കഠിന വഴികൾ കടന്ന് സ്വർഗത്തിലേക്ക്

‘സ്വർഗത്തിലേക്കുള്ള വഴി അതികഠിനമാണ്, ഹിമാലയത്തിലേക്കുള്ള വഴിയും അതുപോലെ തന്നെ. ദുർഘടമായ വഴികൾ താണ്ടി ഹിമാലയത്തിന്റെ ഉയരത്തിൽ എത്തിയെന്നിരിക്കട്ടെ,  മുന്നിൽ തെളിയുന്ന കാഴ്ചകൾ അവിശ്വസനീയമായിരിക്കും. അൽപനേരം ഒരു നല്ല സ്വപ്നത്തിൽ ജീവിക്കുന്ന പോ െല സുന്ദരം’... പലയിടത്ത് നിന്നായി കേട്ട ഹിമാലയൻ വർണനകൾ എത്രയോ രാത്രികളിൽ ഞങ്ങളുടെ ഉറക്കം കെടുത്തി. എന്നെങ്കിലും ഒ രു യാത്ര പ്ലാനിടണം. പക്ഷേ ഹിമാലയത്തിലേക്കുള്ള പതിവ് യാത്രാവഴികൾ വേണ്ട.

മിക്ക യാത്രക്കാരും ഹിമാലയത്തിലേക്ക് എത്തിച്ചേരാൻ ലേഹ് – ലഡാക് റൂട്ടാണ് തിരഞ്ഞെടുക്കുന്നത്. എന്നാൽ അതിനേക്കാൾ മനോഹാരിതനിറഞ്ഞ വഴി ലാഹോർ – സ്പിതി റൂട്ടാണ്.  മഞ്ഞുവീഴുന്ന ഉയരങ്ങൾ കീഴടക്കുമ്പോൾ അൽപം സാഹസികത നല്ലതല്ലെ, ഈ തോന്നലാണ് ലാഹോർ– സ്പിതി റൂട്ട് തിരഞ്ഞെടുക്കാൻ പ്രചോദനമായത്. നീണ്ട തയാറെടുപ്പുകൾക്ക് ശേഷം ഞങ്ങൾ നീങ്ങുകയാണ് ഹിമാലയമെന്ന സുന്ദരസ്വപ്നത്തിലേക്ക്...

മഞ്ഞുമല കീഴടക്കി ഒരു കാർ യാത്ര

ഷിംല- കല്പ- ടാബോ- നാകോ- കാസ- റോഹ്തങ്- മനാലി- ഷിംല ഇതാണ് പ്ലാൻ ചെയ്ത റൂട്ട്. 15 ദിവസം കൊണ്ട് പിന്നിടുന്നത് ഉദ്ദേശം 1400 കിലോമീറ്റർ.

ഹിമാലയൻ യാത്ര പ്ലാൻ ചെയ്തപ്പോൾ ത ന്നെ യാത്രയ്ക്കുള്ള വാഹനം കാർ മതിയെന്ന്  തീരുമാനിച്ചിരുന്നു, ചണ്ഡീഗഡിൽ നിന്നും സൂംകാർ വഴി സ്കോർപിയോ ബുക്ക് ചെയ്തു. ഹിമാലയത്തിൽ എല്ലാ ദിവസവും ക്യാംപിങ് നടത്താൻ ആയിരുന്നു  പ്ലാൻ. ക്യാംപിങ്  മെറ്റീരിയൽസ് എല്ലാം നേരത്തെ റെഡിയാക്കി വച്ചു. ഷിംലയിലെത്തിയപ്പോൾ തന്നെ ലാഹോൽ-സ്പിതി ഇന്നർ ലൈൻ പെർമിറ്റിനെ പറ്റി അന്വേഷിച്ചു. ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് പെർമിറ്റ് നിർബന്ധമില്ല എന്നറിഞ്ഞപ്പോൾ യാത്ര തുടർന്നു.

