യാത്രകളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരാണ് ഇന്നത്തെ യുവത്വത്തിൽ ഭൂരിപക്ഷവും. കൂട്ടുകാരുമൊന്നിച്ചാണ് പലരും യാത്രകൾക്കുള്ള പദ്ധതികൾ തയാറാക്കുന്നതും പോകുന്നതുമെല്ലാം. ചങ്ങാതിമാരുമൊന്നിച്ചുള്ള യാത്രാനിമിഷങ്ങൾ പലർക്കും ഒരായുഷ്‌ക്കാലം മുഴുവൻ ഓർക്കാനുള്ള മനോഹരമായ നിരവധി നിമിഷങ്ങൾ സമ്മാനിക്കാറുണ്ട്. കൂട്ടുകാരുമൊന്നിച്ചുള്ള യാത്രകൾക്ക് തയാറെടുക്കുമ്പോൾ എങ്ങോട്ടാണ് യാത്ര പോകേണ്ടത് എന്നതിനെ കുറിച്ച് ചിലപ്പോഴെങ്കിലും ആശയക്കുഴപ്പങ്ങളുണ്ടാകാറുണ്ട്. അത്തരക്കാർക്കായി ഇതാ..കുറെ മനോഹരമായ സ്ഥലങ്ങൾ.
മണാലി- ലേ റോഡ് യാത്ര
മണാലിയിൽ നിന്നും ലേയിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സ്വപനമാണ്. വർഷത്തിൽ അഞ്ചോ ആറോ മാസം മാത്രം സഞ്ചാരയോഗ്യമായ മണാലി- ലേ റോഡ്, ശേഷിച്ച നാളുകൾ മഞ്ഞുവീഴ്ച മൂലം തകർന്നുപോകാറാണ് പതിവ്. മലകളും ഗ്രാമങ്ങളും താണ്ടിയുള്ള ആ യാത്ര അല്പം സാഹസികമെങ്കിലും കൂട്ടുകാരുമൊന്നിച്ച്, തടസ്സങ്ങളെ തരണം ചെയ്തുകൊണ്ട് മുന്നോട്ടുപോകുമ്പോൾ ആഹ്ളാദകരമാകുമെന്നുറപ്പാണ്. അതിസാഹസികമായ മണാലി- ലേ പാതയിലൂടെയുള്ള യാത്ര സുന്ദരമായ നിമിഷങ്ങൾ ഓരോ സമ്മാനിക്കുമെന്നുറപ്പാണ്. ലോകത്തിലെ ഏറ്റവുമുയരമുള്ള പാതയിലൂടെ കടന്നുപോകാനുള്ള അവസരം ഈ യാത്രയിൽ ലഭിക്കും. റോത്തങ് പാസ് സ്ഥിതിചെയ്യുന്നതും ഈ വഴിയിലാണ്. ഹിമാലയ മലനിരകളുടെ സൗന്ദര്യവും ആസ്വദിച്ചുള്ള ആ യാത്ര അതീവ ഹൃദ്യമായിരിക്കും.

ഋഷികേശ്
ഇന്ത്യയിലെ അതിപുരാതനമായ നഗരങ്ങളിലൊന്നാണ് ഋഷികേശ്. യോഗയുടെ തലസ്ഥാനമെന്നാണ് ഈ നഗരം അറിയപ്പെടുന്നത്. ഹിമാലയത്തിന്റെ സുന്ദരമായ കാഴ്ചകൾക്കൊപ്പം പുണ്യനദിയായ ഗംഗയുടെ സാമീപ്യവും ഋഷികേശിലെത്തിയാൽ ആസ്വദിക്കാവുന്നതാണ്. അതിസാഹസികമായ നിരവധി വിനോദങ്ങൾ സഞ്ചാരികൾക്കായി കരുതിയിട്ടുണ്ടെന്നതും ഇവിടുത്തെ പ്രത്യേകതയാണ്. പ്രകൃതിയൊരുക്കിയിരിക്കുന്ന അതിമനോഹരമായ സ്ഥലങ്ങൾ, ഋഷികേശിലെത്തുന്ന സഞ്ചാരികളുടെ മനസ്സ് കവരുക തന്നെ ചെയ്യും. റിവർ റാഫ്റ്റിങ് പോലുള്ള വിനോദങ്ങളും പുണ്യക്ഷേത്രങ്ങളും നിത്യഹരിത വനങ്ങളും ആശ്രമങ്ങളുമൊക്കെ ഈ നാടിന്റെ സവിശേഷതകളാണ്.

ജിം കോർബെറ്റ് സഫാരി
സുഹൃത്തുക്കൾക്കൊപ്പം സിനിമാതീയറ്ററുകളും ബീച്ചുകളും മാളുകളും മാത്രം സന്ദർശിച്ചിട്ടുള്ളവർക്കു കാടിന്റെ വന്യതയും കാട്ടുമൃഗങ്ങളുടെ മുരൾച്ചയും നിറഞ്ഞ അതിസാഹസികമായ ഒരു യാത്ര സമ്മാനിക്കാൻ കഴിയും ജിം കോർബെറ്റിലെ സഫാരിയ്ക്ക്. ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമെന്ന പേര് ജിം കോർബെറ്റിനു സ്വന്തമാണ്.
