കേരളവും തമിഴ്നാടും വിട്ടാൽ പിന്നെ തെന്നിന്ത്യൻ യാത്രികർക്ക് ചേക്കേറാനുള്ള സ്ഥലങ്ങൾ കർണാടക നൽകും. അതിൽ കാടുണ്ട്. ചരിത്രസ്മാരകങ്ങളുണ്ട്. ക്ഷേത്രങ്ങളുണ്ട്. വെക്കേഷൻ വ്യത്യസ്തമാക്കണമെങ്കിൽ കന്നഡദേശത്തേക്കു സഞ്ചരിക്കാം. ചൂട് കേരളത്തെക്കാളും കൂടുതലാണ് കർണാടകത്തിൽ എന്നറിയാമല്ലോ? മുൻകരുതലുകൾ എടുക്കുക. 

കുടക് 

കാപ്പിപൂക്കും മണവും കോടമഞ്ഞിന്റെ തണുപ്പുമാണ് കുടക് എന്നു പറയുമ്പോൾ ഓർമ വരുക. കൂർഗ് അഥവാ കുടക് ഒരു ജില്ലയാണ്. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളാണ് അതിർത്തിയിൽ. മടിക്കേരിയാണ് പ്രധാന പട്ടണം. അവിടത്തെ കാഴ്ചകളെ മൊത്തം കുടക് എന്നു വിളിക്കാം.  പ്രധാനകാഴ്ചകൾ ഇവയാണ്– അബി വെള്ളച്ചാട്ടം, പട്ടണത്തിൽത്തന്നെയുള്ള രാജാസ് സീറ്റ് എന്ന ശവകുടീരം, മടിക്കേരി പട്ടണത്തിലെ മ്യൂസിയം, പഴയ കോട്ട. കാവേരി ഉദ്ഭവിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന മലനിരകളിലെ തലക്കാവേരി അമ്പലം 

കുടകിലെ താമസമാണു കൂടുതൽ രസകരം. ഇപ്പോൾ ചൂടുണ്ടാകുമെങ്കിലും കാപ്പിത്തോട്ടങ്ങളിലെ ഹോംസ്റ്റേകളിലെ താമസത്തിനായി വിദേശികളടക്കം കുടകിലെത്തുന്നു. 

റൂട്ട് 

എറണാകുളം–തൃശ്ശൂർ–മാനന്തവാടി–കുട്ട–മടിക്കേരി 389 കിലോമീറ്റർ 

ഇരിട്ടി–വിരാജ്പേട്ട–മടിക്കേരി   73 കിലോമീറ്റർ 

കാഞ്ഞങ്ങാട്–ഭാഗമണ്ഡല– തലക്കാവേരി– മടിക്കേരി 107 കിലോമീറ്റർ 

ഹംപി

തുറന്ന കൽമ്യൂസിയം എന്നാണു ലോകപൈതൃകപട്ടികയിലുള്ള ഹംപി അറിയപ്പെടുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് വിസ്മൃതിയിലായ വിജയനഗര സാമ്രാജ്യത്തിന്റെ ശേഷിപ്പുകൾ ഹംപിയിൽ പരന്നുകിടക്കുന്നു. ചരിത്രകുതുകികൾക്കും ലോകസഞ്ചാരികൾക്കും ഹംപി പുണ്യസ്ഥലമാകുന്നത് ഇതേ പ്രത്യേകത കൊണ്ടാണ്. വിത്താല ക്ഷേത്രസമുച്ചയം തൊട്ട് ഇപ്പോഴും ആരാധനയുള്ള അമ്പലങ്ങൾ വരെ ഹംപിയിലുണ്ട്. വേനൽ കടുത്തതായതിനാൽ ഹംപിയെ ഒഴിവാക്കുന്നവരുണ്ട്. എന്നാൽ മുൻകരുതലുകൾ എടുത്താൽ ഈ വെക്കേഷന് ഒരു ലോകോത്തര സ്ഥലം സന്ദർശിക്കാം. 

റൂട്ട്

എറണാകുളം-തൃശ്ശൂർ-നിലമ്പൂർ-ഗൂഡല്ലൂർ-മൈസുരു-തുംകുരു-ഹംപി  766 Km

അടുത്തുള്ള പട്ടണവും റയിൽവേസ്റ്റേഷനും - ഹോസ്പേട്ട്. ബംഗളുരുവിൽനിന്ന് ഹോസ്പേട്ട് ട്രയിനുകളുണ്ട്. 

ബേലൂരിലെ ക്ഷേത്രവിസ്മയങ്ങൾ

ബേലൂർ, ഹാലേബിഡു എന്നിവ ഹൊയ്സാല രാജവംശക്കാരുടെ അധീനതയിലായിരുന്ന പ്രദേശങ്ങളാണ്. ഇവിടെയുള്ള ക്ഷേത്രസമുച്ചയങ്ങൾ തീർച്ചയായും കാണേണ്ടവ തന്നെ. ഹംപിയിലേക്കുള്ള വഴിയിൽ ഈ ക്ഷേത്രങ്ങളും സന്ദർശിക്കാം. 

