സഞ്ചാരികളുടെ സ്വപ്നഭൂമി

പർവത പ്രേമികളുടെയും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരുടെയും ഹരമാണ് ഉത്തരേന്ത്യ. അവിടുത്തെ അതിമനോഹരവും പ്രശസ്തവുമായ സ്ഥലങ്ങളും ഹിമാലയൻ പ്രദേശങ്ങളിലെ ഹിൽസ്റ്റേഷനുകളും അവധിക്കാല വിനോദയാത്രകൾക്ക് ഏറ്റവും അനുയോജ്യമാണ്. ഇന്ത്യയിലെ അവധിക്കാല വിനോദയാത്രയ്ക്കായി ചുവടെ കൊടുത്തിരിക്കുന്നതിൽ നിന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുക. 

1. കശ്മീർ സർക്യൂട്ട്

പഹൽഗാം, സൊന്മാർഗ്, ഗുൽമർഗ്, ശ്രീനഗർ.

പഹൽഗാം കാഴ്ച

മുഖ്യ ആകർഷണങ്ങൾ– ദാൽ ലേക്ക്, നാഗിൻ ലേക്ക്, മുഗൾ ഗാർഡൻ, ബേറ്റാബ്‍വാലി, സ്ട്രോബെറി ഫീൽഡ്. 

എത്തിച്ചേരുവാൻ – ശ്രീനഗർ എയര്‍പോർട്ടിൽ നിന്ന് പ്രധാന നഗരത്തിലേക്ക് 14 കിലോമീറ്ററും ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷനായ ഉധംപൂരിൽ നിന്ന് 130 കിലോമീറ്ററുമാണ് ദൂരം. 

2. ധരംശാലയും മക്കിദോദഞ്ജ് – ടിബറ്റൻ പ്രദേശം– ധൗലാധർ മലനിരകളും. മനോഹരമായ ദാൽ തടാകവും ദേവദാരു വൃക്ഷക്കാടും ടിബറ്റിന്റെ പുണ്യപുരുഷനായ ദലൈലാമയുടെ വാസസ്ഥലവും ഈ പ്രദേശത്താണ്. ഇവിടം സന്ദർശിക്കുവാൻ ഏറ്റവും പറ്റിയ കാലം ഫെബ്രുവരിമാസമാണ്. ധർമ്മശാലയിൽ നിന്നും 9 കിലോമീറ്റർ അകലെയുള്ള മെലോഡ്ഗഞ്ചിൽ വിനോദ, സാഹസിക സഞ്ചാരങ്ങൾക്ക് ഏറെ പ്രദേശങ്ങളുണ്ട്. 

മുഖ്യ ആകർഷണങ്ങൾ – തുഗ്ലക്ഖാൻ കോംപ്ലക്സ്, ദാൽ ലേക്ക്, നാഡി ഗ്രാമം, കാംഗ്ര കോട്ട, ഭംഗ്സുനാഥ്.

എത്തിച്ചേരുവാൻ – മെലോഡ്ഗഞ്ചിൽ നിന്നും ഏറ്റവുമടുത്ത ഗഗ്ഗൽ എയർപോർട്ടിലേക്ക് 18 കിലോമീറ്ററും പത്താൻകോട്ട് ജംക്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് 90 കിലോമീറ്ററുമാണ് ദൂരം. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും ഡൽഹിയിലേക്ക് വോൾവോകളും നോൺ– എസി ബസുകളും ഹിമാചൽ റോഡ്‍വേസ് ഏർപ്പെടുത്തിയിരിക്കുന്നു. 

3. കുളു, മനാലി– ഉത്തരേന്ത്യയിലെ പ്രകൃതിഭംഗി നിറഞ്ഞ ഇരട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് കുളുവും മനാലിയും. കിടിലം കൊള്ളിക്കുന്ന സാഹസിക കായികപ്രകടനങ്ങളും അവിടെ അരങ്ങേറുന്നു. മനാലിയിൽ നിന്നും കുളുവിലേക്കുള്ള ദൂരം 40 കി.മീ. യാണ്. 

മനാലി

മുഖ്യ ആകർഷണങ്ങൾ – ഹഡിംബ ക്ഷേത്രം, ഹിമാചൽ സംസ്കാരത്തിന്റെയും നാടോടിക്കഥകളുടെയും മ്യൂസിയം, ഹിമാലയൻ നൈംഗിമാപ്പ ഗോംബ, വസിഷ്ഠ ഉഷ്ണജല അരുവികൾ. 

മനാലിയിലെ കാഴ്ച

എത്തിച്ചേരുവാൻ– ഉദ്ദേശം 250 കി.മീ ദൂരത്തുള്ള ചണ്ഡീഗഡിലാണ് എയർപോർട്ടും റെയിൽവേ ആസ്ഥാനവും.

4. ‍‍ഡെറാഡൂൺ – കുടുംബങ്ങൾക്കും നവദമ്പതികൾക്കുമുള്ള ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമാണ് ഡെറാഡൂൺ. പ്രകൃതി രമണീയതയ്ക്കു പുറമെ ഡൂൺ സ്കൂൾ, വനഗവേഷണ കേന്ദ്രം, ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവയും ഇവിടെയുണ്ട്. 

മുഖ്യ ആകർഷണങ്ങൾ – ശിഖാർ ഫാൾ, ഗച്ചുപാനി, ഖലംഗ യുദ്ധ സ്മാരകം, സഹസ്ത്രധാരാ. 

എത്തിച്ചേരുവാൻ – ഡെറാഡൂണിൽ റെയിൽവേ സ്റ്റേഷനും ജോളി ഗ്രാന്റ് എന്നറിയപ്പെടുന്ന എയർപോർട്ടും ഉണ്ട്.

വാരണാസി

5. വാരണാസി– മനസ്സിനും ആത്മാവിനും ഉണർവേകുന്ന ആത്മീയ കേന്ദ്രമാണ് വാരണാസി. ഗംഗാനദിയുടെ ഘാട്ടുകൾ, ഇടുങ്ങിയ ലെയിനുകൾ, നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രങ്ങൾ, വൈകുന്നേരങ്ങളിലെ വിസ്മയിപ്പിക്കുന്ന ആരതി മുതലായവ വാരണാസിയിൽ അതുല്യ അനുഭൂതി പകരുന്നു. 

മുഖ്യ ആകർഷണങ്ങൾ – ദശാദശ്വമേധ്ഘട്ട്, വിശ്വനാഥ ക്ഷേത്രം.

വാരണാസി

എത്തിച്ചേരുവാൻ – വാരണാസിയിൽ റെയിൽവേ സ്റ്റേഷനും എയര്‍പോർട്ടുമുണ്ട്.