പോകാം സായി ബാബയുടെ അദ്ഭുത നഗരത്തിലേയ്ക്ക്

puttaparthi9
SHARE

ശൂന്യതയിൽനിന്ന് അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന ബാബ- സായി ബാബ. സായി ബാബയുടെ അദ്ഭുത കഥകളാണ് ലോകം ആദ്യം കേട്ടത്. ബാബയെത്തേടി പിന്നീട് പുട്ടപർത്തിയിലേക്കു ഭക്തരുടെ ഒഴുക്കായിരുന്നു. പുട്ടപർത്തി എന്ന ആന്ധ്രയിലെ കുഗ്രാമം അതോടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി. ഒപ്പം വിമർശനങ്ങളും ബാബയെത്തേടിയെത്തി. ആത്മീയ ഊർജം തേടി ഭക്തർ എത്തിയപ്പോൾ, ബാബ കാട്ടുന്നത് തട്ടിപ്പാണെന്ന് ആരോപിച്ച് അതു തെളിയിക്കാനായി യുക്തിവാദികളും പുട്ടപർത്തി സന്ദർശിച്ചു.

പുട്ടപർത്തിയിൽ എന്താണുള്ളത്? ആൾദൈവ പൂജയും അന്ധവിശ്വാസങ്ങളുമാണോ? അതോ കരുണയും സ്നേഹവും ദൈവിക സാന്നിധ്യവുമോ? വിമർശനങ്ങളെത്ര ഉയർന്നിട്ടും ഇവിടേക്ക് ഇന്നും ആളുകൾ എത്തുന്നതിന്റെ അദ്ഭുതവും രഹസ്യവുമെന്താണ്?

puttaparthi
ചൈതന്യ ജ്യോതി മ്യൂസിയം

ഗൊല്ലാപ്പള്ളി എന്നായിരുന്നു പുട്ടപർത്തിയുടെ പഴയ പേര്. ചിതൽപ്പുറ്റുകളുടെ മലനിരകൾ എന്നാണ് ഗൊല്ലാപ്പള്ളിയുടെ അർഥം. വിജയനഗര സാമ്രാജ്യത്തിനു കീഴിൽ റായലസീമ ജില്ലയുടെ ഭാഗമായിരുന്ന ഈ പ്രദേശം ഉഗ്രവിഷമുള്ള പാമ്പുകളുടെ വാസസ്ഥലമായിരുന്നതിനാലാണ് പുട്ടപർത്തി എന്ന പേരു ലഭിച്ചതെന്നാണ് വിശ്വാസം. 1926 ലാണ് ബാബയുടെ ജനനം. 1940 ൽ അവതാര പ്രഖ്യാപനം. 1945 ൽ പുട്ടപർത്തിയിൽ  ആദ്യത്തെ ബാബ മന്ദിർ പണിതു. ബാബയുടെ 25 ാം ജന്മദിനത്തിലാണ് ഇന്നത്തെ പ്രശാന്തി നിലയം മന്ദിർ ഉദ്ഘാടനം ചെയ്യപ്പെട്ടത്.  പുറംലോകവുമായി അധികം ബന്ധമൊന്നുമില്ലാതിരുന്ന  പഴയ പുട്ടപർത്തി പ്രദേശം പിന്നീട് സായി ബാബയുടെ സാന്നിധ്യത്താൽ ആത്മീയതയുടെയും കവിതയുടെയും സംഗീതത്തിന്റെയും സംഗമഭൂമിയായി.

puttaparthi10
സംഗീത കോളജ്

ആ‍ന്ധ്രയിലെ അനന്ദപുർ‍ ജില്ലയിലാണ് ഇന്ന് പുട്ടപർത്തി. െബംഗളൂരുവിലെ കന്റോൺമെന്റ് റയിൽവേ സ്റ്റേഷനിൽ നിന്ന് അതിരാവിലെ പുറപ്പെടുന്ന തീവണ്ടിയിൽ പുട്ടപർത്തി പ്രശാന്തി നിലയം സ്റ്റേഷനിലെത്തി. മനോഹരമായ കുന്നും മലയും നിറഞ്ഞതാണു പുട്ടപർത്തിയിലേക്കുള്ള വഴി. ഉച്ചയോടെ പ്രശാന്തി നിലയം െറയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങി. അവിടെ നിന്ന് ഒാട്ടോയിൽ പുട്ടപർത്തി ടൗണിലേക്ക്.

