കടുവയെക്കൊന്ന രാജകുമാരൻ സ്ഥാപിച്ച സാമ്രാജ്യമാണു ഹൊയ്സാല. പതിനാലാം നൂറ്റാണ്ടിൽ അസ്തമിക്കുമ്പോൾ ആ രാജ്യം ലോകത്തിനു നൽകിയത് കല്ലിൽത്തീർത്ത കവിത പോലുള്ള ക്ഷേത്രങ്ങളാണ്. ശിൽപ്പങ്ങളില്ലാത്ത, ശിൽപ്പിയുടെ കൈയും കണ്ണുമെത്താത്ത ഒരു നുള്ളു സ്ഥലം പോലും ഈ ക്ഷേത്രങ്ങളിലില്ല. നൂറു വർഷം കൊണ്ട് പണിത ഈ മഹാദ്ഭുതങ്ങൾ തേടിയെത്തുന്നവരുടെ കണ്ണിലെ വിസ്മയം മനക്കണ്ണിൽ കണ്ടിട്ടായിരിക്കും ആ ശിൽപ്പികളുടെ കരം ചലിച്ചിട്ടുണ്ടാവുക. കരൾ തുടിച്ചിട്ടുണ്ടാവുക. വീണക്കമ്പിയുടെ രൂപം പോലും കല്ലിൽക്കൊത്തിയെടുത്ത ആ കലാകാരന്മാരുടെ കരവിരുതറിയണമെങ്കിൽ ഇങ്ങോട്ടേയ്ക്കു പോന്നോളൂ.
ഗുരു പറഞ്ഞു.....ഹൊയ്സാല

കൊടും കാടിനുള്ളിൽ ഗുരുകുല സമ്പ്രദായത്തിൽ പഠനം നടത്തുകയായിരുന്നു കുട്ടികൾ. ഒരു ദിവസം ഗുരുവിനെ കടുവ ആക്രമിച്ചു. കുട്ടികൾ ചിതറിയോടി. പക്ഷേ ഒരുവൻ മാത്രം കടുവയോടു മല്ലിട്ടു. ഗുരു ഉറക്കെ പറഞ്ഞു..... ഹൊയ്സാല......ഹൊയ്സാല. ഇതു കേട്ടതും സാലയെന്ന ആ വിദ്യാർഥി കടുവയെ കുത്തിമലർത്തി. ഹൊയ് എന്നാൽ പഴയ കന്നഡയിൽ കൊല്ലുക എന്നാണ് അർഥം. (ഹായ് എന്നു പറഞ്ഞാൽ എന്താണോ എന്തോ?)അങ്ങനെ കടുവയെക്കൊന്ന ആ ധീരകുമാരൻ സ്ഥാപിച്ച രാജ്യമാണ് ഹൊയ്സാല.
ഈ കഥ പറയുമ്പോഴെല്ലാം നാല് ഡയമണ്ട് കട്ട് അലോയ് വീലുകൾ മെല്ലെ ആ കൊടുംകാട്ടിലൂടെ ചലിക്കുകയായിരുന്നു.
നാലു പേരുടെ കണ്ണുകൾ കടുവയെത്തേടുകയായിരുന്നു. നാഗർ ഹോള നാഷനൽ പാർക്കിലൂടെയാണു യാത്ര. കോട്ടയം–മാനന്തവാടി കഴിഞ്ഞ് കുട്ടയെത്തിയാൽ കർണാടകയായി. പിന്നെയങ്ങോട്ടു കാടാണ്. ടൈഗർ റിസർവിലൂടെ ഏതാണ്ട് 35 കിലോമീറ്റർ യാത്ര. കുറെ മാനുകളെയും ആനകളെയും കണ്ടുവെന്നല്ലാതെ കടുവയുടെ കാൽപാദം പോലുമില്ല. തന്റെ മുതുമുത്തച്ഛന്റെ മുത്തച്ഛനെ കൊന്നവരുടെ കഥ പറയാൻ പോവുകയല്ലേ? വരില്ല ഞാൻ നിങ്ങളുടെ മുന്നിൽ എന്നാണോ കടുവയുടെ ഉള്ളിൽ? ഈ ഭംഗിയാർന്ന കാട്ടിലൂടെയുള്ള യാത്ര തന്നെ ഒരനുഭവം. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ മാത്രമേ പ്രവേശനമുള്ളൂ. അതിരാവിലെ പോവുന്നവർക്കു കടുവാ ദർശനം ലഭിക്കാറുണ്ടത്രേ. മൂര്‍ക്കൽ എന്ന സ്ഥലത്തെത്തിയപ്പോൾ ഇടിഞ്ഞു പൊളിഞ്ഞ കോർട്ടേഴ്സുകൾ കണ്ടു. പണ്ട് ടാറ്റ കാട്ടിനുള്ളിൽ റിസോർട്ട് പണിയാൻ ശ്രമിച്ചു. പക്ഷേ പണി പകുതിയായപ്പോൾ കൈക്കൂലി വാങ്ങി അനുമതി കൊടുത്തവർ ശിക്ഷിക്കപ്പെട്ടു. ടാറ്റയ്ക്കു പണികിട്ടി. ഇതു പറയുമ്പോൾ ഉദ്ദേഷ് എന്ന ഗൈഡിന്റെ വാക്കുകളിൽ സന്തോഷം.

എവിടേയും ഡെഡ് എൻഡ്
കഴിഞ്ഞ ഹംപി ട്രിപ്പ് ഓർമയിലുണ്ടായിരുന്നതു കൊണ്ടാവാം ഇത്തവണ കന്നഡ ഭാഷ അറിയാവുന്ന ഒരാൾ വേണമെന്നു തോന്നി. മാനന്തവാടിയിൽ നിന്നു സുഹൃത്തായ ഹരിയേട്ടനെ വിളിച്ചപ്പോൾ കൂടെ വരാമെന്നു പറഞ്ഞു. ‘നിനതവരു മനതല്ലി’– തേടിയ വള്ളി തന്നെ കാറിൽ കയറിയെന്നു സാരം. ആത്മവിശ്വാസത്തിൽ കന്നഡദേശത്തിലേക്കു ഹോഗി, സോറി പോയി. അവസാനത്തിൽ ലു ആദ്യത്തിൽ ഹോ എന്നു ചേർത്താൽ അൽപ്പസ്വൽപ്പം പിടിച്ചു നിൽക്കാനുള്ള കന്നഡയായി എന്നൊരു വിചാരമുണ്ട്. ഒരിക്കൽ മലയാളി മടിക്കേരിയിൽ നിന്നു ബസ് കയറി. ഒരാളോട് ഈ ബസ് കേരളത്തിലേക്കു ഹോകുമോ എന്നു ചോദിച്ചു. കിട്ടിയ മറുപടി രസകരമായിരുന്നു.....ഹോകുമായിരിക്കും...അതും മലയാളി.

നെല്ലറയെന്ന ഓമനപ്പേരിലറിയപ്പെടുന്ന കെ ആർ പട്ടണം കഴിഞ്ഞ് ഹാസനിലെത്തി. വഴികളെല്ലാം നല്ലതെങ്കിലും സൈൻബോർഡ് ഇല്ലാത്തതു പണിയായിരുന്നു. എവിടെ വഴി ചോദിച്ചാലും മറുപടി ഇങ്ങനെയായിരിക്കും – ‘ഗാഡി സ്ട്രേറ്റ് ഹോഗ് ബൂട്ടു ഡെഡ് എന്‍ഡല്ലി റൈറ്റ് / ലെഫ്റ്റ്.’ വണ്ടി നേരേ പോയിട്ട് ഡെഡ് എൻഡിൽ നിന്നു വലത്ത് അല്ലെങ്കിൽ ഇടത്ത്. ഡെഡ് എൻഡ് ഇല്ലാത്ത കലാപരിപാടിയില്ല. പക്ഷേ, കളി എക്സെന്ററിനോടു വേണ്ട. ഏതു സിറ്റിയിലും വളയ്ക്കണമെങ്കിലും തിരിക്കണമെങ്കിലും ഈ കുഞ്ഞു സെഡാന്‍ റെഡി. കർണാടകയിലെ കനത്ത ചൂടിനെ അതിജീവിക്കാൻ നല്ല എ സിയും പിൻസീറ്റിലെ എ സി വെന്റുകളും ധാരാളം മതിയായിരുന്നു. എക്സെന്റ് ഓടി ബേലൂരെത്തുമ്പോഴേക്കും രാത്രിയായിരുന്നു. കർണാടക സർക്കാരിന്റെ അതിഥി മന്ദിരത്തിൽ രാത്രിവാസം. മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയപ്പോൾ ടോൾ പിരിക്കാന്‍ മലയാളിയുണ്ടായിരുന്നു എന്നൊരു വാട്സ്ആപ്പ് തമാശ കേട്ടിട്ടുണ്ടാവുമല്ലോ.... രാജപ്പൻ എന്ന ആലപ്പുഴക്കാരൻ ചേട്ടൻ നിറഞ്ഞ ചിരിയോടെ ഞങ്ങളെ വരവേറ്റു.
