ജോധ്പുർ. ഈ നഗരം സൂര്യന്റേതാണ്. താഴെ പരന്നു കിടക്കുന്നത് നീലിമയാണ്. വിമാനത്തിന്റെ അരികു പറ്റിയിരുന്നു ചിന്തിച്ചതത്രയും നീലനഗരത്തെക്കുറിച്ചായിരുന്നു. തവിട്ടു നിറത്തിൽ അവിടവിടെയായി പൊങ്ങി നിൽക്കുന്ന പച്ചപ്പ്, ഒറ്റപ്പെട്ട കെട്ടിട സമുച്ചയങ്ങൾ..... ജല നീലിമ തൊട്ടു തീണ്ടാത്ത ഈ നഗരത്തിനെങ്ങനെയാണ് ബ്ലൂ സിറ്റി എന്ന പേര് വീണത്! കോട്ട കൊട്ടാരങ്ങളുടെ രാജസ്ഥാൻ കാഴ്ചകളാണ് ജോധ്പുരിലും കാത്തിരിക്കുന്നത്. മെഹ്റാൻഗഢ്, ഉമൈദ് ഭവൻ, മാൻഡോർ ഗാർഡൻസ്, ജസ്വന്ത് താട....രാജവാഴ്ച അവസാനിച്ച് കാലം ഒരുപാട് പിന്നിട്ടിട്ടും പ്രൗഢി ഒട്ടും കുറഞ്ഞിട്ടില്ലാത്ത ശേഷിപ്പുകൾ....
ജോധാ രാജകുമാരിയല്ല
ജോധ്പുർ ജോധാ രാജകുമാരിയുടേതല്ല. മഹാരാജാവ് റാവു ജോധയുടേതാണ്. 1460 ൽ പതിനഞ്ചാമത് റാത്തോഡ് രാജാവായിരുന്ന റാവു ജോധായാണ് ചിന്താമണി കോട്ട പണികഴിപ്പിച്ചത്. മർവാർ എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ ജോധ്പുർ എന്ന് പുനർനാമകരണം ചെയ്തതും മാൻഡോറിൽ നിന്നും തലസ്ഥാനം സുരക്ഷയെ കരുതി ബൗച്ചീരയിലേക്ക് മാറ്റിയതും ഇദ്ദേഹമാണ്. കാലചക്രത്തിനിടയിൽ എവിടെയോ ചിന്താമണി മെഹ്റാൻഗഢ് ആയി മാറി. സൂര്യ വംശജരായ രജപുത്രന്മാരുടെ വീടായി. 27 രാജാക്കന്മാരാണ് ഈ കോട്ട സംരക്ഷിച്ചു പോന്നത്. മുപ്പത്തിയേഴാമത് റാത്തോഡ് രാജാവ് ഉമൈദ് സിങ് പുതിയ കൊട്ടാരം ഉമൈദ് ഭവൻ നിർമിക്കുന്നിടംവരെ. മെഹ്റാൻഗഢിൽ നിന്നും ഉമൈദ് ഭവനിലേക്ക് എത്തുമ്പോൾ വാസ്തുവിദ്യ മാത്രമല്ല വ്യത്യസ്തപ്പെട്ടത് അധികാര വ്യവസ്ഥിതി കൂടിയായിരുന്നു.
സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ കഥ മാറി. രാജാവിന് കപ്പം വരുമാനം നഷ്ടമായി. കൊട്ടാരങ്ങളും കോട്ടകളും സ്വന്തം. ജോധ്പുർ രാജവംശത്തിന്റെ ദീർഘവീഷണം അവിടെയാണ് ശ്രദ്ധേയമാവുന്നത്. ഉമൈദ് ഭവൻ പാലസിന്റെ ഒരു ഭാഗം താജ് ഹോട്ടലിന് വാടകയ്ക്ക് കൊടുത്തു ബുദ്ധിമാനായ രാജാവ്! കൊട്ടാരത്തിന്റെ ഒരു ഭാഗത്ത് രാജകുടുംബവും താമസമാക്കി. ചരിത്രത്തോടൊപ്പം പ്രായോഗികതയും ഉമൈദ് ഭവനിലേക്ക് കുന്നിറങ്ങി വന്നു.