 ഷിംലയിൽ നിന്നും താപ്രി ഗ്രാമം പിന്നിട്ട് കിന്നൗറിലേക്ക്. ഹിമാലയത്തിന്റെ മുകൾ തട്ടുകളിലേക്ക് ... ഷിംലയിൽ നിന്ന് നാലു ദിവസം കൊണ്ടാണ്  ഇവിടെ എത്തിച്ചേർന്നത്. എല്ലാ ദിവസവും ക്യാംപിങ് . മൂന്നോ നാലോ ദിവസങ്ങൾ കൂടുമ്പോൾ വഴിയിൽ കാണുന്ന ചെറിയ വെള്ളച്ചാട്ടങ്ങളിലും മറ്റും ഇറങ്ങി സുഖമായി കുളിക്കുക. കടുത്ത തണുപ്പിനെ തോൽപിച്ചുള്ള കുളി വലിയൊരു സാഹസം തന്നെ. ഇതൊക്കെയായിരുന്നു യാത്രയിലെ ത്രില്ല്. മിക്ക ദിവസവും വളരെ കുറച്ചു ദൂരം മാത്രം ആണ് ഞങ്ങൾ യാത്ര ചെയ്തത്. ഓരോ ദിവസവും വൈകിട്ട് നാലുമണിക്കു മുൻപ് ക്യാംപിങ്ങിനുള്ള സ്ഥലം കണ്ടെത്തും.

 ഷിംലയിൽ നിന്നും രാംപൂർ, അവിടെ നിന്നുറെക്കോങ് പിയോ വഴി കൽപയിലേക്. രാംപൂർ മുതൽ റോഡ് അൽപം മോശമായി തുടങ്ങി. അപകടം എപ്പോഴും സംഭവിക്കാം. പലപ്പോഴായി വഴിയരികിൽ തകർന്നു തരിപ്പണമായി കിടക്കുന്ന വാഹനങ്ങൾ കണ്ടു. മനസ്സിൽ പേടിയും ആകാംഷയും ഒരു പോലെ.

കൽപ ഗ്രാമം അതി മനോഹരമാണ്, ഫോറിൻ ടൂറിസ്റ്റുകൾ ആണ് കൂടുതലും. ഇന്ത്യക്കാർക്കു പ്രിയം ലേഹ് –ലഡാക് ആയത് കൊണ്ടായിരിക്കും ഈ വഴി ആരും തിരഞ്ഞെടുക്കാത്തത് എന്ന് മനസ്സിൽ തോന്നി. 3000മീറ്റർ ഉയരത്തിലാണ് ഞങ്ങൾ. ഇതുവരെ ഓക്സിജൻ പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടില്ല. ഒരു 30 മിനിറ്റ് കറങ്ങി നടന്നു കാണാൻ ഉള്ള ചെറിയ ഗ്രാമം ആണ് കൽപ. കൽപയിൽ നിന്നും കിന്നൗർ - കൈലാഷ് പീക്ക് കാണാൻ സാധിക്കും. ഞങ്ങളുടെ നിർഭാഗ്യമെന്നേ പറയേണ്ടതുള്ളൂ, ആകാശം  നിറയെ മേഘങ്ങൾ വന്നു മൂടി.  കിന്നൗർ - കൈലാഷ് പീക്ക് എന്ന സൗന്ദര്യത്തെ പ്രകൃതി ഞങ്ങളിൽ നിന്നും മനപ്പൂർവം ഒളിപ്പിച്ചുവച്ചതാകുമോ!. ,

