തടവുപുള്ളികളുടെ 'കഫേ'

book-cafe
SHARE

"സാമ്രാജ്യാധിപനായിരുന്നില്ലെങ്കിൽ ഒരു ഗ്രന്ഥശാല സൂക്ഷിപ്പുകാരനായിരിക്കാനാണ് എനിക്കിഷ്ടം" ഈ വാക്കുകൾ നെപ്പോളിയന്റേതാണ്. പുസ്തകങ്ങളും വായനയും എത്രമാത്രം മൂല്യമേറിയതാണെന്നതിന്റെ തിരിച്ചറിവുകളാണ് ഈ വരികൾ. ആ വരികളെ അതേപടി തന്നെ സ്വീകരിച്ചിരിക്കുകയാണ് ഒരു സംഘം. അവരാരംഭിച്ചത് ഒരു കഫേ ആണെങ്കിലും അവിടെയെത്തുന്നവരിൽ ഭൂരിപക്ഷവും അവിടെയുള്ള പുസ്തകങ്ങൾ വായിക്കുന്നതിനിടയിൽ മാത്രമാണ് ചായയോ കാപ്പിയോ മറ്റു വിഭവങ്ങളോ രുചിച്ചു നോക്കുന്നത്. അതിനർത്ഥം പുസ്തക വായനയ്ക്കാണ് അവിടെ പ്രാമുഖ്യം എന്നുതന്നെയാണ്.

മലകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ഷിംല, അവിടുത്തെ പ്രശസ്തമായ മീന ബസാർ, അവിടെയാണ് നിറയെ പുസ്തകങ്ങൾ നിറച്ച ഈ കഫേയുടെ സ്ഥാനം. പുസ്തകങ്ങളോടും പാചകത്തോടും അധികമൊന്നും പ്രിയം കാണിക്കാത്ത കുറച്ചുപേർ അവർക്കാണ് ഇതിന്റെ നടത്തിപ്പ് ചുമതല. ഇവരെങ്ങനെയാണ് ഇതിന്റെ സാരഥികളായതെന്നതു അൽപം രസകരമായ വസ്തുതയാണ്. ഇവരാരും സുഹൃത്തുക്കളല്ല, പക്ഷേ ഒന്നിപ്പിച്ചു നിർത്തുന്ന ഒരു പൊതുഘടകം ഇവർക്കുണ്ടായിരുന്നു. വേറൊന്നുമല്ല, ഇവർ ഷിംലയിലെ കൈത്തു ജയിലിലെ തടവുകാരാണ്. ശിക്ഷ വിധിക്കപ്പെട്ടു കഴിയുന്ന ഇവർക്കാണ് ഈ പുസ്തക കഫെയുടെ നടത്തിപ്പ് ലഭിച്ചിരിക്കുന്നത്.

പൊലീസിന്റെ കാവലില്ലാത്ത തടവുപുള്ളികളാണിവർ. പുലർച്ചെ മുതൽ രാത്രി ഒമ്പതുവരെയാണ് ഇവരുടെ പ്രവർത്തനസമയം. പൊലീസിന്റെ യാതൊരു തരത്തിലുള്ള ഇടപെടലുകളും അന്നേരത്തു ഇവരുടെ മേൽ ഉണ്ടാകില്ലെന്നത് സ്വതന്ത്രമായി തങ്ങളെ ഏൽപ്പിച്ച കർമത്തിൽ മുഴുകാൻ ഈ ജയിൽ പുള്ളികൾക്കു പ്രേരണയേകുന്നു. തടവുപുള്ളികൾ എന്നു കരുതി ഭക്ഷണം വിളമ്പാനും പാചകവുമൊന്നും ഇവർക്ക് വശമില്ലെന്നു ധരിക്കേണ്ട. ഇത്തരം കാര്യങ്ങളെല്ലാം പ്രഫഷണലായി പഠിച്ചിട്ടു തന്നെയാണ് ഇവർ ഇതിലേക്ക് ഇറങ്ങിയിരിക്കുന്നത്. 40 പേർക്ക് ഒരേസമയം ഈ കഫേയിൽ ഇരിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട്. 

മാന്യമായി പെരുമാറിയും ഓരോരുത്തരുടെയും ആവശ്യപ്രകാരമുള്ള വിഭവങ്ങൾ തയാറാക്കി നൽകിയും ഇഷ്ടങ്ങൾ ചോദിച്ചറിഞ്ഞു പുസ്തകങ്ങൾ തെരഞ്ഞെടുത്തു കൊടുത്തും ഇവർ കഫേയിലെത്തുന്നവരെ വീണ്ടും അങ്ങോട്ടെത്തുവാൻ പ്രേരിപ്പിക്കുന്നു. പ്രശസ്തമായ ഒട്ടുമിക്ക പുസ്തകങ്ങളും മികച്ച എഴുത്തുകാരുടെ കൃതികളും മാഗസിനുകളുമെല്ലാം ഇവിടെ ലഭ്യമാണ്. ഇടവേളകളിൽ പുതുരുചിക്കൂട്ടുകൾ തയാറാക്കുന്നതിനൊപ്പം പുസ്തക വായന കൂടിയാകുമ്പോൾ ജയിൽ ജീവിതത്തിന്റെ മടുപ്പിൽ നിന്നും മാറി, പുതിയൊരുന്മേഷം ഇവർക്കും ലഭിക്കുമെന്നത് തീർച്ചയാണ്. ആ ലക്‌ഷ്യം മുൻനിർത്തിയാണ് ഇത്തരത്തിലൊരു പരീക്ഷണ ശ്രമത്തിന് അധികാരപ്പെട്ടവർ തയാറായത്.

ഒരു കഫേ തുടങ്ങാൻ ജയിലധികൃതർ പദ്ധതിയിട്ടപ്പോൾ, വെറുമൊരു ചായക്കട എന്നതിനപ്പുറം ജയിൽ പുള്ളികളിൽ മാത്രമല്ല, കഫേയിലെത്തുന്നവരിലും പുസ്തകവായനയുടെ മഹത്വമെത്തിക്കണമെന്ന തീരുമാനമുണ്ടായിരുന്നു. ആ തീരുമാനം 100 ശതമാനം വിജയമായി എന്നുതന്നെയാണ് മണിക്കൂറുകളോളം പുസ്തകവായനയിലേർപ്പെട്ടിരിക്കുന്ന കഫേയിലെത്തിയ അതിഥികളെ കാണുമ്പോൾ മനസിലാകുന്ന ഒരു വലിയ കാര്യം. ഏകദേശം ഇരുപതുലക്ഷം രൂപ ചെലവാക്കിയാണ് കഫേയും  ഗ്രന്ഥശാലയും തുടങ്ങിയത്. പുസ്തകങ്ങൾ വായിക്കുന്നതിനൊപ്പം തന്നെ അവ വാങ്ങുന്നതിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. ജയിലിൽ നിന്നും മോചിതരാകുന്നവർക്കു എല്ലാ അർത്ഥത്തിലും പുതിയൊരു ജീവിതം നല്കാൻ കൈത്തു ജയിലിന്റെ  മഹത്തരമായ ഈ പ്രവർത്തിയ്ക്കു കഴിയുമെന്നതിൽ സംശയമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA