പേരു ചോദിച്ചതിന് അപ്പനെ വിളിച്ചു എന്നാണ് ഞങ്ങൾ ആദ്യം കരുതിയത്. നിലക്കടല വിളവെടുക്കുന്നതിൽനിന്നു കുറച്ചുസമയം മാറ്റിവച്ച്, സൂര്യകാന്തിപ്പാടത്തേക്ക് ആ വൃദ്ധകർഷകൻ ഞങ്ങളുടെ കൂടെ വന്നു. ഗുണ്ടൽപേട്ട് എന്ന വനഗ്രാമത്തിലാണ് ആ കൃഷിയിടം. സൂര്യകാന്തിപ്പാടങ്ങളുടെ പടമെടുക്കണമെന്ന മോഹം നയിച്ചത് ആ ചെറുകുടിലിലേക്ക്...
പേരെന്താ?
നീങ്കപ്പാ
നീങ്ക അപ്പാ എന്നാണോ ഉദ്ദേശിച്ചത് എന്നൊരു സംശയം. അല്ല ഞങ്ങൾ കേട്ടതിന്റെ പിഴവാണ്.
മലയാളം ചെറുതായി അറിയാവുന്ന ആ കർഷകൻ ഒന്നു ചിരിച്ചു. പിന്നെ മെല്ലെ പറഞ്ഞു. നിംഗപ്പ.
കാട്ടുവഴിയിലെ കാഴ്ചകൾ
കർണാടകയിലെ ഗുണ്ടൽപേട്ടിലൂടെ നിങ്ങളിൽ പലരും പലതവണ യാത്ര ചെയ്തിട്ടുണ്ടാകും. വിശാലമായ ഹൈവേയിലൂടെ, തൊട്ടരുകിലുള്ള കൃഷിയിടങ്ങളും പൂപ്പാടങ്ങളും കണ്ടിട്ടുണ്ടാകും. ഫോട്ടോസ് എടുത്തിട്ടുമുണ്ടാകും. എന്നാൽ ഈ കൃഷിയിടങ്ങളെ സജീവമാക്കുന്ന ജനങ്ങളെ ഒന്നു കണ്ടാലോ?
ഗുണ്ടൽപേട്ടിലെ വേറിട്ട ചില ഗ്രാമീണചിത്രങ്ങളാകാം ഇത്തവണ
കർണാടക സംസ്ഥാനത്ത് തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ബന്ദിപ്പൂർ ദേശീയോദ്യാനം ഗുണ്ടൽപേട്ടുമായി അതിർത്തി പങ്കിടുന്നു. തമിഴ്നാട്ടിലെ മുതുമലൈയിൽനിന്ന് ബന്ദിപ്പൂർ കടുവാസങ്കേതത്തിലൂടെ കാട്ടുവഴി. അകലേക്കു കാണാവുന്നത്ര അകലം പാലിച്ചുനിൽക്കുന്ന മരങ്ങളാണിവിടുത്തെ കാട്ടിൽ. അതുകൊണ്ടുതന്നെ കാഴ്ചകൾക്കു പഞ്ഞമില്ല. ആനകളെ കണ്ടു മടുക്കും. മാനുകളെ നമ്മൾ അവഗണിക്കും.
ഗുണ്ടൽപേട്ടിലേക്ക്
ഈ കാടു കഴിയുമ്പോഴാണ് ഗുണ്ടൽപേട്ട് എന്ന വനഗ്രാമം. ഇരുട്ടിൽനിന്നു വെളിച്ചത്തിലേക്കിറങ്ങുന്ന ഒരു പ്രതീതി. കേരളത്തിനപരിചിതമായ ഭൂപ്രകൃതിയാണ് ഗുണ്ടൽപേട്ടിൽ. പച്ചപ്പാർന്ന, ചെറുചെരിവുള്ള കൃഷിയിടങ്ങൾ. അവയുടെ അതിരിൽ കാട്. വിജയപുര എന്നായിരുന്നു പഴയ പേര് എന്നു ഒരു പോലിസുകാരൻ പറഞ്ഞു. പിന്നീടാരോ ഈ മനോഹരമായ കാർഷികഗ്രാമത്തിന് ക്വട്ടേഷൻ ടൈപ്പ് പേരു നൽകി.
