ഭക്ത, ഭഗവാനുതുല്യമാകുന്ന നിമിഷത്തെ നാമെന്താണു വിളിക്കുക? ഒരു ജീവിതം മുഴുവൻ കൃഷ്ണഭഗവാനെ ധ്യാനിച്ചും ഭജനകളാൽ സ്തുതിച്ചും നീയല്ലാതെ ആരുമെനിക്കു വേണ്ട എന്നുറപ്പിച്ചും കഴിഞ്ഞൊരു ഭക്തയാണു മീരാബായി. പ്രസിദ്ധയായ കൃഷ്ണ ഭക്ത. അത്രയേറെ ഭഗവാനുമായി അടുത്ത മീരാബായി ഒരു ക്ഷേത്രത്തിൽ കുടിയിരിക്കുന്നുണ്ട്. അനുഗ്രഹമേകാൻ. രാജസ്ഥാനിലെ ജയ്പുരിൽ ജഗദ് ശിരോമണി ക്ഷേത്രത്തിൽ ഭഗവാനെപ്പോലെ അവർ അനുഗ്രഹം ചൊരിഞ്ഞുനിൽക്കുന്നു. ഭക്ത ഭഗവാനാകുന്ന അപൂർവ സന്ദർഭം തേടി മരുഭൂമിയുടെ തുടക്കത്തിലേക്ക്...

പിങ്ക് സിറ്റിയിൽ

രാജസ്ഥാനിലെ പിങ്ക് സിറ്റിയാണ് ജയ്പുർ. മുൻപ് ബ്രിട്ടീഷ് രാജകുടുംബത്തിലെ അവകാശികളിലൊരാൾ ജയ്പുർ സന്ദർശിച്ചപ്പോൾ ആതിഥേയത്വത്തിന്റെ നിറമായ പിങ്ക് വാരിപ്പൂശിയാണ് ഈ നഗരം സ്വാഗതമോതിയത്. അന്നുമുതൽ പിങ്ക്സിറ്റി എന്നറിയപ്പെടുന്നു. രാജസ്ഥാന്റെ തലസ്ഥാനമായ ഈ നഗരത്തിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിലൊന്നാണ് ആമേർ കോട്ട.

ആമേർ നഗരം കടന്നു കോട്ടയിലേക്കുള്ള പിൻവാതിൽ വഴിയിലൂടെ  ബൈക്കിൽ സഞ്ചരിക്കുമ്പോൾ മീരാബായിയുടെ അമ്പലത്തെപ്പറ്റി പറഞ്ഞുതരുന്നത് ഒരു ഗൈഡ് ആണ്. ഒറ്റ ഓട്ടോയ്ക്കു മാത്രം പോകാൻ വീതിയുള്ള കല്ലുവിരിച്ച വഴി. ഇരുവശത്തും മൂന്നാൾപൊക്കത്തിൽ കൂറ്റൻ മതിലുകൾ. അതിനപ്പുറം പുരാതനമായ കെട്ടിടങ്ങൾ. എല്ലാം ആ കോട്ടയുടെ ഭാഗമാണ്. ഉന്തുവണ്ടികൾ ഉന്തിവരുന്ന വെള്ള തലപ്പാവുകെട്ടിയവരുടെ നിര. ഇതെല്ലാം കണ്ട് മുന്നോട്ടുപോകുമ്പോൾ ഇടതുവശത്ത് ഒരു സുന്ദരമായ കമാനം കാണാം. അതാണ് മീരാബായിയുടെ അമ്പലത്തിലേക്കുള്ള കവാടം.

മീരാബായിയും കൃഷ്ണനും

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തകവിയാണു മീര എന്നറിയാമല്ലോ. കൃഷ്ണഭക്ത എന്നു പറഞ്ഞാൽ കൂടുതൽ മനസ്സിലാകും. രാജസ്ഥാനിലെ മേവാർ രാജവംശത്തിലെ അംഗമായിരുന്നു മീര. ഭക്തമ്മാൾ എന്നു വിശേഷിപ്പിച്ചിരുന്നു മീരയെ. മേവാർ രാജാവായിരുന്ന ഭോജരാജനായിരുന്നു ഭർത്താവ്. മുഗളരുമായുള്ള യുദ്ധത്തിൽ ഭോജരാജനും മീരാബായിയുടെ വേണ്ടപ്പെട്ടവരും മരണമടഞ്ഞു. പിന്നീടുവന്ന രാജാവ് മീരാബായിയെ പലതരത്തിൽ ഇല്ലാതാക്കാൻ നോക്കിയിട്ടു നടന്നില്ലെന്നാണു കഥ.

ഒരിക്കൽ രാജാവ് ഒരു പൂക്കൂടയിൽ ഉഗ്രവിഷമുള്ള പാമ്പിനെവച്ചു മീരയ്ക്കു കൊടുത്തയച്ചു. മീരയുടെ കൈ തൊട്ടതും പൂക്കൂടയിലെ പാമ്പ് കൃഷ്ണവിഗ്രഹമായി മാറി എന്നാണു മറ്റൊരു കഥ. കൃഷ്ണനോടുള്ള ഭക്തിയാണ് മീരാബായിയെ രക്ഷിച്ചത് എന്നു വിശ്വസിക്കപ്പെടുന്നു. ആ ഭക്തിയിൽത്തന്നെ മുഴുകി ഭജനകൾ രചിച്ചും ആലപിച്ചും മീരാബായി ജീവിതം ഒരു ഭക്തിഗാനമാക്കി.

ജോധ്പുർ നഗരത്തിന്റെ അല്ലെങ്കിൽ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന റാവു ജോധയുടെ മകളായിരുന്ന മീര കുട്ടിക്കാലത്തുതന്നെ കൃഷ്ണഭക്തയായിരുന്നു. കൃഷ്ണനെ മനസ്സാവരിച്ചിരുന്ന മീര മനസ്സില്ലാ മനസ്സോടെയാണ് ഭോജരാജനുമായി വിവാഹത്തിലേർപ്പെട്ടത്. കവാടത്തിലെത്തുംമുൻപേ ഗൈഡ് ഇക്കഥകളൊക്കെ പറഞ്ഞുതീർത്തിരുന്നു. ഇനി അമ്പലം കാണാം. 

കാണാം കൽക്ഷേത്രം

ഇടുങ്ങിയ വഴിയിൽനിന്ന് കയറുമ്പോൾ ആദ്യം ഒരു കിണർ കാണാം. രാജസ്ഥാനിലും കിണറോ എന്നു നമ്മൾ അമ്പരക്കും. വെള്ളമുണ്ട്. കിണറിനു ചാരെ മുകളിലേക്കു കൽപ്പടവുകൾ. അഭിമുഖമായി നിൽക്കുന്ന ആനപ്രതിമകൾ. അതീവമനോഹരമായി കൊത്തുപണികൾ ചെയ്തിട്ടുള്ള കമാനം.   കൊത്തുപണികളാൽ അലംകൃതമാണ് തൂണുകൾ. സൂക്ഷ്മമായ നിർമിതി. രാജസ്ഥാനിലെ ശിൽപ്പനിർമാണകളിൽനിന്നു വ്യത്യസ്തമാണ് ഈ ജഗദ് ശിരോമണിക്ഷേത്രം.

ചൂടുകാലാവസ്ഥയോടു താദാത്മ്യം പ്രാപിച്ചതുപോലെയാണ് ശിലകളുടെ നിറം. ചുവപ്പിന്റെയും പിങ്കിന്റെയും മഞ്ഞയുടെയും വകഭേദങ്ങൾ  ചുമരുകളിൽ കാണാം. കാലപ്പഴക്കം ആ ഭിത്തികളെ പൊള്ളിയടർത്തിമാറ്റിയിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്ഐ) യുടെ മേൽനോട്ടത്തിലാണ് ഈ ക്ഷേത്രം. പക്ഷെ, മുറ്റത്തുമൂന്നു പൂജാരികളെപ്പോലുള്ളവർ യാത്രികരെ കാണാനെത്തുന്നുണ്ട്. അവർ നിങ്ങളെ ആനയിച്ച് മീരാബായിയുടെ അടുത്തേക്കു കൊണ്ടുപോകും. അതിനു മുൻപ് ക്ഷേത്രത്തിനു ചുറ്റും നടന്നു കാണാം.

ക്ഷേത്രത്തിന്റെ ചരിത്രം 

രാജാ മാൻസിങ്ങിന്റെ പത‌്നിയായിരുന്ന കനകാവതി തന്റെ മകനായ ജഗത് സിങ്ങിന്റെ ഓർമയ്ക്കായിട്ടാണ്  ഈ അമ്പലം 1608ൽ നിർമിക്കുന്നത്. ജോധ്പുരിലാണ് മീരാബായിയുടെ ജനനം. അവർ അന്ന് ആരാധിച്ചിരുന്ന അതേ കൃഷ്ണവിഗ്രഹമാണ് ജഗത് ശിരോമണി അമ്പലത്തിലെയും പ്രതിഷ്ഠ എന്ന് അവിടെയുള്ള ഒരാൾ പറയുന്നു. നമുക്കു ക്ഷേത്രത്തിനുള്ളിലേക്കു കയറി ആദ്യം മീരയെയും കൃഷ്ണനെയും കാണാം.

പീതവർണധാരിയാണു കൃഷ്ണൻ. മുകളിലും താഴെയുമായി ഏറെ ദേവിദേവൻമാരുടെ ചിത്രങ്ങളും പ്രതിമകളുമുണ്ട്. ഒപ്പം മീരാബായിയും. ഇതെല്ലാം ഒരു കൂട്ടമായിട്ടാണനു നിൽക്കുന്നത്.

കൃഷ്ണാ നീയല്ലാതെ മറ്റാരുമെനിക്കില്ല

എഎസ്ഐയുടെ േമൽനോട്ടത്തിലായതിനാലാവാം ഫോട്ടോ എടുക്കാൻ തടസ്സങ്ങളൊന്നുമില്ല. ആരതിയുഴിഞ്ഞശേഷം ഫോട്ടോ എടുക്കാമെന്ന് പൂജാരി. അമ്പതുരൂപ വേണമെന്നു പറഞ്ഞപ്പോൾ കൂടെവന്ന ഗൈഡ് ഇടഞ്ഞു. എന്തിനാണ് കാശ്? ഭക്തിയാൽ രാജകൊട്ടാരം വരെ ഉപേക്ഷിച്ച ഒരു കവയിത്രിയുടെ  മുൻപിലാണു നിങ്ങൾ നിൽക്കുന്നത് എന്നു പറയണമെന്നു തോന്നി. പക്ഷേ, മനസ്സു വിലക്കി. മീരാബായി ഉള്ളിലേക്കു വിളിക്കുന്നുണ്ട്. കൊത്തുപണികൾ നിറഞ്ഞ കെട്ടിടവും വാതിലും കടന്നു ചെല്ലുന്നത് ഗർഭഗൃഹത്തിലേക്ക്.

ഇരുട്ടാണവിടെ. ‘ മേരേ തോ ഗിരിധര ഗോപാൽ... ദൂസര നാ കോയി...’’ മീരാബായിയുടെ മനോഹരമായ ഭജൻ ആ ഇരുട്ടിലെ കൽത്തൂണുകൾക്കിടയിലൂടെ ഒളിച്ചുകളിക്കുന്നതു പോലെ. ശാന്തമായ ഇടം. ഒന്നു ധ്യാനിക്കാമെന്നു തോന്നും. ആ കോവിലിനുൾവശം എവിടെയോ കണ്ടു മറന്നതുപോലെ തോന്നുന്നു എന്നു മനസ്സു പറഞ്ഞു. ബുദ്ധക്ഷേത്രത്തിന്റെ മാതൃകയാണോ? കർണാടകയിെല ഹൊയ്സാല അമ്പലങ്ങളിലേതുപോലെയുണ്ടോ ആ നിർമിതികൾ? ബുദ്ധരുടെ പ്രതീകമായ ആനപ്രതിമകൾ എവിടെയും കാണാമെന്നതും സംശയത്തിനു ബലം നൽകി. സംശയം സംശയമായിത്തന്നെ നിൽക്കട്ടെ. കൃഷ്ണനും മീരാബായിയും ചേർന്നു നിൽക്കട്ടെ.  നമുക്കു കഥകളെമറന്ന് കൽക്കവിതകൾ വായിക്കാം.

അമ്പലം ഒരു കൽക്കവിത 

ഉയരത്തിൽ കെട്ടിയുയർത്തിയ  കൊട്ടാരസദൃശമായ കെട്ടിടമാണീ ക്ഷേത്രം. ജയ്പുരിൽ ലഭ്യമായ കല്ലുകൾ, മാർബിൾ, കറുത്ത കല്ലുകൾ എന്നിവ കൊണ്ടാണു നിർമാണം. മുന്നിലെ മണ്ഡപം തന്നെ കണ്ടുതീർക്കാൻ സമയമെടുക്കും. ഒരു ചതുരത്തെ നാലായി വിഭജിച്ച മട്ടിലാണ് മണ്ഡപത്തിന്റെ തൂണുകൾ. അതാണെങ്കിലോ കൊത്തുപണികളാൽ നിറഞ്ഞതും. സുരസുന്ദരിമാരാം സാലഭഞ്ജികമാർ താഴെയും മുകളിലുമുണ്ട്. മേൽക്കൂരയും കല്ലുകൊണ്ടാണ്.

തെന്നിന്ത്യൻ വാസ്തുനിർമാണരീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നതെന്ന് വിദഗ്ധർ രേഖപ്പെടുത്തിയിട്ടുണ്ട്. ഗരുഡ വിഗ്രഹം ഈ മണ്ഡപത്തിന്റെ മധ്യേ കാണാം. ശീകോവിലിൽ ചെങ്കൽനിറമുള്ള തൂണുകൾ. അവിടെയും സുന്ദരിമാരുടെ ശിൽപ്പങ്ങൾ കാണാം. ഇരുട്ടിലൊരു തിരിനാളം പോലെ കാർവർണന്റെ കണ്ണുകളും മഞ്ഞച്ചേലയും  കാണാം. മഹാവിഷ്ണുവിന്റെ വെള്ളവിഗ്രഹവും  കൃഷ്ണന്റെയും മീരയുടെയും പ്രതിമകൾക്കടുത്തു കാണാം. കവാടത്തിന്റെ തൂണുകൾ ഒറ്റക്കല്ലിൽ കൊത്തിയുണ്ടാക്കിയതാണത്രേ. ആനകളും അമ്മട്ടിൽ തന്നെ.. കെട്ടിടത്തിന്റെ തറയോടടുത്ത് ആനകളും കുതിരകളും നർത്തകിമാരും പ്രതിമകളിലൂടെ ജീവനെടുത്തുനിൽപ്പുണ്ട്.

ക്ഷേത്രത്തിൽ നിന്നിറങ്ങിയാൽ തൊട്ടുപിന്നിൽ ആമർ കോട്ട കാണാം. ഥടക് എന്ന ഹിന്ദിസിനിമയിലെ പാട്ടിൽ ഈ ക്ഷേത്രത്തെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആരാധനാക്രമമൊന്നുമില്ല ഇവിടെ. സമയം– രാവിലെ ആറുമുതൽ ഉച്ചയ്ക്ക് ഒരു മണി വരെ. ഉച്ചതിരിഞ്ഞ് 4.00 മണി മുതൽ രാത്രി എട്ടുമണി വരെ. ഹിന്ദു, ജൈന, ബുദ്ധ, മുഗൾ വാസ്തുനിർമാണരീതികളുടെ സങ്കലനമാണ് ജഗത് ശിരോമണി ക്ഷേത്രം. നമ്മുടെ ആരാധനാലയങ്ങളുമായി ഒരു വ്യത്യാസമുണ്ട്. ഇവിടെ ഒരു ഭക്ത, തന്റെ ഭഗവാനുമായി ചേർന്നാണ് കുടികൊള്ളുന്നത്. അതു നീ തന്നെയാകുന്നു എന്നതിന്റെ മറ്റൊരു വശം.