puttaparthi7
ഗോശാല

ആകാംക്ഷയോടെ  ബാബയുടെ ആശ്രമത്തിനു മുന്നിലേക്ക്. പുറത്ത് വലിയ ഗോപുരം. ഗോപുരം കടന്ന് വലിയ ഗേറ്റിനപ്പുറം പ്രശാന്തി നിലയം ആശ്രമം. ധ്യാനവും ശാന്തി മന്ത്രങ്ങളും പ്രശാന്തിനിലയത്തിൽനിന്ന് ഉയരുന്നതു പുറത്തേക്കു കേൾക്കാം. ഭജനകൾ നടക്കുന്ന കുൽവന്ദ് ഹാളാണു ഗോപുരം കടന്ന് അകത്ത് പ്രവേശിച്ചാൽ ആദ്യം കാണുക. അൽപനേരം കുൽവന്ദ് ഹാളിൽ ഇരുന്ന ശേഷം പുറത്തേക്കിറങ്ങി. മുറ്റം നിറയെ വെളുത്ത വസ്ത്രം ധരിച്ച സേവാദൾ പ്രവർത്തകർ. ‘സായ് റാം’ എന്ന അഭിസംബോധനകളുമായാണ് സന്ദർശകരെ ഇവർ സ്വാഗതം ചെയ്യുന്നത്. ‘എല്ലാവരെയും സ്നേഹിക്കുക, എല്ലാവരെയും സേവിക്കുക’ എന്നു പ്രശാന്തി നിലയത്തിലെ ഒാരോ അരികിലും എഴുതിവച്ചിരിക്കുന്നു. ഈ ആപ്തവാക്യം ഉരുവിട്ടാണ് പ്രശാന്തി നിലയം ഉറങ്ങുന്നതും ഉണരുന്നതും.

കുൽവന്ദ് ഹാളിൽനിന്ന് ഇറങ്ങുമ്പോഴേക്ക് ഉച്ചഭക്ഷണ സമയമായി. നല്ല പച്ചരിച്ചോറും സാമ്പാറും അടങ്ങുന്ന ഭക്ഷണം കന്റീനിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്കെല്ലാം അ‍ഞ്ച് രൂപയുടെ കൂപ്പണെടുത്താൽ ഊണു ലഭിക്കും. ഭക്ഷണം കഴിഞ്ഞാൽ വൈകുന്നേരത്തെ ഭജനയ്ക്കും സമാധി ദർശനത്തിനുമായുള്ള കാത്തിരിപ്പാണ്. ആത്മീയ ഊർജം സ്വീകരിച്ച് ഒട്ടേറെ ഭക്തർ അച്ചടക്കത്തോടെ പലയിടങ്ങളിൽ ഇരിക്കുന്നു.

puttaparthi3
ചിത്രാവദി നദിക്കരയിലാണ്പുട്ടപർത്തി പട്ടണം നിലകൊള്ളുന്നത്.

2011 ഏപ്രിലിലാണ് സത്യ സായി ബാബ ഭൗതിക ശരീരം വെടിഞ്ഞത്. പക്ഷേ പ്രശാന്തി നിലയം മന്ദിരം മുഴുവൻ ഇന്നും ബാബയുടെ സാന്നിധ്യമുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു. പ്രത്യേകിച്ചും കുൽവന്ദ് ഹാളിൽ. ഏതോ ദേവലോകത്തെത്തിയ  പ്രതീതിയാണ് കുൽവന്ദ് ഹാളിൽ ഇരിക്കുമ്പോൾ. മനോഹരമായ ചിത്രപ്പണികളും അലങ്കാര വിളക്കുകളും വാസ്തുശിൽപ നിർമിതിയും സജ്ജീകരിച്ചിട്ടുള്ള  ഈ ഹാൾ നമ്മുടെ മനസ്സിനെ മറ്റൊരു ലോകത്തേക്കു  കൊണ്ടുപോകും.