രാത്രിയിലാണ് മെഹ്റാൻഗഢ് കൂടുതൽ സുന്ദരിയാവുക. ദീപ പ്രഭയിൽ നീണ്ടു നിവർന്ന്, അഴകളവുകളിൽ സൗവർണം കലർത്തി, ജോധയുടെ ആരെയും മോഹിപ്പിക്കുന്ന രാജകുമാരി. സൂര്യകൊട്ടാരം എന്നാണ് മെഹ്റാൻഗഢ് എന്ന വാക്കിനർഥം. വഴി നീളം കുറഞ്ഞു വരുന്തോറും. മലമുകളിൽ കൊട്ടാരം തെളിഞ്ഞു വന്നു. പാറക്കെട്ടുകൾക്കു മുകളിൽ സൂര്യനെ കയ്യെത്തിപ്പിടിക്കും വിധം നഗരത്തിനേക്കാൾ 410 അടി ഉയരത്തിൽ.
വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴികളിലൂടെ പശുവും കുതിരയും റിക്ഷയും കാറും മനുഷ്യരും കിതച്ചു കയറുന്നുണ്ട്. താഴെ ഒരു നീലക്കടൽ പരന്നു കിടക്കുന്നു, ജോധ്പുർ–നീല നഗരി! രാജാവിന്റെ അടുത്ത് അഭയം തേടിയെത്തിയ പശുപതി ബ്രാഹ്മണന്മാരുടെ വീടുകളാണത്രേ നീല നിറമുള്ളവ. നീല നിറമടിച്ച വീടുകൾ തണുപ്പ് നിലനിർത്തി ചൂടില്‍ നിന്നും സംരക്ഷണം നേടാൻ ആണെന്നും ചിതലുകളെ തുരത്താൻ തുരിശ് കലർന്ന ചായമടിച്ചതു കൊണ്ടാണ് എന്നും പറയപ്പെടുന്നു. എങ്കിലും ബ്രഹ്മപുരിക്കാണ് കൂടുതൽ പ്രചാരം
തെളിഞ്ഞ വെയിലും തണുത്ത കാറ്റും സഞ്ചാരികളെ സ്വാഗതം ചെയ്തു. വാരിത്തൂവിയ കച്ചവടനിറങ്ങൾക്കും, കുപ്പിവളക്കിലുക്കങ്ങൾക്കും വില പേശലുകൾക്കും രസമുകുളങ്ങളെ കൊതിപിടിപ്പിക്കുന്ന ഗന്ധങ്ങൾക്കുമിടയിൽ രാജവീര്യത്തിന്റെ ചുവപ്പോടെ മെഹ്റാൻഗഢ് നിന്നു. സൂര്യ നഗരിയുടെ വൈദഗ്ധ്യം മാത്രമല്ല. സൂര്യ നഗരിയുടെ ഉയരക്കാഴ്ചയും സിപ് ലൈൻ എന്ന സാഹസിക വിനോദവും മെഹ്റാൻഗഢിന്റെ ആകർഷണങ്ങളാണ്.
യുദ്ധങ്ങളും ശാപങ്ങളും ഏൽക്കാത്ത തലയെടുപ്പോടെ ആദ്യ കവാടം ജയ്പോൽ. തുടർന്ന് ദൊധ് കാംഗ്ര പോൽ, ഫാതേ പോൽ എന്നിവ. ദൊധ് കാംഗ്ര പോൽ ഭിത്തികളിൽ ഇപ്പോഴുമുണ്ട്, തീതുപ്പിയ പീരങ്കിപ്പാടുകൾ. ഉള്ളിലൊളിപ്പിച്ചതൊന്നിനെ പറ്റിയും ഊഹം തരാതെ കാൽപ്പാതകൾ നീണ്ടു കൊണ്ടിരുന്നു.