സാലഭഞ്ജികമാരുടെ ബേലൂർ
ഹൊയ്സാല രാജാക്കന്മാർ കർണാടകയിൽ 92 ക്ഷേത്രങ്ങള്‍ നിർമിച്ചിട്ടുണ്ട്. പക്ഷേ, പ്രശസ്തമായവ ബേലൂരിലും ഹാലേ ബിഡുവിലും മൈസൂരിനടുത്ത സോമനാഥപുരിയിലുമാണ്. ആദ്യം ബേലൂരിലേക്ക്. പാറയുടെ മുകളിൽ പൂത്ത നീലക്കുറിഞ്ഞി കണ്ട സന്തോഷമാണ് ഈ ക്ഷേത്രത്തിനു മുന്നിലെത്തി യപ്പോഴുണ്ടായത്. അതുവരെ നരച്ച നഗരങ്ങളും ശിൽപ്പഭംഗിയെന്തെന്നു കേൾക്കാത്തതരം വീടുകളും മാത്രം പക്ഷേ, ഗോപുരം കടന്ന് ഉള്ളിലേക്കെത്തുമ്പോൾ നാം അറിയാതെ കൈകൂപ്പിപ്പോകും, മനുഷ്യാധ്വാനത്തിനു മുന്നിൽ. അവന്റെ കരവിരുതിനു മുന്നിൽ. കല്ലു കൊണ്ടൊരു താമരയിതാ മുന്നിൽ. പേര് ചെന്ന േകശവ ക്ഷേത്രം. വിഷ്ണുവാണ് ഇവിടത്തെ പ്രതിഷ്ഠ. സുന്ദരനായ കേശവൻ എന്നാണർത്ഥം. കയറുമ്പോൾ രതിദേവിയും മന്മഥനും വേർപിരിഞ്ഞ അവസ്ഥയിൽ കാണാം. വികാരങ്ങളെ പുറത്തു വച്ചു വന്നാൽ മതിയെന്നാണത്രേ അര്‍ഥം. പക്ഷേ, ഉൾഭിത്തിയിൽ രതിമന്മഥ ശിൽപ്പം കണ്ടു. ഇതിനർഥം എന്താണാവോ? മേൽക്കൂരയ്ക്കു പിന്തുണയേകുന്ന 42 ശിൽപ്പങ്ങളാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. അതിൽ 39 എണ്ണം സുന്ദരികളായ സാലഭഞ്ജികമാരാണ്. കണ്ണാടി നോക്കുന്ന അതിസുന്ദരിയിൽ ആദ്യം നോട്ടം ഉടക്കും. അതെന്താ സ്ത്രീകള്‍ അണിഞ്ഞൊരുങ്ങാൻ മാത്രമുള്ളതാണോ എന്ന ഫെമിനിസ്റ്റ് ചോദ്യത്തിന് വേട്ടയാടുന്ന സുന്ദരിയുടെ ശിൽപ്പം ഉത്തരം തരും. ഈ വിഗ്രഹത്തിന്റെ മുടി ആഫ്രിക്കൻ ശൈലിയിൽ ആയതെങ്ങനെ?
ലോകത്തിന്റെ ആമാടപ്പെട്ടി
ആയിരത്തിലധികം സ്ത്രീരൂപങ്ങൾ വ്യത്യസ്ത ആഭരണങ്ങളും വസ്ത്രങ്ങളും (രൂപങ്ങൾ) ധരിച്ച് ഈ ഭിത്തികളിലുണ്ട്. അതുകൊണ്ടു തന്നെ ലോകത്തിന്റെ ചെറിയ ആഭരണക്കലവറയാണ് ഈ ക്ഷേത്രം എന്നു പണ്ടൊരു സായ്പ്പ് അഭിപ്രായപ്പെട്ടത്രേ. ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും വൈവിധ്യം അപാരം. മോഡേൺ വസ്ത്രങ്ങളണിഞ്ഞ സ്ത്രീകൾ പോലുമുണ്ട്. അന്നു ജീൻസ് ഉണ്ടായിരുന്നെങ്കിൽ അതും കാണുമായിരുന്നു. 1117ൽ വിഷ്ണുവർധൻ എന്ന രാജാവാണ് ഈ ക്ഷേത്രനിര്‍മാണത്തിനു തുടക്കമിട്ടത്. പത്നിയും നർത്തകിയു മായ ശാന്തളാദേവിയുടെ സ്മരണാർഥമാണത്രേ ഇത്രയും സ്ത്രീരൂപങ്ങൾ.