puttaparthi12
പുട്ടപർത്തി ആകാശവീക്ഷണം

വൈകിട്ട്  4.30 ന് സായ് കുൽവന്ദ് ഹാളിനോട് ചേർന്ന മുറിയിൽ വേദമന്ത്രങ്ങൾ ഉയർന്നു. മുക്കാൽ മണിക്കൂറിനു ശേഷം ഭജന തുടങ്ങി. ഹാളിൽ നിലത്ത് ഇരിക്കുന്ന ഭക്തർ. സ്ത്രീകൾക്കും പുരുഷന്മാർക്കും കുൽവന്ദ് ഹാളിൽ വെവ്വേറെ ഇടങ്ങളാണ് ഭജനയ്ക്കായി ഒരുക്കിയിട്ടുള്ളത്. ജാതിയോ മതമോ നിറമോ വ്യത്യാസമില്ലാതെ ഏതു വിഭാഗക്കാരനും ഈ ധ്യാനത്തിൽ പങ്കെടുക്കാം. സായി ബാബ സ്ഥാപിച്ച സംഗീത കോളജിലെ വിദ്യാർഥികളാണ് ഭജന പാടുന്നത്.  ഹാളിന്റെ ചുമരുകളിൽ ബാബ ദർശനം നൽകുന്ന പഴയ ദൃശ്യങ്ങളുടെ വിഡിയോ കാണാം.

പാട്ടുകൾ തീരുമ്പോൾ സമാധി ദർശനം. കു ൽവന്ദ് ഹാളിൽ ഏറ്റവും മുന്നിൽ ബാബയുടെ സമാധി; എത്രയോ വർഷങ്ങൾ  ബാബ പ്രസംഗിക്കുകയും പാടുകയും അദ്ഭുതങ്ങൾ കാണിക്കുകയും ചെയ്തിരുന്ന അതേ സ്ഥലത്ത്. ഭക്തർ ഒാരോരുത്തരായി വന്നു ബാബയെ വണങ്ങി പൂക്കൾ സമർപ്പിക്കുന്നു. ശേഷം ലഡു പ്രസാദം വിതരണം. ഏഴുമണിക്ക് മഹാസമാധി ദർശനവും കഴിഞ്ഞ് ഭക്തർ പിരിയും. ചിലർ അവിടെ ധ്യാനത്തിൽ തുടരും. സമാധി ദർശനം കഴിഞ്ഞാൽ സത്സംഗ് ഹാളിൽ പ്രഭാഷണങ്ങളുണ്ട്. താൽപര്യമുള്ളവർക്ക് അതു കേൾക്കാം. അതോടെ പ്രശാന്തി നിലയത്തിലെ ഒരു ദിവസം സമാപിക്കുന്നു. ഇനി അത്താഴം.

puttaparthi6
പുട്ടപർത്തി കവാടം

ആശ്രമത്തിനകത്ത് മൂന്നു കന്റീനുകളുണ്ട്. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, പിന്നെ വെസ്റ്റേൺ കന്റീനും. ഒാരോ കന്റീനും സന്ദർശകർക്ക് ഒാരോ അനുഭവം സമ്മാനിക്കും. ആവശ്യക്കാർക്ക് ഇഷ്ടമുള്ള കന്റീനിൽനിന്നു വെജിറ്റേറിയൻ ഭക്ഷണം കഴിക്കാം. പത്തു രൂപയ്ക്ക് ഇന്ത്യൻ മീൽസ് ലഭിക്കും. വെസ്റ്റേൺ കന്റീനിന്റെ നടത്തിപ്പ് പൂർണമായും വിദേശികളാണ്. ഫ്രൈഡ് റൈസും നൂഡിൽസും അടക്കം ചൈനീസ്–ഫ്രഞ്ച് വിഭവങ്ങൾ വരെ കന്റീനിൽ ലഭ്യം.

