വീസ തടസങ്ങൾ നീങ്ങാനും വിദേശത്ത് ജോലി ലഭിക്കാനും ഇൗ ക്ഷേത്രങ്ങളിലേക്ക് പോകാം

വിദേശത്തൊരു ജോലിയും ഉയർന്ന ശമ്പളവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ആഗ്രഹിക്കാത്ത ഇന്ത്യക്കാർ കുറവാണ്. തൊഴിലിനു വേണ്ടി അലയുന്ന ഇത്തരക്കാർക്കെല്ലാം മിക്കപ്പോഴും വില്ലനാകുക വീസ പ്രശ്‍നങ്ങളായിരിക്കും. വീസ തടസങ്ങൾ നീങ്ങാനും മെച്ചപ്പെട്ട തൊഴിൽ വിദേശത്തും ലഭിക്കാനും അനുഗ്രഹം ചൊരിയുമെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. അവിടെ പ്രാർത്ഥിച്ചാൽ തടസങ്ങൾ ഒഴിയുമെന്നും വിദേശരാജ്യങ്ങളിലെ തൊഴിൽ വീസ ലഭിക്കുമെന്നുമാണ് വിശ്വാസം. ധാരാളം അനുഭവസ്ഥർ തങ്ങളുടെ അനുഭവങ്ങൾ മേൽപറഞ്ഞ കാര്യത്തിനുള്ള തെളിവായി നിരത്തുന്നുമുണ്ട്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങൾ ചിലത് പരിചയപ്പെടാം.

ശഹീദ് ബാബ നിഹാൽ സിങ് ഗുരുദ്വാര

പഞ്ചാബിലെ തൽഹൻ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിനു 150 വർഷത്തിലധികം പഴക്കമുണ്ട്. വീസ പ്രശ്‍നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്കു വലിയ ആശ്രയമാണ് ഈ ക്ഷേത്രം. ഈ ഗുരുദ്വാരയിലെത്തി പ്രാർത്ഥിച്ചാൽ വീസ സംബന്ധിയായ എല്ലാ പ്രശ്‍നങ്ങളും പരിഹരിക്കപ്പെടുമെന്നും ഉടനടി തന്നെ വിദേശത്തേക്കു പോകാൻ കഴിയുമെന്നാണ് വിശ്വാസം. വിശ്വാസം മാത്രമല്ല, ഇത് ശരിയാണെന്നു സാക്ഷ്യപ്പെടുത്തുന്നവർ ഇവിടെ നിരവധിയുണ്ട്.

തങ്ങളുടെ സ്വപ്നനാട്ടിലേക്കു വണ്ടി കയറാനുള്ള വീസ തടസങ്ങൾ മാറ്റി കിട്ടാനായി അയൽസംസ്ഥാനങ്ങളിൽ നിന്നു പോലും ഇവിടെ ധാരാളം ഭക്തർ എത്തിച്ചേരാറുണ്ട്. ഈ ഗുരുദ്വാരയ്ക്കു മുകളിലായി ഒരു വിമാനത്തിന്റെ മാതൃകയുണ്ട്‌. തടസങ്ങളിൽ കൈവിടാതെ, വിദേശത്തേക്കു പറക്കാൻ അനുഗ്രഹം നൽകുമെന്നതിന്റെ സൂചകമാണ് ഗോപുര മുകളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ആ ആകാശയാനം. മുകളിൽ വിമാനത്തിന്റെ മാതൃകയുള്ളതുകൊണ്ടു തന്നെ ഹവായ്ജഹാജ് എന്നൊരു പേരുകൂടി ഈ ക്ഷേത്രത്തിനുണ്ട്. തങ്ങളുടെ സ്വപ്നങ്ങൾക്കു ചിറകുകൾ മുളയ്ക്കാനായി ഇവിടെ ചെറുവിമാനത്തിന്റെ മാതൃക സമർപ്പിച്ചാണ് ഭക്തർ പ്രാർത്ഥിക്കാറ്.

ചിൽകുർ ബാലാജി ക്ഷേത്രം 

വീസാകാര്യത്തിൽ പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടു യുഎസ് യാത്ര മുടങ്ങിയിരിക്കുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കിൽ ചിൽകുർ ബാലാജി നിങ്ങളെ കൈവിടില്ല എന്നാണ് വിശ്വാസം. ഹൈദരാബാദിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാൽ ഉസ്മാൻ സാഗർ തടാകത്തിനു സമീപത്തായാണ്  ബാലാജി ക്ഷേത്രത്തിന്റെ സ്ഥാനം.