കടുവകളുടെ പേരിലാണ് ഈ ദേശീയോദ്യാനം പ്രശസ്തമായതെങ്കിലും നാനൂറോളം ജീവിവർഗങ്ങൾ ഇവിടെയുണ്ട്. അതുപോലെ തന്നെ പലതരത്തിലുള്ള സസ്യങ്ങളും വൃക്ഷങ്ങളും നിറഞ്ഞതു കൂടിയാണ് ഈ മനോഹരമായ ഉദ്യാനം. വനത്തിലൂടെയുള്ള യാത്രക്കിടയിൽ ഭാഗ്യമുണ്ടെങ്കിൽ മാത്രമേ ബംഗാൾ കടുവയുടെ ദർശനം ലഭിക്കുകയുള്ളുവെങ്കിലും വന്യത നിറഞ്ഞ ആ വനാന്തരങ്ങൾ ഒരിക്കലും നിരാശപ്പെടുത്തുകയില്ല.
സ്പിറ്റി താഴ്്വര
ടിബറ്റിന്റെ ചെറുരൂപമെന്നും കുഞ്ഞൻ ടിബറ്റെന്നുമൊക്കെയാണ് ഈ താഴ്്വര അറിയപ്പെടുന്നത്. ഇന്ത്യയുടേയും ടിബറ്റിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ് ഇതിനു സ്പിറ്റി എന്നപേരുതന്നെ കൈവന്നത്. സ്പിറ്റി എന്നാൽ മധ്യത്തിൽ സ്ഥിതി ചെയ്യുന്നത് എന്നാണ് അർഥം. ഹിമാചൽ പ്രദേശിന്റെ വടക്ക്-കിഴക്കൻ ഭാഗത്താണ് അതിമനോഹരമായ ഈ ഭൂമിയുടെ സ്ഥാനം. മലകൾക്കിടയിലൂടെയുള്ള യാത്ര അൽപം ദുർഘടം പിടിച്ചതാണ്.
വലിയ മലകൾ തുരന്നുണ്ടാക്കിയ ചെറുപാതകൾ പിന്നിട്ടുള്ള യാത്ര, ചിലപ്പോൾ ചെറുതായെങ്കിലും ഭീതി ജനിപ്പിക്കും. സ്പിറ്റിയിലെ പ്രധാന കാഴ്ചകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള താപോ പോലുള്ള ബുദ്ധവിഹാരങ്ങളും പന്ത്രണ്ടായിരത്തിനും പതിമൂവായിരത്തിനും അടി മുകളിലായി സ്ഥിതി ചെയ്യുന്ന ദങ്കർ, കാസ, കീഗോബാ തുടങ്ങിയ പേരുകളുള്ള ഗ്രാമങ്ങളുമാണ്. ധാരാളം ബുദ്ധ വിഹാരകേന്ദ്രങ്ങളും പാടങ്ങളും നിറഞ്ഞ ഇവിടുത്തെ കാഴ്ചകൾ ഏതൊരു സഞ്ചാരിയേയും ആകർഷിക്കാൻ തക്കതാണ്.
മുസ്സൂറി
സുഹൃത്തുക്കളുമൊന്നിച്ചു ട്രെക്കിങ്ങിനു താൽപര്യമുണ്ടെങ്കിൽ അതിനേറ്റവും അനുയോജ്യമായ സ്ഥലമാണ് മുസ്സൂറി. കെംപ്റ്റി വെള്ളച്ചാട്ടവും ഗൺ ഹില്ലും മുസ്സൂറി തടാകവും നാഗ് ദേവതാക്ഷേത്രവും ഭട്ട വെള്ളച്ചാട്ടവുമൊക്കെ ഇവിടുത്തെ പ്രധാനാകർഷണങ്ങളാണ്. നിരവധി മലനിരകൾ നിറഞ്ഞ ഇവിടുത്തെ ട്രെക്കിങ്ങ് ഏറെ രസകരമാണ്. ട്രെക്കിങ്ങിനായി ആളുകൾ പ്രധാനമായും തെരഞ്ഞെടുക്കുന്ന പാതകൾ നാഗ് ടിബ്ബ, ലാൽ ടിബ്ബ, ഭദ്രാജ് വനമേഖല, പാർക്ക് എസ്റ്റേറ്റ് തുടങ്ങിയവയാണ്.
ഈ പറഞ്ഞ പാതകളെല്ലാം തന്നെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടങ്ങളിലേക്ക് നയിക്കുന്ന ട്രെക്കിങ്ങ് പാതകളാണ്. സുഖകരമായ കാലാവസ്ഥയും കാഴ്ച്ചകളും ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾക്കായി ആഡംബരം നിറഞ്ഞ താമസത്തിനും നല്ല ഭക്ഷണം രുചിക്കുന്നതിനുമുള്ള സൗകര്യങ്ങളും മുസ്സൂറി ഒരുക്കിയിട്ടുണ്ട്.