ആൻഡമാനിലെ അദ്ഭുതഗുഹ

Batarang1
SHARE

മനോഹരമായ കടൽക്കാഴ്ചകൾ കൊണ്ട് ആരെയും വശീകരിക്കുന്ന ദ്വീപുകളാണ് ആൻഡമാൻ. ബീച്ചുകളുടെ സൗന്ദര്യത്തിനപ്പുറത്തു കൊടുംവനങ്ങളും കാട്ടുമനുഷ്യരും സെല്ലുലാര്‍‍ ജയിലുമൊക്കെ ആൻഡമാനിലെ കാഴ്ചകളാണ്. ചുറ്റും പരന്നു കിടക്കുന്ന നീലക്കടലും അടിത്തട്ടിലെ പവിഴപ്പുറ്റുകളും കടൽസസ്യങ്ങളും മൽസ്യങ്ങളുമൊക്കെ ആന്‍ഡമാനിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നു.  ഹാവ്‌ലോക്ക്, ജോൺലോറൻസ്, ഹെൻറിലോറൻസ്, റോസ്, ബറാടങ് എന്നിങ്ങനെയാണ് അവിടുത്തെ  ദ്വീപുകളുടെ പേരുകൾ. സുന്ദരമായ കാഴ്ചകൾ കൊണ്ട് സന്ദർശകരുടെ മനസ്സുകീഴടക്കുന്ന മറ്റു ദ്വീപുകളിൽനിന്ന് അല്പം വ്യത്യസ്തമായ കാഴ്ചകളൊരുക്കുന്ന ദ്വീപാണ് ബറാടങ്. ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ പുരാതന ഗുഹകൾ ആന്‍ഡമാനിലെത്തുന്ന സഞ്ചാരികളിൽ വിസ്‌മയമുണർത്തും. 

പോർട്ട്ബ്ലെയറിൽനിന്നു 100 കിലോമീറ്റർ വടക്കുമാറി, ഇന്ത്യയിൽനിന്ന് ഏകദേശം 1300 കിലോമീറ്റർ അപ്പുറത്താണ് ബറാടങ് ദ്വീപ്. അതിസുന്ദരങ്ങളായ ബീച്ചുകളും കണ്ടൽ വനങ്ങളും അഗ്‌നിപർവതങ്ങളുമൊക്കെ നിറഞ്ഞ ഈ ദ്വീപിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇവിടുത്തെ ഗുഹകൾ തന്നെയാണ്. ഇരുട്ടു നിറഞ്ഞ ഗുഹകളുടെ ഉള്ളിൽ നിറയെ, ചുണ്ണാമ്പുകല്ലുകളിൽ രൂപം കൊണ്ട ശിലകളാണ്. ഗവേഷകരും വിനോദസഞ്ചാരികളുമടക്കം നിരവധിപ്പേരാണ് ഈ ശിലകൾ കാണാനെത്തുന്നത്. 

ഗുഹകളുടെ അദ്ഭുതലോകത്തിലേക്കെത്തുന്നതിനു മുമ്പായി സന്ദർശകർക്കായി നിരവധി കാഴ്ചകൾ ബറാടങ്ങിലുണ്ട്. കടലിലൂടെ ഒന്നര കിലോമീറ്റർ നീളുന്ന സ്പീഡ് ബോട്ട് യാത്രയും വനത്തിലൂടെയുള്ള ട്രെക്കിങ്ങുമൊക്കെ ഉൾപ്പെടും അതിൽ. പോർട്ട്ബ്ലെയറിൽ നിന്നാണ്  ജറാവ ട്രൈബൽ റിസർവിലേക്കുള്ള പാസ് ലഭിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ഇവിടെ നിന്നു സന്ദർശകരെ വഹിച്ചുകൊണ്ട് വാഹനങ്ങൾ യാത്ര തിരിക്കും. യാത്രയ്ക്കിടെ വാഹനം നിർത്തുകയോ ചിത്രങ്ങൾ പകർത്താൻ അനുവദിക്കുകയോ ഇല്ല. ആ യാത്രയിൽ ആൻഡമാനിലെ  അതിപുരാതന ഗോത്രവിഭാഗമായ ജറാവകളെ കാണാൻ സാധിച്ചേക്കാം. പുറംലോകത്തിനു മുമ്പിൽ അധികമൊന്നും പ്രത്യക്ഷപ്പെടാത്ത ഇക്കൂട്ടരെ കാണുവാൻ കഴിയുന്നതു തന്നെ അപൂർവഭാഗ്യമാണ്. 