പ്രശാന്തി നിലയം നേരത്തേ ഉറങ്ങും. രാവിലെ നാലു മണിക്ക് ആശ്രമം തുറക്കും. ഗണപതി ക്ഷേത്രത്തിനടുത്തുനിന്ന് ഒാംകാരം മുഴങ്ങുന്നതു കേൾക്കാം.

puttaparthi2
ചൈതന്യജ്യോതിമ്യൂസിയം അക്വേറിയം

ഇനി ബാബയുടെ ജീവിതവുമായി ബന്ധപ്പെട്ട പുട്ടപർത്തിയിലെ കാഴ്ചകൾ തേടിയുള്ള യാത്രയാണ്. പ്രശാന്തി നിലയത്തിനു പുറത്തിറങ്ങി 150 രൂപ നൽകിയിൽ നഗര ദർശനത്തിന് ഒാട്ടോകൾ ലഭിക്കും. പ്രശാന്തിനിലയം മന്ദിരത്തെ ചുറ്റിപ്പറ്റിയാണ് പുട്ടപർത്തി നിവാസികളുടെ ജീവിതവും ഉപജീവനവുമെല്ലാം.  തിരുപ്പതിയിൽനിന്നു  വരുന്ന ഭക്തർ മുതൽ മൗറീഷ്യസിൽ നിന്നുള്ള ആത്മീയാന്വേഷിയെ വരെ പുട്ടപർത്തിയിൽ കണ്ടുമുട്ടും. ഈ തെരുവിൽ കാണുന്ന ഒാരോ മനുഷ്യനും ബാബയെക്കുറിച്ചും അദ്ദേഹത്തിന്റെ ശക്തിയെക്കുറിച്ചും ഒരു കഥയെങ്കിലും പറയാനുണ്ടാവും. വിഭൂതികൾ പ്രത്യക്ഷപ്പെട്ടത്, ബാബയുടെ അദ്ഭുതങ്ങൾ, തന്റെ ജീവിതം മാറ്റിമറിച്ച ബാബ, മനസ്സിനെ നിയന്ത്രിച്ച് തിരികെകൊണ്ടു വന്ന ഗുരു.. അങ്ങനെ പല പല കഥകൾ. എല്ലാം വിശ്വസിക്കാൻ  പ്രയാസമെങ്കിലും രസകരവും കൗതുകം നിറഞ്ഞതുമാണ് ഒാരോ കഥയും. ബാബ കാണിക്കുന്ന അദ്ഭുതങ്ങൾ തട്ടിപ്പല്ലേ എന്നു ചോദിച്ച ഒരു ഭക്തനോട് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.‘ആ അദ്ഭുതങ്ങൾ നിങ്ങളെ എന്നിലേക്ക് ആകർഷിക്കാനുള്ള ചില വിദ്യകൾ മാത്രമാണ്. അവയെ അങ്ങനെ കണ്ടാൽ മാത്രം മതി’.

ചിത്രാവതി നദി പ്രശാന്തി നിലയത്തോടു ചേർന്ന് ഒഴുകുന്നു. ഈ നദിയുടെ തീരത്ത് മറ്റു കുട്ടികൾക്കൊപ്പം  കളിച്ചും രസിച്ചുമാണ് സത്യ സായി ബാബ ബാല്യം ചെലവിട്ടത്. പുട്ടപർത്തിയുടെ ചരിത്രത്തിലും വളർച്ചയിലും ഈ നദിയും പ്രാധാന്യത്തോടെയുണ്ട്. ബാബ വെള്ളത്തിനു മുകളിലൂടെ നടന്നുവെന്നു ഭക്തർ വിശ്വസിക്കുന്ന ചിത്രാവതി നദിക്കു പഴയ പ്രതാപമൊന്നുമില്ല. വറ്റി വരണ്ട നദിയുടെ കാഴ്ച സങ്കടപ്പെടുത്തും.

puttaparthi8
റവദുർഗ് എന്ന പേരിലും അറിയപ്പെടുന്ന ഈ കോട്ട പുട്ടപർത്തി സ്ഥിതി ചെയ്യുന്ന അനന്തപുർ ജില്ലയിലാണ്.