രാജസ്ഥാനി സ്വാഗത ഗീതത്തിന്റെ മാറ്റൊലികൾ അലയടിക്കുന്നു....ഇക്ബാൽ രാജസ്ഥാനി. അതാണ് ഗായകന്റെ പേര്. മലയാളികളാണെന്നറിഞ്ഞപ്പോൾ. കുട്ടനാടൻ പുഞ്ചയായി ഇക്ബാലിന്റെ ചുണ്ടുകളിൽ.ഏഴു കോട്ടവാതിലുകളിൽ ഏറ്റവും ശക്തമായത് ലോഹ പോൽ ആണ്. പഴയ കാലത്തു ആനയെ ഉപയോഗിച്ചായിരുന്നു, കവാടങ്ങൾ ഇടിച്ചു തുറന്നിരുന്നത്. എന്നാൽ ലോഹപോലിൽ ആനയുടെ മസ്തിഷ്കം തുളയ്ക്കാൻ പാകത്തിന് ഇരുമ്പു കുന്തങ്ങൾ തറച്ചിട്ടുണ്ട്. കവാടത്തിനിരുവശവും സതിയനുഷ്ഠിച്ച രാജകുമാരിമാരുടെ കൈപ്പത്തികൾ പതിച്ചിരിക്കുന്നു. ഒരാഘോഷം പോലെ കൊട്ടാരത്തിലെ സകലരും അവരെ ഈ കവാടം വരെ അനുഗമിക്കും. പിന്നെ പ്രണയസിന്ദൂരത്തിൽ തൊട്ട് കൈമുദ്രകൾ പതിപ്പിച്ച അവസാനത്തെ യാത്ര.
ചോര പുരണ്ട കഥകൾ ഇവിടെ അവസാനിക്കുന്നില്ല. സുരക്ഷയെ കരുതി റാവു ജോധാമാൻഡോറിൽ നിന്നും തലസ്ഥാനം ബൗച്ചീരലേക്ക് മാറ്റുമ്പോള്‍ ഇവിടം ഒരു സന്യാസിയുടെ ആശ്രമമായിരുന്നു. സന്യാസിയുെട എതിർപ്പിനെ വകവയ്ക്കാതെ രാജാവ് കോട്ടയുടെ നിർമ്മാണം ആരംഭിച്ചു. അതിൽ പ്രകോപിതനായ സന്യാസി കോട്ടയിൽ ജലക്ഷാമം നേരിടുമെന്ന് ശപിച്ചു. നരബലിയായിരുന്നു പരിഹാരം. അതിനായി തിരഞ്ഞെടുത്തത് രാജ റാം മേഘ്‍വാൾ എന്ന സാധാരണക്കാരനെ. ഒട്ടും താമസിക്കാതെ അയാൾ നിശ്ശബ്ദനാക്കപ്പെട്ടു. കോട്ടമതിലിൽ ആ പ്രജയുടെ ത്യാഗത്തെ കൊത്തിവച്ചിട്ടുണ്ട്. ഇപ്പോഴും അധികാരക്കൊതിയും പ്രണയവും ചതിയും ഈ കോട്ടയെ കൂടുതൽ ചുവപ്പിച്ചു. മഹാരാജാക്കന്മാരായിരുന്ന റാവു ഗംഗയെയും അജിത് സിങ്ങിനെയും മക്കൾ തന്നെയാണത്രേ കൊലപ്പെടുത്തിയത്. മാൻ സിങ്, ആര്യസമാജത്തിന്റെ സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതി തുടങ്ങിയവരുടെ മരണത്തിനും പറയാനുണ്ട്. കറുത്തിരുണ്ട കൊട്ടാര ചരിത്രങ്ങൾ.
കഥയുടെ കൈവരികൾ പിടിച്ചു നാമെത്തുന്നത് തുറസ്സായ അങ്കണത്തിലേക്കാണ്. രാജാക്കന്മാരുടെ കിരീട ധാരണവും അനുബന്ധ ചടങ്ങുകളും നടന്നിരുന്നത് ഇവിടെയായിരുന്നു. മാർബിളിൽ തീര്‍ത്ത സിംഹാസനവും സ്ഥാനാരോഹണ സ്ഥലവും. ഇപ്പോഴുമിവിടെയുണ്ട്. നാലാം വയസ്സിൽ രാജ്യഭരണമേറ്റ ഇപ്പോഴത്തെ മഹാരാജാവ് ഗജ് സിംഗിന്റെ സ്ഥാനാരോഹണമായിരുന്നു ഒടുവിലത്തെ ചടങ്ങ്.
