ലൊക്കേഷൻ തന്നെ സിനിമയിൽ കഥാപാത്രമാവുന്ന ഒരിടം. ഒരു സിനിമയിലല്ല, നൂറുകണക്കിനു സിനിമകളിൽ.
‘അമർ അക്ബർ അന്തോണി’യിലെ ഗാനരംഗത്തിന്റെ മനോഹര പശ്ചാത്തലമായി, ‘ഉദയനാണ് താര’ത്തിലെ സിനിമാ ലൊക്കേഷനായി, ‘ചെന്നൈ എക്സ്പ്രസി’ലെ റെയിൽവേ സ്റ്റേഷനായി, ‘ബാഹുബലി’യിലെ മഹിഷ്മതിയായി...അങ്ങനെയങ്ങനെ പ്രേക്ഷകന്റെ മനസ്സിലെ സ്വപ്നലോകമായി മാറുന്ന ഒരൊന്നൊന്നര ലൊക്കേഷൻ. അതാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റി. ഗിന്നസ് ബുക്കിലിടം പിടിച്ച സിനിമാ നഗരം.
നൃത്തരംഗങ്ങളൊരുക്കുന്ന പൂന്തോട്ടങ്ങൾ, ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും രീതികൾക്കനുസരിച്ചൊരുക്കിയ തെരുവുകൾ, സ്ഫോടനത്തിനായി മാത്രം കെട്ടിപ്പൊക്കിയ പടുകൂറ്റൻ ഇരുമ്പുഗോപുരങ്ങൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ആശുപത്രി, പുരാണകഥകളുടെ കൊട്ടാരപശ്ചാത്തലം, ചരിത്ര സ്മാരകങ്ങൾ...അങ്ങനെയങ്ങനെ ഏത് രംഗത്തിനും അനുയോജ്യമായ കാഴ്ചകൾ ഇവിടെയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരു തിരക്കഥയുമായി ചെന്നാൽ സിനിമാ ചിത്രീകരണം പൂർത്തിയാക്കി മടങ്ങാം.
ഒരു സിനിമാ ലൊക്കേഷൻ മാത്രമല്ല റാമോജി. സഞ്ചാരികൾക്ക് കാഴ്ചയുടെ വിസ്മയമൊരുക്കുന്ന അദ്ഭുതലോകം കൂടിയാണ്. ബിഗ് സ്ക്രീനിൽ കണ്ടുപരിചയിച്ച രംഗങ്ങള്‍ നേരിട്ടു കാണുന്നതോടൊപ്പം യാത്രയുടെ അവേശം പകരുന്ന ഒട്ടനേകം കാഴ്ചകളും ഇവിടെയുണ്ട്. ആ കാഴ്ചകൾ തേടി നമുക്കൊരു യാത്ര പോകാം...
അദ്ഭുതലോകം
ഹൈദരാബാദ് നഗരത്തിൽ നിന്ന് 35 കിലോമീറ്റർ ദൂരെ ഹയാത്ത് നഗറിലാണ് റാമോജി ഫിലിം സിറ്റി.നഗരത്തിരക്കുകൾ വിട്ട് തരിശുനിലങ്ങൾ കാഴ്ചയൊരുക്കുന്ന റോഡിലൂടെ യാത്രയാരംഭിച്ചു. ഹയാത്ത് നഗറെത്തിയപ്പോഴേക്കും ദൂരെ കുന്നിൻചെരിവുകൾക്കിടയിൽ കാണാം ‘റാമോ ജി ഫിലിം സിറ്റി’യെന്ന ബോർഡ്. ‘ഹോളിവുഡി’നെ അനുസ്മരിപ്പിക്കും വിധത്തിൽ ഉയർന്നു നിൽക്കുന്നു. പ്രധാന കവാടം വരെ മാത്രമേ സ്വകാര്യവാഹനങ്ങൾക്കു പ്രവേശനമുള്ളൂ. ഇനി അങ്ങോട്ട് ഫിലിം സിറ്റിയുടെ ബസ്സിലാണ് സഞ്ചാരം.
ടിക്കറ്റെടുത്ത് ബസ്സിൽ സ്ഥാനം പിടിച്ചു. സഞ്ചാരികൾ നിറഞ്ഞപ്പോൾ വാഹനം പതിയെ കവാടം കടന്ന് പുറപ്പെട്ടു. ഇരുവശത്തും പുൽമേടുകളും പച്ചപ്പും. അറ്റമില്ലാതെ പരന്നു കിടക്കുന്ന മൈതാനം. ഇടയ്ക്ക് ചെറിയ കുന്നുകൾ. ഒരു ദേശീയ പാതയിലൂടെ സഞ്ചരിക്കുന്ന പോലെ. വളവും തിരിവും പലതു കടന്ന് ബസ് മറ്റൊടു പടുകൂറ്റൻ വാതിൽ പിന്നിട്ടു. ‘‘ഫിലിം സിറ്റി’’ - പല നാടുകളിൽ നിന്നെത്തിയ സഞ്ചാരികൾ അവേശത്തോടെ അലറി.
കെട്ടിടങ്ങളോട് ചേർന്ന്, പൂന്തോട്ടങ്ങൾക്കരികിലൂടെ ഒരു ഫൗണ്ടൻ ചുറ്റി പാർക്കിനടുത്ത് ബസ് നിന്നു. ‘‘യുറേക്ക, ഇവിടെയിറങ്ങിക്കോളൂ. ഫിലിം സിറ്റിയിലെ കാഴ്ചകൾ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ഇനി മറ്റൊരു ബസിൽ’’ ഡ്രൈവർ പറഞ്ഞു.
റസ്റ്ററന്റുകളും പലവിധം റൈഡുകളുമൊക്കെയായി ഒരു കളർഫുൾ ലോകമാണ് യുറേക്ക. ഒട്ടുമിക്ക റൈഡുകളും സൗജന്യമാണ്. വൈകുന്നേരങ്ങളിൽ കലാപാരിപാടി അരങ്ങേറുന്ന വിശാലമായ വേദി ഇവിടെയാണ്. കാഴ്ചകളൊക്കെ ആസ്വദിക്കുന്നതിനിടെ നിരനിരയായി ബസുകൾ വന്നു. സാധാരണ ബസുകളല്ല. ചുവപ്പു ചായം പൂശിയ, കാഴ്ചകൾ കാണാൻ പാകത്തിൽ വലിയ ജനലുകളുള്ള ‘ഫിലിം സിറ്റി ബസു’കൾ. പെട്ടെന്നു കയറി വിൻഡോ സീറ്റ് പിടിച്ചു. എല്ലാ ബസിലും ഗൈഡുണ്ട്. ഇവരാണ് കഥ പറച്ചിലുകാർ. അയാൾ മൈക്ക് കയ്യിലെടുത്തു - ‘‘സിനിമകളിലൂടെ, ലൊക്കേഷനുകളിലൂടെയുള്ള യാത്രയിലേക്ക് സ്വാഗതം’’.
വൃന്ദാവൻ വഴി ഹവാ മഹൽ
ബസ് പതിയെ നീങ്ങിത്തുടങ്ങി. റോഡിന്റെ ഒരുവശത്ത് മനോഹരമായ പുൽമേട്. പല മൃഗങ്ങളുടെയും ആകൃതിയിൽ പുല്ല് വെട്ടിയൊരുക്കിയിരിക്കുന്നു. ഇടയ്ക്ക് ശിൽപങ്ങളുണ്ട്. മറുവശത്ത് മുഗൾ വാസ്തുവിദ്യ തെളിഞ്ഞു കാണാവുന്ന കെട്ടിടം. മൈസൂരുവിലെ ബൃന്ദാവൻ മാതൃകയിലൊരുക്കിയ പൂന്തോട്ടവുമുണ്ട്. ഒരു ഫൗണ്ടൻ ചുറ്റി ബസ് പുതിയ വഴിയിലേക്കു നീങ്ങി. ഗ്രീക്ക് ശിൽപങ്ങളാണ് റോഡിനു വശങ്ങളെയും ഫൗണ്ടനെയുമെല്ലാം അലങ്കരിക്കുന്നത്. ഇടതുവശത്ത് ഇത്തിരി ഉയരത്തിൽ രാജസ്ഥാനിലെ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന മറ്റൊരു കെട്ടിടം. ‘‘ഹവാ മഹൽ’’ Ð ഗൈഡ് വിശദീകരിച്ചു. സൂര്യവംശം, ഹം ദിൽദേ ചുകേ സനം, സർക്കാർ രാജ്... പല സൂപ്പർ ഹിറ്റുകളിലെയും പ്രധാനരംഗങ്ങൾ ചിത്രീകരിച്ചത് ഇവിടെയാണ്. സിനിമാ നഗരമെന്ന സ്വപ്നം സാക്ഷാത്കരിച്ച റാമോജി റാവുവിന്റെ ബംഗ്ലാവ് കൂടിയാണിത്.
