ADVERTISEMENT

സ്വര്‍ഗ്ഗത്തിലേക്കുള്ള കയറ്റം' എന്നാണ് കലാവന്തിൻ ദുർഗ് യാത്രയെ വിശേഷിപ്പിക്കുന്നത്. കയറി മുകളിലെത്തിയാല്‍ സ്വര്‍ഗ്ഗം പോലത്തെ മനോഹരമായ അനുഭവമായിരിക്കും എന്നാൽ അങ്ങേയറ്റം അപകട സാധ്യതയുള്ള പാതയാണ്. അതിനാൽ സുരക്ഷിതമായ യാത്ര അല്ലെങ്കിൽ ചിലപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയാകാം ഈ യാത്ര നൽകുകയെന്ന് ഏതൊരു സഞ്ചാരിയും ഒരിക്കലെങ്കിലും ചിന്തിച്ചു പോകും.

കേരളം പോലെ തന്നെ അനുഗ്രഹീതമായ ഭൂപ്രകൃതിയോടുകൂടിയ സംസ്ഥാനമാണ്‌ മഹാരാഷ്ട്ര. പശ്ചിമഘട്ടത്തിന്‍റെ സാന്നിദ്ധ്യം മൂലം സമ്പന്നമായ ഇവിടുത്തെ ജൈവവൈവിധ്യം ആകര്‍ഷണീയമാണ്. ചരിത്രമുറങ്ങുന്ന മനോഹരമായ കോട്ടകളും കെട്ടിടങ്ങളും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. ചരിത്രകുതുകികളായ സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ കലാവന്തിൻ ദുർഗ്.

പ്രബാൽ പീഠഭൂമിയുടെ വടക്കേ അറ്റത്തുള്ള ഒരു കൊടുമുടിയാണ് കലാവന്തിൻ. വാജെപൂർ ഗ്രാമത്തിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കലാവന്തിന്‍ എന്ന രാജ്ഞിയുടെ പേരാണ് ഈ കൊടുമുടിക്ക് നല്‍കിയതെന്ന് ഒരു ഐതിഹ്യമുണ്ട്.

മുംബൈക്ക് സമീപം പശ്ചിമഘട്ടത്തിൽ, സമുദ്രനിരപ്പിൽ നിന്ന് 701 മീറ്റർ (2,300 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ കൊടുമുടി  'ലോകത്തിലെ ഏറ്റവും അപകടകരമായ കോട്ട' എന്നാണ് അറിയപ്പെടുന്നത്. പാറകളില്‍ കൊത്തിയ പടികളും കുത്തനെയുള്ള ചെരിവുകളും നിറഞ്ഞ വഴിയിലൂടെ ദുര്‍ഗിലേക്കും തിരിച്ചുമുള്ള ട്രെക്കിംഗ് അങ്ങേയറ്റം അപകടകരമാണ്, അതുകൊണ്ടുതന്നെയാണ് സാഹസിക സഞ്ചാരികള്‍ക്ക് ഈ യാത്ര ആവേശകരമാകുന്നതും.

കോട്ടയെന്ന് പേര് മാത്രം

മറാത്തി ഭാഷയിൽ "ദുർഗ്" എന്ന വാക്കിനർത്ഥം കോട്ട എന്നാണ്. "കലാവന്തിൻ ദുർഗ്" എന്ന് വിളിക്കുന്നുണ്ടെങ്കിലും ഇത് ഒരു കോട്ടയല്ല. ചുറ്റുമുള്ള പ്രദേശം നിരീക്ഷിക്കാൻ ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്ന ഒരു കൊടുമുടിയാണ് കലവന്തിൻ. കോട്ട കാണണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഇതിനടുത്തുള്ള പ്രബാല്‍ഗഡ് കോട്ട സന്ദര്‍ശിക്കാം.

എങ്ങനെ ഇവിടെ എത്താം? വഴിയിലെ കാഴ്ചകള്‍

കജ്രത് താലൂക്കിലുള്ള താക്കൂർവാടി ഗ്രാമത്തില്‍ നിന്നാണ് കലാവന്തിൻ ട്രെക്കിങ് ആരംഭിക്കുന്നത്. ഇവിടെ നിന്ന് മൂന്നു കിലോമീറ്റര്‍ ഹൈക്കിങ് ഉണ്ട്. ഏകദേശം മൂന്നു മണിക്കൂര്‍ നീളുന്ന യാത്രയാണിത്. പൻവേൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ക്യാബിലോ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസ്സിലോ NH79 വഴി ഏകദേശം 162.6 കിലോമീറ്റർ (101 മൈൽ) യാത്ര ചെയ്താല്‍ താക്കൂർവാടിയിലെത്താം.

താക്കൂർവാടിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ നടന്ന് പ്രബൽ‌മാച്ചി ഗ്രാമത്തിലെത്തുമ്പോള്‍ വഴി രണ്ടായി പിരിയുന്നു. ഒന്ന് കലവന്തിൻ ദുർഗിലേയ്ക്കും മറ്റേത് അടുത്തുള്ള മറ്റൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പ്രബൽഗഡ് കോട്ടയിലേക്കുമാണ് പോകുന്നത്. പ്രബൽ‌മാച്ചിയില്‍ സഞ്ചാരികള്‍ക്കായി ഹോം സ്റ്റേകളും ഭക്ഷണ സൗകര്യങ്ങളും എല്ലാം ലഭിക്കും. വിശ്രമിക്കണം എന്നുണ്ടെങ്കില്‍ ഇവിടെ തങ്ങാം.

