വേനൽ കടുക്കുമ്പോൾ തണുപ്പ് തേടി ഒരു യാത്ര പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. കഠിനമായ ചൂടിൽ നിന്നും രക്ഷപ്പെട്ടു സുഖകരമായ കാലാവസ്ഥയിൽ കുറച്ചു ദിവസങ്ങൾ ചെലവഴിക്കാൻ, ആഘോഷിക്കാൻ... താല്‍പര്യമുള്ളവർക്കിതാ... കുറച്ചു മനോഹരമായ സ്ഥലങ്ങൾ. നമ്മുടെ അയൽസംസ്ഥാനമായ കർണാടകയിലേക്കാണ് യാത്ര. ചൂടിൽ നിന്നും ചെറിയൊരാശ്വാസത്തിനൊപ്പം മനോഹര കാഴ്ചകളും ആസ്വദിക്കാമെന്നതാണ് ഈ യാത്രയുടെ സവിശേഷത.

ഡണ്ടേലി

കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ, പശ്ചിമഘട്ട മലനിരകളോടു ചേർന്നാണ് ഡണ്ടേലി സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിലായതുകൊണ്ടും വനങ്ങൾ നിറഞ്ഞ പ്രദേശമായതുകൊണ്ടും വേനൽക്കാലങ്ങളിൽ ഇവിടെ മിക്കപ്പോഴും 18 ഡിഗ്രി വരെയേ ചൂട് അനുഭവപ്പെടുകയുള്ളൂ.

അതുകൊണ്ടു തന്നെ വേനൽ ആഘോഷിക്കാൻ ഡണ്ടേലിയേക്കാളും സുഖകരമായ സ്ഥലങ്ങൾ നമ്മുടെ സമീപപ്രദേശങ്ങളിൽ കുറവാണെന്നു തന്നെ പറയാം. കുന്നിൻ പ്രദേശമായതുകൊണ്ടു സാഹസിക പ്രിയരെ ഏറെ ആകർഷിക്കുന്നൊരിടം കൂടിയാണ് ഡണ്ടേലി. ധാരാളം വിനോദങ്ങൾ ഇവിടെയെത്തുന്ന സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ജംഗിൾ ക്യാമ്പിങ്, നദീതീരത്തെ രാത്രി ക്യാമ്പിങ്, വാട്ടർ റാഫ്റ്റിങ് എന്നിവ അവയിൽ ചിലതുമാത്രം. കൂടാതെ ഡണ്ടേലിയിലെ വന്യജീവി സങ്കേതവും കാടിന്റെ നിഗൂഢതയും വനഭംഗിയുമൊക്കെ അതിഥികൾക്കു ആസ്വദിക്കാനുള്ള ഇവിടുത്തെ കാഴ്ചകളാണ്.

കൂർഗ് 

കിഴക്കിന്റെ സ്കോട്ട്ലാൻഡ് എന്ന വിളിപ്പേരുള്ള കൂർഗ്, വേനൽക്കാലങ്ങളിൽ യാത്ര പോകാൻ അനുയോജ്യമായൊരിടമാണ്. ഒരു ഹിൽ സ്റ്റേഷൻ ആയതുകൊണ്ടുതന്നെ വര്ഷം മുഴുവൻ ഇവിടെ സുഖകരമായ കാലാവസ്ഥയായിരിയ്ക്കും. സമുദ്ര നിരപ്പിൽ നിന്നും 1715 മീറ്റർ വരെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കൂർഗിന്റെ സ്ഥാനം പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്താണ്.

കാപ്പി, തേയില തോട്ടങ്ങളും ഇടയ്ക്കിടെ ഓടിവരുന്ന കോടമഞ്ഞും അരുവികളും ഓറഞ്ച് തോട്ടങ്ങളുമൊക്കെ കൊണ്ട് സമ്പന്നമാണ് കൂർഗ്. സുഖം പകരുന്ന കാലാവസ്ഥ മാത്രമല്ല, മനോഹരമായ കാഴ്ചകളും ഈ നാട്ടിലേയ്ക്കു സഞ്ചാരികളെ ആകർഷിക്കുന്നു. ബ്രഹ്‌മഗിരി മലനിരകളിലെ ട്രെക്കിങ്ങും കാപ്പിത്തോട്ടങ്ങൾക്കു നടുവിലുള്ള താമസവും പഴമയുടെ കഥകൾ പറയുന്ന മടിക്കേരി കോട്ടയും വെള്ളച്ചാട്ടവും ഓഫ് റോഡിങ് യാത്രയുമൊക്കെ നിറഞ്ഞ കൂർഗ് യാത്ര ഈ വേനൽക്കാലത്തെ അവിസ്മരണീയമാക്കുമെന്നതു ഉറപ്പാണ്.