‘‘ഇത് കരിഷ്മ ഗാർഡൻ. ‘കു ച് കുച് ഹോത്താഹെ’യിൽ ഷാറൂഖ് ഖാനും കജോളും നൃത്തം ചെയ്ത രംഗങ്ങളോർമയില്ലേ, അതിവിടെയാണ്’’ - അടുത്ത പൂന്തോട്ടമെത്തിയപ്പോൾ ഗൈഡ് പറഞ്ഞു. ഈ പൂന്തോട്ടത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സിനിമയിലെ നായികമാരുടെ സാരിയുടെ നിറമനുസരിച്ചുള്ള പൂക്കളാണ് ഇവിടെ നട്ടുവളർത്തുക. ചിത്രീകരണത്തിനു രണ്ടുമാസം മുൻപെങ്കിലും സംവിധായകൻ അറിയിക്കണമെന്നു മാത്രം. ജാപ്പനീസ് ഗാർഡനും ഗുഹാക്ഷേത്രവുമെല്ലാം നടന്നെത്താവുന്ന ദൂരത്തിലുണ്ട്.
കാഴ്ചകളിലൂടെ ബസ് ചെന്നു നിന്നത് ഒരു വലിയ ബംഗ്ലാവിന്റെ മുൻപിലാണ്. തമിഴ്- തെലുങ്ക് സിനിമകളിലും മറ്റും സാധാരണ കാണാറുള്ള രംഗം. തമിഴ് പ്രേക്ഷകരുടെ മനസ്സിൽ ഇതുപക്ഷേ ‘ചന്ദ്രമുഖി’ കൊട്ടാരമാണ്. മണിചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖി ചിത്രീകരിച്ച കൊട്ടാരം! നമ്മുടെ മാടമ്പള്ളിയിലെ ഗംഗയായി നടി ജ്യോതിക നൃത്തം ചെയ്ത അതേ കൊട്ടാരം.
അകത്തു കയറാമോ? ഗൈഡ് ചിരിച്ചു- ‘‘അകത്തൊന്നുമില്ല സാർ. ഓരോ സിനിമക്കും അനുയോജ്യമായി താത്കാലിക സെറ്റ് ഒരുക്കുകയാണ് ചെയ്യുക’’.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ
ഒരു മതിൽക്കെട്ടിനുള്ളിലെ ഗേറ്റ് വേ ഓഫ് ഇ ന്ത്യ കടന്ന്, താജ് മഹലും ജുമാ മസ്ജിദും പിന്നിട്ട് സെൻട്രൽ ജയിലിനു മുന്നിലൂടെ ബസ് നീങ്ങി. പെട്രോൾ പമ്പും പൊലീസ് സ്റ്റേഷനുമെല്ലാം സമീപത്തുണ്ട്. എല്ലാം തിരക്കഥയിലെ ആവശ്യമനുസരിച്ച് പലതായി മാറും. പൊലീസ് സ്റ്റേഷൻ പോസ്റ്റോഫിസാവും. മറ്റു ചിലപ്പോൾ സർക്കാർ റജിസ്ട്രേഷൻ ഓഫിസ്...
നിരനിരയായി വീടുകൾ. വരാന്തകൾ, മട്ടുപ്പാവുകൾ, സമീപത്തെ കടകള്‍... ഉത്തരേന്ത്യയിലെ ഗ്രാമങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള കാഴ്ചകളാണ്. ‘‘ദിൽവാലെയിലെ ഷാറൂഖ് ഖാന്റെ വീടും ഗാരിജും’’ - വീടുകൾക്ക് മുൻപിലൂടെ നീങ്ങിയപ്പോള്‍ ബോളിവുഡ് പ്രേമികൾ ആവേശം കൊണ്ടു. ഉത്തേരന്ത്യൻ വീടുകൾക്ക് തൊട്ടപ്പുറത്തു തന്നെയാണ് തെക്കേ ഇന്ത്യൻ വീടുകൾ. ‘ചെന്നൈ എക്സ്പ്രസ്’ സിനിമയുടെ ഒട്ടുമുക്കാലും ചിത്രീകരിച്ചത് ഇവിടെ വച്ചാണ്. വീടുകൾ പിന്നിട്ട് പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന്റെ മുൻപിലൂടെ ചെങ്കോട്ടയെത്തി. ക്യാമറയൊന്നു ചരിഞ്ഞാൽ പഞ്ചാബും ഡൽഹിയുമെല്ലാം ഒറ്റ ഫ്രെയ്മിൽ. ഇത്തിരി ദൂരം പിന്നിട്ടപ്പോൾ ഒരു പടുകൂറ്റൻ കെട്ടിടമെത്തി. കെട്ടിടമെന്നു പറഞ്ഞുകൂടാ. വെറും ‘എല്ലുകൾ മാത്രം’. ബോംബ് സ്ഫോടനങ്ങൾ ചിത്രീകരിക്കാനായി ഒരുക്കിയ ഇരുമ്പുഗോപുരമാണ്. പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് ഇതിൽ കെട്ടിടങ്ങളൊരുക്കും. എന്നിട്ടാണ് സ്ഫോടനം. ഒറിജിനാലിറ്റിക്ക് ഒരു കുറവുമുണ്ടാവില്ല.
