ജയിലിലേക്ക് ടൂർ പോയാലോ...
ജയിൽ ടൂറിസം- നമുക്കത്ര പരിചിതമല്ല. ഗോതമ്പുണ്ട ഗോതമ്പുണ്ട എന്നൊക്കെ കേട്ടിട്ടുണ്ട് എന്നല്ലേ ഉള്ളൂ. എന്നാലിതാ ജയിൽ എന്താണെന്നറിയാൻ ഗൂഡല്ലൂർ വിളിക്കുന്നു. ഒന്നര നൂറ്റാണ്ട് പഴക്കമുള്ള അസ്സലൊരു കാരാഗൃഹം കാണാം. ഒപ്പം നീലഗിരിയുടെ മനസാക്ഷിസൂക്ഷിപ്പുകാരി നിഗൂഢമാക്കിവച്ചിരിക്കുന്ന കഥകളും കേൾക്കാം.
തമിഴ്നാട്ടിലെ നീലഗിരി ജില്ലയുടെ കവാടമാണ് ഗൂഡല്ലൂർ. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽനിന്നു നാടുകാണിച്ചുരം വഴിയാണ് ഗൂഡല്ലൂരിലെത്തുന്നത്. കൂടുന്ന ഊര് എന്ന പേര് ഗൂഡല്ലൂർ അന്വർഥമാക്കുന്നു ഗൂഡല്ലൂർ. മൂന്നു സംസ്ഥാനങ്ങളെ തൊട്ടുകളിക്കുന്ന നാടാണ്.
ഇവിടെനിന്ന് ഒരു മണിക്കൂർ യാത്രകൊണ്ട് കർണാടയിലും തമിഴ്നാട്ടിലും കേരളത്തിലും കാൽകുത്താമെന്നത് അപൂർവമായൊരു അനുഭവമല്ലേ..? ഗൂഡല്ലൂരിലെ ടി ജംക്‌ഷനിലേക്കെത്തുമ്പോൾ സൂചിപ്പലകകൾ ഇക്കാര്യം പറയാതെ പറയും. വലത്തോട്ടു കർണാടകയിലെ മൈസൂർ. ഇടത്തോട്ടു തമിഴ്നാട്ടിലെതന്നെ ഊട്ടി. പറഞ്ഞുപഴകിയ മൈസൂരിനും മദ്രാസ് പ്രവിശ്യയുടെ സമ്മർ ക്യാപ്പിറ്റൽ ആയിരുന്ന ഊട്ടിക്കും ഇടയിൽ കഥകളുടെ നിഗൂഢസൗന്ദര്യവുമായിട്ടാണ് ഗൂഡല്ലൂർ കിടക്കുന്നത്.
ഗൂഡല്ലൂർ ചെറിയ പട്ടണമല്ല
ചെറിയൊരു പട്ടണമല്ല ഗൂഡല്ലൂർ എന്നു മനസ്സിലായത് ഊട്ടിറോഡിലുള്ള സൂചിപ്പാറയുടെ മുകളിൽ കയറിയപ്പോഴാണ്. യൂക്കാലിപ്റ്റസ് മരങ്ങൾക്കിടയിലൂടെയുള്ള വളഞ്ഞുപുളഞ്ഞ വഴിയിൽ വണ്ടി നിർത്തി ടിക്കറ്റെടുത്ത് താഴേക്കു നടക്കണം.
മരങ്ങളധികമില്ലാത്ത കുന്നിനു മുകളിലൂടെ കല്ലുപാകിയ ഒറ്റയടിപ്പാതയാണ് സൂചിപ്പാറയിലേക്കെത്തിക്കുന്നത്. അവിടെ നിന്നാൽ നീലഗിരിയുടെ പച്ചപ്പിൽ ഗൂഡല്ലൂർ പട്ടണം ഒളിച്ചിരിക്കുന്നതു കാണാം. കൈവീശി പറക്കാൻ തോന്നും. മേൽക്കുമേൽ കല്ലുകളടുക്കിവച്ച് കൽപ്പണിക്കാർ നിർമിച്ചതുപോലൊരു പാറശിൽപത്തിനു മുകളിൽ കയറി പിള്ളേർ സെൽഫികളെടുക്കുന്നു.
ചൈനക്കാർക്കെന്താ ഗൂഡല്ലൂരിൽ കാര്യം ?
സൂചിപ്പാറയിലേക്കു കയറുന്നതിനു മുൻപു വിൽസൺ പ്ലാന്റേഷനിലൂടെയാണ് നാം പോന്നത്. അരനൂറ്റാണ്ടു പഴക്കമേ ആ തോട്ടത്തിനുള്ളൂ. നീലഗിരിയ്ക്ക് രാജവംശങ്ങളുടെയോ ഭരണാധിപൻമാരുടെയോ ചരിത്രം പറയാനില്ല. ആദിവാസികളുടേതാണ് ഈ മലനിരകൾ. ബ്രിട്ടിഷുകാർ യൂക്കാലിപ്റ്റസും സിംകോണ എന്ന ചെറുതേക്കും വച്ചുപിടിപ്പിക്കാൻ നീലഗിരിക്കുന്നുകളാണ് തിരഞ്ഞെടുത്തത്. എന്നാൽ പണി അവരുദ്ദേശിച്ച രീതിയിൽ നീങ്ങാത്തതിനാൽ മറ്റു രാജ്യങ്ങളിലെ തടവുകാരെ കൊണ്ടുവന്നാണ് തോട്ടംകൃഷി പൂർത്തിയാക്കിയത്. അതിൽ ചൈനക്കാരുമുണ്ടായിരുന്നു.
