മഞ്ഞിൽ കുളിച്ച് 15 ദിവസത്തെ ബൈക്ക് റൈഡ്: നടി ഷഫ്നയുടെ യാത്രകൾ

ഷഫ്നയെ അറിയാത്തവർ ചുരുക്കമാണ്. സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇപ്പോൾ ടെലിവിഷൻ പരമ്പരകളിലെ സ്റ്റാറാണ് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഇൗ സുന്ദരി. സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളാണ് ഷഫ്നയെ തേടിയെത്തിയത്. ഷഫ്നയുടെ ഇഷ്ടങ്ങളിലൊന്നാണ് ഭർത്താവ് സജിനോടൊപ്പമുള്ള യാത്രകൾ. ഒരുപാടു യാത്ര ചെയ്തിട്ടുള്ള ഷഫ്ന, പ്രിയപ്പെട്ട യാത്രകളെപ്പറ്റി മനോരമ ഒാൺലൈനിനോടു പറയുന്നു.

മണാലി യാത്രയിൽ ഷഫ്ന

യാത്രകൾ എനിക്കും സജിനും ഒരുപാട് ഇഷ്ടമാണ്. ഒരുപാടു സ്ഥലങ്ങളിലേക്കു യാത്ര പോകണമെന്നുണ്ട്. ഷൂട്ടും തിരക്കും കാരണം പലപ്പോഴും സമയം കണ്ടെത്താനാവില്ല. എങ്കിലും ഒഴിവുസമയം യാത്രയ്ക്കായി മാറ്റിവയ്ക്കാറുണ്ട്. സജിന് അ‍‍ഡ്വഞ്ചർ ട്രിപ്പാണ് ഏറെ ഇഷ്ടം. എനിക്കതത്ര പോരാ. എങ്കിലും സ‍ജിത്തിന്റെ കൂടെ കൂടി സാഹസികയാത്രകളും ഇഷ്ടപ്പെടാൻ തുടങ്ങി. എന്റെ പേടി മാറ്റുവാനായി അ‍ഡ്വഞ്ചർ ആക്ടിവിറ്റികൾ നിർബന്ധിച്ചു ചെയ്യിക്കുമായിരുന്നു. അങ്ങനെ ഭയം മാറികിട്ടി.

കുളു മണാലി ട്രെക്കിങ്

യാത്ര പോയതിൽ എനിക്ക് ഇഷ്ടപ്പെട്ട യാത്രയാണ് കുളി മണാലി ട്രിപ്പ്. സാധാരണ ഞങ്ങളുടെ യാത്രകൾ തയാറെടുപ്പോടെയാണ്. ഹോട്ടൽ റൂം മുൻകൂട്ടി ബുക്ക് ചെയ്യാറുണ്ട്. എന്നാൽ മണാലി യാത്ര അ‍ഡ്വഞ്ചർ ലിസ്റ്റിൽ ഉൾപ്പെടുത്തിയതുകൊണ്ട് മുന്നൊരുക്കങ്ങൾ നടത്തിയില്ല. ട്രെക്കിങ്ങിനുള്ള ബാഗ് മാത്രം. ഫ്ളൈറ്റിൽ ഡൽഹി വരെ. അവിടുന്നു ബസ്സിൽ. എനിക്ക് ബൈക്ക് റൈ‍‍ഡിങ് ഒരുപാട്  ഇഷ്ടമാണ്. എത്ര മണിക്കൂർ വേണമെങ്കിലും ബൈക്കിൽ യാത്രപോകാം.

മണാലി യാത്രയിൽ ഷഫ്ന

പതിനഞ്ചു ദിവസത്തെ യാത്ര ബൈക്കിലായിരുന്നു. ഒാരോ സ്ഥലത്തും മൂന്നു ദിവസം തങ്ങി. മണാലിയിൽ നല്ല മഞ്ഞുവീഴ്ചയുണ്ടായിരുന്നു; ഇടയ്ക്ക് മഴയും. രസകരമായിരുന്നു യാത്ര. സമുദ്രനിരപ്പില്‍നിന്ന് 1950 മീറ്റര്‍ ഉയരത്തിലാണു കുളു ജില്ലയുടെ ഭാഗമായ മണാലി. മഞ്ഞില്‍ മൂടിക്കിടക്കുന്ന പര്‍വതനിരകളും പച്ചവിരിച്ച മലനിരകളും.