ഇവിടെ നിന്നും ഏകദേശം 60 ഡിഗ്രി ചരിവിലാണ് കലാവന്തിൻ കോട്ടയിലേക്കുള്ള വഴി. കലാവന്തിൻ ദുർഗിന് തെക്ക് ഭാഗത്തുള്ള ചെറിയ വെള്ളച്ചാട്ടങ്ങളുടെ കാഴ്ചയും ഈ യാത്രയില്‍ കാണാം.

നടന്നു നടന്ന് കലാവന്തിൻ കൊടുമുടിയുടെ നെറുകയിൽ എത്തിയാല്‍ ഈ യാത്രയുടെ സകല ക്ഷീണവും മറക്കും. ഇവിടെ നിന്ന് നോക്കിയാല്‍ കാണുന്ന പശ്ചിമഘട്ടത്തിന്‍റെയും പ്രബൽഗഡ്, പെബ്, ഇർഷാൽഗഡ്, ചന്ദേരി കോട്ടകളുടെയും മതേരന്‍ മലകളുടെയും മുംബൈ നഗരത്തിന്‍റെയുമെല്ലാം കാഴ്ചകള്‍ ജീവിതകാലം മുഴുവന്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്ന അത്രയും മനോഹരമാണ്.

താഴേയ്ക്ക് തിരിച്ചിറങ്ങുക എന്നതാണ് കലാവന്തിൻ ദർഗ് ട്രെക്കിന്‍റെ മറ്റൊരു പ്രധാന വെല്ലുവിളി. താഴേയ്ക്കുള്ള പാതയില്‍ നിറയെ വഴുക്കുള്ള പാതകളാണ്. തിരിച്ചിറങ്ങുമ്പോള്‍ പ്രബൽഗഡ് കോട്ട സന്ദര്‍ശിക്കാം. മേഘങ്ങളും മായികമായ പ്രകൃതിയും ചേര്‍ന്ന് ഒരുക്കുന്ന അപൂര്‍വ്വ വിരുന്ന് ആസ്വദിക്കാം.

പ്രബൽഗഡ് കോട്ടയിൽ നിന്ന് താക്കൂർവാടിയിലേക്ക് കാട്ടിലൂടെയുള്ള മറ്റൊരു പാതയുണ്ട്. ചെളിയും പാറകളും പർവതങ്ങളിൽ നിന്ന് താഴേക്ക് പതിക്കുന്ന അരുവികളുമെല്ലാമുള്ള ഈ നടപ്പാത താരതമ്യേന എളുപ്പമുള്ളതാണ്.

സ്വന്തം നിലയ്ക്ക് യാത്ര ചെയ്യുന്നത് റിസ്കാണ് എന്ന് തോന്നുന്നുണ്ടെങ്കില്‍ മുംബൈ ട്രാവലേഴ്‌സ്, ട്രെക്‌സ് ആൻഡ് ട്രെയ്‌ൽസ് ഇന്ത്യ എന്നിവ പോലെയുള്ള ഏതെങ്കിലും ടൂര്‍ ഓപ്പറേറ്റര്‍മാരെ സമീപിക്കാം. ഈ പൻവേൽ റെയിൽ‌വേ സ്റ്റേഷനില്‍ നിന്നും തിരിച്ചുമുള്ള ഗതാഗതം മുതൽ താക്കൂർവാടി വരെയുള്ള യാത്രയിലെ ഭക്ഷണം, കൂടാരങ്ങൾ, ഗൈഡ് എന്നിവയെല്ലാം ഇതില്‍ ഉൾപ്പെടും.

സഞ്ചാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യാതൊരു തയാറെടുപ്പുമില്ലാതെ പെട്ടെന്നൊരു ദിവസം പോകാനാവുന്ന സ്ഥലമല്ല കലാവന്തിൻ ദുർഗ്. ഇടുങ്ങിയതും കുത്തനെയുള്ളതും പരുക്കനുമായ ഈ ഭൂപ്രദേശത്തിലൂടെയുള്ള യാത്ര പരിചയ സമ്പന്നരായ ആളുകള്‍ക്ക് പോലും ബുദ്ധിമുട്ടാണ്. നിരവധി യാത്രികര്‍ ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. ഈ സ്ഥലത്തെക്കുറിച്ച് കൃത്യമായ അറിവുള്ള ആളുകളുടെ കൂടെ മാത്രം യാത്ര ചെയ്യാന്‍ ശ്രദ്ധിക്കുക. സഞ്ചാരികള്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. 

വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാന്‍ സാധിക്കുമെങ്കിലും ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള സമയമാണ് താരതമ്യേന യാത്രക്ക് ഏറ്റവും നല്ലത്. രാവിലെ 6 മണിക്ക് മുമ്പും വൈകുന്നേരം 5 മണിക്ക് ശേഷവും ഈ പ്രദേശത്തേക്ക് സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ല.

പ്രാദേശിക ഗൈഡുകളില്ലാതെ സഞ്ചാരികളെ ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. പ്രബൽഗഡിലും കലവന്തിൻ ദുർഗിലും 50 രൂപ വീതം നല്‍കിയാല്‍ ഗൈഡുകള്‍ കൂടെ വരും. പ്ലാസ്റ്റിക് ബാഗുകളോ കുപ്പികളോ ഉപയോഗിക്കാൻ പാടില്ല.

വഴിയില്‍ ധാരാളം പാമ്പുകള്‍ ഉള്ളതിനാല്‍ ഇവയെ പ്രത്യേകം സൂക്ഷിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com