ഏഴു ജീവികളുടെ ഉടലുള്ള സങ്കൽപമൃഗമായ മകര, ഹോയ്സാല രാജ്യത്തിന്റെ ചിഹ്നമായ കടുവയോടേറ്റുമുട്ടുന്ന ബാലൻ, കുലദൈവമായ നരസിംഹം എന്നിവയുടെ രൂപങ്ങൾ പലയിടത്തായുണ്ട്. ഇവയുടെയെല്ലാം കൃത്യതയും വ്യക്തതയും നിങ്ങളെ അദ്ഭുതപ്പെടുത്തും. രസകരമായ കാര്യം – ഇവിട ങ്ങളിലെല്ലാം ഈ ശിൽപ്പികളുടെ പേരു കൊത്തിവച്ചിട്ടുണ്ട് എന്നതാണ്. ആസ്റ്റൺ മാർട്ടിൻ കാറുകളിലൊക്കെ എൻജിനു മുകളിൽ എൻജിനീയറുടെ പേരു പതിക്കാറുള്ളതു പോലെ. ജഗനാചാരിയായിരുന്നു പ്രധാന ശിൽപ്പി. തിപ്തൂരിൽ നിന്നു കൊണ്ടു വന്ന സോപ് സ്റ്റോണിലാണു ക്ഷേത്രത്തിന്റെ നിർമിതി. വളരെ മൃദുവായതിനാൽ എളുപ്പത്തിൽ രൂപം വരുത്താം. പിന്നീട് കാഠിന്യമേറുന്നതിനാൽ കാലത്തെ അതിജീവിക്കും. പല പ്രവൃത്തികളിലേർപ്പെട്ടിരിക്കുന്ന 640 ആനകള്‍ അടിത്തറയിലുണ്ട്. നക്ഷത്ര ആകൃതിയിലാണ് അടിത്തറ. വിജയനഗര രീതിയിലുള്ള അമ്പലങ്ങൾക്കു ചതുരാകൃതിയിലാണ് അടിത്തറ. 32 നക്ഷത്ര കോണുകൾ ഇവിടെയുണ്ട്. ക്ഷേത്രത്തിനുള്ളിൽ അമ്പലത്തിന്റെ ചെറുപതിപ്പായ നരസിംഹസ്തൂപത്തിൽ എല്ലാ ദൈവങ്ങളും 42 നൃത്ത രൂപങ്ങളും കാണാം. പുറത്ത് അദ്ഭുതം തീർക്കുന്ന മറ്റൊരു തൂണുണ്ട്. ഒറ്റക്കല്ലിൽ തീർത്തത്. ഇതിന്റെ അടിഭാഗത്ത് മൂന്നു വശങ്ങൾ മാത്രമേ മുട്ടിയിട്ടുള്ളൂ. നാലാമത്തെ വശത്തിനടിയിലൂടെ നമുക്ക് അപ്പുറം കാണാം. മറ്റൊരു പിന്തുണയുമില്ലാതെ ആ തൂൺ എൻജിനീയറിങ് വിസ്മയമായി ആകാശത്തേക്കുയർന്നു നിൽക്കുന്നു. അല്ലെങ്കിലും പിവട്ട് ആന്‍ഡ് സോക്കറ്റ് സംവിധാനമുപയോഗിച്ച് പടുത്തുയർത്തപ്പെട്ട ക്ഷേത്രത്തിനും സിമന്റിന്റെയോ മറ്റു പശയുടെയോ തുണയില്ലല്ലോ.... ഓരോ കാര്യവും വിശദീകരിച്ചു തന്ന ശേഷം ഗൈഡിനൊരു പല്ലവിയുണ്ട് – ഓൾഡ് ഈസ് ഗോൾഡ്. സത്യം തന്നെ യെന്നു ഹാലേബിഡുവിലെ അമ്പലം പറഞ്ഞു.
