സഞ്ചാരികളുടെയെല്ലാം സ്വപ്നയിടമാണ് സ്വിറ്റ്സർലൻഡ്. അത്രയും മനോഹരമായ ഒരിടത്തേക്ക് യാത്ര പോകാൻ ആഗ്രഹിക്കാത്ത ഒരാളും ഉണ്ടാകില്ല. എന്നാൽ ഇന്ത്യയിലെ സാധാരണക്കാർക്ക് അത്രയും പ്രാപ്യമാണോ സ്വിറ്റ്സർലൻഡ് എന്ന ചോദ്യം അവശേഷിക്കുന്നു. എന്തിന് സ്വിറ്റ്സർലൻഡിൽ തന്നെ പോകണം. സംസ്കാരം കൊണ്ട് സ്വിറ്റ്സർലൻഡാകില്ലെങ്കിലും രൂപം കൊണ്ടും ഗുണവൈഭവങ്ങൾ കൊണ്ടും ഇന്ത്യയിൽ തന്നെയുണ്ട് ഒരു മിനി സ്വിറ്റ്സർലൻഡ്. ഹിമാചൽപ്രദേശിലെ ഒരു കുഞ്ഞ് ഹിൽസ്റ്റേഷൻ ഖജ്ജ്യാറാണ് സ്വിറ്റ്സർലൻഡിനെ അനുസ്മരിപ്പിക്കുന്ന രൂപസാദൃശ്യം പൂണ്ട് സഞ്ചാരികളെ മാടി വിളിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്നും 6500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചാമ്പ ജില്ലയിലെ ഹിൽസ്റ്റേഷനാണ് ഖജ്ജ്യാർ. ലോകത്ത് സ്വിറ്റ്സർലൻഡിനോട് രൂപസാദൃശ്യമുള്ള നൂറിലധികം സ്ഥലങ്ങളുണ്ടെന്നും അതിൽ ഒന്നാണ് ഖജ്ജ്യാറെന്നു മിക്ക ഇന്ത്യാക്കാർക്കും അറിയില്ലെന്നതാണ് വാസ്തവം. ഹിമാചാൽപ്രദേശിലെ ഡൽഹൗസിയിൽ നിന്ന് 24 കിലോമീറ്റർ അകലെയായാണ് ഖജ്ജ്യാർ ഹിൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. യഥാർത്ഥ സ്വിറ്റ്സർലൻഡിന്റെ ചിത്രവുമായി താരതമ്യം ചെയ്യുമ്പോൾ തന്നെ ഏറേ സാദൃശ്യങ്ങൾ തോന്നുന്ന ഖജ്ജ്യാർ സഞ്ചാരികൾക്ക് ഒരു നവ്യാനുഭവമായിരിക്കുമെന്നതിൽ സംശയം വേണ്ട.

1992ൽ സ്വിറ്റ്സർലാൻഡിലെ വൈസ് കൗൺസിലർ ആയിരുന്ന വില്ലി ടി ബ്ലേസർ ഖജ്ജ്യാർ സന്ദർശിക്കുകയും ഈ സ്ഥലത്തിന് മിനി സ്വിറ്റ്സർലാൻഡ് എന്ന പേരു നൽകിയെന്നുമാണ് കഥ. 6194 കിലോമീറ്റർ എന്നൊരു സൈൻ ബോർഡ് ഇവിടെ കാണാം. ഖജ്ജ്യാറിൽ നിന്നും സ്വിറ്റ്സർലൻഡിലേക്കുള്ള ദൂരമാണ് ഈ ബോർഡിൽ രേഖപ്പെടുത്തിയിരിക്കുന്നത് കൃത്യമായി പറഞ്ഞാൽ സ്വിറ്റ്സർലൻഡിന്റെ തലസ്ഥാനമായ ബേണിലേക്കുള്ള ദൂരം.

ആറാം നൂറ്റാണ്ടിൽ ചാമ്പ പ്രദേശം ഭരിച്ചിരുന്നത് രജപുത്രന്മാരായിരുന്നു. അവർ ഈ മനോഹരയിടത്തെയാണ് തങ്ങളുടെ തലസ്ഥാനമായി തിരഞ്ഞെടുത്തത്. ഖജ്ജ്യാറിന് പറയാൻ നിരവധി പോരാട്ടങ്ങളുടെ കഥയുമുണ്ട്. പിന്നാലെ വന്ന മുഗളന്മാരും ബ്രിട്ടീഷ് ഭരണകൂടവും ഖജ്ജ്യാറിനെ തങ്ങളുടെ അധീനതയിലാക്കി വച്ചിരുന്നു. ഇന്ത്യ സ്വതന്ത്രമായ ശേഷമാണ് ഖജ്ജ്യാർ ഹിമാചൽ പ്രദേശിന്റെ ഭാഗമായി മാറുന്നത്.