ഇന്ത്യയിലെ തന്നെ മികച്ചൊരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ കൂടിയാണു കുളു മണാലി പ്രദേശങ്ങള്‍..! മണാലിയില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ചുറ്റിയടിക്കാന്‍ നിരവധിടങ്ങളുണ്ട്. ന്യൂ മണാലി, ഓള്‍ഡ് മണാലി, മാല്‍ റോഡ്, സോളങ് വാലി, ഹഡിംബ ടെമ്പിൾ‍, ഗുലാബ മഞ്ഞുമലകള്‍, റോത്താങ് പാസ് അങ്ങനെ നീളുന്നു. ഉയരത്തിലേക്കു കയറുംതോറും തണുപ്പിന്റെ കാഠിന്യം കൂടിക്കൂടി വന്നു. ഞങ്ങൾ പോകുന്ന വഴി പാരാഗ്ലൈഡിങ്ങും ചെയ്യാൻ സാധിച്ചു. കണ്ട ഒാരോ സ്ഥലത്തിനും അവരുടേതായ ജീവിതരീതികളും സംസ്കാരവുമുണ്ട്. അതൊക്കെ മനസ്സിലാക്കാൻ സാധിച്ചു. 

മണാലി യാത്രയിൽ ഷഫ്നയും സജിനും

ശരിക്കും മണാലി യാത്ര വിസ്മയിപ്പിച്ചു. പ്രകൃതിസൗന്ദര്യം തേടിയെത്തുന്നവര്‍ക്ക്, തീര്‍ഥാടകര്‍ക്ക്, സാഹസികർക്ക്, അങ്ങനെ ഏതു തരം സഞ്ചാരികളെയും തൃപ്തിപ്പെടുത്തും ഇവിടം. അനവധി ക്ഷേത്രങ്ങൾ, മഞ്ഞുമലകളും താഴ്‌വരകളും. സാഹസികരായ സഞ്ചാരികളെ കാത്ത് മലകയറ്റം, മൗണ്ടന്‍ ബൈക്കിങ്, ട്രക്കിങ്, സ്‌കേറ്റിങ്, പാരാഗ്ലൈഡിങ്..... വിനോദ ഉപാധികള്‍ക്ക് അവസാനമില്ല.

മണാലി യാത്രയിൽ ഷഫ്നയും സജിനും

സുഹൃത്തുക്കളൊടൊപ്പം മാലദ്വീപിൽ

ഒരു മാലയിൽ മുത്തുകൾ കോർത്തിട്ടതുപോലെയുള്ള ഈ പവിഴദ്വീപുകൾ സന്ദർശകരുടെ മനസ്സിളക്കും. ആരെയും ആകർഷിക്കുന്ന കടൽകാഴ്ചകളും മനോഹരമായ താമസ സൗകര്യങ്ങളുമൊക്കെയാണ് മാലദ്വീപിന്റെ പ്രധാന സവിശേഷതകൾ. എന്നെ ആകർഷിച്ചതും അവിടുത്തെ ബീച്ചുകൾ തന്നെയാണ്. സുഹൃത്തുക്കളോടൊപ്പം പത്തു ദിവസം അവിടെ അടിച്ചുപൊളിച്ചു.

യാത്രയിൽ ഷഫ്നയും കൂട്ടരും

മാലദ്വീപിലെ കാഴ്ചകൾ‌ നയനമനോഹരമാണ്. സ്‌നോർക്ലിങ്, സെയ്‌ലിങ്, അണ്ടർവാട്ടർ ഡൈവിങ് എന്നിവയ്ക്കൊക്കെ സൗകര്യമുണ്ട്. നീന്തൽ എനിക്കത്ര വശമില്ലായിരുന്നു. എന്നിട്ടും കൃത്യമായ നിർദേശങ്ങളോടെ സകൂബഡൈവിങ്ങ്  ചെയ്തു. ആദ്യം ഭയം തോന്നിയെങ്കിലും നല്ലൊരു അനുഭവമായിരുന്നു. സ്നോർക്ക്ലിങ്ങും സ്കൂബഡൈവിങ്ങും ഒത്തിരി ഇഷ്ടമായി.

ഒരിക്കലും മടുക്കില്ല ഗോവ

പലതവണ പോയിട്ടുണ്ടെങ്കിലും പിന്നെയും പോകാൻ മോഹിപ്പിക്കുന്നിടമാണ് ഗോവ. എത്രയെത്ര പറഞ്ഞാലും കണ്ടാലും കൊതി തീരാത്ത മനോഹരമായ ബീച്ചുകൾ. ആട്ടവും പാട്ടും നിറഞ്ഞ ഗോവയുടെ കടൽത്തീരങ്ങള്‍ എന്നും പ്രണയം നിറഞ്ഞ ഒാർമകളാണ് സമ്മാനിക്കുന്നത്. അൻജുന, ബാഗ, വാഗത്തോർ, കലംഗൂത്, കന്റോലിം തുടങ്ങിയവയാണ് പ്രധാന ബീച്ചുകൾ. ചെറുബീച്ചുകൾ വേറെയുമുണ്ട്. ഞങ്ങൾ എപ്പോഴും ഗോവയുടെ സൗന്ദര്യവും ലഹരിയും നുണയാനും മനോഹരമായ കടൽക്കാഴ്ചകളും സൂര്യോദയവും അസ്തമയവും കാണാനുമായി തിരക്കധികം ഇല്ലാത്ത ബീച്ചുകളിലേക്കാണു പോകുന്നത്. സാഹസികർക്ക് പാരാസെയിലിങ്, സ്‌നോർക്കലിങ്, കയാക്കിങ് തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.