സുഹൃത്തും ഫൊട്ടോഗ്രഫറുമായ നിലമ്പൂർ നൗഫലിന്റെ ബൈക്ക് ആ വിശാലമായ പാതയിലൂടെ പാഞ്ഞുകൊണ്ടിരുന്നു. ആദ്യം കണ്ണിൽപ്പെടുന്ന പാടത്തുനിന്നുതന്നെ സൂര്യകാന്തികളുടെ പടമെടുത്തു തുടങ്ങണം എന്നായിരുന്നു തീരുമാനം. കാരണം രണ്ടോ മൂന്നോ ഘട്ടങ്ങളിലായിട്ടാണ് ഇവിടെ പൂക്കളുടെ വിളവെടുപ്പ്. ഇടതുവശത്തെ ചെറുതോട്ടങ്ങളിലൊന്നിലേക്കു ബൈക്ക് ചേർത്തുനിർത്തി.
രണ്ടു വല്യമ്മമാർ അടുത്തുകൂടി. കന്നഡയും മലയാളവും കലർത്തി അവർ കെഞ്ചി. ചായപ്പൈസ തരാൻ. ഒരു കിലോമീറ്റർ അപ്പുറത്തുള്ള കാടതിരിടുന്ന ആദിവാസിഗ്രാമത്തിലെ അന്തേവാസികളാണിവർ.
അവിടെ കൃഷിയുണ്ടോ? ഞങ്ങൾ ചോദിച്ചുതീർന്നില്ല, ഉടനെ ഒരു വെള്ളത്തലേക്കെട്ടുകാരൻ പ്രത്യക്ഷപ്പെട്ടു. ക്യാമറയും മറ്റും കണ്ടിട്ടാകണം മൂപ്പര് പെട്ടെന്നു ഡയലോഗടിച്ചു.
"ഇനിയങ്ങോട്ടു കൃഷിയില്ല സേട്ടാ, ഇങ്ങള് പാടത്തു കേറിക്കോളീ. വല്ല ചായപ്പൈസയും തന്നാൽ മതി. നോക്കീം സൂര്യകാന്തിപ്പൂക്കള്‍ ഇപ്പോ ഇവിടെത്തന്നെയുള്ളൂ."
സത്യമാണോ എന്നറിയില്ല, എന്തായാലും പടമെടുത്തുവയ്ക്കാമെന്നു മനസ്സുപറഞ്ഞു. അരമണിക്കൂർ ആ പൂപ്പാടത്തുചെലവിട്ടതിന് മൂപ്പർക്കു നൽകേണ്ടിവന്നത് ഇരുപതുരൂപ. ഉടമയാണോ തൊഴിലാളിയാണോ എന്നു തിരക്കിയില്ല.
പാടങ്ങളാം പൂക്കളങ്ങൾ
ഇനിയങ്ങോട്ടു പൂപ്പാടമില്ലെന്നു പറഞ്ഞതു ഞങ്ങൾ വിശ്വാസത്തിലെടുത്തില്ല. കാരണം അകലെ കാണാമായിരുന്നു ആരോ തീയിട്ടതുപോലെ ജണ്ടുമല്ലിവരകൾ.
ഉണങ്ങിയ മരക്കോൽ കൊണ്ടഴിയിട്ട ഗേറ്റ്. പുൽമേഞ്ഞ രണ്ടുകുടിലുകൾ. അതിനപ്പുറം വൃത്തിയായി കോതിമിനുക്കിയ പോലെ ജണ്ടുമല്ലിപ്പാടം. അവിടൊന്നു കയറാമെന്നു കരുതിയപ്പോൾ ആളെ കാണുന്നില്ല. ആരുമില്ലേ എന്നു മലയാളത്തിൽ ചോദിച്ചപ്പോൾ വലകെട്ടിത്തിരിച്ച ആ ചെറുപാടത്തുനിന്നു രണ്ടു കൈകൾ ആദ്യം പൊങ്ങിവന്നു. അവയിൽ കപ്പലണ്ടിച്ചെടികൾ. ഒരു വല്യമ്മ.
ഈ തോട്ടമൊന്നു കയറിക്കണ്ടോട്ടേ?