മ്യൂസിയം, ശീഷ്മഹൽ, ഫൂൽമഹൽ, മോത്തി മഹല്‍, തഖത്ത് വില്ല എന്നിവയാണ് കൊട്ടാരത്തിലെ പ്രധാന ആകര്‍ഷണങ്ങൾ. കോട്ടക്കുള്ളിലെ ചുവന്ന കെട്ടിടങ്ങൾ സ്ത്രീകൾക്കും വെളുത്ത കെട്ടിടങ്ങൾ പുരുഷന്മാർക്കും. വെളുത്ത കെട്ടിടങ്ങൾ ഒട്ടേറെ കമാനങ്ങളോട് കൂടി തുറസ്സായവയാണ്. ചുവന്ന കെട്ടിടങ്ങളാകട്ടെ കൂടുതൽ സ്വകാര്യത ഉറപ്പാക്കുന്നു. ഭർത്താവിനും മകനുമല്ലാതെ മറ്റൊരാണിനും മുന്നിൽ രജപുത്ര സ്ത്രീകൾ മുഖം കാണിക്കില്ലായിരുന്നു. കളങ്ങളായി നിരവധി കൊത്തുപണികൾ ചെയ്ത ഭിത്തികൾ സ്വകാര്യതയും സുഗമമായ വായു സഞ്ചാരവും ഉറപ്പു വരുത്തുന്നുണ്ട്. ഒറ്റനോട്ടത്തിൽ ഒരു പോലെ എന്ന് തോന്നുമെങ്കിലും 250 ഓളം വ്യത്യസ്തമായ ലാറ്റിസ് ഡിസൈനുകളാണ് ഇവിടെ. അത്രയും നേർത്ത കിളിവാതിലുകൾ തടിയിലല്ല, മറിച്ചു മണൽക്കല്ലുകളിലാണ് െചയ്തിരിക്കുന്നത് എന്നത് നമ്മെ അദ്ഭുതപ്പെടുത്തും. മറച്ചുവയ്ക്കുന്നതിനിത്രയും സൗന്ദര്യമുണ്ടെങ്കിൽ മറഞ്ഞിരുന്നവർക്ക് എത്ര സൗന്ദര്യമുണ്ടായിരിക്കണം!....
സ്ത്രീകളുടെ സ്വകാര്യതയെ മാത്രമല്ല അഭിപ്രായ സ്വാതന്ത്ര്യത്തെയും ജോധ്പൂർ രാജവംശം ബഹുമാനിച്ചിരുന്നു. മോത്തി മഹൽ എന്ന രാജ സദസ്സിനു മുകളിലായി സ്ത്രീകൾക്ക് ഇരിക്കാൻ ലാറ്റിസ് വർക്ക് ചെയ്തു മറച്ച ഒരിടം രാജാവ് ഒരുക്കിയിരുന്നു. മോത്തി മഹലിൽ രാജപ്രധാനികളായിരുന്നു കൂടിയിരുന്നത്. എന്നാൽ പ്രജകളോട് സംവദിക്കാൻ തുറസ്സായ അങ്കണമാണ് രാജാവ് തിരഞ്ഞെടുത്തിരുന്നത്. ഇത്തിരി ഉയരത്തിൽ മുത്തുക്കുട ചൂടിയതാണ് രാജസിംഹാസനം. ചുവന്ന കാർപെറ്റ് വിരിച്ച തറയിൽ കുഷ്യനുകളിലാണ് ബാക്കി ഇരിപ്പിടങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. ചുവപ്പും സ്വർണ നിറവും പട്ടു വെൽവറ്റും പ്രൗഢ ഗംഭീരമായി ഈയിടത്തെ മാറ്റുന്നു. മോത്തി മഹലിലെ ഇരിപ്പിടങ്ങൾക്കൊപ്പം അവയുടെ സ്ഥാനങ്ങളും പ്രാധാന്യമുള്ളവ തന്നെ. രാജാവിന് എതിർവശത്തായി ഇരിക്കുക അടുത്ത കിരീടാവകാശി ആയിരിക്കും. രാജാവിന്റെ വലതു വശത്തായി സഹോദരങ്ങളും ഇടത് വശത്തു മറ്റ് രാജകുമാരന്മാരും ആയിരുന്നു ഇരിക്കേണ്ടത്.
കണ്ണുകളിൽ പൂവിരിയുമ്പോൾ...