യാത്രയിൽ

പല തവണ ഗോവൻ യാത്ര നടത്തിയിട്ടുള്ളതുകൊണ്ട് അവിടുത്തെ ചെലവും കാര്യങ്ങളുമൊക്കെ നന്നായി അറിയാം. ശ്രദ്ധിച്ചാൽ കീശ കാലിയാക്കാതെ പോകാൻ പറ്റിയയിടമാണ് ഗോവ. ഒക്ടോബർ മുതലാണ് ഗോവയിലെ സീസൺ. ഫെബ്രുവരി വരെ തിരക്കോടു തിരക്ക്. ഗോവൻ സന്ദർശനത്തിന് ഏറ്റവും ഉചിതമായ സമയമിതാണെങ്കിലും താമസവും ഭക്ഷണവും തുടങ്ങി എല്ലാത്തിനും ഇരട്ടിയും രണ്ടിരട്ടിയുമൊക്കെയായിരിക്കും ചെലവ്.

മണാലി യാത്രയിൽ ഷഫ്നയും സജിനും

സീസൺ കാലത്തെ ഗോവൻ സന്ദർശനം പോക്കറ്റ് കാലിയാക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. മിക്കപ്പോഴും ഞങ്ങൾ ഗോവയിലേക്ക് പോകുന്നത് കാറിലാണ്. കാഴ്ചകളൊക്കെ ആസ്വദിച്ചുള്ള ട്രിപ്പ്. അതാണ് ഇഷ്ടവും. ഭക്ഷണം കഴിക്കാനൊഴികെ മറ്റെങ്ങും സമയം ചെലവഴിച്ചില്ലെങ്കിൽ തൃശ്ശൂരിൽനിന്ന് ഏകദേശം പതിനേഴു മണിക്കൂർ കൊണ്ട് ഗോവയിൽ എത്തും.

തണുപ്പിന്റെ ലഹരി നുണഞ്ഞ യാത്ര

കൊടൈക്കനാലിലും മൂന്നാറിലുമൊക്കെ പോയിട്ടുണ്ട്. തണുപ്പറിഞ്ഞ യാത്രകളായിരുന്നു. കാലാവസ്ഥ കൊണ്ടും കുളിരണിഞ്ഞ കാഴ്ചകൾ കൊണ്ടും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമാണ് മൂന്നാറിന്.  മൂന്നാറിൽ എവിടെനിന്നു നോക്കിയാലും പ്രകൃതിസൗന്ദര്യമുണ്ട്. മൂന്നാറിലെ നീലവസന്തം കാണുവാനുള്ള ഭാഗ്യവും ഞങ്ങൾക്കുണ്ടായിരുന്നു. നീലക്കുറിഞ്ഞ പൂവിട്ട കാഴ്ച സുന്ദരമാണ്. ഒരിക്കൽ മൂന്നാറിലേക്കു യാത്ര പോയപ്പോഴാണ് നീലക്കുറിഞ്ഞി പൂത്ത വിവരം അറിഞ്ഞത്.

ഒട്ടും താമസിച്ചില്ല, നീലവസന്തം കൺകുളിർക്കെ ആസ്വദിച്ചു. മൂന്നാറിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കു കൂടിയതോടെ ഹോട്ടലിൽ റൂം പോലും കിട്ടിയില്ല. മൂന്നാർ ടൗണിൽ നിന്നുമാറി മുറി കിട്ടി. ഇക്കോടോണ്‍ റിസോർട്ട് എന്ന മൺകൊട്ടാരത്തിൽ. മണ്ണുകൊണ്ടു നിർമിച്ച കുടിലിലെ താമസം ശരിക്കും ആസ്വദിച്ചു. പ്രകൃതിയോടു ചേർന്ന താമസം എന്നുതന്നെ പറയാം. മലകളും പൂക്കളും പക്ഷികളും നിറഞ്ഞ ലോകം. അവിടെ മൂന്നു ദിവസം താമസിച്ചാണു മടങ്ങിയത്.

കണ്ടുതീർക്കാൻ ഇനിയും ഒരുപാടു സ്ഥലങ്ങളുണ്ട് - യാത്രകളെ ഇഷ്ടപ്പെടുന്ന ഷഫ്ന പറഞ്ഞുനിർത്തി.