വിമാനത്താവളമായിരുന്നു അടുത്ത സ്പോട്ട്. അമർ അക്ബർ അന്തോണിയിലും ചൈനാ ടൗണിലുമെല്ലാം കണ്ട അതേ വിമാനത്താവളം. തായ്‌ലൻഡായും മലേഷ്യയായും ദുബായിയായുമെല്ലാം ഈ വിമാനത്താവളം പലവട്ടം വേഷം മാറിയിട്ടുണ്ട്. വിമാനത്താവളത്തിന്റെ മറുവശം ആശുപത്രിയാണ്. മുന്നാഭായ് എംബിബിഎസിലെ അതേ ആശുപത്രി. ചെന്നെയിലെ അപ്പോളോ ആശുപത്രിയായും വേഷമിടാറുണ്ട്.
ബാഹുബലിയുെട മഹിഷ്മതി
‘‘പ്രിൻസസ് സ്ട്രീറ്റ് ഓഫ് ലണ്ടൻ’’- വിദേശരാജ്യങ്ങളിലെ തെരുവോരങ്ങളിലെത്തിയപ്പോ ൾ ഗൈഡ് പറഞ്ഞു. ‘‘യൂറോപ്പിലെ വീടുകളുടെ മാതൃകയിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഓരോ വീടും വ്യത്യസ്തമാണ്. കാഴ്ചയിലും വാസ്തുവിദ്യയിലും. വിദേശ ലൊക്കേഷനിലെ ചെലവോർത്ത് നിർമാതാവ് വിഷമിക്കാതിരിക്കാൻ ഇതു മതിയാവും’’ -അയാൾ വിവരിച്ചു. ഐസ്ക്രീം പാർലറും കോഫി ഷോപ്പുമെല്ലാം ഇവിടെയുണ്ട്. വിവാഹവേദി കൂടിയാണ് ഈ തെരുവ്. വിദേശത്തു വിവാഹചടങ്ങ് നടത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഹൈദരാബാദ് വരെ വന്നാൽ മതിയെന്നു ചുരുക്കം.
കാഴ്ചകളിലൂടെ ചെന്ന് റെയിൽവേ സ്റ്റേഷനെത്തി. ഒരു വശത്ത് ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഷനും മറുഭാഗത്ത് ഗ്രാമങ്ങളിലെ സ്റ്റേഷനും.
മറ്റൊരു ബസ്സിലായിരുന്നു തുടർന്നുള്ള യാത്ര. എവിടേക്കാണെന്നു പറയാൻ ഗൈഡില്ല. സിനിമാ നഗരത്തിന്റെ അതിരു പിന്നിട്ട് കുറ്റിക്കാടുകൾക്കു നടുവിലൂടെ ബസ് കുതിച്ചു. വിശാലമായ ഒരു മൈതാനത്താണ് ചെന്നു നിന്നത്. മൺനിറമുള്ള ചുമരിൽ വലുതാക്കി എഴുതിവച്ചിരിക്കുന്നു - ‘മഹിഷ്മതി’. ബാഹുബലിയുടെ ലോകം! ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ പകുതിയിലേറെയും ഇവിടെ വച്ചാണ് ചിത്രീകരിച്ചത്.
ബിഗ് സ്ക്രീനിൽ കണ്ട ശിൽപങ്ങളും സിംഹാസനവും വഴികളുമെല്ലാം അതേപോ ലെ. പതിനായിരക്കണക്കിനു പടയാളികൾ നിരന്നു നിന്ന് ബാഹുബലിക്ക് ജയ് വിളിച്ച കൊട്ടാരമുറ്റത്ത് നൂറു പേർക്ക് നിൽക്കാം. ബാക്കിയെല്ലാം ക്യാമറയുടെ കളികൾ. ദേവസേനയെ തടവിലിട്ട ചങ്ങലയും കുട്ടി ബാഹുബലി ഓടി നടന്ന മുറ്റവുമെല്ലാം നടന്നു കാണുമ്പോൾ പിന്നിൽ സിനിമയിലെ പശ്ചാത്തലസംഗീതം. അക്ഷരാർഥത്തിൽ സിനിമയ്ക്കുള്ളിലെത്തിയപോലെ...