Batarang
Image courtesy Official Website of Andaman & Nicobar Tourism

വനത്തിലൂടെയുള്ള ആ യാത്ര ബറാടങ് ജെട്ടിയിലാണ് അവസാനിക്കുന്നത്. തുടർന്നുള്ള യാത്ര സ്പീഡ് ബോട്ടിലാണ്. കണ്ടൽക്കാടുകൾക്കു നടുവിലൂടെയാണ് ആ യാത്ര നീളുന്നത്. വെളിച്ചത്തെ കടത്തിവിടാൻ വിസമ്മതിച്ചു നിൽക്കുന്ന, പല തരത്തിൽപ്പെട്ട കണ്ടൽ മരങ്ങൾ സഞ്ചാരികൾക്കു പുതുകാഴ്ചകൾ സമ്മാനിക്കുമെന്നതിൽ തർക്കമില്ല. മുതലകളുടെ അധിവാസ കേന്ദ്രത്തിലൂടെ കടന്നുപോകുന്ന ആ യാത്രയിൽ  ജലത്തിൽ സ്പർശിക്കുന്നത് അപകടം വിളിച്ചു വരുത്തുമെന്നതിനാൽ സൂക്ഷിക്കണമെന്ന് നിരന്തരം ബോട്ട് ഡ്രൈവർ മുന്നറിയിപ്പു നൽകിക്കൊണ്ടിരിക്കും. 

സ്പീഡ് ബോട്ടിലെ ആ യാത്ര നയാഡെര ജെട്ടിയിലെത്തി നിൽക്കും. തുടർന്നങ്ങോട്ട് ഒട്ടും നിരപ്പല്ലാത്ത, ഉയരമുള്ള കുന്നിൻ മുകളിലേക്ക്, വനത്തിലൂടെയുള്ള ട്രെക്കിങ്ങാണ്. ആ യാത്ര അവസാനിക്കുന്നത് ഗുഹാമുഖത്താണ്.

പുറമെ നിന്നുള്ള കാഴ്ചയിൽ  കോണാകൃതിയാണ് ഗുഹയ്ക്ക്. സാധാരണയായി കാണുന്ന ഗുഹകളെക്കാൾ വളരെ വിസ്താരമേറിയ ഗുഹാകവാടമാണ്. പക്ഷേ അകത്തേക്കു പോകുംതോറും ഇടുങ്ങുകയും ഇരുട്ടു നിറയുകയും ചെയ്യും. ഗുഹയ്ക്കുള്ളിൽ നിന്നുകൊണ്ട് മുകളിലേക്കു നോക്കിയാൽ രണ്ടു ദ്വാരങ്ങൾ കാണാം. അവയാണ് ഗുഹയ്ക്കകത്തു വെളിച്ചവും വായുവും നൽകുന്നത്. കടലിന്റെ അടിയിൽ നിന്നു ഭൂകമ്പത്തിൽ ഉയർന്നു വന്നതാണ് ഈ ഗുഹയെന്നു പറയപ്പെടുന്നു. കാർബൺ ഡൈ ഓക്‌സൈഡ് ചുണ്ണാമ്പുകല്ലുമായി പ്രതിപ്രവർത്തിച്ചതിന്റെ ഫലമായി ഉണ്ടായ രാസപ്രവർത്തനങ്ങൾ ഈ ഗുഹയുടെ ഉൾവശങ്ങളിൽ കാണാം.  

ഗുഹയ്ക്കുള്ളിലൂടെയുള്ള യാത്ര അൽപം കഠിനമാണ്. ഇരുട്ടും വഴുക്കലും യാത്ര ദുഷ്കരമാക്കും. പലതരം രൂപങ്ങൾ ഗുഹയുടെ ഉൾവശത്തുണ്ട്. അതിൽ മനോഹരമായ പൂക്കളുടെയും പൂക്കൂടയുടെയും ആകൃതി പ്രാപിച്ച ശിലകളും ആനത്തലയോടു സാദൃശ്യം തോന്നുന്ന ശിലകളുമൊക്കെയുണ്ട്. 

ആ കാഴ്ചകളുടെ മനോഹാരിതയിൽനിന്നു പുറത്തേക്കിറങ്ങിയാൽ നല്ല തണുത്ത കരിക്കിൻ വെള്ളവും മാമ്പഴത്തിന്റെ രുചിയും പകരുന്ന നിരവധി നാടൻ കടകളുണ്ട്. ആ രുചി നുകർന്നുകൊണ്ട് പിന്നെയും കാണാം ആൻഡമാന്റെ സൗന്ദര്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL INDIA
SHOW MORE
FROM ONMANORAMA