മദ്യം വഴിപാടായ ക്ഷേത്രം

മദ്യം പ്രധാന വഴിപാടായ പല ക്ഷേത്രങ്ങളും നമ്മുടെ നാട്ടിൽ തന്നെയുണ്ട്. ചില ദിവസങ്ങളിൽ കല്ല് വരെ ചില ദൈവങ്ങൾക്ക് നിവേദിക്കാറുമുണ്ട്. മധ്യപ്രദേശിലെ ഉജ്ജയിനിയിലുമുണ്ട് ഇത്തരത്തിൽ മദ്യം നേദ്യമായി സ്വീകരിക്കുന്ന ഒരു ക്ഷേത്രം. കാല ഭൈരവനാണ് ഇവിടുത്തെ പ്രതിഷ്ഠ. നഗരത്തിന്റെ സംരക്ഷകൻ കാല ഭൈരവനാണെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.

Kal Bhairav temple, Ujjain

പുരാണങ്ങളിൽ പേര് പരാമർശിക്കപ്പെടുന്ന ഒരു ക്ഷേത്രമാണിത്. സ്കന്ദപുരാണത്തിൽ പറയുന്നതനുസരിച്ച് ഭദ്ര സേന രാജാവാണ് ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ശിവന്റെ മറ്റൊരു രൂപമാണ് കാലഭൈരവൻ. വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവൻ എന്നാണ് വിശ്വാസം. സംഹാരരുദ്രനായിട്ടാണ് കാലഭൈരവനെ  പൊതുവേ ചിത്രീകരിക്കാറുള്ളത്.  കൂർത്ത കണ്ണുകളും ദേഷ്യം നിറഞ്ഞ മുഖവുമായി കാലഭൈരവൻ ഭക്തരെ കാത്തിരിക്കുന്നു. നാല് കൈകളുണ്ട് കാലഭൈരവന്, ഒപ്പം ഒരു നായയാണ് പ്രതിഷ്ഠയുടെ ഒപ്പമുള്ള വാഹനം.നേപ്പാൾ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ  കാലഭൈരവൻ പൂജിക്കാറുണ്ട്. അതിലൊന്നാണ് ഉജ്ജയിനിയിലെ ക്ഷേത്രം.

നൂറു കണക്കിന് ഭക്തജനങ്ങളാണ്  കാലഭൈരവന് മദ്യം നിവേദ്യമായി നല്‍കുവാൻ വേണ്ടി എത്തുന്നത്. പഴയ ക്ഷേത്രത്തെ പുനരുദ്ധരിച്ച രൂപമാണ് ഇപ്പോൾ ഈ ക്ഷേത്രത്തിനു ഉള്ളത്.  നിർമ്മാണ ശൈലിയും കലയുടെ ചാരുതയും അപ്പാടെ ഈ പുതിയ ശൈലിയിൽ കാണാനാകും. മാൾവ പെയിന്റിങ്‌സ് കൊണ്ടാണ് ഉജ്ജയിനിയിലെ ഈ ക്ഷേത്രത്തിന്റെ ചുവരുകൾ അലങ്കരിക്കപ്പെട്ടിരിക്കുന്നത്. പാനിപ്പത്ത് യുദ്ധവുമായി  ഈ ക്ഷേത്രത്തിനു ബന്ധപ്പെട്ടിരിക്കുന്നതിനാൽ ചരിത്രത്തിലും കാലഭൈരവന്റെ സ്ഥാനം ഉറപ്പിക്കുന്നു. 

Kal Bhairav temple, Ujjain

അഘോരികളുടെ ദൈവമായി കാലഭൈരവൻ ആരാധിക്കപ്പെടുന്നു. മാത്രമല്ല ഉജ്ജയിനിയുടെ കാവൽ ദൈവമാണ് ഈ ക്ഷേത്രത്തിലുള്ളത്. അഘോരികളുടെ നിയമങ്ങളിലാണ് പഞ്ചമകാര എന്ന താന്ത്രിക വിധികളുള്ളത്. അതിൽ നിന്നാണ് ഇവിടെ കാലഭൈരവന് മദ്യം വഴിപാടായി വന്നത്.

Kal Bhairav temple, Ujjain

മദ്യം, മാംസം, മത്സ്യം, എന്നിങ്ങനെ അഞ്ചോളം താന്ത്രിക വിധികൾ ആദ്യം ഇവിടെ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍  കാലം മാറിയപ്പോൾ അതിൽ മദ്യം മാത്രമായി അവശേഷിച്ചുവെന്നും പറയപ്പെടുന്നു. ഇവിടെ ക്ഷേത്രത്തിനു പുറത്തു മദ്യക്കുപ്പികളുടെ വിൽപ്പനയും പൊടി പൊടിക്കുന്നുണ്ട്. ഇവിടെ നിന്ന് വാങ്ങി കൊണ്ട് വരുന്ന മദ്യം ഭക്തർ പുരോഹിതന് നൽകും, ഇദ്ദേഹം അത് ഒരു പാത്രത്തിലേക്ക് പകർന്നു കാലഭൈരവന് മുന്നിൽ നേദ്യമായി അർപ്പിക്കും. അതിശയം ഈ മദ്യം പതുക്കെ അപ്രത്യക്ഷമാകുന്നു എന്നുള്ളതാണ്. പ്രതിഷ്ഠയുടെ ചുണ്ടോടു ചേർത്ത് വയ്ക്കുന്ന മദ്യം പതുക്കെ ഇല്ലാതായി പോകുന്നത് കാണാം, ഒടുവിൽ ഉള്ള അവസാന കപ്പിലേയ്ക്ക് പകരുന്ന മദ്യം പുരോഹിതൻ ഭക്തർക്ക് തിരികെ നൽകും. എന്തായാലും ഇതുവരെ ഈ വിഷയത്തിൽ ചോദ്യങ്ങളൊന്നും ആരും ഉയർത്തിയിട്ടില്ല.  കാലഭൈരവനെ ഭക്തർക്ക് അത്രയ്ക്ക് ഭയവുമാണ്. 

Kal Bhairav temple, Ujjain

മധ്യപ്രദേശിലാണ് ഉജ്ജയിനി എന്ന നഗരം. ചരിത്രം നാം പഠിച്ചിട്ടുള്ള അതെ ഉജ്ജയിനി തന്നെയാണ് ഇപ്പോൾ പേര് മാറ്റി ഉജ്ജയിൻ എന്നാക്കിയിരിക്കുന്നത്. ഫ്ളൈറ്റിലാണ് ഇവിടേയ്ക്ക് വരുന്നതെങ്കിൽ ഇൻഡോറിൽ വിമാനമിറങ്ങാം. അന്‍പത്തിയഞ്ചു കിലോമീറ്ററാണ് ഇവിടെ നിന്നും ഇൻഡോറിലേയ്ക്കുള്ള ദൂരം. ഇനി ട്രെയിനിലാണെങ്കിൽ ഒരു വിധം എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ഇങ്ങോട്ടേക്ക് ട്രെയിനുകളുണ്ട്.