തകർക്കപ്പെട്ട നഗരത്തിലേക്ക്
രണ്ടാമത്തെ ക്ഷേത്രത്തിലേക്ക് 15 കിലോമീറ്റർ ദൂരമുണ്ട് ബേലൂരിൽ നിന്ന്. റോഡ് തീരെ മോശം. പക്ഷേ, എക്സെന്ററിനു കുലുക്കമില്ല. കിടിലൻ മൈലേജുള്ളതിനാൽ ദൂരവും ഒരു പ്രശ്നമായിരുന്നില്ല. ഹാലേബിഡു എന്നാൽ തകർക്കപ്പെട്ട നഗരം എന്നാണർത്ഥം. ഇവിടെയുള്ള ക്ഷേത്രത്തിൽ ശിവനാണു പ്രതിഷ്ഠ. ഹൊയ്സാലേശ്വര, ശാന്തളേശ്വര അമ്പലങ്ങൾ, വലുപ്പത്തിൽ ഇന്ത്യയിലെ ആറാമത്തേതും ഏഴാമത്തേതുമായ നന്ദി പ്രതിമകൾ, പുരാണങ്ങളുടെ ചിത്രാവിഷ്കാരങ്ങൾ എന്നിവ ഇവിടെയുണ്ട്. കൂടുതൽ ഭംഗിയാർന്ന കലാവിരുത് ഹാലേബിഡുവിയിലാണ്. പക്ഷേ, അലാവുദ്ദീൻ ഖിൽജിയുടെ അക്രമണത്തിൽ നഗരം നശിപ്പിക്കപ്പെട്ടപ്പോൾ ക്ഷേത്രത്തിനും കേടുപാടു പറ്റി. പിന്നെ ബ്രിട്ടീഷുകാർ ചില വിഗ്രഹങ്ങളും രൂപങ്ങളും കടത്തിക്കൊണ്ടു പോവുകയും ചെയ്തു.

എൺപത്തിനാലു സാലഭഞ്ജികമാരിൽ ഇപ്പോൾ ശേഷിക്കുന്നത് പതിനാലെണ്ണം മാത്രം. ആനയെ ഉപയോഗിച്ച് ചക്കാട്ടുന്നതു പോലെ കറക്കിയായിരുന്നത്രേ തൂണുകൾ നിർമിച്ചിരുന്നത്. നിരയൊത്ത പല്ലുകൾക്കിടയിൽ കോന്ത്രമ്പല്ലുപോലെ ചിലയിടങ്ങളിൽ ആധുനിക തൂണുകൾ കാണാം. അസാമാന്യ നാണം വേണം അത്തരമൊരെണ്ണം ഉണ്ടാക്കി ആ സുന്ദര നിർമിതികൾക്കടുത്തു വയ്ക്കാൻ. ഏതോ സായ്പ്പ് തന്റെ പേരു കൊത്തിവ ച്ചിട്ടുണ്ട് ഒരു തൂണിൽ. തെമ്മാടിത്തരത്തിനു സായ്പ്പെന്നോ കന്നഡക്കാരനെന്നോ ഭേദമില്ലല്ലോ. ഭാഗ്യത്തിനു മലയാളത്തിൽ ഒരു പേരും കണ്ടില്ല. ആ ആശ്വാസത്തിലാണ് എക്സെന്റ് തിരിച്ചത്.
തിത്തിമത്തി വനത്തിലൂടെ
ഇനിയും ദൂരം താണ്ടണം കേരളക്കരയിലെത്തണമെങ്കിൽ. പക്ഷേ, വൈകിട്ട് നാഗർഹോളയിൽ പ്രവേശനമില്ല. എന്നാൽപ്പിന്നെ തിത്തിമത്തിയിലൂടെയാവാം. വിരാജ്പേട്ട ഫോറസ്റ്റ് ഡിവിഷനു കീഴിലാണു തിത്തിമത്തി റേഞ്ച്. രാത്രിയായി എത്തിയപ്പോൾ. ആനചൗക്കൂർ ചെക്ക് പോസ്റ്റിൽ ഇരിട്ടിക്കാരനാണു ഫോറസ്റ്റ് ഗാർഡ്. ഈ വഴിയിലൂടെ രാത്രി വാഹനങ്ങൾ പോവുന്നതിനു തടസ്സമില്ലാത്തതെന്താ? ഒരു വശത്തു നാഷനൽ പാർക്കും മറു വശത്ത് സംസ്ഥാനത്തിന്റെ കാടുമാണ്. അതിനാൽ നിയന്ത്രണം കൊണ്ടുവരാൻ പറ്റില്ലത്രേ.