ചിത്രാവതി പുഴയുടെ തീരത്തു നിന്ന്  40 പടവുകൾ കയറിപ്പോയാൽ കൽപവൃക്ഷം അഥവാ ആഗ്രഹ പൂർത്തീകരണ വൃക്ഷമുണ്ട്. ബാബ തന്റെ ആദ്യകാലങ്ങളിൽ ഭക്തരുമായി സംസാരിച്ചിരുന്നത് ഈ കുന്നിൻമുകളിലെ വൃക്ഷത്തണലിലായിരുന്നു. ഇവിടെ ഒരു പേപ്പർ റോളിൽ നിങ്ങളുടെ എന്ത് ആവശ്യവും എഴുതി ചന്ദനത്തിരി കത്തിച്ചു വച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്ന് വിശ്വാസം. എഴുതാനുള്ള പേപ്പറും പേനയും മെഴുകുതിരിയുമെല്ലാം  വൃക്ഷത്തിനരികിലെ ചെറിയ കടകളിൽനിന്നു ലഭിക്കും.  കൊച്ചു കടകൾക്കിടയിലൂടെ  പടവുകൾ കയറി കൽപവൃക്ഷത്തിനടുത്തേക്കുള്ള യാത്ര തന്നെ  മനോഹരമായ  അനുഭവമാണ്. കൽപവൃക്ഷത്തിൽനിന്നു പടികളിടങ്ങിവന്ന് ഒാട്ടോയിൽ കയറി മറ്റൊരു കുന്നിൻ മുകളിലേക്കു പോയാൽ വടവൃക്ഷം കാണാം. പാറക്കൂട്ടങ്ങൾക്കിടയിൽ നിലകൊള്ളുന്ന  വടവൃക്ഷത്തിനു മെഡിറ്റേഷൻ ട്രീ എന്നും വിളിപ്പേരുണ്ട്. മരത്തിനു കീഴെ ശാന്തതയിൽ നിങ്ങൾക്കു ധ്യാനം ചെയ്യാം. വിദേശികളും സ്വദേശികളുമായി  ധ്യാനത്തിലിരിക്കുന്ന  അനേകരെ ഇവിടെ കാണാം. ബാബ ഏറെക്കാലം  ധ്യാനം ഇരുന്ന ഇടം കൂടിയാണ് വടവൃക്ഷ പരിസരം.

പുട്ടപർത്തിയിലെ ചെതന്യ ജ്യോതി മ്യൂസിയവും പ്ലാനറ്റോറിയവുമെല്ലാം ലോകത്തിലെ മുഴുവൻ ആത്മീയ ധാരകളുടെയും സംഗമ സ്ഥലമാണ്. മത താരതമ്യ പഠനവും മത–ആത്മീയ രഹസ്യങ്ങളും  ഐതിഹ്യങ്ങളുമെല്ലാം ചുരുളഴിയുന്നതാണ് ഇവിടത്തെ പ്രദർശനങ്ങൾ. തായ് വാസ്തു ശിൽപ മാതൃകയിൽ പണികഴിപ്പിച്ച ചൈതന്യ ജ്യോതി മ്യൂസിയം മനോഹരമായ കാഴ്ചയാണ്. പുറത്തെ അക്വേറിയത്തിലെ വർണ മത്സ്യങ്ങൾ കുട്ടികളെ മാത്രമല്ല, മുതിർന്നവരെയും  ആകർഷിക്കും. മ്യൂസിയത്തിനു താഴെ ക്രിക്കറ്റ് സ്റ്റേഡിയം. സച്ചിനും പെലെയും അടക്കം ഒട്ടേറെ കായിക താരങ്ങൾ സന്ദർശിച്ചിട്ടുള്ള  ഇടം.

puttaparthi11
2011 ഏപ്രിൽ 24നാണ്സത്യ സായി ബാബയുടെ ദേഹവിയോഗം.

ബാബയുടെ സംഗീത താൽപര്യത്തിന്റെ തെളിവാണ് സത്യ സായി സംഗീത കോളജ്. നൂറു കണക്കിനു വിദ്യാർഥികൾ ഇവിടെ സംഗീതം പഠിക്കുന്നു.  പ്രശാന്തി നിലയത്തിലേക്കുള്ള പാലും മറ്റും ലഭ്യമാക്കുന്ന ഗോകുലവും സന്ദർശിക്കേണ്ട ഇടമാണ്.  ബാബ ജനിച്ച വീടിന്റെ സ്ഥലത്ത് ഇന്ന് ക്ഷേത്രമാണ്.