അവർ ആരെയോ പേരുവിളിച്ചു. ഒരു താത്ത പാടത്തുനിന്നു നടന്നു കുടിലിനടുത്തേക്കു വന്നു. കയറിക്കോളീ, പടമെടുത്തോളീ, പൈസ തരണം.
അതാണു നിംഗപ്പ. ഭാര്യയാണു നിലക്കടല വിളവെടുക്കുന്നത്.
അവരിരുവരും ജണ്ടുമല്ലി കൊയ്തെടുക്കാനുള്ള ഒരുക്കത്തിലാണ്. ഈ പൂക്കൾ തമിഴ്നാട്ടിലേക്കു കൊണ്ടുപോകാനുള്ളതാണ്. മരുന്നിനും പെയിന്റുകളിലെ ചേരുവകൾക്കും ഉപയോഗിക്കുമത്രേ. കേരളത്തിലേക്കുള്ളത് അടുത്ത പാടങ്ങളിലാണ്. അവ വിരിയുന്നതേ ഉണ്ടായിരുന്നുള്ളൂ. ‘നിങ്ങളോടു സംസാരിച്ചുനിന്നാൽ ആ കടലവിത്തു തയാറാക്കുന്നതിൽ താമസം നേരിടും. ഈ ജണ്ടുമല്ലിപ്പാടത്തിലെ വിളവു കഴിഞ്ഞാൽ നിലക്കടല വിതയ്ക്കണം’.
രണ്ടേക്കർ നിലമുണ്ട് താത്തയ്ക്ക്. പക്ഷേ, ദാരിദ്ര്യം മാറുന്നില്ലെന്നു സങ്കടം പങ്കുവച്ചു. അല്ലെങ്കിലും മണ്ണിൽ പണിയെടുക്കുന്ന ഇവർക്ക് എന്നാണ് നമ്മുടെ നാട്ടിൽ പരിഗണന കിട്ടിയിട്ടുള്ളത് ആ കുടിലിന്റെ പശ്ചാത്തലത്തിൽ ഗുണ്ടൽപേട്ട് ഗ്രാമാന്തരങ്ങൾ കാണാൻ നല്ല ചേല്. പലതരം സാരികൾ ഉണക്കാനായി വിരിച്ചിട്ടതുപോലെ അകന്നു ചേർന്നും ചെരിഞ്ഞും ആ കൃഷിയിടങ്ങൾ മലയടിവാരത്തിലേക്കു ചേക്കേറുന്നു.
ഗുണ്ടൽപേട്ടിലെ മറ്റുകാഴ്ചകൾ
ഗുണ്ടൽപേട്ടിൽ പൂപ്പാടങ്ങൾ മാത്രമേയുള്ളോ? അല്ല. നമുക്കു പല കാർഷികവിഭവങ്ങളും തരുന്നത് ഈ കന്നഡഗ്രാമമാണ്. ചൂടുകാലമായാൽ തണ്ണിമത്തനും മറ്റും കുറഞ്ഞവിലയ്ക്കു ലഭിക്കും. പിന്നെ പരിപ്പുകൾ, പച്ചക്കറികൾ ഇങ്ങനെ ഇങ്ങനെ. അതായത് പൂമാത്രമല്ല, സദ്യവട്ടങ്ങൾക്കുള്ളതും ഇവിടുന്നു വരുന്നുവെന്നു സാരം.
മറ്റെന്തു കാഴ്ചകളാണിവിടെയുള്ളത്? ലോകപ്രശസ്തമായ ബന്ദിപ്പൂർ ദേശിയോദ്യാനം തന്നെ അതിൽ മുന്നിൽ. നാം വന്നത് ആവഴിക്കാണ്. ആ വനപാതയിലൂടെ ഒരു സഞ്ചാരം തന്നെ അവിസ്മരണീയം. കൂടുതൽ കാടറിയണമെന്നുള്ളവർക്ക് ബന്ദിപ്പൂരിലെ കാട്ടിൽ താമസിക്കാം. സഫാരി നടത്താം. ഗുണ്ടൽപേട്ട് നഗരത്തിൽ പ്രത്യേകിച്ചു കാഴ്ചകളൊന്നുമില്ല. പക്ഷേ, അതിനുള്ളിലൊരു കല്ലമ്പലമുണ്ട്. വിജയനാരായണ ക്ഷേത്രം. ഹൊയ്സാല എന്ന രാജപാരമ്പര്യത്തനിമയിലാണ് നിർമാണം. ചുറ്റിനും ചെറു വീടുകൾ. ജീവൻതുടിക്കുന്ന ശിൽപ്പങ്ങൾ പേറുന്ന കൽത്തൂണുകൾക്കു താഴെ നാട്ടുകാർ സൊറ പറഞ്ഞിരിക്കുന്നു.