മുഗൾ രജപുത്രസംസ്കാരങ്ങളുടെ സ്വാധീനം മാത്രമല്ല പേർഷ്യൻ ചൈനീസ് കലകളുടെ സ്വാധീനവും ഈ കൊട്ടാരത്തിൽ കാണാൻ സാധിക്കും. ഈ മ്യൂസിയത്തിൽ ഒരുക്കിയ പല്ലക്കുകളിലെ ചിത്രപ്പണികൾ ഇതിനുദാഹരണമാണ്. മയൂരശിൽപങ്ങളുടെ ചാരുത പലയിടങ്ങളിലും കാണാം. രാജാക്കന്മാരുടെ പല്ലക്കുകളിൽ സിംഹരൂപങ്ങളും വ്യാളീ രൂപങ്ങളും കാണാം. രാജാവും കുടുംബാംഗങ്ങളും ആനപ്പുറത്തു സവാരി ചെയ്യുമ്പോഴുപയോഗിക്കുന്ന ഇരിപ്പിടങ്ങൾ (ഹൗദ) കൊത്തുപണികളാലും ചിത്രത്തുന്നലുകളാലും സമൃദ്ധമാണ്. ഇതിൽ മുഗൾ ചക്രവർത്തി ഷാജഹാൻ ജസ്വന്ത് സിങ് രണ്ടാമൻ നൽകിയ ഹൗദയും ഉൾപ്പെടുന്നു. പട്ട്, വെൽവറ്റ് തുണിയിനങ്ങളും സ്വർണമുൾപ്പെടെയുള്ള ലോഹങ്ങളും ആനക്കൊമ്പും തടിയും ഇവയുടെ നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നു. ആനക്കൊമ്പിലും ഒട്ടകത്തിന്റെ എല്ലിലും തീർത്ത കളിപ്പാട്ടങ്ങൾക്ക് ഇപ്പോഴും ബാല്യം തന്നെ എത്ര തലമുറകൾ അവ കണ്ടിട്ടുണ്ടാവണം.
ലഹരിയോടുള്ള രജപുത്രരുടെ അഭിനിവേശവും മ്യൂസിയത്തിൽ നിന്നു വ്യക്തം. അതിമനോഹരമായ വെറ്റില ചെല്ലങ്ങളും ചുസ്കിയും (കറുപ്പ് കലർന്ന ലഹരി പാനീയം കുടിക്കാൻ ഉപയോഗിക്കുന്ന പാത്രം), ചെമ്പും വെള്ളിയും സിങ്കും കലർന്ന ലോഹസങ്കരം കൊണ്ടുള്ള ഹുക്കയുമെല്ലാം ഇതിലേക്കുള്ള സൂചനകളാണ്. മഹാറാണിയുടെ ചുസ്കി ഒറ്റ നോട്ടത്തിൽ നൃത്തം ചെയ്യുന്ന ഒരു വെള്ളി പ്രതിമയാണ്. പക്ഷേ, ഉയർത്തിപ്പിടിച്ചിരിക്കുന്ന കയ്യിൽ മുദ്ര, ഒന്ന് കുനിച്ചു പിടിച്ചാൽ ഗ്ലാസ്സുകളിൽ വീര്യം നിറയ്ക്കും.
ദൗലത് ഘാന മ്യൂസിയത്തിന്റെ മനോഹരമായ മറ്റൊരു ഭാഗമാണ് ആയുധങ്ങൾ, മിനിയേച്ചർ പെയിന്റിങ്സ്, സിൽക്ക് എംബ്രോയ്ഡറി ചെയ്ത വസ്ത്രങ്ങളും, കാർപെറ്റുകളും ഇവിടെ കാണാം. ദൗലത് ഘാനയിലും സിലേഹ് ഘാനയിലുമായി ജോധ്പുർ രാജവംശത്തിന്റെ ആയുധ ശേഖരത്തിലെ കൊമ്പന്മാരെ കാണാനാവും. അക്ബറിന്റെയും ഔറംഗസേബിന്റെയും റാവു ജോധയുടെയും വാളുകൾ, മഹാരാജാവ് അജിത് സിങ്ങിന്റെ ഇരുതലമൂർച്ചയുള്ള വാൾ. മകര മുഖത്തോടു കൂടിയ ചെറിയ പീരങ്കി. നിരവധി കുന്തങ്ങൾ, കത്തിയും തോക്കും ചേർന്ന മറ്റൊരു ആയുധം, കത്രിക പോലിരിക്കുന്ന മറ്റൊന്ന്, തോക്കുകളുടെ മറ്റൊരു ശേഖരം, സ്വർണത്തിൽ കല്ലുകൾ പതിച്ച പരിചകൾ, ശരീരം മുഴുവന്‍ മൂടുന്ന ലോഹ നിർമിതമായ പടച്ചട്ട, ബാഹുബലിയും പദ്മാവതും ഉൾപ്പെടെയുള്ള സിനിമകൾ ഓർമ വന്നാലും അതിശയമില്ല. ഒരു കാലഘട്ടത്തെ നമുക്കുള്ളിൽ അടയാളപ്പെടുത്തിയത് അങ്ങനെയാണല്ലോ.
