മല കയറാം

triund
SHARE

ഹിമാലയത്തിന്റെ ദൗലധാർ മേഖലയിൽ തിരക്കു വർധിക്കുന്നതു ൈശത്യം ഒഴിവാകുന്ന സമയത്താണ്. മലകയറ്റം ഹരമാക്കിയ ഒരുപറ്റം സഞ്ചാരികൾ ഈ മേഖലയെ തേടിയെത്തുന്ന കാലം. മഞ്ഞുവീഴ്‌ചയില്ലാത്ത ഏതുസമയത്തും ദൗലധാർ മേഖലയിലെ പർവത ശിഖരങ്ങളിലേക്കു നടക്കാം. ഹിമാചൽപ്രദേശിന്റെ ശൈത്യകാല തലസ്‌ഥാനമായ ധരംശാലയ്ക്കു മുകളിലുള്ള മക്‌ലോഡ് ഗഞ്ചിൽനിന്നാണു മലകയറ്റത്തിന്റെ തുടക്കം. ദൗലധാറിനെ സ്പർശിക്കാൻ‌ എത്തുന്നവർ സംഗമിക്കുന്നതിവിടെ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 6831 അടി ഉയരത്തിലാണു ടിബറ്റൻ ടൗൺഷിപ്പായ മ‌ക്‌ലോഡ് ഗഞ്ച്. ഇവിടെനിന്നു ത്രിയുണ്ടിലേക്കാണു മലകയറ്റം – ഏകദേശം 10000 അടി ഉയരെ.

യാത്ര തുടങ്ങാം

ട്രെക്കിങ് തുടങ്ങാൻ‌ ഏറ്റവും നല്ല സമയം പ്രഭാതമാണ്. മക്‌ലോഡ് ഗഞ്ചിൽനിന്ന് ആദ്യ രണ്ടു കിലോമീറ്റർ ഗതാഗതയോഗ്യമായ റോഡാണ്. വാഹനം ലഭ്യമാണെങ്കിലും മലകയറ്റത്തിനായി ശരീരത്തെ പരുവപ്പെടുത്താൻ നടന്നുകയറുന്നതാണ് ഉത്തമം. വൻമരങ്ങൾ തണൽ വിരിച്ച റോഡിലൂടെ മലകയറി നീങ്ങുമ്പോൾ അങ്ങകലെ താഴ്‍വാരത്തിൽ ധരംശാല പട്ടണം ദൃശ്യമാകുന്നു. ഏകദേശം മൂക്കാൽമണിക്കൂർ പിന്നിട്ടു നടന്നെത്തുന്നതു ധരംകോട്ടിൽ - സമുദ്രനിരപ്പിൽനിന്ന് ഉയരം 6900 അടി.

ധരംകോട്ടിൽനിന്ന് അടുത്ത ഒരുമണിക്കൂർ കയറ്റം പൈൻമരങ്ങൾ തണൽ വീഴ്‌ത്തിയ ഇടവഴിയിലൂടെയാണ്. കുത്തുകയറ്റം. മലകയറിയെത്തുന്നതു ഗാലുദേവിയിൽ. സമുദ്രനിരപ്പിൽനിന്ന് ഉയരം 7576 അടി. ചെറിയ ക്ഷേത്രവും ഭക്ഷണശാലയും മൂന്നു മുറികളുള്ള അതിഥിമന്ദിരവും ഇവിടെയുണ്ട്. ട്രെക്കിങ് ശരിക്കു തുടങ്ങുന്നതു ഗാലുദേവിയിൽനിന്നാണ്. ഇനിയുള്ള വഴിയിൽ കണ്ടുമുട്ടുക മലകയറ്റത്തിന്റെ ആനന്ദം നുകരുന്ന യാത്രക്കാരെ മാത്രം.

ഗാലുദേവിയിൽനിന്നുള്ള വഴിയിലെ ആദ്യ 500 മീറ്റർ അൽപം ദുർഘടമാണ്. എഴുന്നുനിൽക്കുന്ന കല്ലുകൾ നിറഞ്ഞ വീതികുറഞ്ഞ പാതയിലൂടെ കയറ്റം. തലോടിയെത്തുന്ന ഇളംകാറ്റാണ് ഏക ആശ്വാസം. വനനിശ്ശബ്‌ദതയെ ഭഞ്‌ജിക്കാൻ കാറ്റിന്റെയും കിളികളുടെയും ശബ്‌ദംമാത്രം. ഒന്നരമണിക്കൂർ പിന്നിടുമ്പോൾ ആദ്യ വിശ്രമസ്‌ഥലം - മാജിക് വ്യൂ കഫേ. കഫേയുടെ നടത്തിപ്പുകാരൻ ജോഗിന്ദർ ശർമ. ഈ പാതയിലെ ഏറ്റവും പഴയ ചായക്കടയെന്ന വിശേഷണവും ബോർഡിലുണ്ട്.

ഇനി നാലുമണിക്കൂർ എന്നു കൂടെയുള്ളവർ ഓർമപ്പെടുത്തുമ്പോഴും ജോഗിന്ദർ പറയുന്നത് ഹേയ്... രണ്ടുമണിക്കൂർകൊണ്ട് ത്രിയുണ്ടിലെത്തും. ട്രെക്കിങ്ങിൽ അങ്ങനെയാണുപോലും. പാതയിലെ സാഹസികത ആരും ഓർമപ്പെടുത്താറില്ല, പകരം പരസ്‌പരം പ്രോത്സാഹിപ്പിച്ചാണു യാത്ര തുടരുന്നത്. വഴിയിൽ കണ്ടുമുട്ടിയ വിദേശികളും സ്വദേശികളും ഇതാവർത്തിച്ചു. 



മഴപൊട്ടിവീഴാം, പൊടുന്നനെ

മഴ പെയ്‌തേക്കാം, ജോഗിന്ദറിന്റെ മുന്നറിയിപ്പ്. ഈ മലമടക്കിൽ അങ്ങനെയാണ്. കത്തിനിൽക്കുന്ന സൂര്യനെ മറച്ചു മഴമേഘം നനവു പടർത്താൻ നൊടിനേരം മതി.  മഴക്കോട്ട് കരുതുന്നത് ഉത്തമം. മഴയ്‌ക്കൊപ്പം വലിയ കല്ലുകൾപോലെ ആലിപ്പഴവും വർഷവും ഉണ്ടായേക്കാം. മഴ പെയ്‌ത വഴികളിലൂടെയുള്ള നടത്തം അപകടകരമാണ്. ഓരോ ചുവടിലും സൂക്ഷിക്കണം, കാലുകൾ തെന്നിയേക്കാം; അശ്രദ്ധയിൽ ഒരു പിഴവു പറ്റിയാൽ വീഴുന്നത് അഗാധമായ കൊക്കയിലേക്കും.

ഒന്നരമണിക്കൂർ യാത്രയ്‌ക്കുശേഷം രണ്ടാമത്തെ ഭക്ഷണശാലയ്‌ക്ക് അടുത്തെത്തി - ബെസ്‌റ്റ് വ്യൂ കഫേ. ഹേമരാജാണ് നടത്തിപ്പുകാരൻ. ഹേമരാജിന്റെ ചായയും വിലയും കടുപ്പം – ഒരു കപ്പിനു 40 രൂപ. ഉയരം കൂടുമ്പോൾ സാധനങ്ങളുടെ വിലയും കൂടുമെന്നു കൂടെയുള്ളവരുടെ കമന്റ്. കാരണം, മാജിക് വ്യൂ കഫേയിൽ 30 രൂപയായിരുന്നു ചായയുടെ വില. അപ്പോൾ ത്രിയുണ്ടിൽ എന്താകും വില?

ബെസ്‌റ്റ് വ്യൂ കഫേയിൽനിന്ന് ഒന്നരമണിക്കൂർ നടന്നാൽ ത്രിയുണ്ടിൽ എത്തും. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 10000 അടി ഉയരത്തിലുള്ള സമതലപ്രദേശം. മനംമയക്കുന്ന കാഴ്‌ചകളാണു ചുറ്റും. അധികം അകലയല്ലാതെ മഞ്ഞിന്റെ വെള്ളക്കമ്പിളി പുതച്ചു ഹിമാലയൻ ശിഖരങ്ങൾ. ഇവിടെ രാത്രി തങ്ങാൻ ടെന്റുകൾ വാടകയ്‌ക്കു ലഭിക്കും. മുൻകൂർ ബുക്ക് ചെയ്‌താൽ അതിഥിമന്ദിരത്തിൽ മുറിയും. പാട്ടും നൃത്തവും താളമേളങ്ങളുമായി ഒരു രാത്രി തങ്ങി പിറ്റേന്നു മലയിറങ്ങുന്നതാണു ട്രെക്കിങ്ങിന്റെ പൂർണത. 

ട്രെക്കിങ്ങിലെ വടി

ട്രെക്കിങ്ങുകാർക്ക് ഒരാചാരമുണ്ട്. യാത്രയുടെ തുടക്കത്തിൽ ഒരു വടി കയ്യിലെടുക്കും. മലമുകളിലെത്തി രാത്രി തങ്ങുമ്പോൾ തണുപ്പകറ്റാൻ തീ കത്തിക്കുമ്പോൾ ആദ്യം അതിലിടുക യാത്രയുടെ തുടക്കത്തിൽ കയ്യിലെടുത്ത വടിയാണ്. നിശ്‌ചയദാർഢ്യത്തോടെ തുടങ്ങിയ നടത്തം പൂർത്തിയാക്കിയതിന്റെ അടയാളമാണ് ഈ വടികത്തിക്കൽ. ഇങ്ങനെ കത്തിക്കുന്ന അഗ്നികുണ്‌ഠത്തിനു ചുറ്റുമിരുന്നാണു പാട്ടും നൃത്തവും മറ്റ് ആഘോഷങ്ങളും. 

തിരികെ താഴ്‌വാരത്തിലേക്ക്...

ആറുമണിക്കൂർകൊണ്ടു കയറിയ കുന്നുകളിറങ്ങാൻ രണ്ടരമണിക്കൂർ എടുത്തു. ഗാലുദേവിയിൽനിന്നു ജീപ്പിൽ മക്‌ലോഡ് ഗഞ്ചിലിറങ്ങി. ത്രിയുണ്ടിൽനിന്നു വീണ്ടും മലകയറ്റം തുടരാം. മൂന്നു നാലും ഏഴുദിവസം നീണ്ടുനിൽക്കുന്ന ട്രെക്കിങ് നടത്താം. വന്നവഴിയിലൂടെ മടങ്ങാതെ മറ്റൊരു ഹിമാലയൻ പട്ടണത്തിലേക്കു കടക്കാം. നഗരത്തിരക്കിലെ ആലസ്യമാണു പർവതമുകളിൽ നിക്ഷേപിച്ചത്. തുടർന്നുള്ള മടക്കത്തിൽ ത്രിയുണ്ടിൽ മഞ്ഞുകണങ്ങളുടെ പ്രഭയിൽ പുലർച്ചെ വിരിഞ്ഞ മഴവില്ലാകും മനസ്സു നിറയെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA