ഓണത്തിനു പൂചൂടാൻ കാത്തിരിക്കുകയാണു കേരളം; മലയാളനാടിനു ചൂടാനുള്ള പൂക്കൾ മൊട്ടു വിടർത്തുന്നതു കാണാൻ അയലത്തേക്കു കണ്ണോടിക്കണം. വയനാടിനെ തൊട്ടുരുമ്മി നിൽക്കുന്ന, കർണാടകയിലെ ഗുണ്ടൽപേട്ടയും പരിസര ഗ്രാമങ്ങളും വർണങ്ങളുടെ പൂക്കൂട നിറയ്ക്കുകയാണ്. കേരളത്തിലെ അത്തപ്പൂക്കളങ്ങളുടെ നിറസ്വപ്നങ്ങൾ കണ്ട് ഇവിടത്തെ കർഷകർ, പച്ചക്കറിക്കൃഷിക്ക് ‘ഓണാവധി’ നൽകി പൂവിപ്ലവം സൃഷ്ടിക്കുന്നു.

കൗതുകക്കാട്ടിലേക്ക്

കോടമഞ്ഞിൽ ഒളിച്ചുനിൽക്കുന്ന വയനാടൻ തേയില – കാപ്പി തോട്ടങ്ങളുടെ സൗന്ദര്യം കടുപ്പത്തിൽ നുണഞ്ഞു ബത്തേരിയിലൂടെ മുന്നോട്ടു നീങ്ങുന്തോറും കാഴ്ചകൾ ‘പച്ചപിടിക്കുന്നു’. കാത്തിരിക്കുന്ന കാഴ്ചകളുടെ ഫസ്റ്റ് ലുക് പോസ്റ്റർ പോലെ വനംവകുപ്പിന്റെ സൂചനാ ബോർഡുകൾ. നാടും കാടും ഇണങ്ങിക്കഴിയുന്ന നായ്ക്കട്ടിയും കല്ലൂരും പിന്നിട്ട് വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങയിലേക്ക്. കാടുകയറുന്ന അതിഥികളെ നോക്കി വഴിയരികിൽ നിൽക്കുന്ന മാനും മ്ലാവും മയിലും കുരങ്ങുമൊക്കെ പതിവു കാഴ്ചയാണ്. ‘സിക്സ് പായ്ക്ക്’ വിരിച്ചുനിൽക്കുന്ന കാട്ടുപോത്തിന്റെയും തലക്കനം വിടാത്ത കാട്ടാനയുടെയും നല്ല തലവരയുള്ള കടുവയുടെയുമൊക്കെ ദർശനം ഭാഗ്യം പോലെയിരിക്കും.

മുത്തങ്ങക്കാട്ടിലെ കാഴ്ചയിലലിഞ്ഞു നീങ്ങുമ്പോഴേക്കും കർണാടകയിലേക്കു സ്വാഗതം ചൊല്ലി ബന്ദിപ്പുർ കടുവാ സങ്കേതത്തിന്റെ കവാടമെത്തും. കഴിഞ്ഞ വേനലിലെ കാട്ടുതീയിൽ വെന്തുനീറിയ മരങ്ങളിൽനിന്നു പുതുനാമ്പുകൾ തലപൊക്കിക്കഴിഞ്ഞു. കോഴിക്കോട് – കൊല്ലേഗൽ ദേശീയപാതയോരത്തെ വനഭംഗി കണ്ടു കൊതിതീരാത്തവർക്ക് ഗുണ്ടൽപേട്ടയിൽനിന്ന് ഊട്ടി പാതയിൽ 13 കിലോമീറ്റർ പോയാൽ ബന്ദിപ്പുർ കടുവാ സങ്കേതത്തിന്റെ സഫാരി ക്യാംപസിലെത്താം. ഇവിടെനിന്നു വനംവകുപ്പിന്റെ സഫാരി വാഹനങ്ങളിൽ കാടുകയറാം.

കുന്നോളം കാഴ്ചകൾ

വയനാട്, ബന്ദിപ്പുർ വനങ്ങളുടെ ഹരിതാഭ ആസ്വദിച്ചു കന്നഡ നാട്ടിലെ മദൂരിലെത്തുമ്പോൾ സ്വീകരിക്കുന്നതു കാറ്റിൽ ഇളകിയാടുന്ന പൂപ്പാടങ്ങൾ. സ്വന്തം തലയ്ക്കൊപ്പം പൂപ്പാടത്തെ ചെണ്ടുമല്ലിയുടെയും സൂര്യകാന്തിയുടെയുമൊക്കെ പൂത്തലപ്പുകൾ കൂടി കിട്ടുന്നൊരു സെൽഫിക്കായി ചാഞ്ഞുചരിഞ്ഞും ചിരിച്ചു നിൽക്കുന്നവരെ പാതയോരത്തു കാണാം. ചെടികൾക്കിടയിൽ കയറിനിന്നുള്ള സെൽഫിക്ക് അൻപതും നൂറും രൂപയാണു പൂന്തോട്ടത്തിലെ കാവൽക്കാർ ‘നോക്കുകൂലി’ ചോദിക്കുന്നത്.

ദേശീയപാതയിൽനിന്നു മാറി ഗ്രാമീണവഴികളിലൂടെ പോയാൽ കാഴ്ചകൾ അതുക്കുംമേലെ. ഗ്രാമീണഭംഗി ആസ്വദിക്കാൻ ഏറ്റവും നല്ലതു സമുദ്രനിരപ്പി‍ൽനിന്ന് 2,000 അടിയിലേറെ ഉയരത്തിലുള്ള ഗോപാൽസ്വാമിബേട്ടയിലേക്കുള്ള യാത്രയാണ്. താഴ്‌വാരത്തെ ചെക് പോസ്റ്റ് വരെ മാത്രമേ സ്വകാര്യവാഹനങ്ങൾ അനുവദിക്കൂ. ചുരത്തിലൂടെയുള്ള യാത്രയ്ക്കു കർണാടക ആർടിസി ബസ് ലഭിക്കും.

ഗോപാൽസ്വാമിബേട്ടയിലെ ക്ഷേത്രത്തിനു സമീപത്തെ വിശാലമായ മൊട്ടക്കുന്നിൽ കുളിർകാറ്റേറ്റു കിടക്കാൻ മാത്രമായി വരുന്നവരുണ്ട്. അങ്ങു താഴെ നോക്കെത്താദൂരത്തോളം കിടക്കുന്ന പൂപ്പാടങ്ങളുടെ ‘ബേഡ്സ് ഐ വ്യൂ’ സമ്മാനിക്കുക ജീവിതകാലം മുഴുവൻ മനസ്സിൽ ഫ്രെയിമിട്ടു സൂക്ഷിക്കാവുന്ന കാഴ്ചകൾ.

ശ്രദ്ധിക്കാൻ

∙ രാത്രി 9 മുതൽ രാവിലെ 6 വരെ ദേശീയപാതയിലെ ബന്ദിപ്പുർ വനമേഖലയിൽ യാത്രാ നിരോധനമുണ്ട്.

∙ വനത്തിൽ വാഹനങ്ങൾ നിർത്തി പുറത്തിറങ്ങരുത്.  മൃഗങ്ങൾക്ക് ആഹാരസാധനങ്ങൾ നൽകരുത്.

പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരം

കൊച്ചി: 341 കിലോമീറ്റർ

ബത്തേരി: 69 കിലോമീറ്റർ

മൈസൂരു: 60 കിലോമീറ്റർ

ഊട്ടി: 67 കിലോമീറ്റർ