കുടജാദ്രി 

സഞ്ചാരികളെ ഇരുകൈയുംനീട്ടി സ്വീകരിക്കുന്നതാണ് കുടജാദ്രിയിലെ ആകർഷണം. വേനലിൽ എന്നല്ല ഏതു കാലാവസ്ഥയിലും കുടജാദ്രി സന്ദർശിക്കാം. ട്രെക്കിങ്ങ് പ്രിയരെ ഏറെ സന്തോഷിപ്പിക്കും സഹ്യപർവത നിരകളിലെ ഈ കൊടുമുടിയും ഇവിടുത്തെ മഴക്കാടുകളും. സമുദ്രനിരപ്പിൽ നിന്നും 1343 മീറ്റർ ഉയരത്തിലാണ് ഈ കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഏതു കടുത്ത വേനലിലും ഇവിടെ ചൂടു കുറവായിരിയ്ക്കും. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞാണ് ഭൂരിപക്ഷം പേരും കുടജാദ്രി കയറുന്നത്.

ട്രെക്കിങ്ങ് താല്പര്യമുള്ളവർക്ക് അങ്ങനെയും ഓഫ് റോഡിങ് താൽപര്യമുള്ളവർക്ക് ജീപ്പിലും കുടജാദ്രിയിലെ കാഴ്ചകൾ കാണാൻ പോകാം. സുന്ദരമായ അംബാവനവും വൈവിധ്യമാർന്ന വനസമ്പത്തും ചെങ്കുത്തായ മലഞ്ചെരിവുകളുമൊക്കെ കാണേണ്ട കാഴ്ചകൾ തന്നെയാണ്. മലകൾക്കു ചുറ്റിലും മഞ്ഞുമൂടി കിടക്കുന്ന കാഴ്ച സഞ്ചാരികളെ വശീകരിയ്ക്കും. കുടജാദ്രിയ്ക്കു മുകളിലെത്തുമ്പോൾ ശങ്കരാചാര്യരുടെ സർവജ്ഞ പീഠം കാണാം. അവിടവും സന്ദർശിച്ചിട്ടാണ് സഞ്ചാരികൾ മടങ്ങാറ്.

ഗോകർണം 

കാടും മലയും മാത്രമല്ല, കടലും വേനൽചൂടിനെ പ്രതിരോധിക്കുമെന്ന ചിന്തയുള്ളവർക്കു മടിക്കാതെ സന്ദർശിക്കാവുന്നൊരിടമാണ് ഗോകർണം. ബീച്ചുകളാണ് ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നത്. ഓം ബീച്ച്, കുണ്ഡല ബീച്ച്, ഹാഫ് മൂൺ ബീച്ച്, ഗോകര്ണ ബീച്ച്, പാരഡൈസ് ബീച്ച് ഇവയൊക്കെയാണ് പ്രധാന ബീച്ചുകൾ. ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ ഗോകർണത്തെ മറ്റൊരു ആകർഷണമാണ് മഹാബലേശ്വര ക്ഷേത്രം.