ചിൽകുർ ബാലാജി ക്ഷേത്രം

യുഎസ് വീസയിലെ തടസങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രം പ്രശസ്തമായത്. 1980 ലാണ് ഈ ക്ഷേത്രം വീസയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ തടസങ്ങൾ നീക്കുമെന്ന വിശ്വാസം ഭക്തരിൽ ശക്തിപ്പെട്ടത്. അന്നാളുകളിൽ അവിടെ പ്രാർത്ഥിക്കാനെത്തിയ ഒരു കൂട്ടം സോഫ്റ്റ് വെയർ എൻജിനീയർമാരായ വിദ്യാർത്ഥികൾക്കു യുഎസിലേക്കു പോകാനുള്ള തടസങ്ങൾ നീങ്ങികിട്ടിയതോടെ ചിൽകുറിലെ ബാലാജി ക്ഷേത്രം വിശ്വാസികളായ ഭക്തരുടെ സ്ഥിരം അഭയകേന്ദ്രമായി മാറി. അതോടെ ഈ ആരാധനാലയത്തിനു 'വീസ ബാലാജി ക്ഷേത്രം' എന്നൊരു പേരുകൂടി കൈവന്നു. ഇപ്പോൾ ഒരു ആഴ്ചയിൽ ഏകദേശം 75000 മുതൽ 100000 വരെ ഭക്തർ ഇവിടെ പ്രാർത്ഥനയുമായി എത്താറുണ്ട്. വെള്ളിയാഴ്ചകളിലും ഞായറാഴ്ചകളിലുമാണ് ഇവിടെ ഏറ്റവും കൂടുതൽ തിരക്കനുഭവപ്പെടുന്നത്.

ഖാദിയ ഹനുമാൻ ക്ഷേത്രം

പവനപുത്രനായ ഹനുമാന് സാധിക്കാത്തതായി ഒന്നുമില്ലെന്നാണ് ഹൈന്ദവ പുരാണങ്ങളിൽ പറയപ്പെടുന്നത്. കടലുചാടി കടന്ന ഹനുമാൻ സ്വാമിയോടു പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഒന്നും തന്നെയില്ല എന്നാണ് വിശ്വാസം. വീസ സംബന്ധിയായ എന്തു പ്രശ്‍നങ്ങൾക്കും ഖാദിയ ഹനുമാൻ ക്ഷേത്രത്തിൽ പരിഹാരമുണ്ട്. അഹമ്മദാബാദിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓരോ ആഴ്ചയിലും വീസ തടസങ്ങൾ നീങ്ങാനുള്ള പ്രാർത്ഥനയുമായി നിരവധി ഭക്തരാണ് ഇവിടെ എത്തുന്നത്.

ബജ്‌രംഗ്‌ ബലി ക്ഷേത്രം 

തെക്കൻ ഡൽഹിയിൽ നെബ് സരായിയിൽ ഇഗ്നോ റോഡിലാണ് ഈ ഹനുമാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിദേശത്തേക്കു പോകാനുള്ള പ്രതീക്ഷയും പേറി നിരവധിപ്പേരാണ് ഈ ക്ഷേത്രത്തിൽ ദിവസേന പ്രാർത്ഥനയുമായി എത്തുന്നത്. 2007 ലാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടത്. അക്കാലം മുതൽ തന്നെ വീസ പ്രശ്‍നങ്ങൾക്കു ഇവിടെ പ്രാർത്ഥിച്ചാൽ പരിഹാരമുണ്ടെന്ന ഒരു വിശ്വാസം ഭക്തർക്കിടയിലുണ്ട്. തങ്ങളുടെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടാൽ തിരികെ ക്ഷേത്രത്തിലെത്തി, ക്ഷേത്ര റജിസ്റ്ററിൽ തങ്ങളുടെ നന്ദി അറിയിച്ചു കുറിപ്പെഴുതിയിടാനായി ഭക്തർ ഇവിടെ തിരികെയെത്താറുണ്ടെന്നതും ഈ ക്ഷേത്ര വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നു.