തടവുശിക്ഷ കഴിഞ്ഞപ്പോൾ ചൈനക്കാർ സ്വന്തമായി വില്ലേജുണ്ടാക്കി ഗൂഡല്ലൂരിൽ താമസമാക്കി. ആ വില്ലേജിലേക്കുള്ള ബോർഡിൽത്തന്നെ നോ എൻട്രി എന്നെഴുതിയിട്ടുണ്ട്. അല്ലെങ്കിലും അതിർത്തിക്കാര്യം വരുമ്പോൾ ചൈനക്കാരന് പണ്ടേ നോ എൻട്രിയാണല്ലോ പഥ്യം. ചൈനക്കാരൻ പോകട്ടെ, ആ ജയിൽ ഒന്നു കണ്ടുവരാം..
ഗൂഡല്ലൂരിലെ അഭയാർഥികളും തടവുകാരും
അഭയാർഥികളുടെയും തടവുകാരുടെയും കഥയാണ് ടാൻടീ എസ്റ്റേറ്റിനും ആ ജയിലിനും പറയാനുള്ളത്. തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ എസ്റ്റേറ്റിലാണ് ശ്രീലങ്കൻ വംശജരെ അധിവസിപ്പിച്ചത്. അതുക്കും മുന്നെ 1865 ൽ ജയിൽ പണിപൂർത്തിയായിരുന്നു. സിംഗപ്പൂരിലെയും മറ്റും ബ്രിട്ടിഷ് തടവറകളിൽ ആളുകൾ തിങ്ങിനിറഞ്ഞതിനാലും ഇവിടെ തോട്ടംപണിക്ക് ആളെ വേണമെന്നതിനാലും തടവുകാരെ ഇങ്ങോട്ടു കൊണ്ടുവരുകയായിരുന്നു.
മസിൽ വെട്ടിക്കയറുന്നതും ജയിലും തമ്മിലെന്ത്..
ഫൊട്ടോഗ്രഫർ ലെനിൻ ഇടയ്ക്ക് ഒന്നു താഴെയിരുന്നു. കാലുകളിലെ മസിൽ വെട്ടിക്കയറിയതാണു കാരണം. ഈ അവസ്ഥയ്ക്ക് ലോകത്ത് മരുന്നൊന്നുമില്ലല്ലേ..?
മസിൽ റിലാക്സ് ചെയ്യാനുള്ള ഒരു പുരാതനമായ മരുന്നുണ്ട്. കൊയീന അഥവാ സിംകോണ മരത്തിന്റെ തൊലി പേശികളെ ആയാസരഹിതമാക്കാൻ ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലും മറ്റും ആദിവാസികൾ ഉപയോഗിച്ചിരുന്നു. ബ്രിട്ടിഷുകാരന് അതേ മരം മലേറിയയ്ക്കെതിരെയുള്ള ഔഷധമായിരുന്നത്രേ. പെറുവിൽനിന്ന് അതേ കാലാവസ്ഥയുണ്ടെന്ന് അന്നത്തെ സസ്യശാസ്ത്രജ്ഞർ കണ്ടെത്തിയ നീലഗിരിയിലേക്ക് എത്തിക്കപ്പെട്ട ചരിത്രമാണ് സിംകോണയ്ക്ക്. ജയിൽ സ്ഥിതിചെയ്യുന്ന നടുവട്ടത്താണ് ഇന്ത്യയിലെ ആദ്യ സിംകോണ പ്ലാന്റേഷൻ ആരംഭിക്കുന്നത്. ഈ ജോലിക്കു വേണ്ടിയാണ് കുറ്റവാളികളെ ഇങ്ങോട്ടു കൊണ്ടുവരുന്നതും പാർപ്പിക്കുന്നതും.
ലോകത്തിലെ ആദ്യ ഇലസ്ട്രേറ്റഡ് വീക്ക്‌ലി വാർത്താ മാസിക ആയ ഇലസ്ട്രേറ്റഡ് ലണ്ടൻ ന്യൂസിൽ ഈ പ്ലാന്റേഷനെപ്പറ്റി സചിത്രവിവരണമുണ്ടായിരുന്നതായി ടീ മ്യൂസിയത്തിൽ കണ്ടു.
ജയിലിനുള്ളിൽ
അതിസുന്ദരമായ ബംഗ്ലാവിനോടു ചേർന്ന് ഒരു ഗോഡൗൺ പോലെയാണ് ജയിൽ. ആനയെവരെ പാർപ്പിക്കാവുന്നത്ര ഉയരവുമുള്ളതാണ് ജയിലിലെ ഓരോ അറയും. വാതിൽക്കമാനങ്ങൾക്ക് ഇപ്പോൾ പുതിയ ഇരുമ്പുഗേറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഒന്നര നൂറ്റാണ്ടു പഴക്കത്തിന്റെ തണുപ്പടിക്കുന്നുണ്ട് ഓരോ സെല്ലിലും. പുറത്തെക്കാൾ കുളിര് ഉള്ളിലാണ്. ഇരുവശത്തും വരാന്തയുള്ള ജയിലിൽ 560 തടവുകാരുണ്ടായിരുന്നത്രേ. തടവുകാരെ പാർപ്പിച്ചിടത്തിരുന്നു കുറച്ചുനേരം തടവിയപ്പോൾ ലെനിന്റെ മസിലുപിടിത്തം മാറി. അതോ പണ്ടു സിംകോണ നട്ടവരുടെ ആത്മാവ് വന്നു മസിൽ റിലാക്സ് ചെയ്തു കൊടുത്തതാണോ...?
ചുറ്റിനും ഒന്നു നടക്കുമ്പോൾ പണ്ടു ശിക്ഷാവിധികൾ നടപ്പാക്കിയിരുന്നയിടങ്ങൾ കാണാം. തടവുകാരുടെയും മേലാളൻമാരുടെയും വസ്ത്രരീതി കാണിക്കുന്ന പ്രതിമകൾ പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്. ഈ കാഴ്ചകളൊക്കെ കാണുമ്പോൾ അന്നത്തെ തണുപ്പും മരുന്നുകളില്ലാത്ത പനിയും സഹിച്ച് ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ അവസ്ഥയോർമ വരും. നമുക്കിന്നത്തെ നല്ല, താരതമ്യേന സുരക്ഷിതമായ ജീവിതവ്യവസ്ഥയുണ്ടാക്കാനായി എത്രയെത്ര ജീവിതങ്ങൾ ഹോമിക്കപ്പെട്ടിട്ടുണ്ട് എന്നു നാമറിയും.
ജയിലിലെ നരച്ച കാഴ്ച കണ്ടു മടുക്കുമ്പോൾ ഒന്നു റിലാക്സ് ചെയ്യാനായി ഒരു ചായമ്യൂസിയവും തൊട്ടടുത്തുണ്ട്. ചായയുടെ ഗുണഗണങ്ങൾ, ഇന്ത്യയിലേക്കെത്തിയ നാൾവഴികൾ എന്നിവ സചിത്രം വിവരിച്ചിട്ടുണ്ടിവിടെ.
ഇനി ഊട്ടിയിലേക്കോ, മൈസൂരിലേക്കോ പോകുമ്പോൾ ഇടത്താവളമായി ഈ ജയിലിനെയും പരിഗണിക്കാം.
റൂട്ട്- നിലമ്പൂർ-നാടുകാണി-ഗൂഡല്ലൂർ-നാടുകാണി-പന്തല്ലൂർ-ചേരമ്പാടി-എരുമാട്.
ഭക്ഷണം- ഗൂഡല്ലൂർ, ഇന്ത്യൻ കോഫീ ഹൗസ്.
താമസം- വയനാട്ടിലേക്കുള്ള വഴിയിൽ ഏരുമാട്ടിൽ ചെലവു കുറഞ്ഞ ഹോംസ്റ്റേ ലഭിക്കും - കൂടുതൽ വിവരങ്ങൾക്ക് 8903772573, ദേവാല എന്ന തമിഴ്ഗ്രാമത്തിൽ പഴയ എസ്റ്റേറ്റ് ബംഗ്ലാവുകളുണ്ട്. പക്ഷേ, റേറ്റ് കത്തിയാണ്.
ഭാഗ്യമുണ്ടെങ്കിൽ ആനകളെ കണ്ടു താമസിക്കാം- കൂടുതൽ വിവരങ്ങൾക്ക് 9894009892 (മുരുകൻ)
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ- നാടുകാണി ചുരം പകൽ കയറുക. രാത്രി ആനകളുണ്ടാകാം. ചേരമ്പാടി വഴികളിലും ആനകളുണ്ടാകാറുണ്ട്. രാത്രിയിലാണു യാത്രയെങ്കിൽ റോഡിനു നടുവിലൂടെ മാത്രം ശ്രദ്ധിച്ചു വണ്ടിയോടിക്കുക. അരികു പിടിക്കാതിരിക്കുക.
അടുത്തുള്ള സ്ഥലങ്ങൾ- ഊട്ടി, മസിനഗുഡി, മൈസൂർ, ഗുണ്ടൽപേട്ട, വയനാട്, മുത്തങ്ങ, എടയ്ക്കൽ ഗുഹ, സുൽത്താൻ ബത്തേരി.