കടൽത്തീരത്തോടു ചേർന്ന് സ്ഥിതിചെയ്യുന്ന കുന്നുകൾ ഇവിടുത്തെ പ്രത്യേകതയാണ്. മലയും കാടും അതിരിടുന്ന ഓം ബീച്ചും, കുന്നിറങ്ങി ചെല്ലുമ്പോൾ കാണുന്ന ഹാഫ് മൂൺ ബീച്ചുമൊക്കെ സഞ്ചാരികൾക്കു വേറിട്ട അനുഭവങ്ങൾ സമ്മാനിയ്ക്കും. കടൽക്കാറ്റുകൊണ്ടു തീരത്തിരിക്കുമ്പോൾ ചൂടിന്റെ ആധിക്യം സന്ദർശകരെ ഒട്ടും തളർത്തുകയേയില്ല. ജല വിനോദങ്ങളും ബീച്ച് ട്രെക്കിങ്ങും രുചികരമായ മൽസ്യ വിഭവങ്ങൾ ചേർത്തുള്ള ഭക്ഷണവുമൊക്കെ ആസ്വദിച്ചു കൊണ്ട് വേനൽക്കാലം ഉല്ലാസഭരിതമാക്കാൻ സഞ്ചാരികളെ സഹായിക്കും ഗോകർണം.

കുദ്രേമുഖ്

നിത്യഹരിത വനമേഖലയായ കുദ്രേമുഖ് വേനലിൽ സന്ദർശിക്കാൻ അനുയോജ്യമായ ഒരു ഹിൽസ്റ്റേഷൻ ആണ്. ഇവിടുത്തെ പ്രധാന ആകർഷണം കുദ്രേമുഖ് ദേശീയോദ്യാനമാണ്. 600 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം പലതരം വൈവിധ്യമാർന്ന വൃക്ഷലതാദികളുടെ സംഗമസ്ഥലമാണ്.

സമുദ്രനിരപ്പിൽ നിന്നും 1894 മീറ്റർ ഉയരമുള്ള നരസിംഹ പർവതമാണ് ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി, ട്രെക്കിങ്ങ് പ്രിയരെ ഏറെ ആകർഷിക്കുന്ന ഒരു കൊടുമുടിയാണിത്. കൂടാതെ ഹനുമാൻഗുണ്ടി വെള്ളച്ചാട്ടവും ധാരാളം സഞ്ചാരികൾ എത്തുന്നയിടമാണ്. മനോഹരമായ പ്രകൃതിയും സുഖകരമായ കാലാവസ്ഥയുമാണ് വേനലിൽ സന്ദർശകരെ ആകർഷിക്കുന്ന കുദ്രേമുഖിന്റെ സവിശേഷതകൾ. 

അഗുംബെ 

ദക്ഷിണേന്ത്യയുടെ ചിറാപുഞ്ചി എന്നൊരു വിളിപ്പേരുണ്ട് അഗുംബെയ്ക്ക്. മഴയാണ് ആ നാടിന്റെ സൗന്ദര്യം. ഷിമോഗയിലെ തീർത്ഥഹള്ളി എന്ന സ്ഥലത്താണ് അഗുംബെ സ്ഥിതി ചെയ്യുന്നത്. മഴക്കാടുകളാണ് ഇവിടുത്തെ പ്രധാന കാഴ്ച. മൂടൽ മഞ്ഞും മഴയുമാണ് അഗുംബെയിലെത്തുന്ന അതിഥികളെ സ്വീകരിയ്ക്കുക. പശ്ചിമഘട്ട മലനിരകളും നിത്യഹരിത വനങ്ങളും അഗുംബെയുടെ സവിശേഷതകളാണ്.

കൂടാതെ, വൈവിധ്യമാർന്ന സസ്യ, ജന്തുജാലങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികൾക്കു കൗതുകം പകരും. ചുരം കയറിയാണ് അഗുംബെയിലേക്കുള്ള യാത്ര. പതിനാലോളം മുടിപ്പിന്നൽ വളവുകൾ പിന്നിട്ട് മുകളിലെത്താം. അവിടെ നിന്നുമുള്ള സൂര്യാസ്തമയം അതിമനോഹരമാണ്. അഗുംബെയിലെ മഴക്കാടുകൾ രാജവെമ്പാലകളുടെ താവളമാണ്. വെള്ളച്ചാട്ടങ്ങളും ട്രെക്കിങ്ങിനുള്ള സൗകര്യങ്ങളുമൊക്കെ ഇവിടെയുണ്ട്. വേനൽക്കാലങ്ങളിൽ എന്നല്ല, ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട അതിസുന്ദരമായ സ്ഥലങ്ങളിൽ ഒന്നാണ് അഗുംബെ.