മറ്റൊരു അമ്പലമാണ് ഏറെ പ്രശസ്തം. അതാണു ഗോപാൽസ്വാമി ബേട്ട. ബന്ദിപ്പൂർ കാടിനുള്ളിലെ കുന്നിൻമുകളിലെ ക്ഷേത്രം. പട്ടണത്തിൽനിന്നു പതിനേഴു കിലോമീറ്റർ ദൂരം. അവിടേക്കുള്ള വഴിയുടെ ഇടതുവശത്ത് കിടങ്ങുകുഴിച്ചിട്ടുണ്ട്, ആനകൾ കൃഷിയിടങ്ങളിലേക്കു കടക്കാതിരിക്കാൻ. ഈ ആനകൾ കൃഷി നശിപ്പിക്കില്ലേ?
ഉവ്വ്. അവയെ തുരത്താനെന്തു ചെയ്യും എന്നാലോചിക്കുന്നതിനു മുൻപ് ഗഞ്ചിറ പോലുള്ള ചെറിയ വാദ്യോപകരണം ആ പാടത്തുനിന്ന് ഞങ്ങളുടെ നേർക്കുവന്നു. തൊട്ടുമുകളിലെ മലമുകളിൽനിന്നു കൂവൽ കേൾക്കാം. ആനകൾ ഇറങ്ങുമെന്നാണ് ആ കൂവലിനർഥം. റോഡരുകിലെ ചെടികൾ വകഞ്ഞുമാറ്റി രണ്ടു കർഷകർ ബൈക്കിനടുത്തു വന്നു. ഇവരുടെ കയ്യിലാണ് ആനകളെ അകറ്റാനുള്ള മാന്ത്രികവിദ്യയുള്ളത്. ആനയും പുലിയുമിറങ്ങുന്ന നാട്ടിൽ ഈ ‘ഗഞ്ചിറ’യിൽ കോൽ കൊണ്ടു കൊട്ടിനടക്കും ഇവർ. ഇങ്ങനെ പല സംഘങ്ങൾ പാടങ്ങളിലൂടെ നടന്നുകൊണ്ടിരിക്കും ഏതാണ്ട് പുലർച്ച വരെ.
വനഗ്രാമത്തിലെ കൃഷിയിടങ്ങളും കർഷകരെയും കൂടി ഇനി പോകുമ്പോൾ കാണണം. ബൈക്കു തിരിക്കുമ്പോൾ നൗഫൽ ആത്മഗതം ചെയ്തു. സൂര്യകാന്തിപ്പാടങ്ങൾ മാത്രം കണ്ടുതിരികെപ്പോരാമെന്നു കരുതിയവരെ അതിലും കാന്തിയുള്ള ഈ മനുഷ്യരാണ് കൂടുതൽ ആകർഷിച്ചത്
ഗുണ്ടൽപേട്ട്- കർണാടകയിലേക്കുള്ള ഒരു കവാടമാണ്. ജില്ല ചാമരാജ് നഗർ.
കാഴ്ചകൾ- കൃഷിയിടങ്ങൾ, പൂപ്പാടങ്ങൾ, ബന്ദിപ്പൂർ ദേശീയോദ്യാനം, മൈസൂർ
താമസസൗകര്യം- സ്വാകാര്യ റിസോർട്ടുകൾ. ചാമരാജ് നഗറിൽ നല്ല ഹോട്ടലുകൾ ലഭിക്കും
സൂര്യകാന്തിവസന്തമുള്ള സമയമാണു ഗുണ്ടൽപേട്ടിൽ പോകാൻ നല്ലത്.