വനം, പച്ചപ്പ് നിറഞ്ഞ പുൽമേടുകൾ, തടാകം, പഴമയുടെ പ്രതീകമായ ക്ഷേത്രം, മനോഹരമായ കാലാവസ്ഥ ഇവയെല്ലാം ചേർന്ന് സന്ദർശകർക്ക് അപൂർവ്വ കാഴ്ചകളുടെയും അനുഭവങ്ങളുടെയും താഴ്്വര ഒരുക്കുകയാണ് ഖജ്ജ്യാർ. പൈൻ മരങ്ങളാണ് ഖജ്ജ്യാറിലെ ഒരു മുഖ്യ കാഴ്ച. കുട്ടികൾക്ക് ഓടികളിക്കാനും രസിക്കാനും നിബിഡമായ ഈ പൈൻ ഫോറസ്റ്റ് വഴി ഒരുക്കുന്നു. നയനമനോഹരമായ പൈൻ ഫോറസ്റ്റുകൾക്കിടയിലൂടെയുള്ള കുതിര സവാരിയും സഞ്ചാരികളെ രസിപ്പിക്കും.

വിവിധയിനം വന്യജീവികളെയും അപൂർവ്വസസ്യങ്ങളെയും ഉൾക്കൊള്ളുന്ന ഖജ്ജ്യാർ വന്യജീവി സങ്കേതം 'കാലാടോപ്പ്' ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറൻ ഹിമാലയത്തിന്റെ ഭാഗമായ ധൗലാധർ മേഖലയുടെ അടിവാരത്ത് ട്രക്കിങിന് എത്തുന്നവർ നിരവധിയാണ്. ഖജ്ജ്യാറിൽ നിന്നും ആറ് കിലോമീറ്റർ അകലെ നിന്നാണ് ഇവിടുത്തെ ട്രക്കിങ് ആരംഭിക്കുന്നത്. കുട്ടികൾക്കും ട്രക്കിങിൽ തുടക്കക്കാർക്കും പങ്കെടുക്കാവുന്ന രസകരമായ അനുഭവമാണ് ഇവിടെ ട്രക്കിങ് സമ്മാനിക്കുന്നത്.
ഇവിടുത്തെ പുൽമേടുകൾക്ക് നടുവിൽ മനോഹരമായൊരു തടാകവും ആ തടാകത്തിൽ അധികം ദൂരെയല്ലാതെ ഒരു ക്ഷേത്രവും കാണാം. ഖജ്ജ്യാർ തടാകമെന്നാണ് ഇതിനെ അറിയപ്പെടുന്നത്. തടാകത്തിന് ചുറ്റും വയമ്പ് എന്നറിയപ്പെടുന്ന ഔഷധ സസ്യം പോലൊന്ന് നിരന്ന് നിൽക്കുന്നത് കാണാം. എന്നാൽ നമ്മുടെ നാട്ടിലെ വയമ്പ് തന്നെയാണോ ഇതെന്നതിൽ ഉറപ്പൊന്നുമില്ല. പച്ചപ്പും അതിനുള്ളിൽ തെളിഞ്ഞ് നിൽക്കുന്ന ജലസമ്പത്തും ആരുടെയും മനംകുളിർപ്പിക്കും കാഴ്ചയാണ്.

തടാകത്തിനരികിൽ കാണുന്ന ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിൽ ചാമ്പയിലെ അന്നത്തെ രാജാവ് പ്രീതി സിങ് പണി കഴിപ്പിച്ചതാണെന്ന് പറയപ്പെടുന്നു. ഖാജി നാഗ് എന്നറിയപ്പെടുന്ന ക്ഷേത്രത്തിന് ഗോൾഡൻ ദേവി ടെമ്പിൾ എന്നൊരു പേരു കൂടിയുണ്ട്. ക്ഷേത്രത്തിന്റെ മണ്ഡപത്തിൽ പാണ്ഡവരുടെയും കൗരവരുടെയും രൂപങ്ങൾ കൊത്തിവച്ചിരിക്കുന്നത് കാണാം. കൂടുതലും തടിയിൽ നിർമിച്ച ക്ഷേത്രത്തിൽ നിരവധി നാഗപ്രതിമകൾ കൊത്തുപണികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാഗദൈവങ്ങളും ശിവനുമാണ് ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്‌ഠകൾ.
ഖജ്ജ്യാറിൽ നിന്നും കൊണ്ടുപോയ കല്ല് സ്വിസ് പാർലമെന്റിന് മുൻപാകെ പ്രദർശിപ്പിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡുമായി സാദൃശ്യമുള്ള ലോകത്തിലെ മറ്റ് സ്ഥലങ്ങളിലെ കല്ലുകളും ഇവിടെയുണ്ട്. ഹിമാചൽ പ്രദേശ് ടൂറിസം വകുപ്പിന്റെ ചില ഹോട്ടലുകളും കോട്ടേജുകളുമാണ് ഖജ്ജ്യാറിൽ താമസിക്കാൻ മുഖ്യമായും സൗകര്യമൊരുക്കുന്നത്. വനം വകുപ്പും പിഡബ്ല്യുഡിയും താമസസൗകര്യം ഒരുക്കുന്നുണ്ട്. ചില സ്വകാര്യ ഹോട്ടലുകളും അടുത്തിടെ ഇവിടെ പൊട്ടിമുളച്ചിട്ടുണ്ട്. ഇങ്ങോട്ടേക്ക് ബസ് സർവീസ് ഉണ്ടെങ്കിലും സ്വകാര്യ വാഹനങ്ങളാണ് യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്നത്.