ഉയരങ്ങളെ തോൽപിച്ച് തണുപ്പിലേക്ക്

ചുറ്റിലുമൊന്ന് കണ്ണോടിച്ചാൽ മതി, സൗന്ദര്യം എന്ന് പ്രയോഗിക്കാൻ ആ വാക്ക് പോരാതെ വന്നപോലെ തോന്നും. ഇന്ത്യയിലെ തന്നെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുക കിന്നൗർ ജില്ലയിൽ ആണെന്ന് എവിടെയോ വായിച്ചിരുന്നു. ഇവിടെ അന്തരീക്ഷ മലിനീകരണം തീർത്തും കുറവാണ്. ആ വ്യത്യാസം നമുക്ക് പെട്ടെന്നു തിരിച്ചറിയാൻ സാധിക്കും. കാഴ്ചകൾ കണ്ടു നടന്ന് ഒരുപാടു വൈകി. ഇതുവരെ ക്യാംപിങ് സ്പോട് കണ്ടെത്തിയില്ല.  അവസാനം ഒഴിഞ്ഞു കിടന്ന ഏതോ ഒരു ഗവൺമെന്റ് ഓഫിന്റെ മുറ്റത്താണ് അന്നു ഞങ്ങൾ തങ്ങിയത്. കൽപ ഗ്രാമത്തിലുള്ളവർക്ക് അതു കണ്ടിട്ടും വലിയ ഞെട്ടലൊന്നും തന്നെ ഇല്ല. മിക്കവാറും ടൂറിസ്റ്റുകൾ ഇവിടെ വന്നു ക്യാംപ് ചെയ്യാറുണ്ട് എന്ന് പിന്നീട് മനസ്സിലായി. ഇവിടെ എത്തുന്നവർക്ക് താമസിക്കാൻ.  ഹോംസ്റ്റേ സൗകര്യമുണ്ട്. പിറ്റേന്നു മുതലുള്ള യാത്രയ്ക്കായി മാപ്പ് തയാറാക്കി.

റെക്കോങ് പിയോ - നാകോ- ടാബോ- കാസ- കുൻസും ടോപ്-ചന്ദ്രതൽ ലേക് - റോഹ്തങ് പാസ്- മനാലി തുടങ്ങി ഇന്ത്യയിലെ ഏറ്റവും അപകടം പിടിച്ച റോഡുകളാണ് ഇനി പിന്നിടാനുള്ളത്. റെക്കോങ് പിയോയിൽ നിന്നു വണ്ടിയുടെ എയർ പ്രഷർ  ചെക്ക് ചെയ്തു, ഫുൾ ടാങ്ക് ഇന്ധനം നിറച്ചു. ഇനി അടുത്ത പെട്രോൾ സ്റ്റേഷൻ കാസയിലേ  ഉള്ളൂ. അതായത് 280 കിലോമീറ്റർ അകലെ. റെക്കോങ് പിയോയിൽ യാത്ര തുടങ്ങി. അ ത്ര നേരം കണ്ട ഭൂപ്രകൃതി മാറിത്തുടങ്ങി. രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ആദ്യത്തെ മണ്ണിടിച്ചിൽ. മഞ്ഞിനു മുകളിൽ വണ്ടി വഴുതി പോകുകയാണ്. ആറ് മണിക്കൂർ ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു. ആ വഴി വന്ന സഞ്ചാരികളെയും  റൈഡേഴ്സിനെയും പരിചയപ്പെട്ടു. ഇന്ത്യക്കാർ നന്നേ കുറവ്.

  പട്ടാളക്കാരും മുതിർന്ന ഉദ്യോഗസ്ഥരും പൂ ഹ് എന്ന സ്ഥലത്തു നിന്നും ചൈന ബോർഡറിലേക്ക് കാവലിനായി പോകാൻ തയാറെടുക്കുകയാണ്. രണ്ടു ദിവസം ട്രെക്ക് ചെയ്താണവർ 7000 മീറ്റർ ഉയരത്തിൽ നിലകൊള്ളുന്ന അതിർത്തിയിലേക്ക് എത്തുന്നത്. അവരോട് സംസാരിച്ചപ്പോൾ സാഹസികതയ്ക്ക് പുതിയ ഒരു ലെവൽ കൂടി ഉണ്ടെന്നു മനസ്സിലായി. അതോടെ ഈ യാത്രയ്ക്ക് പുറപ്പെട്ട ഞങ്ങൾ വലിയ  സാഹസിതയാണല്ലോ കാണിക്കുന്നത് എന്നുള്ള അഹങ്കാരം മാറിക്കിട്ടി.

തണുപ്പിനെന്തൊരു തണുപ്പാണ്

4200 മീറ്റർ ഉയരത്തിൽ ഉള്ള ഹിമാലയത്തിലെ  ചെറിയൊരു പട്ടണമാണ് നാകോ. ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനമാണത്. നാകോ എത്തിയതും എല്ലാവർക്കും ചെറുതായൊരു ശ്വാസ തടസം  തോന്നി തുടങ്ങി. നാകോയിലുടെ കുറച്ചു നടന്നേയുള്ളൂ, ശ്വാസതടസ്സം ഞങ്ങളെ വല്ലാതെ ക്ഷീണിതരാക്കി. കുറച്ചു സമയം അവിടെ ചിലവഴിച്ചു യാത്ര തുടർന്നു.

ഹിമാലയത്തിൽ ഉടനീളം ബുദ്ധ മത വിശ്വാസികളാണ്. ഭക്ഷണം പാചകം ചെയ്തു കഴിക്കാനുള്ള ഞങ്ങളുടെ ശ്രമം പരാജയപ്പെട്ടു. ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ കുറഞ്ഞത് 30 മിനിറ്റ് സമയം വേണ്ടി വരുന്നു. പിന്നെ അങ്ങോട്ട് ചൗമീനും മൊമ്മോയും മാത്രമായിരുന്നു ഭക്ഷണം. ചെറിയ ധാബകൾ കണ്ടെത്താൻ പ്രയാസമില്ല. വെജിറ്റേറിയൻ ആണ് കൂടുതലും. ചന്ദ്രതൽ ലേക്കിലേക്കുള്ള വഴിയാണ് ഏറ്റവും അപകടം നിറഞ്ഞത്. ചന്ദ്രതൽ എത്താൻ കുൻസും ടോപ്- മനാലി റോഡിൽ നിന്നും പത്തു കിലോമീറ്റർ  മാറി സഞ്ചരിക്കണം . ഈ 10 കിലോമീറ്റർ പിന്നിട്ടാൽ  മനോഹരമായ നീല തടാകത്തിനരികെ എത്തിച്ചേരാം. സഞ്ചാരികൾക്കായി അവിടെ ക്യാംപ് സൗകര്യങ്ങൾ മാത്രമേ ഉള്ളൂ.

ഹിമാലയ യാത്രികർ പാർക്കുന്ന ടെന്റുകൾ

പുറത്തു നിന്ന് വരുന്ന ഞങ്ങളെ പോലെയുള്ള സഞ്ചാരികൾക്ക് അവിടെ ക്യാംപ് ചെയ്യാൻ അനുവാദമില്ലാത്തതിനാൽ ഞങ്ങൾ തടാകക്കരയിൽ  നിന്നും മാറിയാണ് അന്ന് തങ്ങിയത്.മലനിരകൾക്കിടയിലും നദികളുടെ തീരം ചേർന്നും ടെന്റ് കെട്ടി  ഓരോരോ രാത്രികൾ ചെലവഴിച്ചു.  മലനിരകൾക്കിടയിലൂടെ തണുത്തുറഞ്ഞ മഞ്ഞുപാളികളിൽ തട്ടി തെറിച്ചു വരുന്ന സൂര്യകിരണങ്ങൾ കണ്ട് ഉറക്കമുണർന്നു. അങ്ങനെ യാത്രയിലെ ഓരോ ദിവസവും വേറിട്ട അനുഭവമാക്കി.

സ്വപ്നങ്ങളിൽ ആണ് എന്നൊരു തോന്നൽ പലപ്പോഴും  അനുഭവപ്പെട്ടു. അപകടങ്ങൾ പതിയിരിക്കുന്ന റോഡുകള്‍ താണ്ടി പോയി കണ്ടെത്തിയ നിധിയായിരുന്നു ഞങ്ങൾക്ക് ഹിമാലയത്തിന്റെ  മനോഹാരിത. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും കാണുന്ന സ്വപ്നങ്ങളിലെല്ലാം തെളിഞ്ഞു നിന്നത് ആ സൗന്ദര്യമായിരുന്നു..

കൂടുതൽ വായിക്കാം