വീര്യവും ലഹരിയും ഉണ്ടായാലും സൗന്ദര്യമില്ലാത്തതൊന്നും പൂർണമാവില്ല. എന്നതിനാലാവണം കൊട്ടാരത്തളത്തിൽ ചിത്രങ്ങളില്ലാത്ത ഭിത്തികളില്ല. അടുക്കുകളായി ഒട്ടിച്ചെടുത്ത ഹാൻഡ് മേഡ് പേപ്പറുകളിൽ അണ്ണാന്റെ വാലിലെ രോമങ്ങൾ കൊണ്ട് ഉണ്ടാക്കിയ ബ്രഷ് ഉപയോഗിച്ച് പ്രകൃതിദത്തമായ നിറങ്ങളിൽ ചാലിച്ചെടുത്ത രാജാക്കന്മാരുടെ പോട്രെയിറ്റുകളും മിനിയേച്ചർ ചിത്രങ്ങളും ഇവിടെ ധാരാളം കാണാം. നൃത്തവും സംഗീതവും ആസ്വദിക്കാനായി രാജകുടുംബം ഒരുക്കിയിരിക്കുന്ന സദസ്സാണ് ഫൂൽ മഹൽ. മഹാരാജ അഭയ് സിങ്ങിന്റെ കാലഘട്ടത്തിൽ പതിനെട്ടാം നൂറ്റാണ്ടിലാണ് ഇത് പണികഴിപ്പിച്ചത്. ഉദ്ദേശം എൺപത് കിലോ സ്വർണമാണത്രേ ഇവിടെ അലങ്കാരപ്പണികൾക്കായി ഉപയോഗിച്ചിരിക്കുന്നത്.
അന്തപുര രഹസ്യങ്ങൾ തേടി....
സെനാന എന്ന അന്തഃപുരത്തിന്റെ ഒരു ഭാഗം തൊട്ടിലുകളുടെ ശേഖരമാണ്. വാദ്യോപകരണങ്ങളുമായി കാവലിരിക്കുന്ന കുഞ്ഞു മാലാഖമാരെ മിക്ക തൊട്ടിലുകളിലും കാണാം. ഇവിടെ നിന്നും പുറത്തേക്കുള്ള ജാലകങ്ങളിലൂടെ കൊട്ടാരത്തിന്റെ അങ്കണത്തിലെയും പുറം നഗരത്തിലെയും കാഴ്ചകൾ വ്യക്തമായി കാണാനാവും. നീലാകാശത്തിനും നീലസാഗരത്തിനുമിടയിൽ പീരങ്കികൾ കാവലിരിക്കുന്ന കോട്ട വളയങ്ങൾ മുകൾ കാഴ്ചകളിലാണ് കൂടുതൽ വ്യക്തമാവുക. ദൂരെ ഒരു പൊട്ടു പോലെ മാർവാറിന്റെ താജ്മഹൽ ജസ്വന്ത് താട.
രാജകുമാരന്മാരുടെ തൊട്ടിലുകൾ കാണാനാവുമെങ്കിലും അന്തപുരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മഹാരാജാവ് മാൻസിങ്ങിന്റെ ദത്തുപുത്രനായിരുന്ന മഹാരാജാവ് തഖത്ത് സിങ്ങിന്റെ കിടപ്പുമുറി മാത്രമാണ് സന്ദർശകർക്കു കാണാനാവുക. ഹിന്ദു മുഗൾ യൂറോപ്യൻ വാസ്തു വിദ്യകൾ ഇവിടെ ഇഴുകി ചേർന്നിരിക്കുന്നു. തടി കൊണ്ട് തീർത്ത മച്ചിൽ തൂക്കിയിട്ടിരിക്കുന്ന പല നിറങ്ങളിലുള്ള തിളങ്ങുന്ന ഗോളങ്ങളും യൂറോപ്യൻ ശൈലിയിലുള്ള പെയിന്റിങ്ങുകളും ഇവിടെയുണ്ട്.
