മധ്യവേനവധി കാലത്തു കേരളത്തിൽ നിന്നും സന്ദർശകർ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാൽ. നമ്മുടെ നാട്ടിൽ ചൂട് കൊടുമ്പിരികൊള്ളുമ്പോൾ നല്ല തണുപ്പും കുളിരുമറിഞ്ഞു സുഖകരമായി ദിവസങ്ങൾ ചെലവഴിക്കാം എന്നത് തന്നെയായിരിക്കും പലരെയും ആ സമയത്തു കൊടൈക്കനാലിലേക്കു ഒരു യാത്ര പോകാൻ പ്രേരിപ്പിക്കുന്നത്. കാര്യങ്ങൾ എന്തുതന്നെയായാലും നിരവധി കാഴ്ചകളുറങ്ങുന്ന സമ്മോഹന ഭൂമിയാണ് കൊടൈക്കനാൽ. 1992 ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രമായ ഗുണയും അതിലെ ''കണ്മണി അൻപോട് കാതലൻ'' എന്ന ഗാനവും സംഗീതാസ്വാദകർ മറന്നുകാണാനിടയില്ല. ആ ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് കൊടൈക്കനാലിലെ പ്രശസ്തമായ ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന ഗുഹയിലാണ്. സിനിമ പുറത്തിറങ്ങിയതിൽ പിന്നെ ഈ ഗുഹ അറിയപ്പെടുന്നത് ഗുണ ഗുഹ എന്നാണ്.
കൊടൈക്കനാൽ ടൗണിനു പുറത്തായാണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്. അധികമൊന്നും സഞ്ചാരികൾ എത്താതിരുന്ന ഈ സ്ഥലം ഗുണ എന്ന സിനിമ പുറത്തിറങ്ങിയതിനു ശേഷമാണ് പ്രശസ്തമായതും ആളുകളുടെ പ്രിയ സഞ്ചാരയിടമായതും. 1821 ൽ ഇംഗ്ലീഷ് ഓഫീസർ ആയിരുന്ന ബി. എസ്. വാർഡ് ആണ് ഈ അതിപുരാതന ഗുഹ കണ്ടെത്തിയത്. ആദ്യ കാഴ്ച്ചയിൽ ഭീമാകാരമായ മൂന്നു പാറകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു നിലവറ പോലെ തോന്നിക്കും. സമുദ്ര നിരപ്പിൽ നിന്നും 2230 മീറ്റർ ഉയരത്തിലായാണ് ഇതിന്റെ സ്ഥാനം. അതുകൊണ്ടു തന്നെ തണുപ്പും മഞ്ഞുമൊക്കെ നിറഞ്ഞ കാലാവസ്ഥയായിരിക്കും ഗുഹയ്ക്കുള്ളിലും പുറത്തുമൊക്കെ.
സ്തംഭാകൃതിയിൽ കിഴുക്കാംതൂക്കായി നിൽക്കുന്ന ഇരുപാറകളാണ് ഈ ഗുഹയുടെ പ്രവേശനഭാഗത്തുള്ളത്. നിറയെ മരങ്ങളും പുല്ലുകളും നീണ്ട വേരുകളുമൊക്കെ കൊണ്ട് നിറഞ്ഞ ഈ ഭൂഭാഗത്തിനു സന്ദർശകരുടെ തിരക്ക് കാരണം സ്വാഭാവികത തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ വിചിത്രമായ ഗുഹകൾ നമ്മുടെ നാട്ടിൽ വളരെ വിരളമാണെന്നാണ് പറയപ്പെടുന്നത്. ഗുഹയുടെ ഉൾഭാഗങ്ങളിൽ ഇരുട്ട് നിറഞ്ഞ അറകൾ നിരവധിയുണ്ട്. വവ്വാലുകൾ സ്ഥിര താമസമാക്കിയ ഇവിടുത്തെ ഏറ്റവും അഗാധമായ ഭാഗത്തേക്ക് വീണ് പതിമൂന്നോളം പേര് മരണപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകൾ. ഈ ആഴങ്ങളിലേക്ക് വീണതിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടിട്ടുള്ളത്. ഈ ഉള്ളറയുടെ ആഴമെത്രയെന്നു ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല. ആഴമേറിയ ഭാഗമാണ് ഡെവിൾസ് കിച്ചൻ അഥവാ പിശാചിന്റെ അടുക്കള എന്നറിയപ്പെടുന്നത്.