ഒരു ഇലക്ട്രിക് ലൈറ്റ് മാത്രമുണ്ട് കൂട്ടിന്. പിന്ന അടച്ചുറപ്പില്ലാത്ത ചെറിയൊരു കുടിലും. ഇവിടെ ആന വരില്ലേ? വരും. പുലി ഈ പുരപ്പുറത്ത് കയറാറുണ്ട്. ഞങ്ങൾ പുരപ്പുറത്തേയ്ക്ക് വെടിവയ്ക്കും. അതുമാത്രമാണു രക്ഷ. നാട്ടിൽ ആരെങ്കിലും മരിക്കുമ്പോഴാണു മുകളിലേക്കു വെടിവയ്ക്കുക. ഇവിടെ ജീവൻ പോവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഇനി കൊടുകാട്ടിലൂടെയാണു യാത്ര. കുറച്ചു ദൂരം ചെന്നപ്പോൾ ഒരു ലോറി നിർത്തിയിട്ടിരിക്കുന്നു. പിന്നിലെ കാറുകൾ റിവേഴ്സ് വരുന്നുണ്ട്. എക്സെന്റും ഒന്നു നിന്നു. ക്യൂ പാലിക്കാതെ വലതു ചേർന്നു പോവണോ? വേണ്ട ഇവിടെ മലയാളിത്തരം കാണിക്കേണ്ട. പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ മുന്നിലെ വണ്ടികൾ അനങ്ങി. പിന്നാലെ മെല്ലെ പോയപ്പോഴാണു കാര്യം പിടികിട്ടിയത്. ഒത്തൊരു കൊമ്പൻ റോഡിലുണ്ട്. അവനൊന്നു കാട്ടിലേക്കു മാറാതെ എങ്ങനെ പോവാൻ. ഓവർസ്മാർട്ടായി മുന്നോട്ടെടുത്തിരുന്നെങ്കിൽ ആനയ്ക്കൊരു കളിപ്പാട്ടം കിട്ടിയേനെ.
തിരികെ കുട്ടിയിലെത്തുമ്പോൾ പാതിര. തോൽപ്പെട്ടി വനത്തിലൂടെ വീണ്ടും. കനത്ത മഞ്ഞുണ്ടായിരുന്നു. ആ കാട്ടുവഴികളിൽ. എക്‌സെന്റിന്റെ കണ്ണുകൾക്കു പോലും വെളിച്ചമില്ല. ബ്രൈറ്റ് ലൈറ്റിൽ ഒന്നും കാണുന്നില്ല. ഡിംലൈറ്റിൽ പോരുമ്പോഴാണ് കാട്ടുപോത്തുകളെ കണ്ടത്. പോത്തുകൾ ഉണ്ടെങ്കിൽ ആനയെയും കാണുമത്രേ. പറഞ്ഞു തീർന്നില്ല കൊമ്പനെ കണ്ടു. വഴിയരികിൽ അവനങ്ങനെ പുല്ലു തിന്നു നിൽക്കുന്നു. മെല്ലെ വലത്തു ചേർത്ത് ഓടിച്ചു പോന്നു. ഒരു വളവു തിരിഞ്ഞില്ല മൂന്നാമത്തെ കൊമ്പനേയും എക്സെന്റ് മറികടന്നു. ബേഗൂർ ഫോറസ്റ്റ് കഴിയുന്നതുവരെ ആനകളെ പ്രതീക്ഷിക്കാമെന്നു ഹരിയേട്ടൻ പറഞ്ഞപ്പോൾ ആത്മവിശ്വാസം തന്നത് എവിടെയും ചവിട്ടിയാൽ കിട്ടും എന്ന മട്ടിലുള്ള എക്സൻറിന്റെ ബ്രേക്ക് ആയിരുന്നു.
രാത്രിയിലെ ആ തിരികെ യാത്രയിൽ മനസ്സിൽ ഒരു ചോദ്യമുണ്ടായിരുന്നു ബാക്കി. എന്തുകൊണ്ടാണ് ആ കമനീയ ശിൽപ്പങ്ങള്‍ക്കു കൃഷ്ണമണി നൽകാതിരുന്നത്. കോട്ടയത്തെത്തിയപ്പോൾ ക്യാമറയിലെ ചിത്രങ്ങൾ ഉത്തരം നല്‍കി. കണ്ണുകൂടി കൃത്യമായിരുന്നെങ്കിൽ അവർ യഥാർഥ ദേവനർത്തകിമാരായി ദേവലോകത്തേക്കു പോകുമായിരിക്കും. ആ ക്ഷേത്രങ്ങൾ ശരിക്കും ദേവലോകമായി മാറുമായിരിക്കും.