കണ്ണാടി കൂട്ടിൽ....
അന്തപ്പുരക്കാഴ്ചകൾ പിന്നിട്ട് നാമെത്തുക തുറസ്സായ ഹോളി ചൗക്കിലേക്കാണ്. ഹോളിയും മറ്റും ആഘോഷിക്കാനായി ഒരുക്കിയിരിക്കുന്ന ഈ സ്ഥലത്തിന് ചുറ്റും സ്ത്രീകളുടെ വസതികളാണ്. ഇവിടെയുള്ള സ്ത്രീകൾ ഭർത്താക്കന്മാരുടെ ദീർഘായുസ്സിനും കന്യകകൾ മംഗല്യഭാഗ്യത്തിനും ദേവതയായ ഗാംഗുർ ദേവിയെ ആരാധിച്ചിരുന്നു. ഗാംഗൂർ ദേവി പാർവതി ദേവിയുടെ അംശദേവതയാണ്. രാജസ്ഥാനി വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞ ദേവിയുടെ വെള്ളി പ്രതിമ മ്യൂസിയത്തിൽ കാണാം.
ശീഷ് മഹൽ എന്ന കണ്ണാടി സൗധമാണ് രാജകുടുംബം പൂജാദി കർമങ്ങൾക്ക് ഉപയോഗിച്ചു പോന്നത്. ഒറ്റ നോട്ടത്തിൽ അനന്തപുര ചമയങ്ങളെ നാണിപ്പിക്കും ഈ പൂജാമുറി. ഇങ്ങനെയൊക്കെയാണെങ്കിലും ശീഷ്മഹലിൽ ദൈവങ്ങളുടെ പ്രതിമയോ പൂജ സംബന്ധമായ മറ്റൊന്നും കാണാനില്ല. ഒരു പക്ഷേ ആത്മാവലോകനത്തിന്റെ കണ്ണാടി പ്രതിഷ്ഠ തന്നെയാണോ ഇവിടെയും!
അലങ്കാര വിളക്കുകളുടെ സ്വർണപ്രകാശം കണ്ണാടിച്ചില്ലുകളിൽ തട്ടി തിളങ്ങുന്നു. പലപ്പോഴായി നടത്തി വന്ന പുതുക്കിപ്പണികൾ മൂലം ഈ ഭാഗത്തിന്റെ വിസ്താരം ആറിലൊന്നായി കുറഞ്ഞു . രണ്ടാം ലോക മഹായുദ്ധകാലത്ത് സാമ്പത്തികമായി പരുങ്ങലിലായ ഉമൈദ് സിങ് മഹാരാജാവിനോട് ഏതോ സന്യാസിവര്യൻ ഉപദേശിച്ചത്രേ ശീഷ് മഹലിൽ കരുതൽ ധനം ഒളിപ്പിച്ചിട്ടുണ്ടെന്നും അത് കുഴിച്ചെടുക്കാനും പക്ഷെ തറയെല്ലാം കുത്തിപ്പൊളിച്ചിട്ടും ഒന്നും കിട്ടിയില്ല. അങ്ങനെയാണത്രെ. ശീഷ് മഹൽ ഇങ്ങനെ ചുരങ്ങി പോയത്.
തിരിച്ചിറങ്ങുന്നത് ചാമുണ്ഡി ക്ഷേത്രത്തിലേക്കാണ് ഏഴുകോട്ട വാതിലുകൾക്കും മുകളിലായി ഈ കോട്ട ആരും കീഴടക്കാതെ കാത്ത ദേവി അതിനാലാവണം നഗരത്തിലെ എന്തുത്സവവും ഇന്നും ഈ കോട്ടയ്ക്കുള്ളിലാണ് തുടങ്ങുക. കാഴ്ച തുടങ്ങിയിട്ട് മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു. കാണാൻ കഴിയാത്ത നൂറായിരം മുറികൾ കോട്ടയിൽ ഇപ്പോഴും ബാക്കിയുണ്ട്. കണ്ടു തീർന്നവ പറയാൻ ബാക്കി വച്ച എത്രയോ കഥകളും.