പുരാണവുമായി ബന്ധപ്പെട്ട ഒരു കഥയും ഈ ഗുഹയ്ക്ക് പറയാനുണ്ട്. അജ്ഞാതവാസക്കാലത്ത് പാണ്ഡവർ ഇവിടെയും വന്നു താമസിച്ചിട്ടുണ്ടെന്നതാണ് ആ കഥ. 1990-91 കാലം വരെ ഇവിടെയെത്തിയ സഞ്ചാരികൾ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു. എന്നാൽ ഗുണ റിലീസ് ചെയ്തതിനു ശേഷം ഈ ഗുഹയുടെ പ്രശസ്തി വർധിക്കുകയും ധാരാളംപേര് ഇങ്ങോട്ട് ഒഴുകിയെത്തുകയും ചെയ്തു. ഷൂട്ടിങ്ങിന്റെ ഭാഗമായി ഈ ഗുഹയും പരിസരവും കുറേയേറെ നശിപ്പിക്കപ്പെട്ടു. കൂടാതെ സഞ്ചാരികൾ കൂട്ടത്തോടെ എത്തിയപ്പോൾ മാലിന്യങ്ങളും കുന്നുകൂടി. കാടിന്റെ തനിമയും ശുദ്ധവായുവും പോലും മലിനപ്പെട്ടു. അതുപോലെ തന്നെ കമിതാക്കൾ ഇവിടെയെത്തി ആത്മഹത്യ ചെയ്യുക കൂടി ചെയ്തു തുടങ്ങിയതോടെ ഗുഹയിലെ ഏറ്റവും ആഴമേറിയ ഭാഗം പൊതുജങ്ങൾക്കു മുമ്പിൽ എന്നന്നേക്കുമായി അടക്കപ്പെട്ടു. കമ്പിവേലിക്കെട്ടി സുരക്ഷിതമാക്കിയ പ്രവേശന കവാടത്തിൽ നിന്നുകൊണ്ട് ഇപ്പോൾ ഗുണാഗുഹയുടെ കാഴ്ചകൾ ആസ്വദിക്കാം. ഈ സൗകര്യം ഈയടുത്ത് ആളുകളുടെ നിരന്തരമായ ആവശ്യം പരിഗണിച്ചു കൊണ്ട് അധികൃതർ ചെയ്തു കൊടുത്തതാണ്.
ഗുഹയ്ക്കു സമീപത്തായി ഇപ്പോൾ ഒരു വാച്ച് ടവർ നിർമിച്ചിട്ടുണ്ട്. കൊടൈക്കനാലിന്റെ മനോഹരമായ കാലാവസ്ഥ ആസ്വദിക്കാൻ ഏറ്റവുമുചിതമായ സ്ഥലമാണ് ഈ വാച്ച് ടവർ. കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്നും 8.5 കിലോമീറ്റർ മാത്രമാണ് ഈ ഗുഹയിലേക്കുള്ള ദൂരം. ഏപ്രിൽ മുതൽ ജൂൺ വരെയും ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലും ഇവിടം സന്ദർശിക്കാൻ അനുയോജ്യമാണ്. ഒക്ടോബര്‍ മുതൽ മഴയും തണുപ്പുമൊക്കെ കൂടുതലാകുന്നത് കൊണ്ട് അന്നേരങ്ങളിലെ സന്ദർശനം ഒഴിവാക്കുന്നതാണ് ഉചിതം.