കല്ലിൽതീർത്ത ക്ഷേത്രങ്ങളാണ് സവിശേഷത. ലോകോത്തരനിർമിതികളാണിവ.  ഈ വെക്കേഷൻ വ്യത്യസ്തമാകണം എന്നാഗ്രഹിക്കുന്നവർക്ക് ബേലൂരിലെയും ഹാലെബിഡുവിലെയും ചരിത്രസ്മാരകങ്ങൾ സന്ദർശിക്കാം. ശ്രാവണബെൽഗോളയും അടുത്തുണ്ട്. വേനലിൽ മനസ്സുകുളിർപ്പിക്കണമെങ്കിൽ ചിക്കമംഗളുരുവും സക്ക്ലേഷ്പുരയുമുണ്ട്. ബേലൂർ കണ്ടശേഷം ഇവിടെയുള്ള താമസസ്ഥലങ്ങളിൽ രാവുറങ്ങാം. 

റൂട്ട്

എറണാകുളം-തൃശ്ശൂർ-നിലമ്പൂർ-മൈസുരു-കൃഷ്ണരാജനഗര-ഹാസ്സൻ-ബേലൂർ 495 Km

ചിക്കമംഗളുരു റയിൽവേസ്റ്റേഷൻ അടുത്തുണ്ട്.

താമസം- കർണാടക സർക്കാരിന്റെ ഹോട്ടൽ മയൂര 0817 7222209

ഉഡുപ്പി

ഉത്സവത്തിനല്ലാതെ ഉഡുപ്പിയിൽ പോകാൻ പറ്റില്ല എന്നാണ് ഒരു സുഹൃത്തിന്റെ അഭിപ്രായം. ശരിയാണ്. എന്നും ഉത്സവാന്തരീക്ഷമാണ് ഉഡുപ്പിയിൽ. ക്ഷേത്രങ്ങളാണ് ഉഡുപ്പിയുടെ പ്രത്യേകതയെങ്കിലും അതിമനോഹരമായ ബീച്ചുകളും സഞ്ചാരികളെ ആകർഷിക്കും. മാൽപേ ബീച്ചിലെ ഒട്ടകസവാരിയും സായാഹ്നക്കാഴ്ചകളും നിങ്ങൾക്ക് ഇഷ്ടമാകും. മാട്ടു, കടിക്കെ, പൊലിപ്പു, കാപു തുടങ്ങി ഏറെ ബീച്ചുകൾ നിങ്ങൾക്കായുണ്ട്.  സെന്റ് മേരീസ് ദ്വീപിലേക്കൊരു യാത്രയും ഉഡുപ്പി വാഗ്ദാനം ചെയ്യുന്നു. 

റൂട്ട്

എറണാകുളം-കോഴിക്കോട്-കണ്ണൂർ-കാസർകോട്-മംഗലാപുരം-ഉഡുപ്പി 478 Km

റയിൽമാർഗം ഉഡുപ്പിയിലെത്തുകയാണുചിതം. ചെലവുകുറയും. താമസത്തിനായി നല്ല ഹോട്ടലുകൾ ഉഡുപ്പിയിലുണ്ട്. 

കബനി-ഗുണ്ടൽപേട്ട്

കാടുകാണാനിറങ്ങിയാലോ ഈ അവധിക്കാലത്ത്… കർണാടകയുടെ തുറന്നതരം കാടുകൾ കാഴ്ചകളുമായി കാത്തിരിക്കുന്നു. ഇത്തിരി ചുറ്റിയാലും കാഴ്ചകളുടെ പൂരം തന്നെയുണ്ട് താഴെപറയുന്ന റൂട്ടിൽ. മാനന്തവാടി ചെല്ലുക- നാഗർഹോളെ കാടുകണ്ട് ഹുൻസൂർ- ഗുണ്ടൽപേട്ട് വഴിയിലൂടെ വണ്ടിയോടിക്കുക- തീർച്ചയായും വന്യമൃഗങ്ങളെ കാണാം. ശേഷം ഗുണ്ടൽപേട്ടിലെത്തി റിസോർട്ടുകളിൽ തങ്ങാം. വനഗ്രാമത്തിന്റെ ഭംഗിയാസ്വദിക്കാം.

സൂര്യകാന്തിപാടങ്ങളിലൂടെ കറങ്ങിനടക്കാം. അന്തർസന്തെ എന്നയിടത്ത് കബനി ജലാശയക്കരയിലേക്കുള്ള ബസ് സഫാരി ബുക്ക് ചെയ്യാനുള്ള വനംവകുപ്പിന്റെ ഓഫീസുണ്ട്. സഫാരി പോകുക. ആനകളെയും കടുവകളെയും അടുത്തു കാണാൻ സാധ്യത ഏറെ. ശേഷം ആയിരക്കണക്കിനു കിളികളെ അടുത്തുകാണാനായി രംഗണത്തിട്ടു പക്ഷിസങ്കേതത്തിലേക്ക് കാർ തിരിക്കാം. അവിടെ പശ്ചിമവാഹിനി എന്ന ചെറുപട്ടണത്തിൽ താമസിച്ച് പിറ്റേദിവസം മൈസുരുവിലെ കാഴ്ച കണ്ട് തിരിക്കാം.