതയാണ് ഈ നദിക്കരയിൽ ജീവിക്കുന്നവർ. 

Subarnarekha-River

സ്വർണമെന്നു കേട്ടപ്പോഴേ ഒരുങ്ങിയിറങ്ങിയ കേരളത്തിലെ നാരിമാരെ..ജാർഖണ്ഡിന്റെ  തലസ്ഥാനമായ റാഞ്ചിയിൽ നിന്നും ഏകദേശം പതിനാറോളം കിലോമീറ്റർ യാത്ര ചെയ്താൽ പിസ്‌ക (നാഗ്രി)എന്ന് പേരുള്ള ഒരു ഗ്രാമത്തിൽ എത്തി ചേരും. സുബർണ്ണരേഖ ഉത്ഭവിക്കുന്നത് ഈ ഗ്രാമത്തിൽ നിന്നാണ്. നദിയിലിറങ്ങി ഒന്ന് മുങ്ങി പൊങ്ങി വരൂ..ഒരു തരി പൊന്നെങ്കിലും കൈയിൽ തടയാതിരിക്കില്ല...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA