ഹിമാലയൻ തീവണ്ടിപ്പാത താണ്ടിയാൽ ഡാർജിലിങ്

നൈനിറ്റാലും ഡാര്‍ജിലിങും ഷിംലയുമൊക്കെ എല്ലാക്കാലത്തും സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ളയിടങ്ങളാണ്. മഞ്ഞുകാലമാണ് ഡാര്‍ജിലിങിനെ അതിസുന്ദരിയാക്കുന്നത്. ആ സമയങ്ങളിൽ ഇവിടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടാറുണ്ട്. മഞ്ഞുപുതച്ചു നിൽക്കുന്ന അവിടുത്തെ പ്രകൃതിയ്ക്ക് അന്നേരങ്ങളിൽ വല്ലാത്തൊരു വശ്യതയാണ്. ആ അഴക് കാണാൻ തന്നെയാണ് ആ സമയങ്ങളിൽ സഞ്ചാരികൾ കൂട്ടത്തോടെ ഡാര്‍ജിലിങിലേക്കെത്തുന്നത്. ടിബറ്റിന്റെ ചെറിയ സ്വാധീനമുള്ളതു കൊണ്ട് തന്നെ ഇവിടുത്തെ ഭക്ഷണരീതിയിലും സംസ്കാരത്തിലുമൊക്കെ ചെറിയ ടിബറ്റൻ ചായ്‌വുണ്ട്.

darjeeling tea plantation

ഹിമാലയത്തിലെ സിവാലിക്ക് മലനിരകളുടെ അടുത്തയാണ്  പശ്ചിമബംഗാളിലെ  ഈ നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 6,982 അടി മുകളിലായാണ് ഇതിന്റെ സ്ഥാനം. മഞ്ഞുമലകളുടെ സമീപസ്ഥമായി സ്ഥിതി ചെയ്യുന്നത് കൊണ്ട് തന്നെ ഇവിടെ എല്ലാകാലത്തും തണുപ്പാണ്. വേനലിൽ പോലും കുളിരുപകരുന്ന കാലാവസ്ഥയായതുകൊണ്ടു തന്നെ വര്‍ഷം മുഴുവൻ  സന്ദര്‍ശനത്തിനനുയോജ്യമാണ്.

 ബ്രിട്ടീഷ് ഭരണകാലത്ത് അവരുടെ  വേനൽക്കാല തലസ്ഥാനമായിരുന്നു ഡാര്‍ജിലിങ്. യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയിൽ ഇടമുണ്ട് ഇവിടുത്തെ മലനിരകൾക്ക്. കാഞ്ചൻജംഗ മലനിരകളും  ഇവിടെ നിന്നാൽ കാണാവുന്നതാണ്. മഞ്ഞിൽ  കുളിച്ചുകൊണ്ട് ആകാശംമുട്ടെ നിൽക്കുന്ന മലനിരകളുടെ കാഴ്ചകൾ ആരിലും വിസ്‌മയമുണർത്തും. ടൈഗർ കുന്നിനു  മുകളിലെ ഉദയാസ്തമയങ്ങളും മനോഹരമാണ്. ട്രെക്കിങ്ങിനു താല്പര്യമുള്ളവർക്ക് അതിനുള്ള സൗകര്യങ്ങളൊക്കെ ഈ മലനിരകളിലുണ്ട്. 

darjeeling rail

തേയിലത്തോട്ടങ്ങൾക്ക് നടുവിലാണ് ഡാര്‍ജിലിങ്. ലോകപ്രശസ്തമാണ് ഇന്നാട്ടിലെ ചായ. രാജ്യാന്തര വിപണികളിൽ  വലിയ ഡിമാന്റുണ്ട്  ഡാര്‍ജിലിങ് തേയിലയ്ക്ക്. ഉയരം കൂടും തോറും ചായക്ക്‌ രുചികൂടും എന്ന പരസ്യവാചകം  ശരിക്കും അർത്ഥവത്താകുന്നത് ഇന്നാട്ടിലെ തേയിലയുടെയും ചായയുടെയും രുചിയറിയുമ്പോഴാണ്. യാത്രാക്ഷീണം പാടേയകറ്റാൻ ഇവിടെ നിന്നും ഒരു കട്ടന്‍ചായ കുടിച്ചാൽ മതി. 

darjeeling tour

ബ്രിട്ടീഷ്ഭരണത്തിന്റെ ഓര്‍മകളുംപേറി നിൽക്കുന്ന, ആ ശൈലിയിലുള്ള നിരവധി കൊട്ടാരങ്ങളും ദേവാലയങ്ങളുമൊക്കെ ഈ നഗരത്തിലുണ്ട്. ആ പൗരാണിക കാഴ്ചകൾ സഞ്ചാരികൾക്കു കൊളോണിയൽ കാലത്തിന്റെ സ്മരണകൾ സമ്മാനിക്കുമെന്നത് തർക്കമില്ലാത്ത കാര്യമാണ്.  ഡാർജിലിങ് നഗരത്തെ ഇന്ത്യയുടെ സമതലങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഡാർജിലിങ് ഹിമാലയൻ തീവണ്ടിപ്പാത ഏതൊരു യാത്രികന്റെയും മനസു നിറയ്ക്കുന്ന അനുഭവങ്ങൾ സമ്മാനിക്കും. 60 സെന്റീമീറ്റർ മാത്രം വീതിയുള്ള ഒരു ചെറിയ പാതയാണിത്. 1999 ൽ ഈ റെയിൽവേ ലൈൻ  പൈതൃകപട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഈ ചെറുപാതയിലൂടെ ഓടുന്ന ട്രെയിൻ അറിയപ്പെടുന്നത് ടോയ്  ട്രെയിൻ എന്നാണ്.

മനോഹരമായ ഒട്ടനവധി കാഴ്ചകളും സുഖകരമായ കാലാവസ്ഥയുമാണ് ഡാർജിലിങ്ങിന്റെ പ്രധാന  സവിശേഷത. അവധി ദിനങ്ങൾ ചെലവഴിക്കാൻ ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും ഉത്തമമായ ഇടം കൂടിയാണിത്. തനിക്കു മാത്രം സ്വന്തമായ നിരവധി കാഴ്ചകളുള്ള ഈ നഗരം ഇവിടെയെത്തുന്ന സഞ്ചാരികളെ ഒരിക്കലും നിരാശപ്പെടുത്തുകയില്ല എന്നുറപ്പാണ്.