ഹനുമാൻ ക്ഷേത്രം,  സത്യസായി വിമാനത്താവളം, പുട്ടപർത്തി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രി, സത്യ അമ്മ ടെംപിൾ,  ഷിർദി സായി ടെംപിൾ, ജനറൽ ആശുപത്രിയോടു ചേർന്ന്  തടാകവും വെള്ളച്ചാട്ടവും, എഫ്എം റേഡിയോ നിലയം,  ഉദ്യാനങ്ങൾ, സർവധർമ സ്തൂപം തുടങ്ങി കാണാൻ ഇടങ്ങൾ ഒട്ടേറെ. കുടിവെള്ള പദ്ധതികൾ അടക്കം ബാബ തുടക്കമിട്ട പദ്ധതികളൊക്കെ  ഭംഗിയായി നടക്കുന്നു.

 

കാഷ് കൗണ്ടർ ഇല്ലാത്ത ആശുപത്രി

puttaparthi4

കാഷ് കൗണ്ടർ ഇല്ല എന്നതാണ് പുട്ടപർത്തി സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയുടെ പ്രത്യേകത. ചികിത്സ പൂർണമായും സൗജന്യം. ജോലിയിൽനിന്നു വിരമിച്ച ശേഷം മുഴുവൻ സമയ ആശ്രമ ജീവിതം നയിക്കുന്നവർക്കാണ് ആശുപത്രിയുടെ നടത്തിപ്പു ചുമതല. ആരും ഇതിനു പ്രത്യേക കൂലി വാങ്ങുന്നില്ല.

സത്യ സായി ബാബയുടെ സാന്നിധ്യം കൊണ്ട് ലോകശ്രദ്ധ നേടിയ ഈ ഗ്രാമം ഇന്നും ആ തണലിലാണ് മുന്നോട്ടുപോകുന്നത്. ജാതിയോ മതമോ നോക്കാതെ ആർക്കും പുട്ടപർത്തി പ്രശാന്തി നിലയത്തിലേക്കു കടന്നുചെല്ലാം. ബാബയുടെ അദൃശ്യ സാന്നിധ്യമാണ് എല്ലാം ഇവിടെ ഭംഗിയായി നടത്തുന്നത് എന്ന വിശ്വാസമാണ് ഭക്തർക്ക്. ആരോപണങ്ങൾക്കും ആരാധനകൾക്കുമിടയിൽ പുട്ടപർത്തിയിൽ നേരിൽ ചെന്നാൽ മാത്രം അനുഭവിക്കാവുന്ന ഒരു ബാബയുണ്ട്. അധികമാരും അറിയാത്ത, കേൾക്കാത്ത ബാബ..

PUTTAPARTHI, ANDHRA PRADESH - INDIA - NOVEMBER 09, 2016: Remote

എറണാകുളത്ത് നിന്ന് റോഡ് മാർഗം 681 കിലോമീറ്റർ ദൂരമുണ്ട് പുട്ടപർത്തിയിലേക്ക്. സത്യസായി ആശ്രമത്തിൽനിന്നു നാല് കിലോമീറ്റർ അകലെയാണ് സത്യസായി ആഭ്യന്തര വിമാനത്താവളം. എറണാകുളത്തുനിന്ന് പുട്ടപർത്തിയിലേക്ക് നേരിട്ട് ട്രെയിൻ സർവീസ് ഇല്ല. ആശ്രമത്തിന് എട്ടു കിലോമീറ്റർ  അകലെയാണ് സത്യസായ് പ്രശാന്തി നിലയം റെയിൽവേ സ്റ്റേഷൻ. പ്രധാന റെയിൽവേ സ്റ്റേഷനായ ധർമാവരം ആശ്രമത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ്.

പ്രശാന്തി നിലയം പ്രവേശന സമയം:  രാവിലെ 8 – 10.15, വൈകിട്ട് 4–7.30 വരെ

റവദുർഗ് എന്ന പേരിലും അറിയപ്പെടുന്ന ഈ കോട്ട പുട്ടപർത്തി സ്ഥിതി ചെയ്യുന്ന അനന്തപുർ ജില്ലയിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA